UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിനാലെ: യഥാര്‍ത്ഥത്തില്‍ നാം വ്യാകുലപ്പെടേണ്ടത് എന്തിനെക്കുറിച്ചാണ്?

Avatar

പ്രിയന്‍ അലക്‌സ്

ബിനാലെയെക്കുറിച്ച്  ചന്ദ്രന്‍ ടി വി, രതീഷ്, അഷ്‌ക്കര്‍ എന്നിവരുടെ ചിന്തകളോടുള്ള (കൊച്ചി-മുസിരിസ് ബിനാലെ; വ്യാജ പ്രകീര്‍ത്തനങ്ങളെക്കുറിച്ച് ചില ചിന്തകള്‍ഒരു പ്രതികരണം

നമ്മള്‍ ഏതുതരം കാഴ്ച്ചക്കാരനെ/വായനക്കാരനെയാണ് ഭയക്കേണ്ടത്? അനിയന്റെ പെയിന്റിങ്ങൊന്നും ഞാന്‍ കണ്ടിട്ടില്ല കേട്ടോ എന്ന് സക്കറിയ സുഭാഷ്ചന്ദ്രനോട് ഒരിക്കല്‍ പറഞ്ഞിട്ടുള്ളതായി സുഭാഷ്ചന്ദ്രന്‍ എഴുതിയതോര്‍ക്കുന്നു. അതെ, പെയിന്റിങ്ങുകളെ കാണാതിരിക്കാനാവും. കാണാതിരിക്കുവതെങ്ങനെ എന്നൊരിക്കലും വ്യാകുലപ്പെടുന്നില്ല. വിസ്മരിച്ചുകളയാം, പക്ഷെ നിങ്ങള്‍ രക്ഷപെടണം, ഈ കാഴ്ച്ചയുടെ വായനകളില്‍നിന്ന് എന്ന് ഏതെങ്കിലുമൊരു കലാരൂപം നിങ്ങളോട് പറയുന്നുവെങ്കില്‍ അത് നിങ്ങളെ വ്യാകരണപ്പെടുത്തിക്കഴിഞ്ഞു. അതാണല്ലോ സംഭവിക്കേണ്ടതും.

പക്ഷെ യഥാര്‍ത്ഥത്തില്‍ നാം എന്തിനെക്കുറിച്ചാണ് വ്യാകുലപ്പെടേണ്ടത്? കാന്റും ഹെഗലുമില്ലെങ്കില്‍ മാര്‍ക്‌സുണ്ടാവുമായിരുന്നോ? രാജാരവിവര്‍മ്മയോ, കെ സി എസ് പണിക്കരോ ഇല്ലെങ്കില്‍ നമ്മുടെ ദൃശ്യബോധത്തിനെന്ത് സംഭവിക്കുമായിരുന്നു? (സിനിമയെക്കുറിച്ച് മിണ്ടരുത്!) ഒന്നും മഹത്തരമാണെന്ന് ധ്വനിപ്പിക്കുന്നില്ല. പക്ഷെ രവിവര്‍മ്മയ്ക്കും കെ സി എസ് പണിക്കര്‍ക്കുമിടയില്‍ വലിയൊരിടവേളയുണ്ടെന്ന് നാം കാണാതിരുന്നുകൂടാ. ഒരു പൂന്തോട്ടത്തിലെ പുല്‍ത്തകിടിയിലെ ശില്‍പ്പവേലയുടെ പോലും മുലയറുത്തുമാറ്റുന്ന മതാത്മകതയെ വിസ്മരിക്കാമല്ലോ, ഈയടുത്തകാലത്ത്. മതേതരമായ കാഴ്ച്ചപ്പാടോടെ ഒരു ഫോക്ക് പ്രതിഷ്ഠാപനമെങ്കിലും നമുക്കുണ്ടോ? അത്തരമന്വേഷണങ്ങളും സമാന്തരമായി നടക്കേണ്ടതല്ലേ. ഉദാഹരണത്തിന് തെയ്യത്തെ കളിയാട്ടത്തില്‍നിന്ന് മോചിപ്പിച്ചാല്‍ ഒരു കെട്ടുകാഴ്ച്ചയ്ക്കപ്പുറം എന്തൊക്കെ ധ്വനിപ്പിച്ചേക്കാമെന്ന് ആലോചിക്കാമോ? കള്ളിമുണ്ടുടുത്തവന്റെ കലാബോധത്തെക്കുറിച്ച് ഫ്യൂഡല്‍ അവമതിപ്പോടെ വ്യാകുലപ്പെടേണ്ട കാര്യമില്ല. തല്‍ക്കാലം പക്ഷെ ഒന്നോര്‍ക്കാനുണ്ട്, കല ജനകീയ ഇടങ്ങളില്‍നിന്ന് പിന്‍വാങ്ങിയ ഘട്ടത്തിലല്ലേ ‘കൊട്ടാരകലകള്‍’ ഉണ്ടായത്?

ബിനാലെയില്‍ പ്രദര്‍ശനം നടത്തുക എന്ന ഡ്രീമിനെക്കുറിച്ചാണെങ്കില്‍ നമ്മുടെ പ്രശസ്ത ഗാലറികളില്‍ പ്രദര്‍ശനം നടത്തുകയും അത്രയെളുപ്പമാണോ? പ്രോഗ്രസീവ് ആര്‍ട്ട് പ്രസ്ഥാനക്കാര്‍പ്പോലും ക്രിസ്റ്റീസും സോത്ത്ബീയും കണ്ണുവെയ്ക്കപ്പെട്ടവരാകുന്നു. ബിനാലെ നടക്കുന്ന കൊച്ചി എന്തുതരം പട്ടണമാണ്? അതൊരു തുറമുഖനഗരമല്ലേ? തുറമുഖങ്ങളില്‍ പാണ്ടികശാലകളും (warehouses) ദല്ലാളന്മാരുമല്ലേയുണ്ടാവൂ. സബ് അര്‍ബന്‍ (നഗരപ്രാന്തം) എന്നതില്‍നിന്ന് ഒരു മെട്രോപ്പൊളിസ് ആവാന്‍ കഴിയാത്തതിന്റെ ഖേദമുണ്ട് കൊച്ചിക്ക്. കച്ചവടവും കലയും എന്ന ദ്വന്ദവല്‍ക്കരണം ഗുണപരമാണെന്നോ, ലോകത്തിന്റെ ഗതി ഒറ്റയ്ക്ക് വഴിതിരിക്കാവുന്ന കോമ്പസ് കൈവശമുള്ള നാവികന്‍ കൊച്ചിയിലുണ്ടെന്നോ ധരിക്കേണ്ടതില്ല. പ്രോഗ്രസീവ്, റാഡിക്കല്‍ ധാരകള്‍ പാരമ്പര്യമാണെന്നും ബിനാലെയാവട്ടെ അതിന്റെ ദ്വന്ദമാണെന്ന് ധരിക്കുകയും ചെയ്യുന്നതെന്തിനാണ്? കലാകാരന്റെ സ്വാതന്ത്ര്യത്തിന് ഭൂമിശാസ്ത്രവുമായി എന്തെങ്കിലും ബന്ധമുണ്ടോ? അപ്പോള്‍പ്പിന്നെ നടക്കാതെപോയ സംവാദങ്ങളെക്കുറിച്ച് ഖിന്നരാവേണ്ടതുണ്ടോ? കൊച്ചിയില്‍നിന്ന് നമുക്ക് നീങ്ങേണ്ടതുണ്ട്. പുതിയ കപ്പലുകള്‍ വരാനുണ്ട്. നമുക്കും പോകാനുണ്ട്. ദല്ലാളുമാരില്‍നിന്നും ‘ഇടനില’ മനോനിലയാക്കുന്നവരില്‍നിന്നും കുതറിമാറേണ്ടതുണ്ട്. തിരസ്‌കരിക്കേണ്ടതില്ല, കാരണം കലയില്‍നിന്നേ കലയുണ്ടാവൂ എന്ന് നമുക്കറിയാമെന്നതുതന്നെ.

അതോടൊപ്പം നമ്മുടെ സാഹിത്യത്തിന് കലയോടുള്ള ബന്ധത്തെ പുനരന്വേഷിക്കേണ്ടതുണ്ട്. ഭാഷയുടെ ആന്തരികശില്പത്തെക്കുറിച്ച് ഗുഹാചിത്രങ്ങളോളം കാടുകയറേണ്ടതുണ്ട്. വാഗ്ഭടനുണ്ടാവുകയും വാഗ്‌സ്വരൂപനുണ്ടാവാതിരിക്കുകയും ചെയ്യുവതെങ്ങനെ എന്നതും ചോദ്യമല്ലേ. സംവാദത്തിന്റെ അപ്രസക്തി നമ്മെ ദ്വന്ദവല്‍ക്കരിച്ച് പരാന്മുഖരാക്കിയിരിക്കുന്നു. അര്‍ത്ഥപൂര്‍വ്വകമായ ഇടപെടലുകളോ അന്വേഷണങ്ങളോ ഉണ്ടാവുന്നില്ല. സ്‌ക്കൂളുകള്‍ക്കപ്പുറം (സ്‌ക്കൂള്‍ എന്ന വാക്ക് തന്നെ എത്ര പ്രതിലോമകരമാണ്. അനുകരണത്തിന്റെ അനുകരണമാണ് കല എന്ന് വാദിക്കാമെങ്കില്‍പ്പോലും?) സ്‌ക്കൂളുകള്‍ മുന്നോട്ട് വെക്കുന്ന മൂലമാതൃകകളെ (mastermodel) തച്ചുതകര്‍ത്ത് പുതിയ മണ്ണ് കണ്ടെത്തേണ്ടതുണ്ട്. ഒരു പക്ഷെ അനാട്ടമിക്കലായ ജൈവസാധ്യതകള്‍ കലയുടെ ലോകത്ത് സാധ്യമായേക്കും (ബോസ് കൃഷ്ണമാചാരിയുടെ stretched bodies ഓര്‍ക്കുന്നു). പര്‍ണശാലകളില്‍നിന്ന് പുറപ്പെട്ട കല, ബിനാലെയിലെത്തിനില്‍ക്കുന്നു. എത്ര മതേതരമായ സുന്ദരക്കാഴ്ച്ചയാണത്. അനുഭവമാണത്. എന്നിട്ടും നമ്മുടെ വാര്‍പ്പുമാതൃകകള്‍ നമ്മില്‍ ഇത്തരമൊന്നിനോട് ടോട്ടവും ടാബുവും ഇടകലര്‍ത്തിത്തി ചിന്തിപ്പിക്കുന്നു, പ്രതികരണമുളവാക്കുന്നു. 

ചില ആക്ഷേപങ്ങള്‍ ഇവയാണ്: 

1. ലോകോത്തരമല്ല പലതും

2. സാംസ്‌ക്കാരികമായ വൈജാത്യങ്ങളെ അഭിമൂഖീകരിക്കാതെ ഒഴിഞ്ഞുമാറുന്നു

3. ശരാശരി ബുദ്ധിയുള്ളവര്‍ക്ക് മനസിലാവുന്നു

4. അമ്പത് വര്‍ഷം പഴക്കമുള്ള ആശയങ്ങളെ അവതരിപ്പിക്കുന്നു ഇത് അറിവില്ലായ്മയുടെ വെളിപ്പെടലാണ്

5. fine art skill-നെക്കുറിച്ച് പറയേണ്ടതല്ലേ?

മലയാളിക്ക് കലാശീലമില്ലാത്തതുകൊണ്ട് മമ്മൂട്ടിയോ റിമാ കല്ലിങ്കലോ വരുന്നത് കാണേണ്ടിവരുന്നു. എന്നാലോ മദ്ധ്യവര്‍ഗം (കലാപരിശീലനമോ അനുശീലനമോ ഇല്ലാത്ത മ്ലേഛന്മാര്‍) ഇത് കാണാന്‍ വരികയും ചെയ്യുന്നു. ഇതൊന്നും ആര്‍ട്ട് സ്‌ക്കൂള്‍ കുട്ടികള്‍ക്ക് സഹിക്കുന്നില്ലേ? അത്ഭുതം തോന്നുന്നു. ഒരു ഭാഗത്ത് മലയാളിയുടെ കാഴ്ച്ചാ പരിശീലനത്തെച്ചൊല്ലി വിലപിക്കുകയും മറുഭാഗത്ത് അതിനുള്ള അവസരങ്ങളെ അപഹസിക്കുകയുമാണ്. ഇതല്ലേ ഇരട്ടത്താപ്പ്. സ്വന്തം നാട്ടിലെയോ വീടിനടുത്തെയോ ഗാലറിയിലെ ചിത്രപ്രദര്‍ശനം കാണാന്‍ പോകാത്തയാള്‍ ബിനാലെ കാണണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ അത് നല്ലതല്ലേ. അയാള്‍ പതിയെ തന്റെ നാട്ടിലെ ഗാലറിയിലേക്കും എത്തും എന്ന് ആശിക്കാനുള്ള വകയില്ലേ? എങ്കില്‍ അതാരുടെ നിലവാരമില്ലായ്മയാണ്. അല്ല നിലവാരമെന്നൊക്കെ പറയുന്ന സ്‌കെയിലിലളക്കുന്ന പരിപാടി കലാവീക്ഷണത്തില്‍ എന്നാണുത്ഭവിച്ചത്?

fine art skill-നെക്കുറിച്ച് വിലപിക്കുന്നവര്‍ അറിയേണ്ടതുണ്ട് എം എഫ് ഹുസൈന്‍ ചെരിപ്പിടാതെ നടക്കുകയും ചേലില്ലാത്ത കുതിരകളെ വരയ്ക്കുകയും ചെയ്യുന്നു. യുവകവികളെ വൃത്തത്തില്‍ കവിതയെഴുതാന്‍ വെല്ലുവിളിക്കുകയും ചുള്ളിക്കാട് അതേറ്റെടുക്കുകയും ചെയ്ത കാലവും സമാന്തരമായി ഓര്‍മ്മിക്കാം. മ്യൂറലുകളുടെ ബിസിനസ്സിന് fine art skill ആവശ്യമാണ്. പക്ഷെ ശുദ്ധകലാവാദികള്‍ക്ക് അതും സ്വീകാര്യമല്ലല്ലോ. എങ്കില്‍പ്പിന്നെ ബിനാലെ കലാവിദ്യാര്‍ത്ഥികളോട് എന്തെങ്കിലും സംവദിക്കേണ്ടതുണ്ടോ? നിശ്ചയമായും ഉണ്ട്. പക്ഷെ നമ്മുടെ മധ്യവര്‍ത്തിസമൂഹത്തോടും നഗരപ്രാന്തജീവിതങ്ങളോടും നിശ്ചയമായും ബിനാലെ സംസാരിക്കേണ്ടതുണ്ട്. അത് നിര്‍വ്വഹിക്കുന്നുമുണ്ട്. കാലത്തെക്കുറിച്ചും ഇടത്തെക്കുറിച്ചും പുതിയ സ്വാതന്ത്ര്യങ്ങളെക്കുറിച്ചും സംവദിക്കുന്നുണ്ട്. (സ്വാതന്ത്ര്യത്തിന് idea is artന്റെ അമ്പത് വര്‍ഷത്തെക്കാള്‍ പഴക്കമുണ്ടല്ലോ? അമ്പതുവര്‍ഷത്തെ ഗ്യാപ്പിലേക്ക്, അച്ചാറിട്ടുവെച്ച ഫിലോസഫികള്‍ തിരികെയെത്തുന്നു എന്ന് സൂചിപ്പിക്കാന്‍ കഴിയും. പക്ഷെ നമ്മുടെ കാഴ്ച്ചയില്‍ ഇക്കഴിഞ്ഞ അമ്പതുവര്‍ഷവും എത്ര കലാകാരന്മാരും കലാകാരികളും അവരുടെ കലയുമെത്തി? എത്ര ബിനാലെ നടന്നിട്ടുണ്ട്? എത്ര ഗാലറികള്‍ നിര്‍മ്മിക്കപ്പെട്ടു? ഒന്നുമില്ല, അതുതന്നെ മൗനം ഘോഷം മുഴക്കുന്നു). സാധാരണത്വത്തിന്റെ കലയെ നേരിട്ട് സ്പര്‍ശിക്കുന്നുണ്ട്. ഇത്രയും പോരേ തല്‍ക്കാലം. ഇതിനെക്കാളെന്തെങ്കിലും ആവശ്യമുണ്ടോ? അതിനിവിടെ അങ്ങനെയൊരു ബിനാലെ ഇനിയുമുണ്ടാവണം. ബിനാലെയും മുന്നൊരുക്കങ്ങളും ബിനാലെ ദിനങ്ങളും കലയുടെ ഭൂഖണ്ഡാന്തരങ്ങളെയും ഭൂമിശാസ്ത്രത്തെയും തിരസ്‌കരിക്കുന്നില്ലേ? ബിനാലെയോട് അനുബന്ധിച്ചുള്ള സാഹിത്യത്തെക്കുറിച്ചാണെങ്കില്‍ അത് ആവശ്യമല്ലേ, അനാവശ്യമല്ലല്ലോ? ഫിലിം ഫെസ്റ്റിവലുകളിലും അത്തരമൊരു ലിറ്ററേച്ചറില്ലേ?

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കലാകാരന്‍ ലോകത്തോട് വിളിച്ചുപറയുന്നു എന്ന് വിശ്വസിക്കാം. സൗഹൃദസദസ്സുകളില്‍ സൗഹൃദം മാറ്റിവെച്ച് വിയോജിക്കാം. എങ്കിലും നിങ്ങളുടെ സദസ്സിലേക്ക് അവരുടെ നോട്ടമെത്തുകയെങ്ങനെ? അവരുടെ നോട്ടത്തിലല്ലേ നിങ്ങളുടെ കല? അതോ നിങ്ങളുടെ കണ്ണുകളില്‍ മാത്രമോ? ബിനാലെ അത്തരത്തില്‍ എല്ലാ നോട്ടങ്ങളെയും തുറന്നിടുന്നില്ലേ? (ചങ്ങാതിമാരോടൊത്തുള്ള സംവാദം സോക്രട്ടീസിന്റെ രീതിയാണ്. അത് എത്ര പഴയതാണ്. അതിനെന്താണ് പുതുമ?)

ശരാശരി ബുദ്ധിയുള്ളവര്‍ക്ക് മനസിലാവട്ടെ. അബ്‌സ്ട്രാക്ട് ആയ ചിന്തകള്‍ എളുപ്പത്തില്‍ കടത്തിവിടുന്നതിന്റെ പ്രകാശവേഗങ്ങള്‍ എന്തിന് പരിഭ്രമിപ്പിക്കണം? ലോകോത്തരമല്ലെങ്കില്‍ക്കൂടി ലോകമുണ്ടല്ലോ. ലോകത്തെക്കുറിച്ച് മറ്റൊരു ദിശ നല്‍കുന്നുണ്ടല്ലോ. അതു മതിയല്ലോ. മലയാളിയുടെ നിലക്കണ്ണാടികള്‍ എന്നെന്നും അവനവനെത്തന്നെ പ്രതിഫലിപ്പിക്കേണ്ടതുണ്ടോ? സംസ്‌ക്കാരം നമ്മെ പരിഭ്രമിപ്പിക്കേണ്ടതുണ്ടോ? യഥാര്‍ത്ഥ വ്യാകുലതകള്‍ ബാക്കിയാണ്. വരാനിരിക്കുന്ന ബിനാലെകളും.

(പയ്യന്നൂര്‍ സ്വദേശിയായ പ്രിയന്‍ അലക്‌സ് വെറ്ററിനറി സര്‍ജനായി ജോലി ചെയ്യുന്നു) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍