UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മറൈന്‍ ഡ്രൈവില്‍ അഴിഞ്ഞാടിയ സദാചാര ഗുണ്ടകളില്‍ സ്ത്രീപീഡന കേസിലെ പ്രതിയുമെന്ന് ഹൈബി ഈഡന്‍

മൂകയും ബധിരയുമായ സ്ത്രീയെയാണ് ശിവസേന പ്രവര്‍ത്തകനായ അരവിന്ദന്‍ പീഡിപ്പിച്ചത്

കൊച്ചി മറൈന്‍ ഡ്രൈവില്‍ ഇന്നലെ അഴിഞ്ഞാടിയ സദാചാര ഗുണ്ടകളില്‍ സ്ത്രീ പീഡന കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ഗുണ്ടയുമുണ്ടെന്ന് നിയമസഭയില്‍ ഹൈബി ഈഡന്‍. ശിവസേന പ്രവര്‍ത്തകനായ ടികെ അരവിന്ദനാണ് ഇന്നലെ സ്ത്രീ സംരക്ഷണ വേഷം കെട്ടി മറൈന്‍ ഡ്രൈവില്‍ എത്തിയത്.

മൂകയും ബധിരയുമായ സ്ത്രീയെയാണ് അരവിന്ദന്‍ പീഡിപ്പിച്ചത്. ഇളംകുന്ന പുഴ ഹൈസ്‌കൂളിലെ സ്വീപ്പര്‍ ആയ യുവതിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. സ്‌കൂള്‍ എച്ച്എമ്മിന്റെ പരാതിയിലാണ് കേസ് എടുത്തത്. സദാചാര പോലീസിംഗ് വിഷയത്തില്‍ ഹൈബി ഈഡന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ശിവസേനക്കാര്‍ ചൂരലുമായി യുവതി യുവാക്കളുടെ മേല്‍ ചാടി വീണപ്പോള്‍ അക്രമകാരികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുകയാണ് ചെയ്തത്. യുവതി യുവാക്കളെ മൊബൈലില്‍ ശിവസേനക്കാര്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയും ഇതുവഴി സാമൂഹ്യ അപമാനത്തിനു ഇരകള്‍ വീണ്ടും ദുരിതം അനുഭവിക്കേണ്ടി വരുന്നുവെന്ന് ഹൈബി പറഞ്ഞു.

സദാചാര ഗുണ്ടായിസത്തെ തുടര്‍ന്ന് അനീഷ് അടക്കമുള്ള ആളുകള്‍ ആത്മഹത്യ ചെയ്ത സംഭവം നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടു ഇത്തരം ദൃശ്യങ്ങള്‍ പിടിച്ചെടുക്കാന്‍ തയാറാകണം. യൂണിവേഴ്‌സിറ്റി കോളേജിലെ സദാചാര ഗുണ്ടകള്‍ ഇപ്പോഴും കോളേജില്‍ കറങ്ങി നടക്കുന്നു. ചില മൃഗങ്ങള്‍ കൂടുതല്‍ തുല്യരാണ് എന്ന് പറയുന്നത് പോലെ ചിലര്‍ക്ക് ആനുകൂല്യം നല്‍കുന്നതാണ് സദാചാര പോലീസ് വര്‍ധിക്കാന്‍ കാരണമെന്നും ഹൈബി ഈഡന്‍ ചൂണ്ടിക്കാട്ടി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍