UPDATES

കൊച്ചിയില്‍ മാലിന്യം നിറയുന്നുണ്ടെങ്കില്‍ അതിനു പിന്നിലൊരു കാരണമുണ്ട്; നഗ്നമായ അഴിമതി

സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്‍ഡി കറപ്ഷന്‍ ബ്യൂറോ നടത്തിയ സര്‍വേയില്‍ കൊടിയ അഴിമതി നടക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് തദ്ദേശസ്വയംഭരണ വകുപ്പാണെന്നും കണ്ടെത്തിയിരുന്നു

കേരളത്തിന്റെ മെട്രോതലസ്ഥാനം എന്ന ഖ്യാതി പേറുമ്പോഴും ഏറ്റവുമധികം മാലിന്യങ്ങള്‍ അടിഞ്ഞുകിടക്കുന്ന നഗരം എന്ന കുപ്രസിദ്ധിയും കൊച്ചിക്ക് സ്വന്തമായുണ്ട്. കോടികള്‍ ചെലവഴിച്ച് സംസ്ഥാന സര്‍ക്കാരും കോര്‍പ്പറേഷനുമെല്ലാം മാലിന്യനിര്‍മാര്‍ജ്ജനത്തിനായി പല പദ്ധതികളും ആസൂത്രണം ചെയ്യുകയും ചിലതെല്ലാം നടപ്പാക്കുകയും ചെയ്യുന്നുണ്ടെങ്കിലും കൊച്ചിയ്ക്കുമേല്‍ ഇപ്പോഴും ദുര്‍ഗന്ധം നിലനില്‍ക്കുകയാണ്.

ഒരു നഗരത്തെ എന്തുകൊണ്ട് അഴുക്കില്‍ നിന്നും മോചിപ്പിക്കാന്‍ സാധിക്കുന്നില്ല എന്ന ചോദ്യത്തിന് പല കാരണങ്ങളും ചൂണ്ടിക്കാട്ടാമെങ്കിലും അതില്‍ ഞെട്ടിക്കുന്ന ഒന്ന് മാലിന്യത്തിന്റെ പേരില്‍ നടക്കുന്ന വന്‍ അഴിമതി ആണെന്നതാണ്. ആരോപണം എന്നു തള്ളിക്കളായവുന്നതോ ഗതി തിരിച്ചുവിടാവുന്നതോ ആയ ഒരു കാരണമല്ല, ഒരു മാഫിയ തന്നെ കൊച്ചിയിലെ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വസ്തുത സര്‍ക്കാര്‍ അല്ലെങ്കില്‍ ജനം എങ്കിലും തിരിച്ചറിയേണ്ടതുണ്ട്.

ജനജീവിതവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന മാലിന്യസംസ്‌കരണത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ സുതാര്യമായ പ്രവര്‍ത്തനങ്ങളാണോ നടത്തിവരുന്നതെന്ന സംശയത്തിന് ബലം നല്‍കുന്ന ഒരു വിവരമാണ് മാലിന്യനീക്കത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പേരില്‍ നടക്കുന്ന അഴിമതി. ജനങ്ങളുടെ നികുതി പണത്തില്‍ നിന്നും കോടികള്‍ ധൂര്‍ത്തടിക്കുന്ന നടപടിയാണ് വാഹനങ്ങളുടെ പേരില്‍ കോര്‍പ്പറേഷന്‍ നടത്തുന്നതെന്നാണു പുറത്തു വരുന്ന വിവരം.

കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തിനിടയില്‍ മാലിന്യ നീക്കത്തിനായി വാഹനങ്ങള്‍ ഉപയോഗിച്ച വകയില്‍ ചെലവാക്കിയത് 7.26 കോടി രൂപയാണ്. ഈ തുക എങ്ങനെ ധൂര്‍ത്ത് അല്ലെങ്കില്‍ അഴിമതിയാകും എന്നാണു ചോദ്യമെങ്കില്‍ മറ്റു ചില കാര്യങ്ങള്‍ കൂടിയറിയുക. കൊച്ചി കോര്‍പ്പറേഷന് സ്വന്തമായി ഉള്ളത് 23 ടിപ്പര്‍ ലോറികളാണ്. എന്നാല്‍ ഇവയില്‍ പ്രവര്‍ത്തനക്ഷമമായി ഉള്ളത് വെറും ഏഴെണ്ണം! ബാക്കി കട്ടപ്പുറത്ത്. കൊച്ചിപോലൊരു മഹാനഗരത്തില്‍ ദിവസേനയുണ്ടാകുന്ന മാലിന്യം നീക്കം ചെയ്യാന്‍ ഏഴു ടിപ്പര്‍ ലോറികള്‍ പോര. അങ്ങനെ വരുമ്പോള്‍ മാലിന്യനീക്കം തടസ്സപ്പെടാതിരിക്കാനും നഗരം ചീഞ്ഞുനാറാതിരിക്കാനും വേണ്ടിയെന്നവണ്ണം കോര്‍പ്പറേഷന്‍ വാഹനങ്ങള്‍ വാടയ്ക്ക് എടുക്കുന്നു. ദിവസേന കോര്‍പ്പറേഷന്‍ വാടയ്‌ക്കെടുക്കുന്ന വാഹനങ്ങളുടെ എണ്ണം 35. ഇവയ്ക്ക് നല്‍കേണ്ടി വരുന്ന വാടകയിനത്തിലാണു കോടികള്‍ ചെലവാക്കുന്നത്. ഒന്നു കൂടിയുണ്ട്, 10 റഫ്യൂസ് കോംപാക്ടുകള്‍ കോര്‍പ്പറേഷനുണ്ട്. അവയില്‍ പ്രവര്‍ത്തനക്ഷമമായത് വെറും മൂന്നെണ്ണം. പ്രതിവര്‍ഷം ശരാശരി 72,000 ടണ്‍ മാലിന്യം നീക്കം ചെയ്യുന്നതായി കോര്‍പ്പറേഷന്‍ തന്നെ സമ്മതിക്കുന്ന ഒരു നഗരത്തിലെ അവസ്ഥയാണിത്.

വാഹനങ്ങളുടെ വാടകയിനത്തില്‍ നല്‍കുന്ന കോടികളുടെ പത്തിലൊരംശം മതി കേടായിക്കിടക്കുന്ന സ്വന്തം വാഹനങ്ങള്‍ നന്നാക്കി റോഡിലിറക്കാന്‍ കോര്‍പ്പറേഷനു ചെലവ്. എന്തുകൊണ്ട് അതൊന്നും ചെയ്യുന്നില്ല എന്നു ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല. ഇനി കേടായവ നന്നാക്കുന്നില്ലെങ്കില്‍ തന്നെ പുതിയവ വാങ്ങുന്നതിന് ശരാശരി 14 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയില്‍ വരുന്നതേയുള്ളു ടിപ്പര്‍ ലോറികളുടെ വില. ഇതൊന്നും ചെയ്യാതെ വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തു തന്നെ മാലിന്യം നീക്കം ചെയ്യുമെന്ന നിലപാടാണ് കോര്‍പ്പറേഷന്.

ഏറ്റവും വലിയ അഴിമതി നടക്കുന്ന രംഗമാണ് മാലിന്യസംസ്‌കരണം. കാലങ്ങളായി ഇതു തുടരുന്നു. കട്ടപ്പുറത്തുള്ള വാഹനങ്ങള്‍ നന്നാക്കിയെടുത്താല്‍ തന്നെ ഇപ്പോള്‍ വാടകയിനത്തില്‍ കൊടുക്കുന്ന കോടികള്‍ കോര്‍പ്പറേഷനു ലാഭിക്കാം. ജനങ്ങളുടെ പണമാണല്ലോ ഈവിധത്തില്‍ തുലയ്ക്കുന്നത്. പക്ഷേ പ്രതിപക്ഷം ഈ ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോഴെല്ലാം എന്തെങ്കിലും ന്യായം പറഞ്ഞ് ഒഴിഞ്ഞു മാറാനാണു മേയറും സംഘവും ശ്രമിക്കാറുള്ളത്; കൊച്ചി കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി പറയുന്നു.

നിയമസഭയില്‍ ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയുടെ ചോദ്യത്തിനു തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ ടി ജലീല്‍ നല്‍കിയ മറുപടിയിലാണ് 2015-2016 വര്‍ഷക്കാലയളവില്‍ കൊച്ചി കോര്‍പ്പറേഷന്‍ 3,31,78,471 രൂപ ടിപ്പര്‍ ലോറികള്‍ക്കു വാടകയിനത്തില്‍ മാത്രം ചെലവഴിച്ചെന്ന കണക്കു പറയുന്നത്. 2016-17 കാലയളവില്‍ ടിപ്പര്‍ ലോറി വാടകയിനത്തില്‍ ഇതുവരെ ചെലവഴിച്ചത് 3,95,07,799 രൂപയാണെന്നും മന്ത്രി രേഖാമൂലമുള്ള മറുപടിയില്‍ പറയുന്നു. ഈ വിവരങ്ങള്‍ തന്നെയാണു മാലിന്യത്തിന്റെ പേരില്‍ കോര്‍പ്പറേഷനില്‍ വന്‍ അഴിമതി നടക്കുന്നുണ്ടെന്നതിന്റെ തെളിവ്.

മാലിന്യനീക്കവുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷനെതിരേ ആരോപണങ്ങള്‍ ഉയരുന്നത് ആദ്യമായിട്ടല്ല. ഒട്ടും സുതാര്യമല്ലാത്ത നടപടികളാണു കോര്‍പ്പറേഷന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. പ്രതിപക്ഷം ഇതുമായി ബന്ധപ്പെട്ട് നിരന്തരം പരാതികളും ആക്ഷേപങ്ങളും ഉന്നയിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ ഭരണപക്ഷം ഒന്നും ചെവിക്കൊള്ളുന്നില്ല. അവര്‍ കരാറുകാരെ സഹായിക്കുകയാണ് ചെയ്യുന്നത്. നഗ്നമായ അഴിമതിയാണ് ഈ കാര്യത്തില്‍ നടക്കുന്നത്. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ഒരു വലിയ മാഫിയ തന്നെ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ നീക്കങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയാണ് കോര്‍പ്പറേഷന്‍. ഇത്തരം അഴിമതികള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ കോര്‍പ്പറേഷന്‍ സ്ഥിരം പയറ്റുന്ന ഒരു തന്ത്രമുണ്ട്, മാലിന്യനീക്കം സാവധാനത്തിലാക്കും. ഇതോടെ മാലിന്യം കെട്ടിക്കിടക്കാന്‍ തുടങ്ങും. ജനങ്ങള്‍ അസ്വസ്ഥരാകും. ജനം ശബ്ദമുയര്‍ത്തുമ്പോള്‍ കോര്‍പ്പറേഷന്‍ പറയുന്ന ന്യായം മാലിന്യങ്ങള്‍ കൊണ്ടുപോകാനുള്ള വാഹനങ്ങള്‍ ഇല്ലെന്നാണ്. ഈ ന്യായം മുന്നില്‍വച്ച് ജനങ്ങള്‍ക്കുവേണ്ടിയെന്നവണ്ണം അവര്‍ വാടകയ്ക്കു വാഹനങ്ങള്‍ എടുക്കും. അതിന്റെ മറവില്‍ കോടികളുടെ ക്രമക്കേടുകള്‍ നടക്കുന്നതുമാത്രം ജനം പലപ്പോഴും അറിയാതെ പോകുന്നു; കെ ജെ ആന്റണി പറയുന്നു.

കോര്‍പ്പറേഷന്‍ മാലിന്യനീക്കത്തിനായി വാഹനങ്ങള്‍ വാങ്ങുന്നതില്‍ പോലും വലിയ അഴിമതി നടക്കുന്നതായും പ്രതിപക്ഷത്തിന്റെ ആരോപണമുണ്ട്. ഇതിനായി ഒരു ഏജന്‍സി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്ന കമ്പനിയുടെ വാഹനങ്ങളാണു കോര്‍പ്പറേഷന്‍ വാങ്ങുന്നതെന്നും പറയുന്നു. ഈ വഹനങ്ങളാണു വാങ്ങി അധികനാള്‍ കഴിയുംമുന്നേ കട്ടപ്പുറത്താകുന്നതും. ഈ കാര്യത്തിലെല്ലാം കൃത്യമായ ഇടപെടലും ഓഡിറ്റിംഗും നടത്തേണ്ടതാണ്. പക്ഷേ മേയറുടെ ഭാഗത്തു നിന്നും ഇത്തരത്തില്‍ ഒരു നീക്കവും ഉണ്ടാകാത്തത് അഴിമതിയെ സംരക്ഷിക്കാനുള്ള അവരുടെ ശ്രമം ആയിട്ടു തന്നെ കാണണമെന്നും പ്രതിപക്ഷം പറയുന്നു.

സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്‍ഡി കറപ്ഷന്‍ ബ്യൂറോ നടത്തിയ സര്‍വേയില്‍ കൊടിയ അഴിമതി നടക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണെന്നു കണ്ടെത്തിയ വാര്‍ത്ത കൂടി ഈ വിഷയവുമായി ബന്ധപ്പെടുത്തി കൂട്ടിവായിക്കണം.

 

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍