UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അല്ലിയമ്മയ്ക്ക് 80 വയസായി; കൊച്ചി നഗരപിതാവ് വഴി ഉമ്മന്‍ കോശി എന്ന മുതലാളി ജീവിക്കുന്ന വിധം

Avatar

കെ.ജി ബാലു

അല്ലിയമ്മയ്ക്ക് കൊച്ചി നഗരസഭയുടെ പുതുവര്‍ഷ സമ്മാനം എന്ന ഫേസ് ബുക്ക് പോസ്റ്റ് കണ്ടാണ് ഞാനീ വാര്‍ത്ത അന്വേഷിച്ച് പോയത്. എറണാകുളം തേവര ഫെറി റൂട്ടില്‍ മട്ടമ്മല്‍ സ്റ്റോപ്പില്‍ നിന്ന് സുധര്‍മ്മ റോഡ് വഴി നേരെ പോകുമ്പോള്‍ കായലിനോട് ചേര്‍ന്ന് രണ്ടു വീടുകള്‍ കാണാം. അതില്‍ രണ്ടാമത്തെ വീടാണ് അല്ലിയമ്മയുടെത്. ഇരുപത്തി രണ്ട് വര്‍ഷം മുമ്പ് കായല്‍ നികത്തിയുണ്ടാക്കിയതാണ് ആ വീടെന്ന് അവര്‍ സമ്മതിക്കുന്നു. അത് മാത്രമല്ല. തേവര ഫെറിവരെയുള്ള പലരും കായല്‍ നികത്തിയാണ് വീടു പണിതതെന്ന്. അതില്‍ സിനിമാ താരങ്ങളുണ്ട്, പത്ര മുതലാളിമാരുണ്ട്, പാവങ്ങളുണ്ട്.

 

അവരുടെയാരുടെയും കായല്‍ പുറമ്പോക്ക് കൈയേറ്റങ്ങള്‍ പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുന്നില്ല. അല്ലിയമ്മയുടെതൊഴിച്ച്. ഇനി അല്ലിയമ്മയുടെ മൂന്നുസെന്റ് ഭൂമിയുണ്ടാക്കിയ പാരിസ്ഥിതിക പ്രശ്‌നമാകട്ടെ, റിട്ടേഡ് അധ്യാപകനും പെന്തകോസ്ത് സഭാ വിശ്വാസിയുമായ ഉമ്മന്‍ കോശി സാറിന്റെ കായ്ഫലമുള്ള രണ്ട് തെങ്ങ്, വീട്ടിന് അപകടമാകും എന്ന് കോര്‍പ്പറേഷനില്‍ പരാതികൊടുത്ത് പതിനഞ്ച് വര്‍ഷം മുമ്പ് വെട്ടിച്ചു എന്നതാണ്. പിന്നെ അല്ലിയമ്മയുടെ വീടുള്ളത് കാരണം ഉമ്മന്‍ കോശിയുടെ വാടകയ്ക്ക് കൊടുത്തിരിക്കുന്ന രണ്ട് നില അപ്പാര്‍ട്ട്‌മെന്റിലേക്ക് നല്ല പോലെ പടിഞ്ഞാറന്‍ കാറ്റ് കിട്ടുന്നില്ലയെന്നതും ഒരു പ്രധാനപ്പെട്ട കാരണമാണ്.

 

ലോകം മുഴുവനും പുതുവത്സരത്തെ വരവേല്‍ക്കുകയായിരുന്നു അന്ന് രാത്രി. വൃദ്ധനായ പപ്പാഞ്ഞിയെ കത്തിച്ച് ഫോര്‍ട്ടുകൊച്ചിക്കാരും പുതുവത്സരാഘോഷത്തിമിര്‍പ്പിലായിരുന്നു. അതേ രാത്രി കൊട്ടിയടയ്ക്കാന്‍ വാതിലുകളോ ജനലുകളോ ഇല്ലാതെ, താന്‍കൂടി വോട്ടുചെയ്ത് ജയിപ്പിച്ച അതേ ഭരണാധികാരികളാല്‍ പാതി തകര്‍ക്കപ്പെട്ട വീട്ടില്‍, ‘ഒറ്റ നിറത്തിലാറാടാനിരിക്കുന്ന കൊച്ചി’യിലെ കൊതുകുകളില്‍ നിന്ന് രക്ഷപ്പെടാന്‍ പാടുപെട്ട്, പാതി തകര്‍ന്ന മനസുമായി എണ്‍പതിന്റെ എല്ലാ അവശതയോടെയും അല്ലിയമ്മ ഒറ്റെയ്ക്കിരുന്നു, രാത്രി മുഴുവനും.

 

 

അല്ലിയമ്മയുടെ കഥ, അവരിങ്ങനെ തുടങ്ങി.

 

ഇരുപത്തിരണ്ട് കൊല്ലമായി ഞങ്ങയിത് നെകത്തീട്ട്. അങ്ങനെയൊരു പെരയൊക്കെവച്ച് കെട്ടിയപ്പോ പോലീസുകാരുവന്ന് പൊളിക്കാമ്പറഞ്ഞപ്പോ ഞാമ്പറഞ്ഞ് എന്റെ സാറേ കെടക്കാനെടയില്ലാഞ്ഞിട്ട് കെട്ടിയതാണെന്ന്. അന്നേരം അവര് പോയി. പിന്നെ ഞങ്ങ പെരയൊക്കെ കെട്ടിക്കഴിഞ്ഞപ്പോ കോര്‍ട്ടീന്ന് രണ്ടാള്‌വന്ന്. അളക്കാനായിട്ട്. വടക്കേതിനും ഞങ്ങക്കും അളന്നിറ്റ് പറഞ്ഞ് ഇനിയങ്ങാട്ടും നെകത്തര്ത്. ഇങ്ങാട്ടും നെകത്തര്‌തെന്ന്. അപ്പോ ഞങ്ങ പിന്നെ ചെയ്തില്ല. ആ കുറ്റി ചളീവീണ് പോയപ്പോ ഞാനൊരു തൈവച്ച്. ആ തൈ ഇപ്പളും നിപ്പൊണ്ട്. അതീപ്പിന്നെ അവരും നെകത്തീല്ല. ഞങ്ങയും നെകത്തീല്ല.

 

പിന്നെ എന്നാണീ പോഴയ്ക്ക് വികസനം വരുന്നത് അന്ന് ഞങ്ങ പൊളിച്ച് തന്നേക്കാ.. ഞങ്ങക്ക് കേറികെടക്കാനെടയില്ലാന്ന് പറഞ്ഞ്. അങ്ങനെയത് എഴുതിക്കൊടുത്ത്. ആ കടലാസ് ഇവിടോണ്ടാര്ന്ന്. ഒരു തവണ പൊളിച്ച കൂട്ടത്തിലത് പോയി. കോറെ കോടതി കടലാസും പൊളിച്ചപ്പോപോയി. ഇതിപ്പം നാലാമത്തെ പൊളിയാണ്. അയാള് ഞങ്ങെയും കൊണ്ടേ പേകൂന്നാ പറന്നേ. അങ്ങനെങ്കിയത് നടക്കട്ട്. അല്ലാതിപ്പം ഞാനെന്ത് പറയാനാ മോനേ…

 

പെരകെട്ടണ സമയത്ത് ഞങ്ങയും ഉമ്മന്‍ കോശി സാറും വല്ല്യ സ്‌നേഹത്തിലായിരുന്നു; ഇരുപത്തിരണ്ട് കൊല്ലമുമ്പ്. ആ സമയത്ത് ഈഭാഗത്തൊന്നും ആരുമില്ലായിരുന്നു. മൊത്തം കാട്പിടിച്ച് കൊടക്കായിരുന്നു. അവരെ കെന്റ്റീന്നാണ് വെള്ളം കോരീര്ന്നത്. സ്‌നേഹോം വര്‍ത്താനൊക്കെയായിര്ന്ന്. അയാളും കെട്ട്യോളും ഇവടെവര്വാര്ന്ന്.

 

അങ്ങനെയിരുന്നപ്പോ അവിടത്തെ തെങ്ങീന്ന് തേങ്ങവീണ് കെട്ടിയ ഇഷ്ടികയൊക്കെ പൊട്ടേണ്. രണ്ട് തെങ്ങ് പെരേടെ മേലേക്ക് ചാഞ്ഞിരിക്കാര്ന്ന്. ഇത്രശേം… ഉണ്ടായിരുന്നു ഒരു തേങ്ങ. അപ്പ ഞാപ്പറഞ്ഞ് എന്റെ സാറേ ഒരു കൊല്ലികെട്ടിയാ തേങ്ങ നിങ്ങക്കു കിട്ടേം ചെയ്യും പെരക്ക് കേട് പറ്റേയില്ലന്ന്. അപ്പോ അയാള് പറേണാണ്, തെങ്ങാണ് ആദ്യണ്ടായത്, പെരയല്ലന്ന്. പിന്നെ അതിനെപ്പറ്റി ഞങ്ങയൊന്നും മുണ്ടാപ്പോയില്ല. ഇത് സ്ഥിരമായപ്പോ എല്ലാരും പറഞ്ഞ് കോര്‍പ്പറേഷനിലൊരു പരാതി കൊടുക്കാന്‍. അപ്പം ഞാപ്പോയി തേവരേലെ ചെറിയ കോര്‍പ്പറേഷനാപ്പീസീ പരാതി കൊടുത്ത്. മൂന്നാല് തവണ കൊടുത്തിട്ടും നടപടിയായില്ല. പിന്നെയാണറിയുന്നത്. അവിടുത്തെ സാറ് ഇയാളടെ കൂടെ പഠിച്ച ഫ്രണ്ടാണ്. അപ്പോ ആപ്പെണ്ണ് ഞാ കൊടുക്കണ കടലാസൊക്കെ കീറിക്കളയും. എന്നിറ്റ് അയാളെ വിളിച്ച് പറയും.

 

 

അങ്ങനെ കളഞ്ഞ് കളഞ്ഞപ്പോ ആള്‍ക്കാര് പറഞ്ഞ് എടീ നീ കൊച്ചിന്‍ കോര്‍പ്പറേഷനി കൊണ്ടോയി പരാതി കൊടുക്കെടീന്ന്. അങ്ങനെ ഞാമ്പോയി പരാതി കൊടുത്ത്. അപ്പോ രണ്ടാള് വന്ന് പറഞ്ഞ്, എടോ തെങ്ങ് മുറിച്ച് കൊടുക്കടോ. ജീവന്‍ പണയം വച്ചല്ലേ ആള്‍ക്കാര് കെടക്കണത്. പത്ത് പതിനഞ്ച് വര്‍ഷംമുമ്പാണ് മോനെ… അന്നേരം അയാളൊന്നും മുണ്ടീല്ല. പിന്നീം കോറേയായപ്പോ ഞാനൊരു പരാതി കൂടെ കൊണ്ടോയി കൊടുത്തപ്പോ അവിടുന്ന് രണ്ടാളെയയച്ച്. അവര് വന്ന് തെങ്ങ് മുറിച്ച്. മുറിച്ച കാശ് കൊടുക്കണമെന്ന് പറഞ്ഞപ്പോ എന്റെ മോള് പറഞ്ഞ്. ഞാനേട്ന്ന് തരാന്നാ സാറേ. എനിക്കൊരു വേലേം പണിയുമില്ലെന്ന്. അങ്ങനെ കാശവര് തന്നെ കൊടുത്ത്.

 

അയാള് അന്ന് തൊടാങ്ങീതാണ്. പത്ത് പതിനഞ്ച് കൊല്ലം മുമ്പ്. പിന്നയയാള് ഇതിനപ്പറത്ത് സ്ഥലം ഞങ്ങ നെകത്തീന്നും പറഞ്ഞ് കേസുകൊടുത്തു. അതും പോറമ്പോക്ക് സ്ഥലാണ്. അത് അമ്പലക്കാരി പെണ്ണുങ്ങള്‍ എന്തോ തൊടങ്ങാവേണ്ടി ഒരു ഷെഡ്ഡ് വച്ച് കെട്ടീതാണ്. അവരങ്ങനെ ഓലയൊക്കെ വച്ച് കെട്ടി തൊടങ്ങീപ്പോ ഇയാള് കേസ് കൊടുത്ത് അത് പൊളിപ്പിച്ച്. എന്നിട്ട് എന്റെ മോക്കടെ പേരീ കേസുകൊടുത്ത്. അപ്പോ എസ് ഐയൊക്കെ വന്ന് ജീപ്പിക്കേറാപ്പറഞ്ഞപ്പോ മോള് പറഞ്ഞ്. ഞാനല്ലസാറേ, അവരെ വിളിച്ചോണ്ട് വരാന്ന്. അങ്ങനെ അമ്പലക്കാരി പെണ്ണുങ്ങളെ വിളിച്ച്. അവര് വന്ന് പറഞ്ഞ്. അവളെ വെറുതേ വിട്ടേക്ക് സാറേ, ഞങ്ങയാണ് അത് കെട്ടിയതെന്ന്. അത് പൊളിക്കേം ചെയ്ത്. പിന്നെ കേസെന്തൂട്ടാണെന്ന്. അങ്ങനെ അവര് പോയി. എന്നിട്ടും അയാള് ആ കേസ് കോറെ നടത്തി. അവസാനം അയാള് തന്നെ തോറ്റ്.

 

ഇപ്പ ഞങ്ങടെ പെരമാത്രം ഇയാള്‍ക്ക് പൊളിക്കണം. അയാടെ പടിഞ്ഞാറ് പെരവച്ച് കെട്ടി പാര്‍ക്കാന്‍ പറ്റൂല്ല. അയാടെ കെട്ടിയോള് പറഞ്ഞ്, ഞങ്ങടെ കുട്ട്യോള് അപ്പിയിടണ്ട സ്ഥലമാണ്. ഞങ്ങടെ കക്കൂസിന്റെ കുഴല് നിങ്ങ കട്ടെടുത്ത്. കക്കൂസിന്റെ കൊഴല്… ഇയാള് ഒന്നിനുപുറകേ ഒന്നിനുപുറകേ കേസുകൊടുത്ത് കൊടുത്ത്… ഞങ്ങളെ വലപ്പിക്കുകയാണ്.

 

ഇപ്പഴത്തെ കേസ് ഞങ്ങ കോര്‍പ്പറഷനെ തെറ്റിദ്ധരിപ്പിച്ച് അനധികൃതമായി വീടുവച്ച് താമസിക്കുകയാണെന്ന് പറഞ്ഞ് അയാള്‍ കൊടുത്ത പരാതിയാണ്. കഴിഞ്ഞ ഇരുവത്താറാം തീയ്യതി കോര്‍പ്പറേഷനില്‍ നിന്ന് രണ്ടാള് വന്ന് പറഞ്ഞ്. ഇന്നപോലെ വീട് പൊളിക്കാന്‍ ഞങ്ങ വരും അപ്പ ഇന്നപോലെ നിങ്ങ തടയണം. തടഞ്ഞാ ഞങ്ങ പോയിക്കോളാന്ന് പറഞ്ഞ് വന്നേക്കണ്. അവര്‍ക്ക് അവരെ പണിചെയ്യണം. ഇത് കേട്ട് മോള്‍ടെ മോന്‍ ദുബായിന്ന് വന്ന്… എട്ട് മാസേയായിട്ടൂ അവന്‍ പോയിട്ട്. അവന്‍ മേയറെ ചെന്ന് കണ്ട്. അരോക്കെയോ നേതാക്കന്മാരെകൂടേണ് പോയത്. പോയപ്പോ മേയറ് പറഞ്ഞത്. എനിക്ക് നിങ്ങളെയറിയണതല്ലേ… അത് പൊളിക്കൂലാന്ന്. ഓരോരോ കേസിനായി നടക്കണത് കൊണ്ട് മേയര്‍ക്ക് നമ്മളെക്കണ്ട് പരിജയമുണ്ട്. സൗജന്യയിട്ട് ഇത്തരം കേസ് നോക്കുന്ന വക്കീലിന്റെ നമ്പറ് തരാന്ന് പറഞ്ഞ്. നമ്പറിന് വേണ്ടി പിന്നേം അവന്‍ മൂന്നാല് തവണ മേയറെ പോയി കണ്ട്. അവസാനം പറേണ്… വക്കീല് സ്ഥലത്തില്ല. തിരുവനന്തപുരത്താണെന്ന്. മേയറ് പറഞ്ഞതല്ലേ പൊളീക്കൂലാന്ന്. ആ വിശ്വാസത്തില് ഞങ്ങയിരുന്ന്. ഡിസംബര്‍ 31-ന് ഉച്ചക്കഴിഞ്ഞപ്പോണ്ട് മൂന്നു വണ്ടി പോലീസുമായിട്ട് പൊളിക്കാനാള് വരുന്ന്. ഇവിടെ ഞാമാത്രേള്ളൂ. മോനപ്പോ പൊറത്ത് പോയേക്കണായിരിന്ന്.

 


മൂന്നു ദിവസത്തിനുള്ളില്‍ വീട് പൊളിക്കണമെന്ന് പറഞ്ഞ് 24/10/2014-ല്‍ കൊച്ചി കോര്‍പ്പറേഷന്‍ നല്കിയ നോട്ടീസ്. അധികാരികള്‍ വന്ന്‍ വീട് പൊളിച്ചുമാറ്റിയത് 31/12/2014-ന്

 

ഇങ്ങോട്ടാരേം കേറ്റീല്ല. എല്ലാവരേം വഴീവച്ച് തടഞ്ഞ്. രണ്ട് പോലീസുകാരും രണ്ട് വനിതാ പോലീസുകാരും എന്റെ കൈ പിടിച്ച് എന്നെ വീട്ടീന്നെറക്കി റോഡില്‍ കോണ്ടേയി നിര്‍ത്തി. അവര് പറഞ്ഞു. വല്ല്യമ്മേ വീട് പൊളിക്കണേല് ഞങ്ങക്ക് വെഷമണ്ട്, പക്ഷേങ്കില് ഞങ്ങയെന്ത് ചെയ്യും. ഞങ്ങടെ കഞ്ഞി മുട്ടൂന്ന്. ഞാനോരോട് എന്ത് പറയാനാണ്…

 

ഇതിനുമുമ്പ് പണ്ടൊരിക്കേ ഇതേ പോലെ പൊളിക്കാനാള് വന്നപ്പ ഞങ്ങപോയി കലട്ടറ് പരീത് കുട്ടിക്ക് പരാതി കൊടുത്ത്. കലട്ടറ്, മോളോട് ചോദിച്ച് നിനക്ക് വേറേടയാ സ്ഥലമെള്ളതെന്ന്. മോള് പറഞ്ഞ്, ഞാനെടയാണ് കരം കെട്ടണതെന്നകാര്യം സാറ് തന്നെ അന്വേഷിച്ചാമതി, സാറ് പറേണ ശിക്ഷ ഞാനേറ്റോളാന്ന്. അങ്ങേരന്വേഷിച്ച് സ്ഥലമില്ലാണ്ടായപ്പോ അങ്ങേര് ഇങ്ങനെയെഴുതിതന്ന്, ഇരുപത്തിരണ്ട് കൊല്ലായ്ട്ട് അവരിവിടെ താമസിക്കുന്നു. വിധവകളാണ്, അമ്മയും മോളും. ഒരു കൊച്ചു കുട്ടിയാണുള്ളത്. അവന്റെയപ്പന്‍ കാന്‍സറ് പിടിച്ച് മരിച്ചു പോയി. ഇനിയഥവാ തനിക്ക് മാറ്റണമെന്നുണ്ടെങ്കില്‍ അവര്‍ക്ക് രണ്ട് സെന്റ് സ്ഥലവും പെരയും വച്ച് കൊടുത്തിട്ട് മാറ്റിക്കോന്ന്.

 

വേറോരിക്കേ പൊളിക്കാവന്നപ്പോ പഴയ കൗണ്‍സിലറ് സി.കെ.ഗോപാലന്‍ വന്ന് പറഞ്ഞു. ഞാ കൊടുത്ത പൈസ് കൊണ്ട് കെട്ടിയ വീടാണ്. ഇതു പൊളിക്കാന്‍ ഞാ സമ്മതിക്കൂലാന്ന്. അങ്ങനെ അന്നത് തടഞ്ഞ്. ഇനി ഞാനൊരുകാര്യം തീരുമാനിച്ചു മോനേ… കോര്‍പ്പറേഷനീന്ന് അനുവദിച്ച് തന്ന മുപ്പത്തയ്യായിരം രൂപക്കാണ് അന്ന് ഈ വീട് പണിതത്. പിന്നെ ഞങ്ങ പലപ്പോഴായി പുതുക്കി പണിതു. അപ്പോക്കെ അയാള് പരാതി കൊടുത്ത് അത് പൊളിപ്പിക്കും. ഇനിയിത് വയ്യ. കോര്‍പ്പറേഷന്‍ പോളിച്ച വീട് കോര്‍പ്പറേഷന്‍ തന്നെ കെട്ടിത്തരണം. വിവരമറിഞ്ഞ് വന്നവര് പറഞ്ഞ് തല്‍ക്കാലത്തേക്ക് ഞങ്ങയിത് മറച്ച് തരാന്ന്. ഞാപ്പറഞ്ഞ് വേണ്ട. ഇങ്ങനെന്നെ കെടക്കട്ടെന്ന്. ഉമ്മന്‍ കോശി സാറിനും അതായിരിക്കുമല്ലോ സന്തോഷം.

 

 

എനിക്ക് എഴുത്തും വായനയൊന്നുമറിയില്ല മക്കളെ. ഒരോ ദിവസം ഓരോ പോലീസുകാന്‍ വന്ന് ഓരോ നോട്ടീസ് തരും. ഇപ്പോ അതൊരു പതിവായതു കൊണ്ട് ഞാനതുവാങ്ങി അകത്തുവെക്കും. പൊളിക്കാ വന്നപ്പളാണറിയുന്നത്. ഹൈക്കോടതീല് കേസിന് ഹാജരാകാപ്പറഞ്ഞ് വന്ന കടലാസായിരുന്നു അതൊക്കെ. എന്നോടാരും പറഞ്ഞില്ല. ഇവിടെയാണെങ്കില്‍ ഞാമാത്രയുള്ളൂ.

 

അല്ലിയമ്മയ്ക്ക് ഏഴാണ് മക്കള്‍. നാലാണും മൂന്നു പെണും. ഒരു മകന്‍ നേരത്തേ മരിച്ചു. മകള്‍ ജലജയുടെ കൂടെ മട്ടമ്മലിലാണ് താമസം. ജലജയുട ഭര്‍ത്താവിന് ക്യാന്‍സറായിരുന്നു, തൊണ്ടയ്ക്ക്. നാലരലക്ഷം രൂപ ഓപ്പറേഷന് ചെലവിട്ടു. പതിനഞ്ച് വര്‍ഷം മുമ്പ് അയാള്‍ മരിച്ചു. പന്ത്രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവും. മറ്റുമക്കളില്‍ മിക്കവരും രോഗാതുരമായ ജീവിതം നയിക്കുന്നു, കൊച്ചിയുടെ പലഭാഗങ്ങളില്‍. അല്ലിയമ്മയും മകള്‍ ജലജയും ജലജയുടെ മകന്‍ നന്ദരാജും ഒന്നിച്ചാണ് താമസം. ജലജയ്ക്ക് ആറാമത്തെ ഓപ്പറേഷന്‍ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, ഇനി ജോലിചെയ്ത് ജീവിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഡോക്ടറുടെ വീട്ടില്‍ കൈസഹായത്തിന് നിന്നോളാന്‍. അങ്ങനെയിരിക്കുമ്പോളാണ് ഡോക്ടറുടെ മകള് പ്രവസംകഴിഞ്ഞ് ബഹറിനിലേക്ക് പോയത്. അപ്പോള്‍ കൊച്ചിനെ നോക്കാന്‍ ജലജയേയും കൂടെക്കൂട്ടി. മൂന്നുവര്‍ഷമായി ഗള്‍ഫിലാണ്. ഉമ്മന്‍ കോശി എന്ന നല്ലവനായ അയല്‍ക്കാരനുള്ളതുകൊണ്ട് മൂന്നു വര്‍ഷത്തിനിടയില്‍ പതിമൂന്നു തവണ ജലജ കേരളത്തില്‍ വന്നുപോയി. ജോലിചെയ്ത് കിട്ടുന്നത് അങ്ങനെ തീരും. അമ്മയെ കൊണ്ടുപോയ ഡോക്ടറാണ് മകന്‍ നന്ദരാജിനെയും കൊണ്ടുപോയത്. എഴുമാസമേയായുള്ളൂ പോയിട്ട്. അതിനിടയില്‍ തിരിച്ചുവന്നു. ഡിസംബര്‍ ഇരുപത്തേഴിന് തിരിച്ചു പോകേണ്ടതാണ്. പതിനഞ്ചു ദിവസത്തേക്ക് ലീവ് നീട്ടി. ഈയവസ്ഥയില്‍ അമ്മമ്മയെ തനിച്ചാക്കി എങ്ങനെ പോകാനാണെന്ന് നന്ദരാജ് ചോദിക്കുന്നു. ആ പണി മിക്കവാറും പോയിക്കിട്ടും. നല്ലവനായ അയല്‍ക്കാരന്‍ ചെയ്തുതരുന്ന ഉപകാരങ്ങള്‍. 

 

രണ്ടാണ്മക്കളും അമേരിക്കയിലുള്ള (ഒരാള്‍ നാട്ടിലുണ്ടെന്നും ഇല്ലെന്നും നാട്ടുകാര്‍ക്കഭിപ്രായമുണ്ട്.) ഉമ്മന്‍ കോശിയുടെ നാലുകെട്ടിന് സമീപത്തുള്ള ചക്കോളാസ് വാട്ടര്‍ ഫ്രണ്ട് അപ്പാര്‍ട്‌മെന്റോ മട്ടമ്മലില്‍ നിന്ന് തേവര ഫെറിയിലേക്കു പോകുമ്പോള്‍ കായലിനരികിലുള്ള ഹൈബ്രസല്‍ അപ്പാര്‍ട്‌മെന്റോ, ഉപരിക മാളികയോ, കായലോരം അപ്പാര്‍ട്‌മെന്റോ, ചക്കോളാസ് മരീനയോ, ഗള്‍ഫാര്‍ റെസിഡന്റസോ, സേക്രട്ട് ഹെര്‍ട്ട് കോളേജ് ഗ്രൗണ്ടിനുവേണ്ടിയോ കായലു നികത്തിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ കൊച്ചി നഗരപിതാവ് ടോണി ചെമ്മണി പറയും; പരാതി കിട്ടിയതാണ് പോളിച്ചത് എന്ന്‍. അത് ഒരു സ്വകാര്യ താല്പര്യമുള്ള പരാതിയായിരുന്നില്ലേ എന്ന മറു ചോദ്യത്തിന്, ഹൈക്കോടതി പൊളിക്കാന്‍ ഉത്തരവിട്ടു, ഞങ്ങളത് അനുസരിച്ചു, അത്രമാത്രം. എന്ത് അനുസരണയുള്ള നഗരപിതാവിനെയാണ് കൊച്ചിക്ക് കിട്ടിയിരിക്കുന്നതെന്ന് നോക്കൂ… ഡിഎല്‍എഫ്, ലുലു, പ്രസ്റ്റീജ്,… ഹൈക്കോടതി പലകാലങ്ങളില്‍ പല ഉത്തരവുകളിറക്കിയിട്ടുണ്ട്. എന്നിട്ടും ഇവര്‍ക്കൊക്കെ എന്ത് സംഭവിച്ചു എന്ന് ചോദിച്ചാല്‍ ഒന്നും സംഭവിച്ചിട്ടില്ല. ഇനിയൊട്ട് സംഭവിക്കുകയുമില്ല.

 

ജനകീയ സമിതി പ്രവര്‍ത്തകന്‍ പി.എം.മാനുവലിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച്ച വൈകീട്ട് മട്ടമ്മല്‍ ജംഗ്ഷനില്‍ അല്ലിയമ്മയ്ക്ക് വേണ്ടി പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കുന്നണ്ട്. അല്ലിയമ്മയുടെ ഇനിയുള്ള പ്രതീക്ഷ നിങ്ങള്‍ വായനക്കാരിലാണ്. കാരണം ഈ സംഭവം നടന്ന് ഇന്നേക്ക് മൂന്നൂ ദിവസം തികയും. മട്ടമ്മലുകാരന്‍ ജോസേട്ടന്‍ പറഞ്ഞപോലെ ഒരു പത്രവും ഇതുവരെ അല്ലിയമ്മയെ കണ്ടെത്തിയിട്ടില്ല. അവര്‍ക്ക് കോളം നിറക്കാന്‍ മമ്മൂട്ടിയുടെ ജൈവപച്ചക്കറിയുണ്ട്, ചമ്മണ്ണിയുടെ നീലയുണ്ട് (വണ്‍ കളര്‍ വണ്‍ കൊച്ചിന്‍), ബോസിന്റെ ബിനാലെയുണ്ട്, വന്നാല്‍ ആര്‍ക്ക് കയറാന്‍ പറ്റുമെന്നറിയാത്ത മെട്രോയുണ്ട്. ഇതില്‍പരമിനിയാനന്ദിക്കാനെന്ത് വേണം!

 

*Views are personal

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍