UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീകള്‍ ഭയത്തോടെ ജീവിക്കുന്ന ഈ നഗരത്തെയാണോ നിങ്ങള്‍ വികസിതമെന്നു വിളിക്കുന്നത്?

Avatar

എയ്ഞ്ചല്‍ മേരി മാത്യു

‘വാതില്‍ പൂട്ടി മുറിക്കുള്ളിലിരിക്കണം, ആരു വന്നു വിളിച്ചാലും തുറക്കരുത്’; മക്കളെ വീട്ടില്‍ തനിച്ചാക്കി പുറത്തുപോകുന്ന മാതാപിതാക്കളുടെ പതിവു നിര്‍ദ്ദേശങ്ങള്‍. ഇന്നിപ്പോള്‍ നഗരത്തിന്റെ പ്രശാന്ത സുന്ദര മേഖലകളില്‍ പോലും ആള്‍പ്പാര്‍പ്പുള്ളതും സുരക്ഷിതമെന്നു തോന്നിക്കുന്നതുമായ സ്ഥലങ്ങളില്‍ പോലും മക്കളെ തനിച്ചാക്കിപോകുന്ന മാതാപിതാക്കളുടെ മനസ്സില്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്കൊണ്ടൊന്നും കെടാത്ത തീയാണ്. അയല്‍ക്കാരുടേയും ബന്ധുകളുടെയും പക്കല്‍ മക്കളെ ഏല്‍പ്പിച്ച്, രാത്രിയും പകലുമൊക്കെ ഷിഫ്റ്റനുസരിച്ചു ജോലിക്കു പോകുമ്പോള്‍, അവര്‍ സുരക്ഷിതരായിരിക്കുമെന്നു കരുതിയിരുന്ന മാതാപിതാക്കളുടെ വിശ്വാസത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് പെരുമ്പാവൂരിലെ ജിഷയുടെ ക്രൂരകൊലപാതകം. സാഹചര്യങ്ങള്‍ പലതും വ്യത്യസ്തമാണെങ്കിലും ജിഷയുടെ അമ്മയില്‍ തങ്ങളെ തന്നെ കാണുകയാണ് നഗരത്തിലെ ഓരോ അമ്മമാരും. ജിഷയ്ക്ക് നീതിലഭിക്കണം എന്നാവശ്യപ്പെട്ടു സമരങ്ങളും പ്രതിഷേധങ്ങളും നടക്കുന്ന, പതിവിലേറെ തിരക്കേറിയ കൊച്ചി നഗരത്തിന്റെ ഓരോ കോണിലിരുന്നും സ്ത്രീകള്‍ പറയുന്നത് ദുരനുഭവങ്ങളാണ്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഒട്ടും സുരക്ഷിതമല്ല കൊച്ചിയെന്നാണ് അവര്‍ പറയുന്നു.

രാത്രി വൈകി സഞ്ചരിക്കുന്ന സ്ത്രീകളെ സദാചാര പോലീസ് ചമഞ്ഞ് ഉപദ്രവിക്കുന്നതും തരംകിട്ടിയാല്‍ കൂട്ടമായും ഒറ്റയ്ക്കും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ആക്രമിക്കുന്നതും ഈ നഗരത്തില്‍ പതിവാണ്. ഈ പരിതസ്ഥിതികളോടെല്ലാം പൊരുതിയും കലഹിച്ചും, പൊതുയിടങ്ങളില്‍ തുല്യപങ്കാളിത്തം ഉറപ്പുവരുത്താന്‍ കിഞ്ഞഞ്ഞു പരിശ്രമിച്ചിരുന്ന സ്ത്രീകള്‍ പോലും ഇപ്പോള്‍ ഒരുതരം മരവിപ്പിലാണ്. സുരക്ഷിതം എന്നുറച്ചു വിശ്വസിച്ചിരുന്ന ഇടങ്ങളില്‍പ്പോലും എന്തുവേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നു തിരിച്ചറിയുമ്പോഴുള്ള അരക്ഷിതത്വബോധം അവരില്‍ ഏറിയിരിക്കുന്നു.

കൊച്ചി നഗരത്തിന്റെ കുതിപ്പിന്റെ നട്ടെല്ല് ഇടതടവില്ലാത്ത പൊതുഗതാഗതസംവിധാനമാണ്. നഗരത്തിലെ ഒരു പ്രമുഖകോളജ്, കഴിഞ്ഞ വനിതാദിനത്തില്‍ രാത്രി വൈകി പൊതുഗതാഗത സംവിധാനങ്ങളില്‍ സഞ്ചരിക്കുന്ന സ്ത്രീകളെ കണ്ടെത്തി ആദരിച്ചിരുന്നു. ദൂരസ്ഥലങ്ങളില്‍ നിന്നും നഗരത്തിലെത്തിയും വൈകി സഞ്ചരിച്ചും ജോലി ചെയ്യുന്ന ധാരാളം സ്ത്രീകളുണ്ട്. പക്ഷേ എട്ടുമണിക്കുശേഷം ബസുകളിലും ഓട്ടോറിക്ഷകളിലും ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ കണ്ടെത്താന്‍ പ്രയാസമാണ്. ആരെങ്കിലും കൂടെ ഉണ്ടെങ്കില്‍പ്പോലും ‘ഈ അസമയത്ത് എവിടേക്കാ’ എന്നര്‍ത്ഥമുള്ള തുറിച്ചുനോട്ടങ്ങള്‍ നേരിട്ടുകൊണ്ടാവും യാത്ര ചെയ്യേണ്ടി വരിക. പട്ടാപ്പകല്‍ പോലും ആളൊഴിഞ്ഞ ബസില്‍ കയറിയാല്‍, ആരുടെയെങ്കിലുമൊക്കെ അശ്ലീലഗാനമോ നോട്ടമോ ചുറ്റിനുമുണ്ടാകും. പല സ്ത്രീകളും അപരിചിതമായ സാഹചര്യങ്ങള്‍ തീര്‍ത്തും ഒഴിവാക്കുന്നതിനു മാത്രമാണ് ശ്രദ്ധിക്കുന്നത്.

 

പുലര്‍ച്ചെ എഴുന്നേറ്റു വീട്ടുജോലികള്‍ ഒതുക്കി ജോലിസ്ഥലത്തേക്ക് നെട്ടോട്ടമോടി, അവിടെനിന്നും തിരിച്ചുവീട്ടിലേക്കോടി, പരിക്ഷീണിതരായ സ്ത്രീകള്‍ കണ്ണുംകാതും കൂര്‍പ്പിച്ചാണ് നഗരത്തിലൂടെ യാത്രചെയ്യുന്നത്. പല സ്ത്രീകളുടെയും ജോലിസമയം അവസാനിക്കുന്നത് പരിചയമുള്ള, സ്ഥിരംയാത്ര ചെയ്യുന്ന ഒരു ബസിന്റെ സമയം ആശ്രയിച്ചിരിക്കും. ആ ബസ് പോയാല്‍ മറ്റൊന്ന് അല്ലെങ്കിലൊരു ഓട്ടോ എന്നു വിചാരിക്കാനുള്ള റിസ്‌ക്‌പോലും അവര്‍ക്ക് ഏറ്റെടുക്കാനാവില്ല. വിദ്യാര്‍ത്ഥികളുടെ കാര്യമാണ് അതിലും ദുരിതം. ഫുട്‌ബോള്‍ കളിക്കാനുള്ള സ്ഥലം ഉണ്ടല്ലോ എന്നും പറഞ്ഞു ജീവനക്കാര്‍ അകത്തേയ്ക്കു യാത്രക്കാരെ കുത്തിക്കേറ്റുമ്പോള്‍, ഇടയില്‍പ്പെട്ടുപോകുന്ന കുട്ടികള്‍ പലവിധത്തില്‍ ഉപദ്രവിക്കപ്പെടുന്നുണ്ട്. ശാരീരിക പീഡകള്‍ മാത്രമല്ല, അശ്ലീലപ്രയോഗങ്ങളും അസഹനീയം. ബസ് യാത്ര ചെയ്യാന്‍ ഭയമാണ് വിദ്യാര്‍ത്ഥികള്‍ക്ക്. യാത്രയ്ക്കിടയിലെ അപകടങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒന്നു മയങ്ങാന്‍ പോലും പേടിയാണെന്ന്, ദിവസവും പ്രൈവറ്റ് ബസ്സില്‍ യാത്രചെയ്യുന്ന ബി.എസ്.എന്‍.എല്‍ ജീവനക്കാരി പറയുന്നു. തൊടുന്നതും പിടിക്കുന്നതും ഒക്കെമാറി, നിന്നനില്‍പ്പില്‍ പൊതുസ്ഥലങ്ങളില്‍ നിന്നുപോലും സ്ത്രീകളെ തട്ടിക്കൊണ്ടുപോവുകയാണ്. തനിക്കു മുന്നില്‍ വരുന്ന മനുഷ്യരെയെല്ലാം സംശയിച്ച്, എന്തു പ്രതിരോധത്തിനും തയ്യാറായിട്ടാണ് ഇവിടെ ഓരോ പെണ്ണും സഞ്ചരിക്കുന്നത്.

ബസ്‌പോലെ തന്നെ നഗരത്തിലെത്താന്‍ ബോട്ടിനെ ആശ്രയിക്കുന്നവരുടെ എണ്ണവും ചെറുതല്ല കൊച്ചിയില്‍. ജോലിക്കായി നഗരത്തിലെത്തുന്ന നല്ലൊരു ശതമാനം സ്ത്രീകളും വിദ്യാര്‍ത്ഥികളും കഴിവതും ബോട്ടിനെ ആശ്രയിക്കുന്നതു താരതമ്യേന സുരക്ഷിതം എന്നതു കൊണ്ടാണ്. തേവര ഫെറിയില്‍ നിന്നും എട്ടരമണിവരെ നെട്ടൂരിലേക്കും ഒന്‍പതരമണിവരെ കുമ്പളത്തേയ്ക്കും ബോട്ട് സര്‍വീസുകളുണ്ട്. ഇരുഭാഗത്തേക്കും സഞ്ചരിക്കുന്ന സ്ത്രീകള്‍ ഒന്നടങ്കം, കൂടുതല്‍ സുരക്ഷിതം ബോട്ട് തന്നെയാണെന്ന് പറയുന്നു. വൈകി സഞ്ചരിക്കേണ്ടി വന്നാലും പരിചയമുള്ള ജീവനക്കാരും സ്ഥിരം യാത്രക്കാരുമുള്ള ബോട്ട് വലിയൊരു ആശ്വാസമാണെന്ന്, നാല്‍പ്പതു വര്‍ഷമായി കുമ്പളത്ത് നിന്നും നഗരത്തിലേക്ക് ബോട്ടു മാര്‍ഗം വന്നു ജോലി ചെയുന്ന യാത്രക്കാരി പറയുന്നു. അവസാന ട്രിപ്പിലും സങ്കോചമില്ലാതെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളുണ്ടാവുമെന്ന് ബോട്ട് ജീവനക്കാരും പറയുന്നു. രാവിലെയും വൈകിട്ടുമാണ് ഏറ്റവും കൂടുതല്‍ തിരക്കുണ്ടാവുക. അവധിക്കാലമായതിനാല്‍ അത്ര തിരക്കൊന്നും കാണാത്ത ബോട്ടിലിരുന്ന് ഒരു കോളജ് വിദ്യാര്‍ത്ഥിനി, ബസുകള്‍ കയറി ഇറങ്ങേണ്ടതും വഴിയിലുള്ള അപകടങ്ങളെയും കുറിച്ചോര്‍ക്കുമ്പോള്‍, ബോട്ട് തന്നെയാണ് സുരക്ഷിതം എന്ന് സാക്ഷ്യപെടുത്തുന്നു. പരിചയമുള്ള യാത്രക്കാര്‍ ഇപ്പോഴും കൂടെയുണ്ടാവുമെന്നുള്ളതിനാല്‍, അല്‍പം കാത്തിരിക്കേണ്ടിവന്നാലും സമയം തെറ്റിയാലും ബോട്ട് തന്നെയാണ് ഇവരുടെ ആശ്രയം.

നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പലപ്പോഴും പരാതിയുടെ നിഴലിലാണ്. ഒറ്റയ്ക്ക് ഓട്ടോയില്‍ യാത്രചെയ്യുമ്പോള്‍ അന്യായ കൂലി ആവശ്യപ്പെടാറുണ്ടെന്നു കാക്കനാട്ടെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരി പറയുന്നു. പ്രതികരിക്കുമ്പോള്‍ കയര്‍ത്തു സംസാരിക്കും. ആളുകള്‍ ശ്രദ്ധിക്കുന്നതോര്‍ത്തു ചോദിച്ച കൂലി നല്‍കി പോന്നാലും പിന്നില്‍ അസഭ്യവാക്കുകള്‍ കേള്‍ക്കാം. ചുറ്റിലുമുള്ള ആരെങ്കിലും ഒരാള്‍, കാരണം അന്വേഷിച്ചു വന്നിരുന്നെങ്കില്‍ പിടിച്ചുനില്‍ക്കായിരുന്നു എന്നുകൂടി അവര്‍ കൂട്ടിചേര്‍ക്കുമ്പോഴാണ് സ്ത്രീകളോട് നഗരം പുലര്‍ത്തുന്ന നിസ്സംഗതയുടെ ആഴം വ്യക്തമാകുന്നത്.

ബസ് സര്‍വീസ് ഇല്ലാത്തതോ കുറവോ ആയ ഇടങ്ങളില്‍ അല്ലെങ്കില്‍ ബസ്സിറങ്ങി ഏറെ നടക്കേണ്ടി വരുന്നയിടങ്ങളില്‍ ഓട്ടോ അല്ലാതെ സാധാരണക്കാര്‍ക്കു വേറെ മാര്‍ഗമില്ല. പക്ഷേ പട്ടാപ്പകല്‍ യാത്ര ചെയ്യുമ്പോള്‍ മന:പൂര്‍വ്വം വഴിതിരിച്ചുവിട്ട അനുഭവം ഭാരതമാത കോളജിലെ എംഎ വിദ്യാര്‍ത്ഥിനി പങ്കുവെയ്ക്കുന്നു. ഉച്ചത്തില്‍ വണ്ടിനിര്‍ത്താന്‍ ആവശ്യപ്പെട്ടപോള്‍ വണ്ടി നിര്‍ത്തി. അപരിചിതമായ ഒരുസ്ഥലത്തു നിന്നു എങ്ങനെയോ രക്ഷപ്പെട്ടതോര്‍ത്ത് ആശ്വസിക്കുകയാണിപ്പോള്‍. അന്നു പരാതിപ്പെടാന്‍ തയ്യാറായില്ല എന്നോര്‍ത്ത് ഇപ്പോള്‍ ഖേദിക്കുന്നു. മാന്യമായി പെരുമാറുന്ന ഡ്രൈവര്‍മാര്‍ ധാരാളം ഉണ്ടെന്നറിയാമെങ്കിലും ആ സംഭവത്തിന് ശേഷം തനിച്ച് ഓട്ടോയില്‍ യാത്രചെയ്യാന്‍ ഭയമാണെന്നു കൂടി ആ വിദ്യാര്‍ത്ഥിനി പറയുന്നു.

പക്ഷെ ഈ പൊതുസംവിധാനങ്ങളില്‍ നിന്നൊക്കെ അകന്ന് മാറി ജീവിക്കുന്ന ഒരു സ്ത്രീ സമൂഹം നേരിടുന്ന ദുരിതം എണ്ണമറ്റതാണ്; അവരുടെ പരാതികള്‍ക്കോ പരിവേദനങ്ങള്‍ക്കോ കാര്യമായ പ്രസക്തിയില്ല. അതുക്കൊണ്ട് തന്നെ പരാതിപെടാന്‍ പലപ്പോഴും അവരൊട്ടു മെനക്കെടാറുമില്ല.

വര്‍ദ്ധിച്ച ലഹരി ഉപയോഗം സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് ഒരു പ്രധാന കാരണമാണ് എന്നത് ഒരു വിലയിരുത്തലിനപ്പുറം അതു പരിഹരിക്കാനോ പ്രതിരോധിക്കാനോ ഉള്ള മാര്‍ഗ്ഗങ്ങളിലേക്ക് കടന്നിട്ടില്ല. പക്ഷേ ലഹരി ഒരു മറയാക്കുന്നു എന്നും അനുഭവങ്ങളെ സാക്ഷ്യം നിര്‍ത്തി ചിറ്റൂര്‍ സ്വദേശിനി പറയുന്നു. ഇടവഴിയില്‍ മദ്യപിച്ചപോലെ ആടിയുലഞ്ഞു വന്ന വ്യക്തി മന:പൂര്‍വം എതിരെ വന്നു തട്ടിവീഴ്ത്തുകയായിരുന്നു. മോക്ഷണശ്രമമാണോ എന്ന് സംശയിച്ചു പകച്ചുനില്‍ക്കുമ്പോള്‍ അപമര്യാദയായി പെരുമാറിക്കൊണ്ട് കടന്നുപോയി. ഞെട്ടലിനുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ രണ്ടു കാലുകളും ഉറപ്പിച്ച് ഓടുകയായിരുന്നു അയാള്‍. പൊതുവഴിയായാലും ഇടവഴിയായായാലും ഒരുപോലെ സുരക്ഷിതമല്ലെന്നിരിക്കെ, വീടിനു മുമ്പിലും ഇടവഴികളിലും ഓടിക്കളിച്ചു നടക്കുന്ന ചെറിയ കുഞ്ഞുങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയം കൊണ്ട് നിശബ്ദരാവുകയാണ് അമ്മമ്മാര്‍.

ബസ്സ് സ്‌റ്റോപ്പുകള്‍, ഇടവഴികള്‍ എന്നുവേണ്ട, എവിടെയും ലിംഗപ്രദര്‍ശനം സ്ഥിരം ഏര്‍പ്പാടാണ്. മുണ്ടുടുത്തവന്‍, പാന്റിട്ടവന്‍ എന്നൊന്നും വ്യത്യാസമില്ല. പെണ്‍കുട്ടികളാണ് സ്ഥിരം ഇരകള്‍. ആരെങ്കിലും പ്രതികരിക്കുന്നു എന്നുകണ്ടാല്‍ ആ നിമിഷം അപ്രത്യക്ഷമാകും. പക്ഷേ ഭൂരിപക്ഷം സ്ത്രീകളും പ്രതികരിക്കാതെ, പ്രതിഷേധിക്കാതെ പലപ്പോഴും വിതുമ്പി കരഞ്ഞുകൊണ്ട് മറ്റൊരു ദിശയിലേക്ക് കണ്ണോടിച്ച്, ഒന്നും അറിയാത്തമട്ടില്‍ നില്‍ക്കും. ഇത്തരത്തിലുള്ള വൈകൃത്യങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കു കിട്ടുന്ന വലിയ പ്രോത്സാഹനം ഇതാണെന്ന് സ്ത്രീകള്‍ മനസ്സിലാക്കുന്നില്ല. ഇനി ആരെങ്കിലും ഒന്നു പ്രതികരിച്ചാല്‍, സഹായിക്കാനോ എന്തെന്ന് അന്വേഷിക്കാനോ പോലും തയ്യാറാവാതെ ചുറ്റുമുള്ളവര്‍ നോക്കി നില്‍ക്കുകയേ ചെയ്യൂ. നിസ്സംഗത പാലിക്കുന്നതില്‍ മുന്നില്‍ സ്ത്രീകള്‍ തന്നെയാണ്. ഭൂരിപക്ഷം സ്ത്രീകളും, അവജ്ഞയോടെ നിസംഗതയോടെ നോക്കിനില്‍ക്കുന്ന സമൂഹത്തെ പേടിച്ച് അവരില്‍ ഒരാളായി ഒതുങ്ങിക്കൂടും. പരസ്യമായി പുകവലിക്കുന്നതും മദ്യപിക്കുന്നതും നിരോധിച്ചിട്ടുള്ളതു പോലെ, പരസ്യമായി മൂത്രമൊഴിക്കുന്നതും നിരോധിക്കണമെന്നത് പലപ്പോഴായുള്ള ആവശ്യമാണ്. 

ജിഷ വധക്കേസില്‍ നിന്നും പാഠമുള്‍ക്കൊണ്ട്, പ്രതിരോധിക്കുകയല്ലാതെ വേറെയൊരു മാര്‍ഗ്ഗമില്ലെന്ന് നല്ലൊരു ശതമാനം അമ്മമാരും തിരിച്ചറിയുന്നു. പുറത്തുപോകുന്ന, രാത്രി വൈകി സഞ്ചരിക്കുന്ന മക്കളോട് ഏതു വിപരീത സാഹചര്യം വന്നാലും ശക്തമായി പ്രതികരിക്കാന്‍ പറയുന്നുണ്ടിപ്പോള്‍. പക്ഷേ ദുരനുഭവങ്ങള്‍ പുറത്തു പറയാന്‍ എത്ര കുടുംബങ്ങള്‍ ഇനിയും തയ്യാറാകുമെന്ന് സംശയമാണ്. സ്വയംസുരക്ഷയക്കു വേണ്ടിയുള്ള കാര്യങ്ങള്‍ ഊന്നിപ്പറഞ്ഞുക്കൊണ്ട് നിരവധി ബോധവത്കരണ ക്ലാസ്സുകള്‍ നമ്മുടെ സ്‌കുളുകളിലും കോളജുകളിലും നടക്കുന്നുണ്ട്. പക്ഷേ ഇവയുടെ പ്രയോഗികതയും സാധ്യതകളും ഇനിയും തിരിച്ചറിയേണ്ടിരിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് മാത്രം മതിയോ ബോധവത്കരണം എന്നതും പ്രസക്തമാണ്.

കുറ്റവാളികള്‍ രക്ഷപെടുകയോ ഇര തന്നെ അപമാനിക്കപെടുകയോ ചെയ്യുന്ന നമ്മുടെ നീതിന്യായ ചരിത്രമാണ് ഏറ്റവും വലിയ വിലങ്ങുതടി. ജിഷയ്ക്ക് നീതിലഭിക്കണം എന്നാവശ്യപ്പെട്ടു ലോ കോളജിനു മുന്നിലുള്ള സമരപന്തലിനെ നോക്കി, എന്ത് നീതിയാണ് ആ കുട്ടിക്ക് ഇനി കിട്ടുക എന്ന് ചോദിക്കാന്‍ ഒരമ്മയെ പ്രേരിപ്പിക്കുന്നതും അതാണ്. രാജ്യത്തു ലഭിക്കാവുന്നതില്‍ വെച്ചു ഏറ്റവും വലിയ ശിക്ഷ തൂക്കിക്കൊല്ലുന്നതാണ് എന്ന് പൂര്‍ണ്ണബോധ്യമുണ്ടായിട്ടും പ്രതികളെ ജനങ്ങള്‍ക്കു വിട്ടുകൊടുക്കണമെന്നും ലിംഗം ഛേദിച്ചുകളയണം എന്നൊക്കെ ക്ഷുഭിതരായി പറയുന്നതു ഭയം കൊണ്ടാണ്. സ്ത്രീകള്‍ ഭയത്തോടെ ജീവിക്കുന്ന ഒരു നഗരത്തെ വികസിതം എന്ന് വിശേഷിപ്പിക്കുന്നത് ഒന്ന് കൂടി ചിന്തിച്ചിട്ടാവുന്നത് നല്ലതാണ്…

(മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍