UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെ എന്‍ ചന്ദ്രന്‍. വയസ്സ് 73; അദ്ദേഹത്തിന്റെ 1968 മോഡല്‍ അംബാസിഡറിന് പ്രായം 47

Avatar

ജെ. ബിന്ദുരാജ്

എം ബി ബി എസ് പഠിച്ചിട്ടില്ല അദ്ദേഹം. ഗൈനക്കോളജിയില്‍ സ്‌പെഷ്യലൈസേഷനുമില്ല. പക്ഷേ മൂന്ന് സ്ത്രീകളുടെ പേറെടുത്തിട്ടുണ്ട് അദ്ദേഹം. അതിലൊരാള്‍ ഒരു ഡോക്ടറാണ്. സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം ഡോക്ടറുടെ റോളില്‍ അവതരിക്കേണ്ടി വന്ന ഒരു ടാക്‌സി ഡ്രൈവറെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. പേര് കെ എന്‍ ചന്ദ്രന്‍. വയസ്സ് 73. തൃശൂര്‍ മാള കൊച്ചുകടവ് സ്വദേശിയാണ്. ഇപ്പോള്‍ എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് ആറങ്കാവില്‍ താമസം. പക്ഷേ 51 വര്‍ഷമായിട്ടും ടാക്‌സി ഡ്രൈവര്‍ ജോലി ഉപേക്ഷിക്കാന്‍ തയാറായിട്ടില്ല. അദ്ദേഹത്തിന്റെ 1968 മോഡല്‍ അംബാസിഡര്‍ കാറായ കെ ആര്‍ എഫ് 2609-ന് ഇപ്പോള്‍ പ്രായം 47. ഇപ്പോഴും കേരളത്തിന്റെ ഇങ്ങേയറ്റം മുതല്‍ അങ്ങേയറ്റം വരെ ഒരു ഓട്ടം വിളിച്ചാല്‍ ആ നിമിഷം തന്നെ ചാടിപ്പുറപ്പെടാന്‍ ചന്ദ്രന്‍ തയാര്‍. ചേന്ദമംഗലത്താണെങ്കില്‍, ചന്ദ്രന്‍ ചേട്ടനാണെങ്കില്‍ മാത്രം യാത്ര പോകുകയുള്ളുവെന്ന് ശഠിക്കുന്ന പതിനഞ്ചോളം കുടുംബങ്ങളെങ്കിലുമുണ്ട്. സ്വന്തം വീട്ടില്‍ മെര്‍സിഡസ് ബെന്‍സ് ഉണ്ടെങ്കില്‍പോലും ചന്ദ്രന്‍ ചേട്ടനൊപ്പം 1968 മോഡല്‍ അംബാസിഡറില്‍ സഞ്ചരിക്കാനാണ് പലര്‍ക്കും കൗതുകം. ആ കൈകള്‍ വളയം പിടിക്കുമ്പോള്‍ ജീവിതം സുരക്ഷിതമാണെന്ന് അവര്‍ക്കറിയാമെന്നതാണ് സത്യം.

കാഴ്ചയില്‍ മെലിഞ്ഞ ശരീരപ്രകൃതിയാണ് ചേട്ടന്. തലമുടിയും മീശയുമടക്കം നര കേറി മേയാത്ത ഇടമില്ല. നെറ്റിയില്‍ എപ്പോളും ചന്ദനക്കുറി കാണും, വെറ്റില ചേര്‍ത്ത് മുറുക്കിയ ചുണ്ടില്‍ എപ്പോഴും പുഞ്ചിരിയും. ഇനി വാഹനകാര്യത്തിലേക്ക് കടക്കാം. 1964-ല്‍ ചാലക്കുടിയിലെ ഒരു ഡ്രൈവിങ് സ്‌കൂളില്‍ നിന്നും ഡ്രൈവിങ് പഠിച്ച ചന്ദ്രന് ലൈസന്‍സ് ലഭിച്ചത് 1968-ലാണ്. അന്നുമുതല്‍ ഇന്നു വരെ ടാക്‌സിയായി രണ്ട് അംബാസിഡര്‍ കാറുകള്‍ മാത്രമേ ചന്ദ്രന്‍ ഉപയോഗിച്ചിട്ടുള്ളു. ആദ്യത്തേത് 1961 മോഡല്‍ അംബാസിഡര്‍ കാറായിരുന്നു. ബോംബെയിലെ മൈകോ എന്ന സ്പാര്‍ക്ക് പ്ലഗ് നിര്‍മ്മാണ കമ്പനിയുടെ വാഹനം 8000 രൂപയ്ക്കാണ് അന്ന് ചന്ദ്രന്‍ വാങ്ങിയത്.

ടാക്‌സിയില്‍ സഞ്ചരിക്കുന്നത് വലിയ ആഡംബരമായിരുന്ന കാലമാണത്. അതിസമ്പന്നര്‍ക്കു മാത്രമേ സ്വന്തമായി കാറുള്ളു. വടക്കന്‍ പറവൂരിലെ ടാക്‌സി സ്റ്റാന്‍ഡില്‍ അന്ന് ആകെ ആറ് കാറുകളാണ് ഉണ്ടായിരുന്നത് രണ്ട് മോറിസ് മൈനറും ഒരു ഹില്‍മാനും രണ്ട് അംബാസിഡറും ഒരു ഹിന്ദുസ്ഥാനും. ഈ കാറുകള്‍ വിളിക്കുന്നതാകട്ടെ ഒട്ടുമിക്ക സമയത്തും അത്യാവശ്യഘട്ടങ്ങളിലും ദീര്‍ഘദൂര ഓട്ടങ്ങള്‍ക്കായുമൊക്കെ മാത്രം. മദ്രാസിലേക്കും പഴനിയിലേക്കും സേലത്തേക്കുമൊക്കെയായിരുന്നു ദീര്‍ഘദൂര ഓട്ടങ്ങള്‍. കേരളത്തിലാണെങ്കില്‍ കണ്ണൂര്‍ക്കും കോഴിക്കോട്ടേക്കും പാലക്കാട്ടേയ്ക്കുമായിരുന്നു പ്രധാന ഓട്ടങ്ങള്‍.

ഗുരുവായൂരില്‍ ചന്ദ്രന്റെ ഏറ്റവും ഇളയമകന്‍ സന്തോഷിന്റെ ചോറൂണു കഴിഞ്ഞ് വന്നയുടനെയാണ് 1961 മോഡല്‍ കാര്‍ വിറ്റ് 1968 മോഡല്‍ സെക്കന്‍ഡ് ഹാന്‍ഡ് അംബാസിഡര്‍ കാര്‍ 1978-ല്‍ 16,500 രൂപയ്ക്ക് വാങ്ങുന്നത്. തിരുനെല്‍വേലി രജിസ്ട്രേഷനുള്ള ആ കാര്‍ അന്നു ചന്ദ്രന്‍ താമസിച്ചിരുന്ന ചേന്ദമംഗലത്തു നിന്നുള്ള ഒരാളാണ് നാട്ടിലെത്തിച്ചത്. അന്നു മുതല്‍ ആ അംബാസിഡര്‍ കാര്‍ ചന്ദ്രന്റെ പ്രിയ തോഴനാണ്. ഒരു ലക്ഷം കിലോമീറ്റര്‍ പിന്നിട്ടശേഷമാണ് ആ വാഹനം ചന്ദ്രന്റെ കൈയിലെത്തുന്നതെങ്കിലും ഇന്നുവരെ ഒരിക്കല്‍ പോലും ആ വാഹനം ചന്ദ്രനെ വഴിയില്‍ കിടത്തിയിട്ടില്ല. എണ്‍പതുകളുടെ തുടക്കത്തില്‍ പെട്രോള്‍ എഞ്ചിന്‍ മാറ്റി ഡീസല്‍ എഞ്ചിന്‍ ആക്കിയതൊഴിച്ചാല്‍ വേറെ വലിയ മാറ്റമൊന്നും ചന്ദ്രന്‍ കാറില്‍ വരുത്തിയിട്ടുമില്ല. എണ്‍പതുകളുടെ തുടക്കത്തില്‍ പെട്രോള്‍ എഞ്ചിന്‍ മാറ്റി ഡീസല്‍ എഞ്ചിന്‍ ആക്കിയതൊഴിച്ചാല്‍ വേറെ വലിയ മാറ്റമൊന്നും ചന്ദ്രന്‍ കാറില്‍ വരുത്തിയിട്ടുമില്ല. ഇന്നത്തെ കാലത്തെ പുതിയ കാറുകള്‍ പോലും പലപ്പോഴും വഴിയില്‍ പണിമുടക്കുകയും ഡ്രൈവര്‍ക്ക് പണികൊടുക്കുകയും വര്‍ക്ക് ഷോപ്പുകാരന് പണം വാരാന്‍ അവസരമൊരുക്കുകയും ചെയ്യുമ്പോള്‍ ചന്ദ്രന്റെ വാഹനം അതിനൊക്കെ ഒരു അപവാദമാണ്. അദ്ദേഹമാകട്ടെ തന്റെ വാഹനത്തെ പൊന്നുപോലെ ഇപ്പോഴും പരിപാലിക്കുകയും ചെയ്യുന്നു ഇപ്പോഴും ചേന്ദമംഗലത്തു നിന്നും ആവശ്യക്കാര്‍ക്കായി ചന്ദ്രനും അദ്ദേഹത്തിന്റെ വാഹനവും പാലക്കാട്ടേയ്ക്കും കണ്ണൂരേയ്ക്കും വയനാട്ടിലേക്കുമൊക്കെ ഓടിക്കൊണ്ടേയിരിക്കുന്നു. പറവൂരില്‍ തങ്കാശാന്റെ വര്‍ക്ക്‌ഷോപ്പിലാണ് അന്നുമുതല്‍ ഇന്നുവരെ വാഹനത്തിന്റെ മെയിന്റനന്‍സ്. ചന്ദ്രന്റെ കഥ ഒരു വാഹനവും അതിന്റെ സാരഥിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ കൂടിയാണ്.

വാഹനത്തോടുള്ള ചന്ദ്രന്റെ താല്‍പര്യം ചെറുപ്രായത്തിലേ മുളപൊട്ടിയതാണ്. നാരായണന്‍ കര്‍ത്തയുടേയും കുഞ്ഞുകുട്ടിയമ്മയുടേയും ഏക മകനായ ചന്ദ്രന് പട്ടാളത്തില്‍ ചേര്‍ന്ന് രാജ്യസേവനം നടത്തണമെന്നായിരുന്നു മോഹം. പട്ടാളത്തിലേക്ക് തെരഞ്ഞെടുക്കപ്പടുകയും ചെയ്‌തെങ്കിലും ഒറ്റ മകന്‍ നഷ്ടപ്പെട്ടു പോകുമോയെന്ന ഭയം അതില്‍ നിന്ന് പിന്മാറാന്‍ മകനോട് ഉപദേശിക്കുന്നതിലാണ് എത്തിയത്. രണ്ടാമത്തെ ഇഷ്ടം ഡ്രൈവിങ്ങിനോടായിരുന്നു. ഡ്രൈവറാകാന്‍ തീരുമാനിച്ച ചന്ദ്രനെ കുഞ്ഞുകുട്ടിയമ്മ തലയില്‍ കൈവച്ച് ഒരിക്കലും മദ്യപിക്കരുതെന്ന് പ്രതിജ്ഞയെടുപ്പിച്ചു. അന്നു തൊട്ട് ഇന്നുവരെ ചന്ദ്രന്‍ മദ്യപിച്ചേട്ടേയില്ല.

കാറില്‍ ദീര്‍ഘദൂര ഓട്ടങ്ങള്‍ പോയിത്തുടങ്ങിയ കാലത്താണ് അദ്ദേഹം യാത്രയ്ക്കിടയിലെ ഒഴിവുവേളകളിലെ വിരസതയകറ്റാന്‍ കവിതയെഴുത്തും ഭക്തിഗാനമെഴുത്തുമൊക്കെ തുടങ്ങിയത്. കൈതാരം സദാനന്ദന്‍ ആ ഗാനങ്ങളുടെ ട്രാക്ക് പാടി അവ റെക്കോര്‍ഡ് ചെയ്‌തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം സുന്ദരമായ ആ ഗാനങ്ങളെല്ലാം കാസറ്റുകളായി പുറത്തിറക്കണമെന്ന ചന്ദ്രന്റെ മോഹം മാത്രം ഇനിയും യാഥാര്‍ത്ഥ്യമാകാതെ കിടക്കുന്നു. ഇപ്പോഴും തന്റെ കാറില്‍ കയറുന്ന സര്‍ഗധനരായ വ്യക്തികള്‍ക്ക് തന്റെ 20-ഓളം ഗാനങ്ങള്‍ കേള്‍പ്പിച്ചു കൊടുക്കാറുണ്ട് അദ്ദേഹം. അത്തരമൊരു യാത്രയിലാണ് തന്നോട് പേരു പോലും പറയാതെ ഒരാള്‍ തന്നെ കേരള സംഗീതനാടക അക്കാദമിയിലെത്തിച്ചതും അവിടെ നിന്നും കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ സംഘടിപ്പിച്ചു നല്‍കുകയും ചെയ്തത്. എന്തിനധികം പറയുന്നു, മഹാരാജാസ് കോളെജ് പ്രിന്‍സിപ്പാളായി വിരമിച്ച കെ എന്‍ ഭരതന്‍ മാഷെ പൂഞ്ഞാറില്‍ കൊണ്ടുചെന്നാക്കി മടങ്ങി വരുമ്പോള്‍ വാഹനമോടിക്കുന്നതിനിടെ മയങ്ങിപ്പോയ തന്നെ കാറിന്റെ ഡോര്‍ സ്വയം തുറന്നുകിടന്നാടി മയക്കത്തില്‍ നിന്നും ഉണര്‍ത്തിയത് അദ്ദേഹത്തിന് വലിയൊരു അത്ഭുതവുമാണ്. വാഹനം അന്ന് തന്നെ അപകടത്തില്‍ നിന്നും രക്ഷിച്ചത് അതിനു ഒരു ആത്മാവുള്ളതിനാലാണെന്നും അത് തന്റെ ജീവിതപങ്കാളിയുമാണെന്ന ചിന്ത അദ്ദേഹത്തില്‍ ഉണര്‍ത്തുകയും ചെയ്തിരിക്കുന്നു.

പല പ്രമുഖരുടേയും സാരഥിയായിട്ടുണ്ട് ഈ മനുഷ്യന്‍. ഗായകരായ യേശുദാസ്, ജയചന്ദ്രന്‍, പി ലീല എന്നിവരേയും നടന്മാരായ പറവൂര്‍ ഭരതന്‍, ബാലചന്ദ്രമേനോന്‍, നെടുമുടി വേണു തുടങ്ങിയവരേയുമൊക്കെ പലയിടങ്ങളിലേക്ക് കൊണ്ടുപോയിട്ടുണ്ട് അദ്ദേഹം. അന്നൊക്കെ യാത്രകള്‍ക്കിടയില്‍ ഭക്ഷണമോ ജലപാനമോ ഇല്ലാതെയുള്ള ഓട്ടമായിരുന്നു അദ്ദേഹം. വലിയ വീടുകളില്‍ ചെന്നാല്‍ ഭക്ഷണം നല്‍കുന്നതിനു മുമ്പ് പേര് ചോദിച്ച് ജാതി മനസ്സിലാക്കുകയും ജാതി തിരിച്ചറിഞ്ഞാല്‍ പാത്രം കഴുകിക്കമഴ്ത്താന്‍ പറയുകയുമൊക്കെ ചെയ്യുമായിരുന്നു. അത്തരം ജാതി സമ്മര്‍ദ്ദങ്ങള്‍ക്കൊന്നും നിന്നുകൊടുക്കുന്ന ആളല്ലാത്തതിനാലാണ് താന്‍ ഭക്ഷണം കഴിക്കുന്നത് യാത്രകളില്‍ ഒഴിവാക്കിയിരുന്നതെന്ന് ഒരു കലാപകാരിയുടെ പുഞ്ചിരിയോടെ ചന്ദ്രന്‍ പറയാറുമുണ്ട്.

ഈ പ്രായത്തിലും മക്കളുടെ ഉപദേശമൊന്നും കേള്‍ക്കാതെ ട്രിപ്പ് വിളിച്ചാല്‍ വാഹനവുമായി ഉടനെ അവിടെയെത്തും ചന്ദ്രന്‍. ഇപ്പോളത്തെ തിരക്കില്‍ വാഹനമോടിക്കാന്‍ തെല്ലൊരു ഭയമുണ്ടന്ന് അദ്ദേഹം തുറന്നുപറയുന്നു. എല്ലാവരും ഇന്ന് ധൃതിക്കാരാണ്. എങ്ങോട്ടാണ് ഇവരൊക്കെ ഈ തിരക്കുകള്‍ കൂട്ടി പായുന്നത്! വേഗത്തിലാണ് അവരുടെ ഓടിക്കല്‍. അല്‍പമൊന്ന് ക്ഷമിച്ചുനില്‍ക്കാന്‍ പോലും അവര്‍ക്കാകില്ല. ‘എങ്ങോട്ടാണ് ഇവരൊക്കെ ഈ തിരക്കുകള്‍ കൂട്ടി പായുന്നത് ? ‘ ചന്ദ്രന്റെ മുഖത്ത് അര്‍ത്ഥഗര്‍ഭമായ പുഞ്ചിരി തെളിയുന്നു. പിന്നെ നിസ്സംഗതമായി തന്റെ അംബാസിഡറിന്റെ സ്റ്റീയറിങ്ങിന് നേരെ മുകളില്‍ ഉറപ്പിച്ച പഴയ കാര്‍ സ്റ്റീരിയോവിലേക്ക് വിരല്‍വച്ച് താന്‍ എഴുതിയ ഗാനത്തിന്റെ കാസറ്റ് ഇടുന്നു അതിനൊപ്പം ചില വരികള്‍ അദ്ദേഹം മൂളുന്നുമുണ്ട്… യാത്ര തുടരുകയാണ്… തന്റെ ജീവിതകാലത്തോളം ഈ വാഹനം തന്റെയൊപ്പം ഉണ്ടാകണമെന്ന് ചന്ദ്രന് നിര്‍ബന്ധവുമുണ്ട് വീട്ടുകാര്‍ ആരും അതിന് എതിരുനില്‍ക്കുന്നുമില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍