UPDATES

കെ എന്‍ ബാലഗോപാല്‍ എംപി: സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി

അഴിമുഖം പ്രതിനിധി

സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി കെ എന്‍ ബാലഗോപാല്‍ എംപി തിരഞ്ഞെടുക്കപ്പെട്ടു.തികച്ചും അപ്രതീക്ഷിതമാണ് ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ്. കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് സ്ഥാനമൊഴിയുന്ന നിലവിലെ ജില്ലാ സെക്രട്ടറി കെ രാജഗോപാലിന് പകരമാണ് ബാലഗോപാല്‍ ജില്ലയിലെ പാര്‍ട്ടിയുടെ അമരത്തേക്ക് വരുന്നത്.

മുന്‍ എം പി പി രാജേന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജന്‍, ജില്ല പഞ്ചായത്ത് അദ്ധ്യക്ഷന്‍ എസ് ജയമാഹന്‍ എന്നിവരുടെ പേരുകളാണ് ഇന്നലെ വരെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്നത്. നിലവിലുള്ള ജില്ലാ കമ്മിറ്റിയില്‍ നിന്നും ഏഴ് പേരെ ഒഴിവാക്കിയിട്ടുണ്ട്. പകരം പുതുതായി എട്ടുപേരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ എംഎല്‍എ ജെ മേഴ്‌സിക്കുട്ടിയമ്മയെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പുനലൂര്‍ എസ്.എന്‍ കോളേജില്‍ എസ്.എഫ്.ഐക്ക് വേണ്ടി പ്രവര്‍ത്തിച്ചാണ് കെ.എന്‍ ബാലഗോപാല്‍ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. കഴിഞ്ഞ തവണ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു.

വിഭാഗീയതയുടെ ഒറ്റപ്പെട്ട തുരുത്തുകള്‍ ജില്ലയില്‍ ഇപ്പോഴും അവശേഷിക്കുന്ന സാഹചര്യത്തില്‍ അത് അവസാനിപ്പിക്കുകയെന്ന ഭാരിച്ച ചുമതലയാണ് ബാലഗോപാലില്‍ വന്നുചേര്‍ന്നിട്ടുള്ളത്. വലിയ വെല്ലുവിളിയാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും അത് ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍