ഇന്നലെ വൈകിട്ട് അദ്ദേഹം കൊല്‍ക്കത്ത റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് ശേഷം യാതൊരു വിവരവുമില്ല.
പശ്ചിമബംഗാളിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോയ സിപിഐ (എംഎല്‍) റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രനെ കാണാതായതായി പരാതി. ബംഗാളിലെ ഭാംഗറില്‍ മമത ബാനര്‍ജി സര്‍ക്കാരിന്‍റെ ഭൂമി ഏറ്റെടുക്കലിന് എതിരെ സിപിഐഎംഎല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാനാണ് കെഎന്‍ രാമചന്ദ്രന്‍ പോയത്. ഇന്നലെ വൈകിട്ട് അദ്ദേഹം കൊല്‍ക്കത്ത റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയതായും വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് ശേഷം യാതൊരു വിവരവുമില്ല.
കര്‍ഷക സമരത്തെ അടിച്ചമര്‍ത്തുന്ന നിലപാട് സ്വീകരിക്കുന്ന മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാര്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്ത് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയതായാണ് സംശയിക്കുന്നതെന്നാണ് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. അതേസമയം കസ്റ്റഡിയില്‍ എടുത്തു എന്ന വാര്‍ത്തകളെ പൊലീസ് തള്ളിക്കളഞ്ഞു. സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍ പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി, കെ.എന്‍ രാമചന്ദ്രനെ കാണാതായതായി വിവരം അറിയിച്ചുളള നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ ഭംഗോറില്‍ ഭൂമി ഒഴിപ്പിക്കലിനിടയില്‍ കര്‍ഷകരുമായി കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. മൊഫിഗുള്‍ ഖാനും ആലംഗിര്‍ എന്ന വിദ്യാര്‍ഥിയുമാണ് പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. സിംഗൂരിനേയും നന്ദിഗ്രാമിനേയും അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സംഘര്‍ഷമാണ് പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ ഭാംഗറില്‍ നടക്കുന്നത്. വൈദ്യുതി സബ്‌സ്റ്റേഷന്‍ നിര്‍മ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധവുമായെത്തിയ കര്‍ഷകരെ പൊലീസ് ലാത്തിയും കണ്ണീര്‍വാതകവും ഉപയോഗിച്ച് നേരിട്ടതോടെയാണ് സംഘര്‍ഷം വെടിവയ്്പില്‍ കലാശിച്ചത്. ഈ സമരത്തിന് നേതൃത്വം നല്‍കുന്നത് സിപിഐ (എംഎല്‍) റെഡ് സ്റ്റാറും എഐകെകെഎസുമാണ്. ഇവിടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാനായി എത്തിയതായിരുന്നു കെ.എന്‍ രാമചന്ദ്രന്‍.
ഭൂമി ഏറ്റെടുക്കലിനെതിരെ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇവിടെ കര്‍ഷകര്‍ പ്രക്ഷോഭത്തിലായിരുന്നു. 2013ല്‍ 13 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്തത്. പദ്ധതി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ പ്രതിഷേധത്തിന് മുന്‍പന്തിയില്‍ നിന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെ പ്രക്ഷോഭം ശക്തമാവുകയായിരുന്നു.