UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ; കെട്ടുകാഴ്ചക്കാലത്തെ ഒരു നല്ല സിനിമ

അപര്‍ണ്ണ

സിദ്ധാര്‍ത്ഥ ശിവയുടെ സിനിമകള്‍ ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളവയാണ്. നൂറ്റൊന്നു ചോദ്യങ്ങളും ഐനും നിരവധി സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ക്കൊണ്ട് കൂടി ചര്‍ച്ചയായ സിനിമകളാണ്. മുന്‍കാല സിനിമകളില്‍ നിന്നും മാറി തീയേറ്റര്‍ വിജയത്തില്‍ കൂടി ഊന്നിയാണ് കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ ഓണക്കാല റിലീസ് ആയി എത്തിയത്. പേരിലുള്ള കൗതുകവും ആശയക്കുഴപ്പവുമാണ് ഈ സിനിമയെ ആദ്യം പ്രേക്ഷക ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. തന്റെ പേരുമായുള്ള സാമ്യത്തെ പറ്റി കൗതുകപ്പെട്ടതോ സാക്ഷാല്‍ പൗലോ കൊയ്‌ലോയും! സിനിമ ചരിത്രമാകുന്നത് ഉദയായുടെ തിരിച്ചുവരവിലൂടെയാണ്. 30 വര്‍ഷത്തിനിപ്പുറം കുഞ്ചാക്കോ ബോബന്റെ നേതൃത്വത്തില്‍ മലയാളത്തിലെ ആദ്യ പ്രൊഡക്ഷന്‍ കമ്പനി നിര്‍മാണ രംഗത്തേക്ക് തിരിച്ചു വരുന്നു. കുഞ്ചാക്കോ ബോബന്റെ 75-ആം സിനിമ കൂടിയാണിത്.

 

അയ്യപ്പദാസ് (രുദ്രാക്ഷ്) എന്ന പത്തു വയസുകാരനാണ് സിനിമയിലെ കഥ പറച്ചിലുകാരനും മുഖ്യ കഥാപാത്രവുമെല്ലാം. അവന്‍ ജീവനെപ്പോലെ കൂടെക്കൊണ്ടുനടക്കുന്ന ആഗ്രഹമാണ് വിമാനത്തില്‍ കയറുക എന്നത്. അവന്റെ ഈ ആഗ്രഹമറിഞ്ഞ ബന്ധുക്കള്‍ പലതരം വിമാനങ്ങള്‍ അവനു കളിക്കോപ്പുകളായി നല്‍കുന്നു. വിമാനത്തിന്റെ ചിത്രങ്ങള്‍ വെട്ടിയൊട്ടിച്ച ചുമരുള്ള മുറിയില്‍ സദാ സമയവും ഈ സ്വപ്നത്തെ താലോലിച്ചിരിക്കുകയാണ് അവന്‍. ഗള്‍ഫുകാരനായ അച്ഛനിലൂടെ ഈ ആഗ്രഹം സാധിക്കാന്‍ തുടങ്ങുമ്പോഴേക്കും അവനു പകര്‍ച്ചവ്യാധി വന്നു. പിന്നീടൊരിക്കല്‍ പോകാന്‍ തുടങ്ങുന്നതിന്റെ തലേന്നാണ് അച്ഛന്‍ അപകടത്തില്‍ മരണപ്പെടുന്നത്.

 

ഇതേ ഗ്രാമത്തില്‍ പ്രശ്‌നങ്ങളിലെല്ലാം വളരെ സജീവമായി ഇടപെടുന്ന ആളാണ് കൊച്ചൌവ എന്ന് വിളിപ്പേരുള്ള അജയന്‍ (കുഞ്ചാക്കോ ബോബന്‍). വലിയ പരോപകാരിയും ദീനാനുകമ്പ ഉള്ളവനുമാണ് ഇയാള്‍. ആ നാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് നീന്തലും സൈക്കിളും എല്ലാം പഠിപ്പിച്ചു കൊടുക്കുന്നുണ്ട് കൊച്ചൌവ. നീന്തല്‍ പഠിച്ചാല്‍ പല അന്തര്‍ദേശീയ മത്സരങ്ങള്‍ക്കും പോകാം എന്ന കൊച്ചൌവയുടെ മോഹനസുന്ദര വാഗ്ദാനത്തില്‍ മയങ്ങി വിമാനത്തില്‍ കയറാം എന്ന പഴയ ആഗ്രഹത്തെ അയ്യപ്പദാസ് പൊടിതട്ടിയെടുക്കുന്നു. വെള്ളത്തെ പേടിയുള്ള അയ്യപ്പദാസ് കഠിനമായി നീന്തല്‍ പരിശീലിക്കാന്‍ ഇറങ്ങുന്നു. ഒരു അസാധ്യ പ്രതിഭ അവിടെ ജനിക്കുന്നു. അയ്യപ്പദാസിന്റെയും കൊച്ചൌവയുടെയും അവര്‍ക്കു ചുറ്റുമുള്ള കുറെ മനുഷ്യരുടെയും പിന്നീടുള്ള ജീവിതത്തിന്റെയും ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും ഒക്കെ കഥയാണ് സിനിമ പറയുന്നത്.

 

പൗലോ കൊയ്‌ലോയോളം തന്നെ പ്രസിദ്ധമാണ് ‘when you really want  something, the  entire universe will conspires in helping you to achieve it’ എന്ന അദ്ദേഹത്തിന്റെ ആല്‍ക്കെമിസ്റ്റ് വാചകം. സിനിമയുടെ പേരിനും കഥാഗതിക്കും എല്ലാം കാരണം ഈ വചനമാണ്. കൊച്ചൌവ ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം ഈ വാചകം പറഞ്ഞു ചുറ്റുമുള്ളവരെയും തന്നെത്തന്നെയും പ്രചോദിതനാക്കാന്‍ നോക്കും. ഇതിന്റെ ആക്ഷേപഹാസ്യ സാധ്യതയെ ഉപയോഗിച്ചുകൊണ്ട് തന്നെ ഈ വാചകവുമായി പല തലങ്ങളില്‍ കഥാഗതിയെ കൂട്ടിയിണക്കുന്നുണ്ട് സംവിധായകന്‍. ആ വാചകത്തിന്റെ മോട്ടിവേഷണല്‍ സാധ്യതയെ പരമാവധി ഉപയോഗിച്ചിട്ടുമുണ്ട് സിനിമയില്‍.

 

ഈ സിനിമയുടെ ഏറ്റവും വലിയ സൗന്ദര്യം സ്വാഭാവികതയാണ്. ഇടുക്കിയാണ് സിനിമയുടെ പശ്ചാത്തലം. ഒരു ഏച്ചുകെട്ടലുമില്ലാതെ കഥയും സന്ദര്‍ങ്ങളും വരച്ചിടുന്നുണ്ട് ഓരോ ഫ്രെയിമിലും. ഗള്‍ഫുകാരന്റെ പണി തീരാത്ത വീട്, പൊട്ടിയ കാവി നിലം, വീട്ടുകാര്‍ തമ്മിലുള്ള കലഹങ്ങള്‍, കുട്ടികള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍, വഴക്കുകള്‍ ഒക്കെ നമ്മള്‍ കണ്ടും കേട്ടും അനുഭവിച്ചും പരിചയമുള്ള നാട്ടകങ്ങളെയും വീട്ടകങ്ങളെയും കാണിച്ചു തരുന്നു. ദാരിദ്ര്യത്തിന്റെ കഥ പറയുമ്പോളും തിളങ്ങുന്ന വെള്ളി പാത്രത്തില്‍ ഭക്ഷണം കഴിക്കുന്ന പതിവ് ഈ സിനിമയില്‍ ഇല്ല.

 

ഒരു കൊച്ചുകുട്ടിയുടെ ചിന്തകളും സ്വപ്നങ്ങളും അതായിത്തന്നെ അവതരിപ്പിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കുട്ടിച്ചിത്രങ്ങള്‍ വലിയ തോതില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാത്തത് വല്ലാത്ത കൃതിമത്വം കലരുമ്പോളാണ്. ഒരു കുട്ടിയെ, അവന്റെ ഭാവന കലര്‍ന്ന നരേഷനെ ഒക്കെ സ്വാഭാവികമായി അവതരിപ്പിച്ചിട്ടുണ്ട് സിദ്ധാര്‍ത്ഥ ശിവ. അതിന്റെ ആസ്വാദ്യത സിനിമക്കുണ്ട്. കുഞ്ചാക്കോ ബോബന്റെ നായക കഥാപാത്രത്തെപ്പോലും ഈ കുട്ടിക്ക് പിറകില്‍ നിര്‍ത്തിയിട്ടുണ്ട്. നെടുമുടി വേണു, ലളിത, സുധീഷ്, മുത്തുമണി, സുരാജ്, അജു വര്‍ഗീസ് തുടങ്ങി എല്ലാ നടന്മാര്‍ക്കും സ്വാഭാവികതയുള്ള കഥാപാത്രങ്ങള്‍. കൃത്യമായി വരച്ചിട്ട ചലനങ്ങളും സ്വഭാവരീതികളും എല്ലാ കഥാപാത്രങ്ങള്‍ക്കും സ്വന്തമായൊരിടം സിനിമയില്‍ നല്‍കുന്നുണ്ട്.

സിനിമയുടെ ദുര്‍ബലത പ്രണയ രംഗങ്ങളാണ്. കണ്ടു മടുത്ത ക്‌ളീഷേകള്‍ കൊണ്ട് ഈ രംഗങ്ങള്‍ മടുപ്പിക്കുന്നു. ഐന്‍ പോലെ രാഷ്ട്രീയ ബോധ്യത്തോടെ ഒരു സിനിമ എടുത്ത സിദ്ധാര്‍ത്ഥ ശിവക്ക് അടുക്കളപ്പണിയെടുക്കുന്ന പുരുഷന്‍ അസ്വാഭാവികമായ തമാശ ആണെന്നത് അത്ഭുതം ഉണ്ടാക്കുന്നു.

 

കുട്ടികളുടെ സിനിമ, കുടുംബ സിനിമ എന്നൊക്കെയുള്ള അവകാശങ്ങളുമായി വരുന്ന വന്‍കിട സിനിമകള്‍ അശ്ലീലം നിറഞ്ഞ കെട്ടുകാഴ്ചകള്‍ ആകുമ്പോള്‍ ഒരു കുട്ടിയുടെ ചിന്തകളിലൂടെയും സ്വപ്നങ്ങളിലൂടെയും ഉള്ള സ്വാഭാവികമായ യാത്രയാണ് കൊച്ചൌവ പൗലോ അയ്യപ്പ കൊയ്‌ലോ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍