ബിജെപിയോടൊപ്പം പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയുള്ള സമ്മര്‍ദ്ദ തന്ത്രമാണോ മാണിയുടേതെന്ന് വ്യക്തമല്ല.
മലബാറില്‍ മുസ്ലീംലീഗിന്റെയും മദ്ധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസിന്റെയും (എം) പിന്തുണയില്ലാതെ ഒരു മുന്നണിക്കും ഇനി കേരളത്തില്‍ അധികാരത്തിലെത്താന്‍ കഴിയില്ലെന്ന് കെഎം മാണി. 34 വര്‍ഷത്തെ യുഡിഎഫ് ബന്ധം നേരത്തെ ഉപേക്ഷിച്ച് സ്വതന്ത്രമായി നില്ക്കുന്ന കേരള കോണ്‍ഗ്രസിന് എന്‍ഡിഎ മുന്നണിയിലേയ്ക്ക് ബിജെപി ക്ഷണിച്ച് തുടങ്ങിയിട്ട് കാലം കുറച്ചായി. മാണി ഇതുവരെ മനസ് തുറന്നിട്ടില്ല. ഇതിനിടെയാണ് 84ാം പിറന്നാളിനോടനുബന്ധിച്ച് മാദ്ധ്യമം പത്രവുമായുള്ള സംഭാഷണത്തില്‍ മാണി ഇക്കാര്യം പറഞ്ഞത്.
മലബാറില്‍ ലീഗിന്റേയും മദ്ധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസിന്റേയും സഹായമില്ലാതെ ഒരു മുന്നണിക്കും ജയിക്കാനാവില്ല എന്നാണ് മാണി പറയുന്നത്. മലബാറിലും മദ്ധ്യകേരളത്തിലും മുസ്ലീം ലീഗിന്റേയും കേരള കോണ്‍ഗ്രസിന്റേയും സഹായമില്ലാതെ തന്നെ സിപിഎം ജയിച്ചിട്ടുണ്ട്. എന്നാല്‍ മലബാറില്‍ ലീഗിന്റെ സഹായമില്ലാതെ കോണ്‍ഗ്രസ് ജയിക്കുക എന്നത് ഏറെ ബുദ്ധിമുട്ടായ കാര്യമാണ്. മദ്ധ്യകേരളത്തില്‍ പ്രത്യേകിച്ച് മദ്ധ്യതിരുവിതാംകൂറില്‍ കേരള കോണ്‍ഗ്രസിന്റെ
സഹായമില്ലാതെ ജയിക്കുക എന്നതും അവരെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. മദ്ധ്യതിരുവിതാംകൂറില്‍ സിപിഎമ്മിന് മേധാവിത്തം അവകാശപ്പെടാന്‍ കഴിയില്ല. കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനും തന്നെയാണ് കൂടുതല്‍ സ്വാധീനമുള്ളത്. അതേസമയം ബിജെപിയോടൊപ്പം പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയുള്ള സമ്മര്‍ദ്ദ തന്ത്രമാണോ മാണിയുടേതെന്ന് വ്യക്തമല്ല.
കേരള കോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശനം വളരെ പെട്ടെന്നൊന്നും ഏതായാലും സാദ്ധ്യമാവില്ല. യുഡിഎഫിലേയ്ക്ക് തിരിച്ചു പോവുന്ന തരത്തിലുള്ള സൂചനകളൊന്നും മാണി നല്‍കുന്നില്ല. മുസ്ലീംലീഗാണെങ്കില്‍ ഇടതുമുന്നണിയുടെ വാതില്‍ എപ്പോള്‍ തുറന്നാലും ഓടിക്കയറാം എന്ന മട്ടിലാണ് നില്‍പ്പ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിനോട് ലീഗിന്റെ സമീപനം നോക്കിയാല്‍ ഇത് വ്യക്തമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും വെറും വാചകമടി മാത്രമേ ഉള്ളൂ എന്നും മോദി സര്‍ക്കാരിന് വെറും ജാഡ മാത്രമേ ഉള്ളൂ എന്നുമൊക്കെ മാണി പറയുന്നുണ്ടെങ്കിലും എല്‍ഡിഎഫില്‍ നിന്നും എന്‍ഡിഎയില്‍ നി്ന്നും വിളി മാണി ആഗ്രഹിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. എന്‍ഡിയിലേക്കുള്ള ക്ഷണം ബിജെപി നേരത്തെ തന്നെ മുന്നോട്ട് വച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാവാന്‍ വലിയ ആഗ്രഹമോ ആഗ്രഹക്കുറവോ ഇല്ലെന്നും മാണി പറയുന്നു. ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരിക്കെ തനിക്ക് കേന്ദ്ര മന്ത്രിയാകാനുള്ള അവസരമുണ്ടായിരുന്നെന്നും അത് നടക്കാതെ വന്നതിന് ഉത്തരവാദി കെ കരുണാകരനാണ് എന്നാണ് കരുതുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം മാണി പറഞ്ഞിരുന്നു.