UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫാസിസത്തിന്റെ വക്താക്കള്‍ രാജ്യം ഭരിക്കുന്ന കാലത്ത് കാസ്‌ട്രോയുടെ വാക്കുകള്‍ പ്രസക്തമാണ്

Avatar

കെ. എന്‍. ബാലഗോപാല്‍

ജീവിതത്തില്‍ ആദ്യമായി ഇന്ത്യയ്ക്ക് പുറത്തേക്കു പോകുന്നത് ക്യൂബയിലേക്കായിരുന്നു. എസ്എഫ്‌ഐ ദേശീയ പ്രസിഡണ്ട് ആയിരുന്ന കാലത്തു നടന്ന അന്തര്‍ദേശീയ യുവജന സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു യാത്ര. അന്നത്തെ ദേശീയ സെക്രട്ടറി സി എച് ആഷിക്, സംസ്ഥാന സെക്രട്ടറി പി രാജീവ്, എഐ എസ് എഫില്‍ നിന്നും നിലവിലെ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍, ഡിവൈഎഫ്‌ഐ യിലെ മത്തായി ചാക്കോ തുടങ്ങി കേരളത്തില്‍ നിന്നുതന്നെ മുപ്പതോളം പേര്‍ സംഘത്തിലുണ്ടായിരുന്നു. 

1997 ഇല്‍ നടന്ന ലോകയുവജനസമ്മേളനത്തിനു മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. സമ്മേളനത്തെ സംബന്ധിച്ച് ഒരു പുനര്‍ജന്മമായിരുന്നു.

ഫാസിസത്തിനും സാമ്രാജ്യത്വത്തിനും എതിരായ സന്ദേശം പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കിയിരുന്ന ഈ സമ്മേളനത്തിന്റെ ഊര്‍ജ്ജവും ഉറവിടവും സോവിയറ്റ് യൂണിയന്‍ ആയിരുന്നു. ആതിഥ്യം അരുളിയ സോവിയറ്റ് യൂണിയന്‍ 1991 കാലത്തു തകര്‍ന്നതോടെ ലോകയുവജന സമ്മേളനവും ഇല്ലാതായി. ലോകരാജ്യങ്ങളിലെ പ്രതിനിധികളുടെ കൂട്ടായ്മ ഇല്ലാതാകുന്നതില്‍ എല്ലാവര്‍ക്കും വിഷമം ഉണ്ടായിരുന്നെങ്കിലും വീണ്ടും സംഘടിപ്പിക്കാന്‍ ആരും തയാറായില്ല. ലോകരാജ്യങ്ങളിലെ യുവജന സംഘടനകള്‍ ചെലവിന് ആവശ്യമായ തുക കണ്ടെത്തിയപ്പോഴും വേദി ഏതു രാജ്യത്തു ആകണം എന്ന ആശയക്കുഴപ്പം നിലനിന്നു.ഈ പ്രതിസന്ധി പരിഹരിച്ചത് ക്യൂബയിലെ ഭരണാധികാരി ഫിഡല്‍ കാസ്‌ട്രോയുടെ ഇടപെടല്‍ ആയിരുന്നു. വലിയ രാജ്യങ്ങള്‍ മടിച്ചു നിന്നപ്പോള്‍ കൊച്ചു ക്യൂബയിലെ വലിയ മനുഷ്യന്‍ വെല്ലുവിളി ധൈര്യപൂര്‍വം മുന്നോട്ടു വരികയായിരുന്നു. വമ്പന്മാരെ നിശ്ചയദാര്‍ഢ്യം കൊണ്ട് മുട്ടുകുത്തിച്ച കാസ്‌ട്രോയേയും, അദ്ദേഹത്തിന്റെ ഗറില്ല പോരാട്ടത്തിനു സ്വയം സമര്‍പ്പിച്ച ജനതയെയും അടുത്തറിഞ്ഞ ദിനരാത്രങ്ങള്‍ ആയിരുന്നു പിന്നിട്ടത്.

മുന്‍ സമ്മേളനങ്ങളില്‍ സോവിയറ്റ് യൂണിയന്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ ഒന്നും തന്നെ ക്യൂബയില്‍ ഉണ്ടായിരുന്നില്ല. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തുന്ന പ്രതിനിധികളെ ക്യൂബക്കാര്‍ താമസവും ഭക്ഷണവും നല്‍കി ഏറ്റെടുക്കുകയായിരുന്നു. എല്ലാവര്‍ക്കും തൊഴിലും പാര്‍പ്പിടവും നല്‍കാന്‍ കാസ്‌ട്രോ ശ്രദ്ധിച്ചതിനാല്‍ പ്രതിനിധികള്‍ ഓരോ ചെറുവസതികളിലുമാണ് താമസിച്ചത്.

കേരളത്തിന്റ അതേ കാലാവസ്ഥയും നെല്ലും നിറഞ്ഞ ക്യൂബയില്‍ ഭാഷയല്ലാതെ മറ്റൊരു അപരിചിതത്വം അനുഭവപ്പെട്ടില്ല.

അമേരിക്കയുടെ ഉപരോധം രാജ്യത്തെ വരിഞ്ഞുമുറുക്കിയ സമയ മായിരുന്നെങ്കിലും ആത്മാഭിമാനം പണയപ്പെടുത്താന്‍ ക്യൂബക്കാര്‍ തയാറായില്ല എന്ന് ചുറ്റുപാടുകള്‍ ഞങ്ങളോട് വിളിച്ചു പറയുന്നുണ്ടായിരുന്നു. പഴഞ്ചന്‍ കാറുകള്‍ അവര്‍ റിപ്പയര്‍ ചെയ്തു ഓടിച്ചു. ലോകത്തിന്റ പഞ്ചസാര കിണ്ണം എന്ന് പേരുകേട്ട രാജ്യം കൃഷിയെ മുറുകി പിടിച്ചാണ് പോരാടിയത്. വിപ്ലവത്തിലൂടെ അധികാരത്തില്‍ എത്തിയ കാസ്‌ട്രോ ഭരണകൂടം അമേരിക്കയുടെ അതൃപ്തി പിടിച്ചു വാങ്ങുകയാണെന്ന് ഒരു മുറുമുറുപ്പും അവിടെ നിന്നും ഉയര്‍ന്നു കേട്ടില്ല.

വിദേശ രാജ്യങ്ങളില്‍ നിന്നും ചുരുക്കം ചില വിമാനങ്ങള്‍ മാത്രമാണ് ക്യൂബയിലേക്കു സര്‍വീസ് നടത്തിയിരുന്നു. റഷ്യയില്‍ ഇറങ്ങി അവിടെ തങ്ങിയ ശേഷമായിരുന്നു ക്യൂബയിലേക്കു ഞങ്ങള്‍ യാത്ര തിരിച്ചത്. നദിയിലെ മല്‍സ്യങ്ങള്‍ പോലെയായിരുന്നു പാര്‍ട്ടി. ഏറ്റവും താഴെത്തട്ടിലെ പ്രവര്‍ത്തകന്റെ അഭിപ്രായവും ഏറ്റവും വിലപ്പെട്ടതായി കരുതിയ സംഘടനാ പ്രവര്‍ത്തനം ആണ് ക്യൂബയിലെ കമ്യൂണിസ്‌റ് പാര്‍ട്ടിയില്‍ കാണാന്‍ കഴിഞ്ഞത്.

സമ്മേളനത്തെ അഭിസംബോധന ചെയ്തു കാസ്‌ട്രോ നടത്തിയ പ്രസംഗം ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. അദ്ദേഹം താലോലിക്കുകയും നടപ്പിലാക്കുകയും ചെയ്ത സോഷ്യലിസ്‌റ് സ്വപ്‌നങ്ങള്‍ ചെറുപ്പക്കാര്‍ക്ക് പറഞ്ഞു കൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. ഫാസിസത്തിനെതിരെ സന്ധിയില്ലാ സമരം നടത്തേണ്ട ആവശ്യകതയും വ്യക്തമാക്കി. ഫാസിസത്തിന്റെ വക്താക്കള്‍ രാജ്യ ഭരണാധികാരികള്‍ ആകുന്ന ഈ കാലത്ത് കാസ്‌ട്രോയുടെ വാക്കുകള്‍ കൂടുതല്‍ പ്രസക്തമാകുന്നു. നിശ്ചയ ദാര്‍ഢ്യവും തിരുത്തല്‍ ശക്തിയാകാനുള്ള നിരന്തര പോരാട്ടവും പതിറ്റാണ്ടുകള്‍ തുടര്‍ന്നതോടെ ക്യൂബയ്ക്ക് എതിരായ നിലപാടുകളില്‍ നിന്നും പിന്നോക്കം പോകാന്‍ അമേരിക്ക തീരുമാനിക്കുകയായിരുന്നു. ഉറച്ച നിലപാട്, ഉറച്ച തീരുമാനം ജനങ്ങളോടൊപ്പം ചേര്‍ന്നു നിന്നു നടപ്പിലാക്കിയതില്‍ വിജയിച്ച കാസ്‌ട്രോ, പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ജനത്തെ കൂടി വിശ്വാസത്തിലെടുക്കണം എന്ന് ജീവിതം കൊണ്ട് പറഞ്ഞു നല്‍കിയ ഭരണാധികാരിയാണ്. അദ്ദേഹത്തിന് ആദരാജ്ഞലികള്‍…

(മുന്‍ രാജ്യസഭാംഗവും സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയുമായ കെ എന്‍ ബാലഗോപാലുമായി സംസാരിച്ചു അഴിമുഖം പ്രതിനിധി തയാറാക്കിയ ലേഖനം )

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍