UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിശാഖ് ശങ്കര്‍

ന്യൂസ് അപ്ഡേറ്റ്സ്

കെ.എം.സി.ടി അധ്യാപക സമരം; മുക്കത്തുനിന്നൊരു മാറ്റത്തിന്റെ കാറ്റ്

അസംഘടിത തൊഴില്‍ മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ മുഖ്യധാരയില്‍ സജീവമാകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്. വസ്ത്രവ്യാപാര മേഖല, നേഴ്‌സിങ്ങ് മേഖല തുടങ്ങിയവയില്‍ നിന്ന് സമീപകാലത്ത് ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളും സമരങ്ങളും ശ്രദ്ധ പിടിച്ച് പറ്റിയതിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു പ്രശ്‌നം തന്നെ പൊതുസമൂഹത്തിന്റെ കണ്ണില്‍പ്പെടുന്നത്. ഇത്തിരി വൈകിയാണെങ്കിലും സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള നവമാദ്ധ്യമങ്ങളില്‍ അത് സജീവ ചര്‍ച്ചാ വിഷയമായതോടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും അതിനെ തമസ്‌കരിക്കാന്‍ കഴിയാത്ത അവസ്ഥയായി. സീമാസിലും കല്യാണിലും നടന്ന സമരങ്ങള്‍, ആശുപത്രി വ്യവസായ മേഖലയില്‍ അമൃത പോലെയുള്ള കുത്തകകളെ പോലും വെല്ലുവിളിച്ച സമരങ്ങള്‍ ഒക്കെയും പരാജയങ്ങളായിരുന്നില്ല. അതുകൊണ്ട് തന്നെ അവ അസംഘടിത തൊഴില്‍ മേഖലയില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റിന് നാന്ദി കുറിച്ച സമരങ്ങളായി.

 

അസംഘടിത തൊഴില്‍ മേഖല എന്ന മഴവില്‍ സംജ്ഞയെ എടുത്ത് ഇഴകീറിയാല്‍ അതിലെ ഒരു പ്രമുഖ വിഭാഗമാണ് സമാന്തര വിദ്യാഭ്യാസ മേഖല മുതല്‍ അണ്‍ എയ്ഡഡ് മേഖല വരെ ഉള്ളവയില്‍ തൊഴിലെടുക്കുന്ന അധ്യാപകരും അനധ്യാപകരുമായ തൊഴിലാളികള്‍ എന്ന് കാണാം. എന്നിട്ടും ഈ മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളില്‍ അവര്‍ സാധാരണ കടന്നുവരാറില്ല. അതിന് കാരണം ആദ്യമായാണ് ഇവിടെനിന്ന് ഒരു സമരം ഉണ്ടാവുന്നത് എന്നതുകൊണ്ടല്ല. ഇതിനു മുമ്പും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ മേഖലയില്‍ നിന്ന് സമരങ്ങള്‍ ഉണ്ടായി വന്നിട്ടുണ്ട്. പക്ഷേ അവയൊന്നും മുഖ്യധാരയിലേക്ക് വികസിച്ചിരുന്നില്ല. പ്രാദേശികമായി ചുരുങ്ങിപ്പോയ ഒറ്റപ്പെട്ട സമരങ്ങള്‍ ആയിരുന്നു അവയില്‍ പലതും. സ്വാഭാവികമായും വാര്‍ത്താവിനിമയത്തിന് എണ്ണപ്പെട്ട മാധ്യമങ്ങള്‍ മാത്രമുള്ള ആ കാലത്ത് പ്രതിഷേധങ്ങളെയും സമരങ്ങളെയും തമസ്‌കരിക്കുക എളുപ്പമായിരുന്നു താനും.

 

വസ്ത്രവ്യാപാര മേഖലയില്‍ വിജയിച്ച ആനുകാലിക സമരങ്ങള്‍ പോലും ആദ്യകാലങ്ങളില്‍ പ്രഖ്യാപിത മാധ്യമ മുഖ്യധാര തിരിഞ്ഞ് നോക്കിയവ ആയിരുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളുടെ ഇടപെടലോടെ ആ സമരത്തിന്, അതിന് കാരണമായ മനുഷ്യവിരുദ്ധതയ്ക്ക് ദൃശ്യത കൈവരികയും അതിനെതിരായ പ്രതിഷേധങ്ങള്‍ സമരത്തിനനുകൂലമായി കേന്ദ്രീകരിക്കപ്പെടുകയും ചെയ്തു. കെ എം സി ടിയിലെ നൂറ്റമ്പതോളം അധ്യാപകര്‍ ചേര്‍ന്ന് നടത്തുന്ന സമരത്തിന്റെ തുടക്കവും പതിവുപോലെ മുഖ്യധാരാ മാധ്യമങ്ങളുടെ തിരസ്‌കാരത്തിലൂടെയാണ്. പക്ഷേ അത് നവമാധ്യമങ്ങള്‍ എറ്റെടുത്തിരിക്കുന്നു. ഈ ഊര്‍ജ്ജത്തില്‍ നിന്ന് സമരത്തിന് തുടര്‍ച്ചകള്‍ ഉണ്ടാകുമോ, അത് ആ മേഖലയില്‍ ഒരു മാറ്റത്തിന് നാന്ദി കുറിക്കുമോ എന്നത് മാത്രമാണ് ഇവിടെ നമുക്ക് ഇനി കാണാനുള്ളത്.

 

ഇത്തരം ഒരു സംശയം കേവലമായ ദുരന്ത ബോധത്തില്‍ നിന്ന് ഉണ്ടാകുന്നതും അല്ല. അതിന് വ്യതിരിക്തമായ കാരണങ്ങളുണ്ട്. ആദ്യം അവയെ ചര്‍ച്ചാ വിധേയമാക്കിക്കൊണ്ട് ഈ വിഷയത്തില്‍ അന്തര്‍ലീനമായ ചൂഷണത്തിന്റെയും നീതിനിഷേധത്തിന്റെയുമായ മുഖ്യ പ്രമേയത്തിലേയ്ക്ക് കടക്കുന്നതാവും കൂടുതല്‍ വസ്തുതാപരം.

സെയില്‍സ് ഗേള്‍സ് എന്ന വര്‍ഗ്ഗം
അണ്‍ എയിഡഡ് മേഖലയിലെ അധ്യാപകരും വസ്ത്രവ്യാപാര മേഖല പോലുള്ളിടങ്ങളില്‍ ജോലി ചെയ്യുന്നവരും തമ്മിലുള്ള പ്രമുഖ വ്യത്യാസം വര്‍ഗ്ഗപരമാണ് എന്ന് തോന്നുന്നു. തുണിക്കടകളില്‍ സെയില്‍സ് ഗേളായി തൊഴിലെടുക്കുന്ന സ്ത്രീകള്‍ ഏതാണ്ട് എല്ലാവരും തന്നെ മധ്യവര്‍ഗ്ഗത്തിന്റെ കീഴ്തട്ടിലുള്ളവരോ വര്‍ഗ്ഗപരമായി അതിലും താഴെയുള്ളവരോ ആണ്. അവരെ സംബന്ധിച്ചിടത്തോളം തൊഴില്‍ എന്നത് അതിജീവനത്തിന്റെ ഭാഗം തന്നെയാണ്. ഒരു തൊഴിലാളി എന്ന നിലയില്‍ നേരം പോക്കിനോ പഠിച്ചത് മറന്നുപോകാതിരിക്കാനോ ആയി ജോലിക്ക് പോകുന്നവരല്ല അവര്‍. കിട്ടുന്ന വേതനം തുച്ഛമെങ്കിലും എണ്ണപ്പെട്ടതാണ്. അതുകൊണ്ട് മാത്രം നിവര്‍ത്തിക്കപ്പെടുന്ന നിരവധി സമസ്യകള്‍ അവരുടെ കുടുംബാന്തരീക്ഷത്തിലുണ്ട്.

 

 

എന്നാല്‍ മറുപക്ഷത്ത് പ്രത്യേകിച്ച് ഒരു വിദ്യാഭ്യാസ യോഗ്യതയോ സവിശേഷമായ പരിശീലനമോ ആവശ്യമില്ലാത്ത ഒരു തൊഴില്‍ എന്ന നിലയ്ക്ക് തൊഴില്‍ദാതാവായ മുതലാളിക്ക് മനുഷ്യവിഭവത്തിന്റെ ലഭ്യത ഒരു പ്രശ്‌നമേ ആകുന്നില്ല. വഴിവെട്ട്, ടാറു പണി മുതല്‍ നിര്‍മ്മാണ മേഖലയിലെ ‘മൈക്കാഡ്’ പണിയില്‍ വരെ ഇന്ന് വനിതാ സാന്നിധ്യമുണ്ട്. പക്ഷേ ഒരു നിലയ്ക്ക് അപ്പുറമുള്ള കായികാദ്ധ്വാനം ആവശ്യമുള്ളതുകൊണ്ട് തന്നെ ആര്‍ക്കും ചെയ്യാവുന്ന തൊഴിലുകളല്ല അവ. അതിന് കായികശേഷിയും അതില്‍ ഉപരിയായി മാനസികമായ ശക്തിയും ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ അത്തരം മേഖലകളില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ക്കും വിലപേശല്‍ ശക്തിയുണ്ട്. ഇവിടെയും ലിംഗപരമായ വിവേചനങ്ങള്‍ ഇല്ല എന്നല്ല, താരതമ്യേനെ കുറവാണെന്ന് മാത്രം.

 

അങ്ങനെയാണ് തൊഴില്‍പരമായ വിലപേശല്‍ ശേഷി ഇല്ലാത്ത, എന്നാല്‍ തൊഴിലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികളുടെ ഒരു വര്‍ഗ്ഗമായി സെയില്‍സ് ഗേള്‍സ് മാറുന്നത്. എന്നുവച്ച് അവര്‍ ചെയ്യുന്ന ജോലിയില്‍ കായികാദ്ധ്വാനമോ തൊഴില്‍ പരമായ വൈദഗ്ദ്ധ്യമോ ഇല്ലാതാകുന്നുമില്ല. ഇവിടെ മുതലാളിക്ക് അനുകൂലമാകുന്ന ഒരേ ഒരു ഘടകം നിങ്ങള്‍ പത്ത് പേര്‍ പോയാല്‍ ഇരുപത് പേരെ ഉടന്‍ വേറെ കിട്ടും എന്നതാണ്. ‘വാര്‍ക്ക’ തൊഴിലാളികളായ പത്ത് സ്ത്രീകള്‍ പോയാല്‍ നാളെയെന്നല്ല, ആഴ്ചകള്‍ കാത്ത് നിന്നാല്‍ അതുപോലെ പത്ത് സ്ത്രീകളെ കിട്ടില്ല. പണി മുടങ്ങും. അതാണ് പ്രശ്‌നം. സംഘടിത തൊഴിലാളി മേഖലയിലെ തൊഴിലാളികള്‍ ഒരു വര്‍ഗ്ഗം തന്നെയാണ്. കാരണം അവരെ പൊതുവായി അടയാളപ്പെടുത്തുന്ന, വിലപേശല്‍ ശേഷി ഘടകങ്ങള്‍ നിരവധി ഉണ്ട്. വസ്ത്ര വ്യവസായ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളും ഒരു വര്‍ഗ്ഗം തന്നെയാണ്. ആകെയുള്ള വ്യത്യാസം അവര്‍ക്ക് വിലപേശല്‍ ശേഷി വേണ്ടത്ര ഇല്ല എന്നത് മാത്രമാണ്.

 

അണ്‍ എയിഡഡ് അധ്യാപകര്‍ എന്ന വര്‍ഗ്ഗം
ഇതുപോലെ ഒരു വര്‍ഗ്ഗമാണോ അണ്‍ എയിഡഡ് മേഖലയിലെ അധ്യാപകര്‍? അല്ല എന്നത് തന്നെയാണ് ഉത്തരം. പല വര്‍ഗ്ഗങ്ങളില്‍ പെട്ടവര്‍ പ്രശ്‌നാധിഷ്ഠിതമായി, പലപ്പോഴും യാദൃശ്ചികമായി ഒത്തുചേരുന്ന ഒരിടമാണ് അണ്‍ എയ്ഡഡ് സമാന്തര വിദ്യാഭ്യാസ മേഖല. അവര്‍ക്കിടയില്‍ പൊതുവായി കേവല സൗഹൃദങ്ങള്‍ക്കപ്പുറം മറ്റൊന്നുമില്ല. അവരുടെ അസ്തിത്വവും, താല്പര്യങ്ങളും രൂപപ്പെടുന്നത് സ്വത്വപരമായോ വര്‍ഗ്ഗപരമായോ അല്ല, മറിച്ച് വ്യക്തിപരമായാണ്.

 

ഈ മേഖലയില്‍ ജോലി ചെയ്യുന്നവരെ വിശകലനം ചെയ്യാന്‍ പൊതു ഉള്ളടക്കങ്ങളില്ല എന്ന് പറഞ്ഞു കഴിഞ്ഞു. ഉള്ളത് വിശാലമായ ചില മാനദണ്ഡങ്ങളെ വച്ച് പല വിഭാഗങ്ങളായി തിരിക്കാം എന്ന സാദ്ധ്യത മാത്രമാണ്. അതില്‍ ഒരു പ്രബല വിഭാഗം അതിനെ ഒരു തൊഴില്‍ എന്നതിലുപരി പരിശീലന കളരി എന്ന നിലയ്ക്കാണ് കാണുന്നത്. രണ്ട് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നേടുക, അതിലൂടെ തങ്ങളുടെ വിലപേശല്‍ ശക്തി കൂട്ടി മെച്ചപ്പെട്ട തൊഴില്‍ സാധ്യതകളിലേക്ക് ചെന്നെത്തുക. അതായത് തൊഴില്‍പരമായ വേട്ടയ്ക്ക് മുമ്പുള്ള ഒരു പതിയിടം എന്ന് പറയാം. അപ്പോള്‍ ഈ രണ്ടോ മൂന്നോ വര്‍ഷത്തെ ശമ്പളമൊന്നും ഒരു പ്രശ്‌നമല്ല. ജാതി, മത, ലിംഗ ഭേദമില്ലാത്ത ഈ വിഭാഗത്തെ സംബന്ധിച്ചിടത്തോളം ഉടനടി ലാഭം പ്രതീക്ഷിക്കാതെയുള്ള മുതല്‍മുടക്കാണ് അണ്‍ എയ്ഡഡ് മേഖലയിലെ അധ്യാപനം.

 

മറ്റൊരു വിഭാഗം അധ്യാപനത്തെ തങ്ങളുടെ ലക്ഷ്യമായ തൊഴില്‍ എന്ന നിലക്ക് കാണാത്ത, ഒരു താല്കാലിക ഇടത്താവളം എന്ന നിലക്ക് മാത്രം അതില്‍ നില്ക്കുന്ന അധ്യാപകരാണ്. പാരലല്‍ കോളേജ്, കോച്ചിങ്ങ് സെന്ററുകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങി അണ്‍എയ്ഡഡ് സ്‌കൂളുകളും, സ്വാശ്രയ കോളേജുകളും വരെ പ്രവര്‍ത്തിക്കുന്നത് നിശ്ചിതമായ ഒരു തൊഴില്‍ യോഗ്യത എന്ന മാനദണ്ഡത്തെ മുന്‍നിര്‍ത്തി നിയമിക്കപ്പെട്ട അദ്ധ്യാപകരിലൂടെയല്ല. അതിനെ നിയന്ത്രിക്കാന്‍ ഇവിടെ വ്യവസ്ഥയില്ല, അഥവാ ഉണ്ടെങ്കില്‍ അത് നിഷ്‌ക്രിയമാണ്. അപ്പോള്‍ ഒരു മിനിമം വിദ്യാഭ്യാസ യോഗ്യതയും വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികളുടെ ഒരു കൂട്ടത്തെ അഭിസംബോധന ചെയ്യാനുള്ള ആത്മവിശ്വാസവും ഉള്ള ആര്‍ക്കും ‘കൊള്ളാവുന്ന’ ഒരു തൊഴില്‍ ലഭിക്കുംവരെ പയറ്റി നോക്കാവുന്ന ഒരു മേഖലയാകുന്നു ഈ തൊഴില്‍. അവര്‍ക്ക് ഇതൊരു ആത്യന്തിക ലക്ഷ്യമല്ല എന്നതുകൊണ്ട് തന്നെ ഇവിടെ അവര്‍ നേരിടുന്ന ചൂഷണങ്ങള്‍ അവര്‍ക്ക് അതിജീവന പ്രശ്‌നവുമല്ല.

 

പിന്നെയൊരു വിഭാഗം അഭ്യസ്തവിദ്യരായ മദ്ധ്യവര്‍ഗ്ഗ കുടുംബിനികളാണ്. അവര്‍ക്ക് നിത്യവൃത്തിയ്ക്ക് ഇതില്‍ നിന്ന് കിട്ടുന്ന വരുമാനം വേണ്ട. പഠിച്ചത് മറന്നുപോകാതിരിക്കാന്‍, ഒരു ആത്മസംതൃപ്തിക്ക്, സമയം പോകാന്‍ തുടങ്ങിയ വ്യത്യസ്ത കാരണങ്ങളില്‍ ഇത്തരം സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിക്കുന്ന ഇവരുടെ പ്രധാന ആകര്‍ഷണം വേതനമോ തൊഴില്‍പരമായ അവകാശങ്ങളൊ അല്ല, മറിച്ച് കുടുംബിനി എന്ന നിലയിലുള്ള തങ്ങളുടെ ജീവിതവുമായി സ്ഥലബന്ധിയോ സമയബന്ധിയോ ആയ സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടാത്ത ഒരു തൊഴില്‍. ഭര്‍ത്താവിനെയും മക്കളെയും അയച്ചു കഴിഞ്ഞ് ഓടി ചെല്ലാവുന്ന അകലത്തില്‍, അവര്‍ തിരിച്ചെത്തും മുമ്പേ കുടുംബത്തെത്താന്‍ പറ്റിയ സമയ ക്രമത്തില്‍ ഒരു ജോലി.

 

ഇതിലൊന്നും പെടാത്ത മറ്റൊരു ചെറു വിഭാഗം അദ്ധ്യാപനത്തെ തൊഴിലിലുപരി സേവനമായി കാണുന്ന സന്നദ്ധ സേവകരുടേതാണ്. ജാതി, മത, ലിംഗ ഭേദമില്ലാത്ത ഈ വിഭാഗം അദ്ധ്യാപന വൃത്തിയുടെ തൊഴില്‍പരമല്ല, ആദര്‍ശപരമായ ഉള്ളടക്കത്തിനാല്‍ പ്രചോദിതരായി എത്തുന്നവരാണ്. ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ വേതനമേ ഇല്ലാതെ പണിയെടുക്കുന്ന കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വരുന്ന ഈ വിഭാഗം ഒരു ചെറു ന്യൂനപക്ഷമായിരിക്കാം. എങ്കിലും അങ്ങനെ ഒരു വിഭാഗവും ഉണ്ടെന്ന് കാണാതിരുന്നുകൂട. ഇത്തരത്തില്‍ വ്യത്യസ്തമായ പല കാരണങ്ങള്‍ കൊണ്ട് തങ്ങള്‍ ചെയ്യുന്ന തൊഴിലില്‍ വേതനം അപ്രധാനമായി കാണുന്നവരാണ് അണ്‍ എയ്ഡഡ് മേഖലയിലെ നല്ലൊരു ശതമാനം അദ്ധ്യാപകരും.

 

 

സമരങ്ങള്‍ ഉണ്ടാകാത്തത്
സമരങ്ങളുടെ വര്‍ഗ്ഗീകരണത്തില്‍ സാധ്യമായതില്‍ വച്ച് ഏറ്റവും വിശാലമായ തരംതിരിക്കല്‍ സാമ്പ്രദായിക സമരങ്ങളും മെറ്റാമോഡേണ്‍ ‘മള്‍ട്ടിറ്റ്യൂഡ്’ സമരങ്ങളും എന്നതാവും. ആദ്യത്തേത് ദേശീയമോ വംശീയമോ വര്‍ഗ്ഗീയമോ വര്‍ണ്ണപരമോ ജാതി, മത, ലിംഗ, ലൈംഗീക താല്പര്യബന്ധിയോ ആയ പൂര്‍വ്വ നിര്‍മ്മിത സ്വത്വങ്ങള്‍ അവരുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി നില്ക്കുന്ന അധികാര ശക്തികള്‍ക്കെതിരെ നടത്തുന്നതാണെങ്കില്‍ ‘മള്‍ട്ടിറ്റ്യൂ’ഡിന്റെ സമരങ്ങള്‍ അത്തരം ഒരു പൊതുസ്വത്വവും പേറാത്ത, വിവിധ സ്വത്വവിഭാഗങ്ങളില്‍പ്പെട്ട മനുഷ്യര്‍ ഒരു പൊതുപ്രശ്‌നത്തില്‍ ഒത്തുചേര്‍ന്ന് നടത്തുന്ന സമരമാണ്. അതായത് സമരം ചെയ്യുന്നവര്‍ ഒന്നല്ലെങ്കിലും ഈ രണ്ട് തരം സമരങ്ങളിലും സമരകാരണം ഒന്നാണ്. അത് ഒരു വിഭാഗം മനുഷ്യരെ ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്‌നത്തിന്റെ സാന്നിധ്യമാണ്. സമരം എന്ന ഒരു പ്രതിഷേധ രൂപം ഉണ്ടായി വരാന്‍ അനീതിയോ, ചൂഷണമോ അനുഭവിക്കുന്നവര്‍ ഒരേ സ്വത്വം പങ്കുവയ്ക്കുന്നവര്‍ ആകണമെന്നില്ല എന്നിരിക്കുമ്പോഴും അവരെ ഒരുപോലെ ബാധിക്കുന്ന ഒരു പൊതുപ്രശ്‌നം എങ്കിലും വേണം എന്ന് ചുരുക്കം.

 

അണ്‍ എയ്ഡഡ് മേഖലയിലെ തൊഴിലാളികള്‍ ഒത്തുചേര്‍ന്ന് ഒരു വര്‍ഗ്ഗമായി തീരാത്തത് അവര്‍ എല്ലാവരും ആ തൊഴിലിനെ കാണുന്നത് ഒരുപോലെയല്ല എന്നതിനാലാണ് എന്ന് നാം കണ്ടു. വ്യത്യസ്ത തലങ്ങളിലാണ് അവര്‍ തങ്ങളുടെ തൊഴിലിനെ അഭിസംബോധന ചെയ്യുന്നത് എന്നതുകൊണ്ട് തന്നെ അവരുടെ പ്രശ്‌നങ്ങളും ഏകാമാനമല്ല. അതായത് അവരില്‍ നിന്ന് കൂട്ടായ ഒരു പ്രതിഷേധത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സ്വത്വപരമോ പ്രശ്‌നാധിഷ്ഠിതമോ ആയ കാരണങ്ങള്‍ ഇല്ല. ചൂഷണവും അനീതിയും തീര്‍ച്ചയായും ഉണ്ട്. പക്ഷേ അത് ചൂഷിതരെ ബാധിക്കുന്നത് ഒരുപോലെ അല്ല എന്ന്. തങ്ങളുടെ അതിജീവനത്തെ സമഗ്രാര്‍ത്ഥത്തില്‍ നിര്‍ണ്ണയിക്കുന്ന ഒന്നായി തങ്ങള്‍ നിലനില്ക്കുന്ന തൊഴില്‍ മേഖലയെ കാണുന്ന തൊഴിലാളികളുടെ ഒരു കൂട്ടായ്മയില്‍ നിന്നേ തൊഴില്‍പരമായ വര്‍ഗ്ഗബോധവും അത് ഉല്പാദിപ്പിക്കുന്ന സമരോര്‍ജ്ജവും പ്രതീക്ഷിക്കാനാവൂ. അത് ഉണ്ടായിരുന്നില്ല എന്നത് തന്നെയാണ് അണ്‍ എയ്ഡഡ്, സ്വാശ്രയ, സമാന്തര വിദ്യാഭ്യാസമേഖല ഒരു വ്യവസായമായി തന്നെ നിലനില്ക്കുമ്പോഴും അവിടെനിന്ന് സംഘടിത തൊഴില്‍ സമരങ്ങള്‍ ഉണ്ടാകാതിരുന്നതിന്റെ കാരണവും.

 

മാറ്റത്തിന്റെ കാഞ്ചി
ഇതുവരെ ഈ മേഖലയില്‍ നിന്ന് സമരങ്ങള്‍ ഉണ്ടാകാതിരുന്നതിന്റെ കാരണങ്ങള്‍ നമ്മള്‍ കണ്ടു. ഇനി ഇപ്പോള്‍ ഇങ്ങനെയൊരു മാറ്റത്തിന്റെ കാഞ്ചി വലിക്കപ്പെടാനുള്ള കാരണമാണ് വിശകലനം ചെയ്യുവാനുള്ളത്.

 

ഏതാനും ദശാബ്ദങ്ങള്‍ക്ക് മുമ്പ് വരെ അഭ്യസ്തവിദ്യനായ മലയാളി തൊഴിലായി കണ്ടിരുന്നത് സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ മേഖലകള്‍ തുറന്നിടുന്ന അവസരങ്ങളെ മാത്രമായിരുന്നു. അതിലേയ്ക്ക് എത്തിച്ചേരാനുള്ള മാര്‍ഗ്ഗത്തില്‍ കേവലം വഴിയമ്പലങ്ങള്‍ മാത്രമായിരുന്നു സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങള്‍. ‘ട്യൂട്ടോറിയലില്‍ പഠിപ്പിച്ച് നടക്കുകയല്ലാതെ ഒരു ജോലിയും തൊഴിലുമൊന്നുമായില്ലെ’ എന്ന നാട്ട് ചോദ്യം അതില്‍ നിന്നുണ്ടാവുന്നതാണ്. സാന്ദര്‍ഭികമായി അതില്‍ തന്നെ പെട്ടുപോകുന്ന ചില ഹതഭാഗ്യര്‍ ഒഴികെയുള്ളവര്‍ക്ക് അത് ഒരു പ്രശ്‌നവുമായിരുന്നില്ല. ഈ മേഖലയില്‍ പുതുതായി വരുന്ന മനുഷ്യര്‍ക്ക് മേല്‍പ്പറഞ്ഞ തരം ‘കുടുങ്ങിയവര്‍’ തരുന്ന ഉപദേശം തന്നെ ഇതിന്റെ ഭ്രമങ്ങളില്‍ പെടരുത്, ഇതല്ല തന്റെ മേഖല എന്ന്‍ എന്നും ഓര്‍ക്കണം എന്നതാണ്.

 

എന്നാല്‍ പില്‍ക്കാല മുതലാളിത്തത്തിന്റെതായ പുതു സമൂഹത്തില്‍ നിന്ന് അത്തരം ഒരു മിത്ത് ഒഴിഞ്ഞ് പോയിരിക്കുന്നു. ഇന്ന് സ്വകാര്യ മേഖലയിലെ തൊഴില്‍ ഒരു തൊഴിലല്ല എന്ന് പറയുന്നവരുടെ കാലം എതാണ്ട് കഴിഞ്ഞിരിക്കുന്നു. ഐ ടി പോലുള്ള മേഖലകള്‍ പോട്ടെ, ഒരു സാധാരണ കമ്പനി കച്ചവട പ്രതിനിധിക്ക് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ കിട്ടുന്ന മാസവരുമാനം സര്‍ക്കാര്‍ ജീവനക്കാരുടെ നെറ്റി ചുളിക്കാന്‍ പോന്നതാണ്. ഇത് ഒപ്പം ഒരു സാമൂഹ്യ മാറ്റവും സാധ്യമാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ തൊഴില്‍ സര്‍ക്കാര്‍ ജോലിയിലേക്കുള്ള ഒരു ലോഞ്ചിങ്ങ് പാഡ് മാത്രമല്ല ഇന്ന്. അത് ഒരു തൊഴിലാണ്. മാറുന്ന സര്‍ക്കാര്‍ നയങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തങ്ങളുടെ തൊഴില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള മാറ്റത്തിനിടയ്ക്കുള്ള ഇടത്താവളമായി മാത്രം കാണാനാകുന്ന ആഡംബരം നമുക്ക് നഷ്ടമായിരിക്കുന്നു. പെന്‍ഷന്‍ മുഖ്യ ആകര്‍ഷണമാകുന്ന സര്‍ക്കാര്‍ ജോലിയില്‍ നിന്ന് ആ പെന്‍ഷന്‍ തന്നെ എടുത്ത് മാറ്റപ്പെടുമോ എന്ന ആശങ്ക ബലപ്പെടുന്നു. അവിടെനിന്നാണ് ഒരു കാറ്റ് രൂപപ്പെട്ട് വരുന്നത്.

 


കടപ്പാട്: മീഡിയ വണ്‍

 

മുക്കത്തുനിന്നൊരു മാറ്റത്തിന്റെ കാറ്റ്
പല കാരണങ്ങള്‍ കൊണ്ടാണ് എന്ന് പറയുമ്പോഴും കാലാകാലങ്ങളായി കാറ്റും വെളിച്ചവും കടക്കാതെ ചൂഷണം മാത്രം തളം കെട്ടി കിടന്നിരുന്ന ഒരു കച്ചവട മേഖലയിലേക്കാണ് വൈകിയെങ്കിലും മാറ്റത്തിന്റെ ഒരു കാറ്റ് മുക്കത്തുനിന്ന് അടിക്കുന്നത്. മൊയ്തീന്റെയും കാഞ്ചനമാലയുടെയും ഇതിഹാസ പ്രണയത്തിലൂടെ കേരളീയ പൊതുബോധത്തിന്റെ പരിഗണനയില്‍ വന്ന് നിറഞ്ഞ മുക്കം എന്ന പ്രദേശം പക്ഷേ ഇന്ന് പ്രണയം പോയിട്ട് സ്‌നേഹമോ സഹജീവി എന്ന നിലയ്ക്കുള്ള ചുരുങ്ങിയ പരിഗണന പോലുമോ ഇല്ലാത്ത നഗ്‌നമായ ചൂഷണത്തിനെതിരേ നടക്കുന്ന ഒരു സമരത്തിന്റെ പേരിലാണ് വാര്‍ത്തകളിലേക്ക് വീണ്ടും എത്തുന്നത്. കെ എം സി ടി എന്ന ട്രസ്റ്റിന് കീഴിലുള്ള നിരവധിയായ അണ്‍ എയിഡഡ് സ്ഥാപനങ്ങളില്‍ പണിയെടുക്കുന്ന അധ്യാപകര്‍ തങ്ങള്‍ അനുഭവിച്ച് വരുന്ന ചൂഷണത്തിനെതിരേ നടത്തുന്ന സമരത്തിന്റെ വേദി എന്ന നിലയിലാണ് മുക്കം മാറ്റത്തിന്റെ ഒരു പുതിയ കാറ്റിനു പ്രഭവകേന്ദ്രമാകുന്നത്.

 

മുക്കത്ത് നടക്കുന്ന സമരത്തിന്റെ പ്രസക്തി അതിന് സര്‍ക്കാര്‍, എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറത്തുള്ള ഒരു വന്‍ സമാന്തര വിദ്യാഭ്യാസ മേഖലയിലേക്ക്, അവിടെ ജോലിചെയ്യുന്നതും പഠിക്കുന്നതുമായ ഒരു വന്‍ സമൂഹത്തിലേക്ക് ധനാത്മകമായ ചില പരിഗണനകള്‍ മുന്നോട്ട് വയ്ക്കാന്‍ കഴിഞ്ഞേക്കും എന്നതാണ്. കിട്ടുന്നവരെ വാധ്യാരായി വച്ച് തോന്നിയതുപോലെ നടത്തുന്ന അധ്യയനവും, ഒരു വിട്ടുവീഴ്ചയുമില്ലാത്ത ഫീസുമായി കാലാകാലങ്ങളായി കൊഴുക്കുന്ന ഈ കച്ചവടത്തിന് വിദ്യാഭ്യാസം എന്ന സമൂഹ നിര്‍മ്മാണ പ്രക്രിയയുമായി എന്തെങ്കിലുമൊക്കെ ഒരു ബന്ധം ഉണ്ടാക്കിയെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സേവനമല്ല, വ്യവസായമാണ് മേഖലയെങ്കില്‍ അതെങ്കിലും നിജപ്പെടുത്തപ്പെടെണ്ടേ? വിദ്യാഭ്യാസവകുപ്പിനും വ്യവസായവകുപ്പിനും ഉത്തരവാദിത്വമില്ലാതെ നിലനില്ക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ മേല്‍നോട്ടവും നിയന്ത്രണവും വഹിക്കേണ്ടത് പൊതുസമൂഹമാണ് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതുകൊണ്ട് തന്നെ തൊഴിലാളി സംഘടനകള്‍ മാത്രമല്ല, കമ്പോള സ്വാതന്ത്ര്യത്തിന്റെ പ്രത്യയശാസ്ത്രത്തിനപ്പുറം ഉള്ളടക്കമുള്ള മുഖ്യധാര രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും പ്രസ്ഥാനങ്ങളും ഈ സമരങ്ങളെ സമഗ്രമായി ഏറ്റെടുക്കുകയും ഈ മേഖലയിലെ പ്രശ്‌നങ്ങളെ പൊതുബോധത്തിന്റെ സമഗ്ര പരിഗണനയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു.

 

കെ എം സി ടിക്ക് കീഴിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ നടത്തുന്ന ഈ സമരം അത്തരം ഒരു ചര്‍ച്ചയെ ഉയര്‍ത്തിക്കൊണ്ട് വരേണ്ടത് ആരുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് വേണമെന്ന് കേരളത്തിലെ എല്ലാ മുഖ്യധാര രാഷ്ട്രീയസംഘടനകള്‍ക്കും പരിഗണിക്കാവുന്നതാണ്.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍