UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊച്ചി സ്മാര്‍ട്ട് സിറ്റിയാകുമോ?

Avatar

ടീം അഴിമുഖം

അപ്പോള്‍ കൊച്ചി ഉടനെ സ്മാര്‍ട് സിറ്റിയാകാന്‍ പോവുകയാണോ?

കൊച്ചി നിവാസികള്‍ക്ക് 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതിയും കുടിവെള്ളവും പുതിയ സൌകര്യങ്ങളായ ഇ-ഗവേണന്‍സും വിവര സാങ്കേതിയ വിദ്യ അടിസ്ഥാനസൌകര്യങ്ങളും ലഭിക്കുമോ? തിക്കും തിരക്കും നിറഞ്ഞ, കുഴഞ്ഞുമറിഞ്ഞ കൊച്ചി നഗരത്തെ സര്‍ക്കാര്‍ ഒരു സ്വപ്ന നഗരിയാക്കി മാറ്റുമോ? കൊച്ചിയെ സ്മാര്‍ട് സിറ്റിയാക്കും എന്ന വ്യാഴാഴ്ചത്തെ പ്രഖ്യാപനത്തോടെ നമ്മുടെ വീടിനുപുറത്തു മനുഷ്യവിസര്‍ജ്യം കൊണ്ടുതള്ളുന്നത് അവസാനിക്കുമോ?

നിര്‍ഭാഗ്യവശാല്‍ ഇല്ല എന്നാണുത്തരം.

മോദി സര്‍ക്കാരിന്റെ കൊട്ടിഘോഷിക്കുന്ന നഗരാധുനികവത്കരണ പരിപാടിയുടെ ഭാഗമായി സ്മാര്‍ട് സിറ്റികളാകാന്‍ പോകുന്ന 20 നഗരങ്ങളുടെ കൂട്ടത്തില്‍ കൊച്ചിയുമുണ്ട്. പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ സാധാരണക്കാരെ മണ്ടന്മാരാക്കുകയാണ്. കൊച്ചി നഗരം മുഴുവനും സ്മാര്‍ട് സിറ്റിയായി മാറും എന്നാണ് പ്രഖ്യാപനം കേട്ടാല്‍ തോന്നുക.

കൊച്ചിയുടെ കുറച്ചു ഏക്കറുകള്‍ മാത്രം വരുന്ന പ്രദേശമാണ് സ്മാര്‍ട്ട് ആയി മാറുന്നത്. നഗരത്തിന്റെ ബാക്കി ഭാഗങ്ങളില്‍ ജീവിതം പഴയപോലെ തുടരും: കവിഞ്ഞൊഴുകുന്ന അഴുക്കുചാലുകള്‍, പുലര്‍കാലങ്ങളില്‍ കണിയൊരുക്കി വീടിനുപുറത്ത് മനുഷ്യവിസര്‍ജ്യം, കള്ളനും പോലീസും കളിക്കുന്ന വെള്ളവും വെളിച്ചവും, അഴിമതിവീരന്മാരായ പൊലീസും നഗരസഭ ജീവനക്കാരും, രാസവസ്തുക്കള്‍ കലര്‍ത്തിയ മായം നിറഞ്ഞ ഭക്ഷണവസ്തുക്കള്‍, അങ്ങനെ പോകുന്നു.

ഇനിയിപ്പോള്‍ സ്മാര്‍ട്ടാകുന്ന ഭാഗത്തും സ്മാര്‍ട് എന്നുവിളിക്കാവുന്ന ഏറെയൊന്നും ഉണ്ടാകില്ല. അത് മായമില്ലാത്ത ഭക്ഷണം ഉറപ്പുനല്‍കുമോ? മൂളിപ്പറന്നുകുത്തുന്ന കൊതുകുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുമോ?

ഒരു ആദ്യനടപടിയെന്ന നിലയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി സ്വാഗതാര്‍ഹം തന്നെ. പക്ഷേ അത് ഇന്ത്യയുടെ ഭരണനിര്‍വഹണ പ്രതിസന്ധിയുടെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്നു. സര്‍ക്കാരിന് ഇന്ത്യയെ ആകെ പുരോഗമിപ്പിക്കാനുള്ള ശേഷിയില്ലാത്തതിനാല്‍ അവര്‍ ഇത്തരം നഗരാഭിവൃദ്ധിയുടെ ചെറിയ പ്രദര്‍ശന തുരുത്തുകള്‍ ഉണ്ടാക്കുകയാണ്.

വ്യാഴാഴ്ച്ച നഗര വികസന മന്ത്രി വെങ്കയ്യ നായിഡു പ്രഖ്യാപിച്ച സ്മാര്‍ട്ട് സിറ്റികളുടെ കൂട്ടത്തില്‍, പാര്‍ലമെന്റും രാഷ്ട്രപതി ഭവനും സ്ഥിതിചെയ്യുന്ന ദേശീയ തലസ്ഥാനത്തിന്റെ ഹരിതച്ചീന്തായ ല്യൂടെന്‍സ് ഡല്‍ഹിയുമുണ്ട്. ആ പ്രദേശത്തിന്റെ കേവലം 550 ഏക്കര്‍ സ്മാര്‍ടാക്കുമ്പോള്‍ ഡല്‍ഹിയുടെ ബാക്കിഭാഗം പിടിപ്പുകെട്ട നഗരസേവനത്തിന്റെയും, അഴിമതിക്കാരായ പോലീസുകാരുടെയും ഉറപ്പും വ്യവസ്ഥയുമില്ലാത്ത വൈദ്യുതി, ജലവിതരണത്തിന്റെയും നരകമായി തുടരും. ല്യൂടെന്‍സ് ഡല്‍ഹി സ്മാര്‍ടായാലും അവിടുത്തെ വായു ലോകത്തിലെ നഗരങ്ങളില്‍വെച്ചു ഏറ്റവും വിഷമയമായ ഒന്നായി തുടരില്ല എന്നതിനും ഒരുറപ്പുമില്ല.

പ്രഖ്യാപിത സ്മാര്‍ട് സിറ്റികളുടെ പട്ടികയില്‍ ഭുവനേശ്വറാണ് മുന്നില്‍. റെയില്‍വേ സ്റ്റേഷന് ചുറ്റുമുള്ള 985 ഏക്കര്‍ പ്രദേശമാണ് 4,500 കോടി രൂപ ചെലവില്‍ വികസിപ്പിച്ചെടുക്കുക.

സ്മാര്‍ട് സിറ്റി ഗണത്തില്‍പെടാനുള്ള മത്സരത്തില്‍ മൂന്നു നഗരങ്ങളുമായി മധ്യപ്രദേശ് മുന്നിലെത്തി. അതേസമയം വലിയ ജനസംഖ്യയുള്ള ബംഗാളും, ഉത്തര്‍പ്രദേശും, ബിഹാറുമൊക്കെ ആദ്യപട്ടികയില്‍ ഇടംപിടിക്കാതെ പോയി. ഇതാണെളുപ്പവഴി, അല്ലേ? വലിയ ജനസംഖ്യയുള്ള അലങ്കോലമായ നഗരങ്ങള്‍ക്ക് പകരം പ്രദര്‍ശനശാലകള്‍ പോലെ നഗരത്തിന്റെ ചെറിയ പ്രദേശങ്ങള്‍ തെരഞ്ഞെടുക്കുക. അതോ ഇതൊരു രാഷ്ട്രീയക്കളിയാണോ?

ആദ്യപട്ടികയില്‍ ഇടംനേടിയ 20 നഗരങ്ങള്‍ ജീവിതനിലവാരം ഉയര്‍ത്താന്‍ ഏതാണ്ട് 51,000 കോടി രൂപ ചെലവഴിക്കും.

നഗരസഭ നേതൃത്വത്തിലുള്ള നഗരവികസന മാതൃകയില്‍ നിന്നും കോര്‍പ്പറേറ്റ് രീതിയിലുള്ള, സ്വകാര്യ മേഖലയില്‍ നിന്നുവരെ വരാവുന്ന പ്രത്യേക അധികാരാവകാശങ്ങളുള്ള CEO നേതൃത്വത്തിലുള്ള നഗരാസൂത്രണത്തിലേക്ക് സംഗതികള്‍ മാറുന്നത്.

വികസനത്തിന്റെ ഭാരം മുഴുവന്‍ സംസ്ഥാനങ്ങളും കേന്ദ്രവും വഹിച്ചിരുന്ന മുന്‍കാലത്തേതില്‍ നിന്നും വ്യത്യസ്തമായി ഇനി നഗരങ്ങള്‍ത്തന്നെയാണ് ഏതാണ്ട് 60% വിഭവസമാഹരണവും കണ്ടെത്തേണ്ടത്. മുന്‍കാലങ്ങളിലെ നടത്തിപ്പ് പ്രകടനത്തിന്റെയും സാമ്പത്തിക ശക്തിയുടെയും അടിസ്ഥാനത്തിലാണ് നഗരങ്ങളുടെ തെരഞ്ഞെടുപ്പ് നടന്നത്.

തെരഞ്ഞെടുക്കപ്പെട്ട 20 നഗരങ്ങളില്‍ കൊച്ചി മാത്രമാണ് ഒരു ഹരിത പദ്ധതി ഏറ്റെടുക്കുന്നത് എന്നതാണ് പ്രധാനപ്പെട്ട ഒരു വസ്തുത. ജനപ്പെരുപ്പത്തിന്റെ ഭാരത്താല്‍ ഞെരിയുകയും, നിലവിലെയും ഭാവിയിലേക്കുമുള്ള അടിസ്ഥാനസൌകര്യങ്ങളുടെ അഭാവത്താല്‍ വലയുകയും ചെയ്യുന്ന പ്രദേശങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഇതിനര്‍ത്ഥം.

അടുത്ത 5 കൊല്ലംകൊണ്ട് ഈ 20 നഗരങ്ങള്‍ക്ക് 500 കോടി രൂപ കേന്ദ്രസഹായം ലഭിക്കും. പദ്ധതി തുടങ്ങാന്‍ ഇത്രയും തന്നെ പണം സംസ്ഥാന സര്‍ക്കാരും നല്കും. നിക്ഷേപത്തിന്റെ 60 ശതമാനവും സ്വകാര്യ നിക്ഷേപത്തിന്റെയും നൂതനമായ സംവിധാനങ്ങളുടെയും രൂപത്തിലാകും.

മുംബയില്‍ നിന്നും മൂന്നു പ്രദേശങ്ങള്‍ പട്ടികയില്‍ പ്പെടുന്നതിനായി ഉണ്ടായിരുന്നുവെങ്കിലും -ഗ്രേയ്റ്റര്‍ മുംബൈ, നവി മുംബൈ, കല്യാണ്‍-ഡോംബിവ്ലി-ഒന്നുപോലും തെരഞ്ഞെടുക്കപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്.

മൊത്തത്തില്‍, 23 നഗരങ്ങള്‍ പട്ടികയില്‍ ഇടം നേടാതെ പോയി. നഗരവത്കരണത്തിന്റെ കുറവുകളെ പരിഹരിക്കാന്‍ ഇത് പ്രാപ്തമല്ല എന്നതിലേക്കും ഇത് വിരല്‍ ചൂണ്ടുന്നു. 2017-ഓടെ 100 നഗരങ്ങളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സ്മാര്‍ട് സിറ്റി പദ്ധതി നന്നായി മിനുക്കിയെടുത്ത ഒരു പ്രചാരണ പരിപാടി മാത്രമാണ്. കാരണം മിക്ക പദ്ധതികളും ഇതിനകം ഈ നഗരങ്ങളുടെ പരിഗണനയില്‍ ഉള്ളതാണ്. വലിയ ചോദ്യം ഇതാണ്: ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ചരിത്രപ്രധാനമായ നഗരവത്കരണത്തെ കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യന്‍ ഭരണകൂടത്തിന് നേരിട്ട വമ്പന്‍ വീഴ്ച്ചയെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഏതാണ്ട് 70% ഗ്രാമീണരുള്ള ഒരു ഗ്രാമീണ രാജ്യത്തില്‍ നിന്നും, കുറച്ചു കൊല്ലങ്ങള്‍ക്കുള്ളില്‍ നഗരഭൂരിപക്ഷമുള്ള ഒരു രാജ്യമായി മാറാന്‍ പോവുകയാണ് ഇന്ത്യ. അതിനെത്തുടര്‍ന്നുള്ള തിക്കും തിരക്കും, അലങ്കോലവും ആരാണ് കൈകാര്യം ചെയ്യുക?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍