UPDATES

സിനിമ

കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ; മികച്ചതാകുന്നത് സ്വയം തടഞ്ഞ സിനിമ

Avatar

ജോബി വര്‍ഗീസ്

 

ഇന്ത്യയിലെ സ്വതന്ത്ര സിനിമ പ്രസ്ഥാനത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് അനുരാഗ് കാശ്യപ്. വാസെപൂര്‍ പരമ്പരകള്‍, ദേവ് ഡി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ഉഡാന്‍, ലഞ്ച് ബോക്സ് മുതലായ സിനിമകള്‍ നിര്‍മ്മിയ്ക്കുകയും ചെയ്ത കാശ്യപിന്റെ ചിത്രങ്ങള്‍ നിരൂപക പ്രശംസയ്ക്കൊപ്പം പ്രേക്ഷകപ്രീതിയും പിടിച്ചുപറ്റിയവയാണ്. ബോളിവുഡിന്റെ പൊങ്ങച്ചങ്ങളിലോ ബിഗ് ബജറ്റ് മേനിപറച്ചിലുകളിലോ താരങ്ങളുടെ പേക്കൂത്തുകളിലോ അഭിരമിക്കുന്നവയായിരുന്നില്ല അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. ചുരുങ്ങിയ മുതല്‍മുടക്കും കഥാപാത്രങ്ങള്‍ക്കനുസൃതമായ അഭിനേതാക്കളുടെ തെരെഞ്ഞെടുപ്പും യാഥാര്‍ത്ഥ്യബോധത്തിലൂന്നിയ കഥപറച്ചിലുമായിരുന്നു അവയുടെ ആകര്‍ഷണഘടകങ്ങള്‍. ഈ ചെറു ചിത്രങ്ങളുടെ വിജയത്തോടെ ബോളിവുഡ് എന്ന മാന്ത്രികലോകത്തിന്റെ പണക്കിലുക്കം കാശ്യപിനെ തേടിയെത്തി. രണ്‍ബീര്‍ കപൂര്‍ എന്ന താരത്തിന്റെ വാണിജ്യമൂല്യത്തിന്റെ പിന്‍ബലത്തില്‍, വലിയ സെറ്റുകളൊരുക്കി തയ്യാറാക്കിയ കച്ചവട ചിത്രമായിരുന്നു 2015-ല്‍ പുറത്തിറങ്ങിയ ‘Bombay Velvet’. കലാപരമായും വാണിജ്യപരമായും ചിത്രം പരാജയപ്പെട്ടു. ചെറിയ മുതല്‍ മുടക്കിലെടുത്ത മുന്‍ ചിത്രങ്ങളിലെ മാജിക്ക് ആവര്‍ത്തിയ്ക്കാന്‍ കാശ്യപിന് കഴിഞ്ഞില്ല.

 

സ്വതന്ത്ര സിനിമ പരുവപ്പെടുത്തിയ സംവിധായകനാണ് സിദ്ധാര്‍ത്ഥ് ശിവയും. കൂട്ടുകാരുടേയും അഭ്യുദയകാംക്ഷികളുടേയും സഹകരണത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയവയായിരുന്നു ‘101 ചോദ്യങ്ങള്‍’ മുതല്‍ ‘ഐന്‍’ വരെയുള്ള ചിത്രങ്ങള്‍. ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ് ലോ’ വാണിജ്യ സിനിമയിലേയ്ക്കുള്ള സിദ്ധാര്‍ത്ഥിന്റെ കാല്‍വെയ്പാണ്. ‘ഉദയ’ എന്ന ബാനറിന്റെ പിന്‍ബലം, കുഞ്ചാക്കോ ബോബന്‍ എന്നതാരത്തിന്റെ വിപണിമൂല്യം ഇവയെല്ലാമുണ്ടായിട്ടും കൊച്ചൗവ്വ മികച്ചതായില്ല.

 

അതിനാല്‍ത്തന്നെ, സിദ്ധാര്‍ത്ഥ് ശിവ അനുരാഗ് കാശ്യപിന്റെ പ്രതിബിംബമാകുന്നു. കൊച്ചൗവ്വ, ബോംബെ വെല്‍വെറ്റിന്റേയും.

 

ജീവിതവിജയത്തിനുതകുമെന്ന് പറയപ്പെടുന്ന ഉദ്ധരണികള്‍ ചേര്‍ത്തു വെച്ചുണ്ടാക്കിയ ‘ആല്‍ക്കെമിസ്റ്റ് ‘ എന്ന പൗലോ കൊയ് ലോ പുസ്തകത്തിലെ ഒരു ഉദ്ധരണി രൂപപ്പെടുത്തിയതാണ് ഈ സിനിമയിലെ കഥയും കഥാസന്ദര്‍ഭങ്ങളും. പൗലോ കൊയ് ലോയില്‍ മുങ്ങി ജീവിക്കുന്ന കൊച്ചൗവ്വ എന്ന കഥാപാത്രം, അയ്യപ്പദാസ് എന്ന കുട്ടിയുടെ ജീവിതാഭിലാഷത്തെ സ്വാധീനിക്കുകയും അതുവഴി ആ കുട്ടി എത്തിച്ചേരുന്ന ജീവിതവിജയത്തിന്റേയും കഥയാണ് കെപിഎസി. ചിത്രത്തിന്റെ ടൈറ്റില്‍ സൂചിപ്പിയ്ക്കുന്ന പോലെ പൗലോ കൊയ് ലോയുമായി വേര്‍പിരിയാനാവാത്ത വിധം ഇഴപിരിഞ്ഞ് കിടക്കുന്ന കൊച്ചൗവ്വയുടേയും അയ്യപ്പദാസിന്റേയും ജീവിതമാണിതിലെ പ്രതിപാദ്യം.

 

ഇത്തരത്തിലൊരു ചിത്രം നിര്‍മ്മിക്കാന്‍ മുന്നോട്ട് വന്ന കുഞ്ചാക്കോ ബോബന്‍ എന്ന നിര്‍മ്മാതാവ് അഭിനന്ദനമര്‍ഹിയ്ക്കുന്നു. ‘Yellow’ എന്ന മറാത്തി ചിത്രം നിര്‍മ്മിച്ച റിതേഷ് ദേശ്മുഖ് എന്ന നടനെ കുഞ്ചാക്കോ ഓര്‍മ്മിപ്പിയ്ക്കുന്നു. തെരഞ്ഞെടുത്ത വിഷയത്തില്‍ സിദ്ധാര്‍ത്ഥ് ശിവയും അഭിനന്ദനാര്‍ഹനാണ്.

 

അയ്യപ്പദാസിന്റെ അന്തര്‍മുഖത്വം മാസ്റ്റര്‍ രുദ്രാക്ഷില്‍ പ്രകടമാണ്. അനന്തരത്തിലെ അജയന്റെ ചെറുപ്പകാലം മനോഹരമാക്കിയ സുധീഷിനെ പോലെ.

 

 

രണ്ട് പ്രധാന കഥാപാത്രങ്ങളെ ഒരേ സമയം കൈകാര്യം ചെയ്യുക ദുഷ്ക്കരമാണ്. പ്രത്യേകിച്ചും ഒരാള്‍ ബാലനടനും മറ്റൊരാള്‍ താരവും ആകുന്നതിനൊപ്പം, കുട്ടിയുടേത് പ്രധാന കഥയും താരത്തിന്റേത് ഉപകഥയും ആണെന്ന യാഥാര്‍ത്ഥ്യം നിലനില്ക്കുമ്പോള്‍. പ്രധാന കഥയുമായി ബന്ധമില്ലാത്ത നിരവധി സീനുകള്‍, താരത്തിന്റെ പ്രാധാന്യത്തിന് വേണ്ടി മാത്രം അനാവശ്യമായി സൃഷ്ടിക്കേണ്ടി വരുന്നു. ചിത്രത്തിന്റെ നിലവാരത്തേയും ദൈര്‍ഘ്യത്തേയും അത് കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. രണ്ട് മണിക്കൂറിലേയ്ക്ക് ചുരുക്കാനാകുമായിരുന്നെങ്കില്‍ കുറച്ച് കൂടി ആസ്വാദ്യകരമാവുമായിരുന്നു. രണ്ട് കഥാപാത്രങ്ങളേയും ചിത്രത്തിനനുയോജ്യമായ വിധത്തില്‍ ബാലന്‍സ് ചെയ്യുന്നതില്‍ തിരക്കഥാകൃത്ത് പരാജയപ്പെട്ടിരിയ്ക്കുന്നു. Sam Mendes-ന്റെ ‘Road to Perdition’- ലെ Tom Hanks-ന്റെ അച്ഛന്റേയും Tyler Hoechlin-ന്റെ മകന്റേയും കഥാപാത്രങ്ങളെ ബാലന്‍സ് ചെയ്തത് പോലുളള മിടുക്ക് ഈ ചിത്രത്തില്‍ കാണാനാവില്ല.

 

കച്ചവട സിനിമയിലെത്തുമ്പോള്‍ ചെയ്യേണ്ട വിട്ടുവീഴ്ചകളിലൊന്നായി സുരാജിന്റെ വേഷം. കോമഡി ആകാം, തെറ്റില്ല. അദ്ദേഹത്തിന്റെ കഥാപാത്രം കഥയേയും കഥാഗതിയേയും സ്വാധീനിയ്ക്കുന്നുമുണ്ട്. എല്ലാം ശരിയാണ്. എങ്കിലും ഒന്നുകൂടി ചിന്തിക്കേണ്ടതായിരുന്നു.

 

വിഷയം തെരഞ്ഞെടുത്ത വൈദഗ്ദ്ധ്യം ചിത്രത്തിലോ തിരക്കഥയിലോ കാണാനാകുന്നില്ല. പ്രയോഗതലത്തിലെ വീഴ്ച ഒരു മികച്ച ചിത്രമാകേണ്ടിയിരുന്ന കൊച്ചൗവ്വയെ ഒരു ശരാശരി ചിത്രം മാത്രമാക്കി ഒതുക്കുന്നു. പ്രത്യേകിച്ചും ക്ലൈമാക്സ് രംഗത്തിലെ അവധാനതയില്ലായ്മ. നാടകീയതയും പ്രവചനാത്മകമായ ആകസ്മികതയും ക്ലൈമാക്സിനെ ദുര്‍ബലമാക്കി. എഡിറ്റിംഗ് ആ സീനിനെ ഒരു തരത്തിലും പിന്തുണയ്ക്കുന്നുമില്ല. സരളമായ, പ്രതീക്ഷിതമായ വെറുമൊരു രംഗം മാത്രമായി ചുരുങ്ങിപ്പോയി ക്ലൈമാക്സ്. പുഴയില്‍ നിന്നും ഐസിയുവിലേയ്ക്ക് കട്ട് ചെയ്ത് ആകാംക്ഷ ജനിപ്പിയ്ക്കാനുള്ള ശ്രമം ഉണ്ടായെങ്കിലും അതൊന്നും വിലപ്പോയില്ല. എല്ലാം പ്രതീക്ഷിതം തന്നെയായിരുന്നു.

 

ഇന്ത്യന്‍ സിനിമകളിലെ കുട്ടികളുടെ അഭിനയം നാടകീയമാവുന്നത് എന്തു കൊണ്ടെന്ന ചോദ്യത്തിന്  ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. Little Red Flowers എന്ന ചൈനീസ്  ചിത്രത്തിലെ കുട്ടികളുടെ സ്വാഭാവികമായ അഭിനയം കണ്ടവര്‍ ഒരിക്കലെങ്കിലും ഇത്തരത്തില്‍ ചിന്തിക്കാതിരുന്നു കാണില്ല. നമ്മുടെ സിനിമകളിലെ കുട്ടികള്‍, മുതിര്‍ന്നവരെപ്പോലെ പെരുമാറുകയും കാണികള്‍ക്ക് അരോചകമാകുന്ന വിധത്തില്‍ വലിയ വായില്‍ വര്‍ത്തമാനം പറയുന്നവരുമാണ്. കുട്ടികള്‍, കുട്ടികളെപ്പോലെ ചിന്തിക്കില്ല, സംസാരിക്കില്ല, പെരുമാറില്ല. ഗുണ്ടയെത്തേടിപ്പിടിച്ച്   ക്വൊട്ടേഷന്‍ കൊടുക്കുന്ന ബാലതാരം കഥാപാത്രമാകുന്ന തട്ടിക്കൂട്ട്  സിനിമകള്‍ക്കും മേലെയാണ് എന്തായാലും കൊച്ചൗവ്വയുടെ സ്ഥാനം. അയ്യപ്പദാസ് പ്രായത്തിനനുസരിച്ച് തന്നെയാണ് ചിന്തിക്കുന്നതും പെരുമാറുന്നതും സംസാരിയ്ക്കുന്നതും. ഒരിടത്തൊഴികെ. ക്ലൈമാക്സ് രംഗത്തില്‍ വാച്ച് നോക്കി പുഴയില്‍ നിന്നും തിരിച്ച് പോയാലോയെന്ന് ചിന്തിയ്ക്കുന്ന, ആ നിമിഷത്തില്‍. അപ്പോള്‍ മാത്രം അയ്യപ്പദാസ്  മുതിര്‍ന്ന ഒരാളെപ്പോലെ ചിന്തിക്കുന്നു. കഥാപരമായി ആ ചിന്ത ശരിയായിരിക്കാം. എന്നാല്‍, പ്രായോഗികമായി അങ്ങനെ ചിന്തിക്കുമോയെന്ന് സംശയമുണ്ട്. പ്രത്യേകിച്ചും, ഏറ്റവുമടുത്ത ഒരേയൊരു സുഹൃത്തിന്റെ ജീവന്‍ അപകടത്തിലെന്ന് മനസ്സിലാക്കുന്ന സന്ദര്‍ഭത്തില്‍… ഉത്തരം പ്രേക്ഷകര്‍ക്ക് വിടുന്നു.

 

ഒരു സിനിമ മത്സരിയ്ക്കുന്നത് ആ സിനിമയോട് തന്നെയാണ്; ആകേണ്ടിയിരുന്ന മികച്ച അവസ്ഥയോട്. ആ അര്‍ത്ഥത്തില്‍ ‘Children of Heaven’ പോലെയോ മറാത്തി ചിത്രമായ ‘Yellow’ പോലെയോ ഹിന്ദിയിലെ ‘HawaaHawaai’  പോലെയോ ആകേണ്ടിയിരുന്ന ചിത്രമായിരുന്നു കൊച്ചൗവ്വയും. 

 

ഇതിനര്‍ത്ഥം ഓണത്തിനിറങ്ങിയ മറ്റ് സിനിമകളേക്കാള്‍ മോശമാണ് കൊച്ചൗവ്വ എന്നല്ല. എത്തേണ്ടിയിരുന്ന ഉയരത്തില്‍ എത്തിയില്ല എന്ന് മാത്രം.

 

(ചാലക്കുടി സ്വദേശിയാണ് ജോബി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദം. ഹ്രസ്വചിത്ര സംവിധായകന്‍. സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തകന്‍)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍