UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊച്ചി മേയര്‍, താങ്കളുടെ ഭരണപരിധിയില്‍ രണ്ടുതരം നീതിയുണ്ടോ? പണമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും?

Avatar

കോടതിവിധി നടപ്പാക്കാന്‍ വേണ്ടി കോര്‍പ്പറേഷന്‍ പോളിച്ചു കളഞ്ഞ, തേവര മട്ടമ്മലിലെ എണ്‍പതുകാരി അല്ലിയമ്മയുടെ പാതിതകര്‍ന്ന വീട് ഒരുവശത്ത്. 2014 സെപ്തംബര്‍ 17 ന് ബില്‍ഡിംഗ് ഇന്‍പെക്ടര്‍ ഗോപകുമാര്‍ ജി. നല്‍കിയ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനധികൃത നിര്‍മാണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി പൊളിക്കാന്‍ ഉത്തരവിട്ടിട്ടും നിവര്‍ന്നു നില്‍ക്കുന്ന കെടിസിയുടെ പതിമൂന്നാം നില മറുവശത്ത്.

 

മിസ്റ്റര്‍ മേയര്‍, താങ്കളുടെ ഭരണപരിധിയില്‍ രണ്ടുതരം പൗരന്മാരുണ്ടോ? പണമുള്ളവരെന്നും പണമില്ലാത്തവരെന്നും? – തയാറാക്കിയത്: കെ.ജി ബാലു

 

ഈ കഥ അല്‍പ്പം പുറകില്‍ നിന്ന് തുടങ്ങാം

2003-ല്‍ എ.കെ ആന്റണി സര്‍ക്കാര്‍ ജിം (ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ മീറ്റ്) നടത്തി കേരളത്തിനുവേണ്ടി നേടിയെടുത്ത 26,000 കോടി രൂപയുടെ പ്രോജക്റ്റുകളില്‍ നടന്ന ഒരു ചെറിയ കളിയെക്കുറിച്ചാണ്. സുതാര്യമായ ആ കാലത്താണ് കൊച്ചിയിലെ കേരള ചേംബര്‍ ഓഫ് കോമേഴ്‌സും ജിമ്മിലേക്കൊരു പാലമിട്ടത്.

 

അത് ഇങ്ങനെയായിരുന്നു: കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, 57 വര്‍ഷത്തെ പാരമ്പര്യമുള്ള, 2750 അംഗബലമുള്ള കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (കെസിസിഐ) എന്ന പബ്ലിക്ക് ചാരിറ്റബിള്‍ കമ്പനി, അന്താരാഷ്ട്ര നിലവാരമുള്ള കേരള ട്രേഡ് സെന്റര്‍ (കെടിസി ) നിര്‍മാണത്തിന് പദ്ധതി സമര്‍പ്പിച്ചു. അന്ന് കൂട്ടിന് ഒരാള്‍ കൂടെയുണ്ടായിരുന്നു. ചെറുപുഷ്പം ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് അഥവാ സ്ഥലം ഉടമ.

 

2002-ല്‍ കെസിസിഐയും ചെറുപുഷ്പം ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ചേര്‍ന്ന് ആരംഭിച്ച സംരംഭമാണ് എറണാകുളം മറൈന്‍ ഡ്രൈവിലുള്ള കേരള ട്രേഡ് സെന്റര്‍. ചെറുപുഷ്പം ഗ്രൂപ്പിന് തീയറ്റര്‍ പണിയാനാണ് ഗ്രേറ്റര്‍ കോച്ചി (ജിസിഡിഎ) മറൈന്‍ ഡ്രൈവിലെ കണ്ണായസ്ഥലം വിട്ടുകൊടുത്തത്. ഇതിനിടയില്‍ ചേംബര്‍, ചെറുപുഷ്പവുമായി ചേര്‍ന്ന് സ്ഥലത്ത് ട്രേഡ് സെന്റ്ര്‍ പണിയാന്‍ ഗ്രേറ്റര്‍ കോച്ചിയില്‍ നിന്ന് 1819//B2/Estate/98/GCDA പ്രകാരം ഉത്തരവ് നേടിയെടുക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രേഡ് ഫെസിലിറ്റേഷന്‍ സൗകര്യങ്ങളോടുകൂടിയ സെന്ററിനാണ് ജിസിഡിഎ അനുമതി നല്‍കിയത്.

 

 

ഇതേ പദ്ധതി ഒന്നുകൂടി പുതുക്കി. അതായത്, ലോകോത്തര (?) നിലവാരമുള്ള കണ്‍വെന്‍ഷന്‍ സെന്ററും എക്‌സിബിഷന്‍ ഇന്റസ്ട്രിയല്‍ റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് സെന്റര്‍ ടെസ്റ്റിംഗ് ലബോറട്ടറി എന്നിങ്ങനെ പദ്ധതി, അത് ജിമ്മില്‍ വച്ച് വീര്‍പ്പിച്ചെടുത്തതാണ് ഇന്ന് നമ്മള്‍ കാണുന്ന കേരള ട്രേഡ് സെന്റര്‍.

 

അന്നത്തെ ഉപരാഷ്ട്രപതി ഭൈരോണ്‍ സിംഗ് ശെഖാവത്ത് കല്ലിട്ടിടത്ത് 2003-ല്‍.  ഏഴു കോടി ചെലവ് കണ്ട് കൊച്ചിയിലെ വ്യാപാരിമാര്‍ പണിതുടങ്ങി. മൂന്നു വര്‍ഷത്തിനു ശേഷം 2006-ല്‍ പണി തീര്‍ക്കാമെന്ന മനക്കണക്കിനു പണിയോടു പണി. 2008-ല്‍ അവസാന ഓഡിറ്റ് നടത്തിയപ്പോള്‍ എട്ട് കോടി ചെലവ്. 90% പണി പൂര്‍ത്തിയായി. പിന്നെയും കഴിഞ്ഞു വര്‍ഷം അഞ്ചാറ്. അങ്ങനെമൊത്തം 11 വര്‍ഷം പണിതു. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ സ്വപ്‌നം കണ്ടുതുടങ്ങിയതാ. അപ്പോ എങ്ങനെയാ നിര്‍ത്താ. പണി തന്നെ പണി.

 

പതിനൊന്നു വര്‍ഷത്തെ കെട്ടിടം പണികൊണ്ടൊരു നേട്ടമുണ്ടായി. കൂട്ടിനുണ്ടായിരുന്ന ചെറുപുഷ്പം ഫിലിംസ്, ചേംബര്‍ ഓഫ് കൊമേഴ്‌സിന് നല്‍കിയ പവര്‍ ഓഫ് അറ്റോര്‍ണി പിന്‍വലിച്ചുകൊണ്ട് പത്രപരസ്യം കൊടുത്തു. (ഈ പണി ഇങ്ങനെ പോയാല്‍ എവിടെച്ചെന്ന് തീരുമെന്ന് ചെറുപുഷ്പത്തിനു തോന്നിക്കാണും!).

 

ഒടുക്കം 2009 മുതല്‍ കെടിസി ചെയര്‍മാനായ കെ.എന്‍ മര്‍സൂക്ക് ഒരു കണക്കവതരിപ്പിച്ചു. അതില്‍ ചെലവ് കുറച്ചൂടെ കൂടി. 32 കോടി. അതായത് 2009 മുതല്‍ 2012 വരെ മൂന്ന് വര്‍ഷം 10% പണിതീര്‍ക്കാന്‍ ചെലവായത് 24 കോടി. ഇത്രയും ചെലവാക്കിയത് കൊണ്ട് ഒന്നല്ല പലഗുണമാണെന്ന് ഫലശ്രുതി.

 

അതിങ്ങനെ: ‘…. ഈ ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം അനധികൃതമായി നിര്‍മ്മിച്ചിട്ടുള്ള കെട്ടിട ഭാഗം പൊളിച്ചു നീക്കം ചെയ്യാന്‍ ഇതിനാല്‍ ഉത്തരവാകുന്നു. ടി ഉത്തരവ് പ്രകാരം പ്രവര്‍ത്തിക്കാത്ത പക്ഷം കൊച്ചി നഗരസഭയില്‍ നിന്ന് നേരിട്ട് ആയത് പൊളിച്ചു നീക്കംചെയ്യുന്നതും അതിനു വരുന്ന മുഴുവന്‍ ചെലവുകളും ശ്രീ കെ.ജെ.ജോസഫ്, ചെറുപുഷ്പം ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് വസൂലാക്കുന്നതിനും പുറമേ നിയമ ലംഘനത്തിന് താങ്കളുടെ പേരില്‍ പ്രോസിക്യൂഷന്‍ അടക്കമുള്ള നടപടി സ്വീകരിക്കുമെന്നും ഇതിനാല്‍ അറിയിക്കുന്നു’. (നമ്പര്‍ : എം.ഒ.പി. 1/238/04, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ ഉത്തരവില്‍ നിന്ന്. 29.12.2014). 

 


13-ആം നില പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടുകൊണ്ടുള്ള കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ ഉത്തരവ്

 

അപ്പോള്‍ ചോദ്യമിതാണ് : മിസ്റ്റര്‍ മേയര്‍, എന്തു കൊണ്ടാണ് ഈ കെട്ടിടത്തിലെ അനധികൃതമായി പണിത 13- ാം നില താങ്കള്‍ ഇടിച്ചു നിരത്താത്തത്? തേരവ മട്ടമ്മലിലെ അല്ലിയമ്മയുടെ വീട് പൊളിക്കാന്‍ പുതുവത്സരത്തലേന്ന് തന്നെ തെരഞ്ഞെടുത്ത താങ്കളുടെ ‘വിധി’യെ മാനിക്കാനുള്ള ആര്‍ജവം ഇവിടെ ഇല്ലാതെ പോയതെന്തേ? 29/12/2014 ന് ഇറക്കിയ ഉത്തരവ് പ്രകാരം കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി പോളിക്കാന്‍ 15 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇപ്പോള്‍ ഒന്നര മാസം കഴിഞ്ഞിരിക്കുന്നു.

 

അനുബന്ധം: മൊത്തത്തില്‍ ഒരു വശപ്പിശക് കാണുന്നുണ്ടെങ്കില്‍ ശങ്കിക്കേണ്ട. ഉണ്ടെന്നാണ് ഉള്ളറ വര്‍ത്തമാനം. അല്ലെങ്കില്‍പ്പിന്നെ കേരള ചേംബറിന്റെ സൈറ്റിലെ ‘ കേരള ട്രേഡ് സെന്റര്‍ ദ റിയല്‍ സ്റ്റോറി ‘ എന്ന ലിങ്കില്‍, ഉള്ളില്‍ നിന്നുള്ള ഒറ്റുകാരെ സൂക്ഷിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നതെന്തിന്? ചേംബറിനായുള്ള അധികാര മത്സരത്തില്‍ നിരന്തരം പരാജയം രുചിക്കുന്ന, ഷേക്‌സ്പിയറിന്റെ ത്രിമൂര്‍ത്തികള്‍ (പാവം ഷേക്‌സ്പിയര്‍!) നടത്തുന്ന കുത്സിതശ്രമത്തില്‍ കെസിസിഐയ്ക്ക് ഒരു പോറല്‍ പോലുമേല്‍ക്കില്ലെന്ന് പറയേണ്ടി വരുന്നതെങ്ങനെ ?

 

അതിങ്ങനെ: കെട്ടിട നിയമലംഘനം; ഏവിയേഷന്‍ ലൈസന്‍സ് ലംഘനം; പ്ലാനിലില്ലാത്ത അനധികൃതമായി പണിത 13- ാം നില; കോര്‍പ്പറേഷന്‍ കെട്ടിട നമ്പര്‍ ഇല്ല; കെട്ടിട നിര്‍മാണത്തിനായി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് എടുത്ത രണ്ടു കോടി രൂപയുടെ പലിശപ്പണത്തിന്റെ തിരിച്ചടവ് എല്ലാം കൂടി 6.36 കോടി, തന്നില്ലെങ്കില്‍ പകരം കേരള ട്രേഡ് സെന്റര്‍ മെത്തത്തില്‍ പിടിച്ചെടുക്കുമെന്ന് ബാങ്കിന്റെ ഇണ്ടാസ്.

 

എല്ലാവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടാണ് ഇതെന്നോര്‍ക്കണം. കൂടാതെ നിക്ഷേപകര്‍ വഴിയും പണം. പണം വാങ്ങിയതല്ലാതെ പറഞ്ഞ സമയത്ത് പണിതീര്‍ക്കാന്‍ കഴിയാതെ നിക്ഷേപകരുമായി തര്‍ക്കവുമുണ്ടായി. അനധികൃതമായി പണിത 13- ാം നിലയുടെ പണികഴിഞ്ഞപ്പോള്‍ പ്ലാനില്‍ പറഞ്ഞതില്‍ കൂടുതല്‍ സ്ഥലം. അധിക സ്ഥലത്തിന് നിക്ഷേപകരില്‍ നിന്ന് അധിക തുക (എഗ്രിമെന്റിനേക്കാള്‍ കൂടുതല്‍ ) ആവശ്യപ്പെട്ടതിന്റെ തര്‍ക്കം വേറേ. ആന്റണി സര്‍ക്കാര്‍ നടത്തിയ ജിമ്മില്‍ കിട്ടിയ പദ്ധതിവച്ച് പബ്ലിക്ക് ചാരിറ്റബിള്‍ കമ്പനിയായ കെസിസിഐ ഏങ്ങനെ ഫ്‌ലാറ്റ് കെട്ടി മറിച്ചു വിറ്റുവെന്നും ചോദ്യവും ഇവിടെ ഉയര്‍ന്നു വരുന്നുണ്ട്.

 

‘… കൂടാതെ ടി ബില്‍ഡിംഗിന്റെ മുന്‍വശം ജിസിഡിഎയുടെ സ്ഥലത്തിനുള്ളിലേയ്ക്ക് 4.50 മീറ്റര്‍ തള്ളി അനധികൃതമായി മേലാപ്പ് പണിതിട്ടുള്ളതാണ്. ടി നിര്‍മ്മാണങ്ങള്‍ കെഎംബിആര്‍ 99 റൂള്‍ 7(1), 24(3), 56(3എച്ച്), 8 4(എ) എന്നിവയുടെ ലംഘനമാണ് ‘ – (നമ്പര്‍: എം.ഒ.പി. 1/238/04, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ ഉത്തരവില്‍ നിന്ന്.)

 

അതായത്, 4.50 മീറ്റര്‍ അധികമെന്ന്. അങ്ങനെയാകുമ്പോള്‍ കണക്കില്‍പ്പെടാത്ത മൊത്തം അടിക്കണക്കെത്ര (സ്‌ക്വയര്‍ ഫീറ്റ്)? ഈ അധിക വരുമാനം ഏങ്ങനെയാണ് കെസിസിഐ കൈകാര്യം ചെയ്യുക? വീതിച്ചേടുക്കുമോ? അതോ പുണ്യപ്രവര്‍ത്തിക്കായി (വ്യാപാര ഉന്നമനം) ചെലവഴിക്കുമോ?

 

ഏഴുകോടിയില്‍ നിന്ന് പതിനെന്ന് വര്‍ഷം കൊണ്ട് മുപ്പത്തിരണ്ട് കോടിയിലേക്കുയര്‍ന്ന നിര്‍മ്മാണം. അതും ആറ് വര്‍ഷം കൊണ്ട് എട്ട് കോടി ചെലവഴിച്ച് 90% പണിപൂര്‍ത്തിയാക്കിയ കെട്ടിടത്തിന് ബാക്കി 10% പണിതീര്‍ക്കാന്‍ വേണ്ടിവന്നത് ആറ് വര്‍ഷം കൊണ്ട് 24 കോടി. വിശദാംശങ്ങള്‍ ലഭ്യമല്ല. ഓഡിറ്റിംഗ് ഇല്ലെന്ന്.

 

 

കെട്ടിടനിര്‍മാണത്തിനായി സമാഹരിച്ച പണത്തില്‍ നിന്ന് 2,45,68,000 കോടി രൂപ, ഇന്ത്യ മിഡില്‍ ഈസ്റ്റ് ആന്റ് ബ്രോഡ്കാസ്റ്റിംഗ് നെറ്റ് വര്‍ക്ക് ആന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കെ.എന്‍ മര്‍സൂക്കിന്റെ സ്വകാര്യ കമ്പനിയിലേക്ക് മാറ്റിയെന്ന് മറ്റൊരാരോപണം. ആ കമ്പനി പിന്നീട് ടിവി ന്യൂ എന്ന ചാനല്‍ തുടങ്ങി. കേരള ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ പേരില്‍. കൊല്ലമൊന്നു തികയും മുമ്പേ, ചാനല്‍ തൊഴിലാളികള്‍ ഓഫീസ് റിസപ്ഷനില്‍ കഞ്ഞി വച്ച്, കുടിച്ച്, അന്തിയുറങ്ങി. ശമ്പളമില്ല. വാടക അടയ്ക്കാത്തതിനാല്‍ വാടകക്കാരന്‍ ഇറക്കിവിട്ടു. കിടക്കാനിടമില്ല. നല്ല ന്യായം. സമരം ഒടുവില്‍ ഒത്തുതീര്‍ത്തു. പണി കിട്ടിയത് തൊഴിലാളിക്ക്. ഇന്നലെവരെ ന്യൂസ് ചാനല്‍, ഇനിയങ്ങോട്ട് എന്റര്‍ടൈന്‍മെന്റ്.

 

1956- ലെ കമ്പനീസ് ആക്ട്, സെക്ഷന്‍ 25 പ്രകാരം രജിസ്റ്റര്‍ ചെയ്ത പബ്ലിക്ക് ചാരിറ്റബിള്‍ കമ്പനിയാണ് കെസിസിഐ. കമ്പനി വരുമാനം അംഗങ്ങള്‍ക്ക് വീതിച്ചുകൊടുക്കാന്‍ അവകാശമില്ല. ഉദ്ദേശലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് മാത്രം ചെലവിടണം. ഇതെല്ലാം കൊണ്ട് ഇന്‍കം ടാക്‌സ് ബാധ്യതയുമില്ല. 2750 ബിസിനസുകാരുടെ അംഗബലത്തിലെ പലരും സര്‍ക്കാറിന്റെ മുപ്പതോളം കമ്മറ്റികളില്‍ അംഗങ്ങളാണ്. സര്‍ക്കാര്‍ ബലം ആ വഴിക്കും.

 

ഒടുക്കം കിട്ടിയത്: “അതിപ്പോ, ഞാനല്ല; ചേംബറാണ് കാര്യങ്ങളെല്ലാം നോക്കുന്നത്. പിന്നെ മൊത്തം മുറികളുടെ ഉയരത്തില്‍ വ്യത്യാസം വരുത്തിയാണ് പതിമൂന്നാം നില പണിതിരിക്കുന്നത്. അതുകൊണ്ടു തന്നെ ഉയരക്കൂടുതല്‍ ഒരു പ്രശ്‌നമല്ല. ഏവിയേഷന്‍ ലൈസന്‍സിനും ശ്രമം നടക്കുന്നുണ്ട്. സര്‍ക്കാര്‍ ലെവലിലും ചേംബര്‍ ശ്രമിക്കുന്നുണ്ട്”- ഈ ലേഖകനോട് ചെറുപുഷ്പം ഫിലിംസിന്റെ കെ.ജെ.ജോസഫ് പറഞ്ഞതിതാണ്.  

 

വീണ്ടും ചോദ്യത്തിലേക്ക്: കോടതിവിധി നടപ്പാക്കാന്‍ വേണ്ടി കോര്‍പ്പറേഷന്‍ പോളിച്ചു കളഞ്ഞ, തേവര മട്ടമ്മലിലെ എണ്‍പതുകാരി അല്ലിയമ്മയുടെ പാതിതകര്‍ന്ന വീട് ഒരുവശത്ത്. 2014 സെപ്തംബര്‍ 17 ന് ബില്‍ഡിംഗ് ഇന്‍പെക്ടര്‍ ഗോപകുമാര്‍ ജി. നല്‍കിയ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനധികൃത നിര്‍മാണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി പൊളിക്കാന്‍ ഉത്തരവിട്ടിട്ടും നിവര്‍ന്നു നില്‍ക്കുന്ന കെടിസിയുടെ പതിമൂന്നാം നില മറുവശത്ത്.

 

അല്ലിയമ്മയ്ക്ക് 80 വയസായി; കൊച്ചി നഗരപിതാവ് വഴി ഉമ്മന്‍ കോശി എന്ന മുതലാളി ജീവിക്കുന്ന വിധം

 

മിസ്റ്റര്‍ മേയര്‍, താങ്കളുടെ ഭരണപരിധിയില്‍ രണ്ടുതരം പൗരന്മാരുണ്ടോ? പണമുള്ളവരെന്നും പണമില്ലാത്തവരെന്നും?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍