UPDATES

വായന/സംസ്കാരം

കണ്ണിലുടക്കിയവയെല്ലാം അഭിജിത്ത് കളിമണ്‍ രൂപങ്ങളാക്കി; ബിനാലെ വേദിയിലെത്തിയാല്‍ കൂറ്റന്‍ ഭിത്തിയില്‍ ക്രമീകരിച്ച ഈ സൃഷ്ടികള്‍ കാണാം

സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള 200 ഓളം വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ്‌സ് ബിനാലെയില്‍ പങ്കെടുക്കുന്നുണ്ട്.

മട്ടാഞ്ചേരി വികെഎല്‍ വേദിയില്‍ 750 ഓളം കളിമണ്‍ പ്രതിമകളാണ് 250 കാര്‍ഡ് ബോര്‍ഡ് പെട്ടികളിലായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഉയരം കൂടിയ ഭിത്തിയിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് ബിനാലെയിലാണ് ഗുരുവായൂര്‍ സ്വദേശിയായ അഭിജിത് ഇ എ യ്ക്ക് തന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ഒരുങ്ങിയത്. മാവേലിക്കര രാജ രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ വിദ്യാര്‍ത്ഥിയാണ് അഭിജിത്ത്. രണ്ട് വര്‍ഷം മുമ്പാണ് അഭിജിത്ത് കളിമണ്‍ പ്രതിമകള്‍ ഉണ്ടാക്കി തുടങ്ങിയത്. നിത്യ ജീവിതത്തില്‍ കണ്ട മനുഷ്യരൂപങ്ങളായിരുന്നു സൃഷ്ടികള്‍ക്കാധാരം. എല്ലാ ദിവസവും കാണുന്നവര്‍, ബസിലോ ട്രെയിനിലോ വച്ച് കാണുന്നവര്‍ തുടങ്ങി 2016 മുതല്‍ അഭിജിത്തിന്റെ കണ്ണിലുടക്കിയ മിക്കവരുടെയും കളിമണ്‍ രൂപങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. മനുഷ്യന്റെ രൂപവുമായി എല്ലാ രീതിയിലും സാദൃശ്യം ഇതിലൂണ്ടാകണമെന്നില്ല. പക്ഷെ ഓരോ സൃഷ്ടിയും ഓരോ വിഷയം മുന്നോട്ടു വയ്ക്കുന്നുണ്ട്. വ്യക്തികളുടെ പെരുമാറ്റം, ശബ്ദം, ചേഷ്ടകള്‍ തുടങ്ങിയവയെല്ലാം ഈ പ്രതിമകളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അഭിജിത്ത് പറഞ്ഞു.

വ്യക്തികേന്ദ്രീകൃതമായിരുന്നു പ്രതിമകളുടെ നിര്‍മ്മാണമെങ്കിലും അവയെ ഒരു ശേഖരത്തിലേക്ക് കൊണ്ടുവരാന്‍ ബുദ്ധിമുട്ടിയില്ലെന്ന് അഭിജിത്ത് പറഞ്ഞു. തുടക്കത്തില്‍ വിരലുകളുടെ വലുപ്പത്തിലുള്ള പ്രതിമകളാണ് നിര്‍മ്മിച്ചിരുന്നതെങ്കില്‍ പിന്നീട് അത് കൈപ്പത്തിയുടെ വലുപ്പത്തിലുള്ളവയായി. ആര്‍ട്ടിസ്റ്റ് എം പി നിഷാദാണ് അഭിജിത്തിന്റെ സൃഷ്ടിയുടെ ക്യൂറേറ്റര്‍. മേക്കിംഗ് ആസ് തിങ്കിംഗ് എന്ന സ്റ്റുഡന്റ്‌സ് ബിനാലെ പ്രമേയവുമായി ചേര്‍ന്നു പോകുന്ന ഒന്നാണ് അഭിജിത്തിന്റെ സൃഷ്ടിയെന്ന് അദ്ദേഹം പറഞ്ഞു. അഭിജിത്ത് എന്ന കലാകാരന്റെ മനസില്‍ നിന്ന് ഉത്ഭവിച്ച സര്‍ഗ്ഗാത്മകതയാണ് സൃഷ്ടികളായത്. ആഴത്തിലുള്ള ചിന്തകള്‍ക്കേ മികച്ച സര്‍ഗ്ഗസൃഷ്ടികള്‍ ഒരുക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള 200 ഓളം വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ്‌സ് ബിനാലെയില്‍ പങ്കെടുക്കുന്നുണ്ട്. മട്ടാഞ്ചേരിയില്‍ ഏഴു വേദികളിലായാണ് സ്റ്റുഡന്റ്‌സ് ബിനാലെ പ്രദര്‍ശനങ്ങള്‍ നടക്കുന്നത്. നിഷാദിനെ കൂടാതെ സഞ്ജയന്‍ ഘോഷ്, ശ്രുതി രാമലിംഗയ്യ, കൃഷ്ണപ്രിയ സിപി, കെ പി റെജി, ശുക്ല സാവന്ത് എന്നിവരാണ് സ്റ്റുഡന്റ്‌സ് ബിനാലെയുടെ ക്യൂറേറ്റര്‍മാര്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍