UPDATES

അന്ന മിനി

കാഴ്ചപ്പാട്

അന്ന മിനി

യാത്ര

ജീവിതം ഇങ്ങനെയൊക്കെയാണ്; അതറിയണേല്‍ യാത്ര ചെയ്യണം

അന്ന മിനി

അങ്ങനെ ഇരിക്കുമ്പോള്‍ വീണുകിട്ടിയ ഒരു മൂന്നാര്‍ യാത്രയായിരുന്നു അത്. തലേ രാത്രിയിലെ ചൂടിന്റെയും കൊതുക് കടിയുടെയും കെട്ട് മാറാത്ത പ്രഭാതം. എപ്പോഴത്തേയും പോലെ വിചാരിച്ചതിലും വളരെ വൈകി ഏഴുമണിയോടെ യാത്ര തുടങ്ങി. കടം വാങ്ങിയ മോട്ടോര്‍സൈക്കിളില്‍, എന്നോളം വരുന്ന ബാഗും പുറകില്‍ തൂക്കിയിരിപ്പായി. കുടുകുടു ശബ്ദം കേട്ടുകൊണ്ടൊരു റോഡ് ട്രിപ്പ് സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് കുറേ കാലമായിരുന്നു. മഴയില്‍ കുളിച്ചുണര്‍ന്നു നില്‍ക്കുന്ന പാതകള്‍, നേവല്‍ ബേസിന് മുന്നില്‍ തടിച്ച് കൂടി നില്‍കുന്ന ജീവനക്കാര്‍, അങ്ങും ഇങ്ങും വലിയ ചുമടുകള്‍ തോളിലേന്തിയ വിദ്യാര്‍ത്ഥികള്‍. കൊച്ചി നഗരം ഉണര്‍ന്നു വരുന്നതേയുള്ളൂ. ചായക്കടകള്‍ മാത്രം സജീവം. കൊച്ചിയും പെരുമ്പാവൂരും കോതമംഗലവും ഒക്കെ പിന്നിലാക്കി. ചൂട് പൊറോട്ടയും എരിവുള്ള പോത്തും ഡബിള്‍ സ്രോങ്ങ് ചായയും തട്ടിയതിന്റെ പിന്‍ബലത്തില്‍ മോട്ടോര്‍സൈക്കില്‍ ഓടിക്കാന്‍ ഒരു ശ്രമം നടത്തി. കവലയിലെ ചേച്ചി, ചേട്ടന്മാര്‍ക്ക് ചിരിക്കാന്‍ ഒരു കാരണമായി എന്നല്ലാതെ ആ കുന്ത്രാണ്ടം ഒന്നനങ്ങി പോലും ഇല്ല!

 

മുന്നാറിന്റെ മുഖമുദ്രയായ തേയിലത്തോട്ടങ്ങള്‍ വേദി കയ്യടക്കും മുന്‍പ് തന്നെ മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു. തേയിലക്കാടുകളും റിസോര്‍ട്ടുകളും ഇല്ലാത്ത കുറെ കവലകള്‍ താണ്ടി, ഇറങ്ങിയും കയറിയും വളഞ്ഞും പുളഞ്ഞും, വഴി തെറ്റി കറങ്ങിയും ഒടുവില്‍ ആ കുന്നില്‍ മുകളിലെ മഞ്ഞയില്‍ മുങ്ങിയ വീടിന് മുന്നില്‍ വണ്ടി നിന്നു. എട്ടോളം മുറികളും ആവശ്യത്തില്‍ അധികം കട്ടിലുകളും കസേരകളും അതും പോരാഞ്ഞ് രണ്ടുപേര്‍ക്കിരിക്കാന്‍ പാകത്തിന് വാതില്‍ പടികളുമുള്ള ഓടിട്ട വീട്. ചിത്രകാരനായ സുഹൃത്താണ് ഇവിടുത്തെ താല്‍കാലിക ഗൃഹനാഥന്‍. മുറ്റത്ത് ഉണങ്ങാന്‍ ഇട്ടിരിക്കുന്ന കാപ്പിക്കുരുവും കൊക്കോയും, ചുറ്റും പല തരത്തില്‍ ഉള്ള പച്ചക്കറികള്‍, കപ്പ, ഏലം ഇവയൊക്കെ കൃഷി ചെയ്തിരിക്കുന്നു. രണ്ട് ഭാഗങ്ങളിലായി മൂന്ന് വിറകടുപ്പുകള്‍. ഇതൊന്നും പോരാഞ്ഞിട്ട് രണ്ട് പശുക്കളും വിശാലമായ പറമ്പും. ആധുനിക സംവിധാനങ്ങളെ കൂട്ടുപിടിക്കാതെ തന്നെ സ്വയം പര്യാപ്തമായ ഒരിടം.

 

 

എന്നാല്‍ അകത്തേക്ക് കേറുമ്പോള്‍ കഥമാറും. പരിചിതമായ മണങ്ങള്‍ തങ്ങി നില്‍ക്കുന്ന മുറികള്‍. കസേരകളിലും മേശപ്പുറത്തും ചിതറി കിടക്കുന്ന ചാര്‍കോളുകളും സിഗരറ്റു പാക്കറ്റുകളും. മുന്‍പെത്തിയ ചങ്ങാതിക്കൂട്ടം നിരത്തി വച്ചിരിക്കുന്ന ഭാണ്ഡക്കെട്ടുകളുടെ കൂടെ ഞങ്ങളുടെ സംഭാവനയായ രണ്ടെണ്ണം കൂടി ഇരികട്ടെ. അതുകൊണ്ടും തീര്‍ന്നില്ല; കെട്ടുകളുടെ എണ്ണം വീണ്ടും കൂടി. ജഡപിടിപ്പിച്ച മുടിയും താടിയും ഉള്ള സുന്ദര ഗൃഹനാഥന്‍. പല വലിപ്പത്തിലും ആകൃതിയിലും താടിയില്‍ ശില്പങ്ങള്‍ തീര്‍ത്ത വേറെയും താടി കലാകാരന്മാര്‍. കൂടെ രണ്ടു പെണ്‍പിള്ളേരും. കേരളത്തിന്റെ സദാചാര കണ്ണിലൂടെ നോക്കിയാല്‍ കുഴപ്പക്കാരുടെ ഒരു കൂട്ടം! സദാചാരികളുടെ മന:സമാധാനത്തിനായി എല്ലാവരും പരസ്പരം ഭാര്യാ, ഭര്‍ത്താക്കന്‍മാരായി രൂപാന്തരം പ്രാപിച്ചു. അങ്ങനെ ഞങ്ങള്‍ ഏഴെട്ടുപ്പേര്‍ നാടിന്റെ അരക്ഷിതാവസ്ഥയില്‍ നിന്നും സ്വന്തം വേഷങ്ങളില്‍ നിന്നും മാറി ഒരു രാത്രി ഖോഷിക്കാനുള്ള തയ്യാറെടുപ്പുകളിലേക്ക് കടന്നു. കുറച്ച് കള്ളും ഒരുപാട് തണുപ്പും പാട്ടും താളവും ചിരിയും അട്ടഹാസങ്ങളും അവിടമാകെ നിറഞ്ഞ് നിന്നു. പറമ്പില്‍ ചികഞ്ഞ് പെറുക്കിക്കൂട്ടിയ കമ്പി കഷ്ണങ്ങളില്‍ നിരത്തിയിട്ടു മുറ്റത്ത് കൂട്ടിയ അടുപ്പു തീയില്‍ വേവിച്ച കോഴിക്കാലുകളും ഒക്കെ കൂടി ആഹ്ലാദം പകര്‍ന്ന ഒരു മൂന്നാര്‍ സ്‌പെഷ്യല്‍ രാത്രി.

 

ബോധം മറഞ്ഞ രാത്രി വെളുത്തത് പിറ്റേന്ന് നട്ടുച്ചക്കാണ്. എന്നത്തേയും പോലെ തോമസേട്ടനും പക്രുവും കൃത്യസമയത്ത് ഹാജര്‍. വീടിന്റെയും പറമ്പിന്റെയും നടത്തിപ്പുകാരനാണ് തോമസേട്ടന്‍. തോമസേട്ടന്റെയും പക്രുവിന്റെയും സേവനം ചേര്‍ത്താണ് വീട്ടുവാടക എന്ന് തന്നെ പറയാം. ആള് എന്നും രാവിലെ പക്രു എന്ന നായയുമായി സ്ഥലത്തെത്തും. പുള്ളിക്ക് മാത്രമായി പുറകിലത്തെ വരാന്തയില്‍ ഒരു അടുപ്പുണ്ട്. ശേഖരിച്ച വിറകുകള്‍ അവിടെ അടുക്കി കൂട്ടി വെച്ചിട്ടുണ്ട്. സകല പാത്രങ്ങളും അവശ്യവസ്തുക്കളും ഭക്ഷണ പദാര്‍ത്ഥങ്ങളും ഉള്ള ഒരു മുറിയുണ്ട്. ആള് എന്നത്തേയും പോലെ വന്ന് വെള്ളം തിളപ്പിച്ചു, കരിപുരണ്ട അലുമിനിയ കലത്തില്‍ ചോറും കറിയും കാലാക്കി വെച്ചിട്ട്, കൃഷി പണിയിലേക്ക് കടന്നു. നഗര ഗ്രാമങ്ങള്‍ക്കിടയില്‍ വിപരീത ദിശയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കൂട് മാറ്റങ്ങളുടെ വേദിയാണ് ഈ കുഞ്ഞു കൊട്ടാരം. പണ്ട് മലകയറി വന്ന് ഈ പ്രദേശത്ത് കുടിയേറി പാര്‍ത്ത്, ഇവിടമെല്ലാം കൃഷിയോഗ്യമാക്കിയവരുടെ പുതുതലമുറ ഇവയൊക്കെ തോമസേട്ടനെ ഏല്‍പ്പിച്ച് നഗരജീവിതം തിരഞ്ഞെടുത്തപ്പോള്‍, നഗരജീവികളായ ഞങ്ങള്‍ ഇവിടേക്ക് ചേക്കേറി. മറ്റൊരു കുടിയേറ്റത്തിന്റെ കഥയും കൂടി മുന്നാറിലെ കൃഷിയിടങ്ങള്‍ക്ക് പറയാനുണ്ട്. കാര്‍ഷിക പ്രധാനമായ ഇവിടുത്തെ പുരയിടങ്ങളില്‍ അധികവും ഇന്ന് നിലനില്കുന്നത് ഉത്തരേന്ത്യയില്‍ നിന്നെത്തുന്ന തൊഴിലാളി കൂട്ടങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലമായാണ്.

 

 

അഞ്ചു മണിയോടെ തൊട്ടടുത്ത് നില്‍ക്കുന്നവരെ കാണാനാകാത്തവിധം മഞ്ഞു കേറി തുടങ്ങും മൂന്നാറിലെങ്ങും. ‘മഞ്ഞ് വരും പോകും, എന്നുവെച്ച് വിട്ടുകൊടുക്കാന്‍ പാടില്ലല്ലോ’. ചക്രങ്ങള്‍ വീണ്ടും കറങ്ങി. തേയിലത്തോട്ടങ്ങള്‍ നിങ്ങള്‍ക്ക് ഇന്ന് ദര്‍ശനമില്ല എന്ന് ഉറപ്പിച്ച് പറഞ്ഞു. ഏലത്തോപ്പുകള്‍ക്കും വന്‍മരങ്ങള്‍ക്കും പേരറിയാത്ത പൂച്ചെടികള്‍ക്കും നടുവിലൂടെയുള്ള പൊട്ടി പൊളിഞ്ഞ പാതയിലൂടെ പോകുമ്പോള്‍, ഏതോ ഹോളിവുഡ് റോഡ് ട്രിപ്പ് ഫ്രെയിമില്‍ ഞങ്ങളും എത്തിപെട്ടതുപോലൊരു തോന്നല്‍. ചില്ലകള്‍ക്കിടയിലൂടെ നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്ന സൂര്യരശ്മികളും സന്ധ്യയുടെ നിറങ്ങളും. ഏതൊരു ചിത്രകാരനും തോറ്റുപോകുന്ന കളര്‍ കോമ്പിനേഷന്‍. ആ വഴി ചെന്നെത്തുന്നത് തമിഴ് ഗ്രാമങ്ങളിലേക്കാണ്. തൊട്ടുതൊട്ടിരിക്കുന്ന ഇരുമുറി വീടുകള്‍. മാരിയമ്മന്‍ സ്തുതിയെ പിന്തുടര്‍ന്ന് എത്തിപെട്ടത് ഒരു ചിന്ന കോവിലിനു മുന്നില്‍. വെട്ടിത്തിളങ്ങുന്ന ഷിഫോണ്‍ സാരിയുടുത്ത തമിഴ് സ്ത്രീകള്‍, തലയില്‍ പിച്ചള കുടമേന്തി മാരിയമ്മന് മുദ്രാവാക്യം വിളിച്ച്‌കൊണ്ട് മലകയറുന്നു. കുടത്തില്‍ നെല്‍ക്കതിരിനോട് സമാനമായ എന്തോ നിറച്ചിട്ടുണ്ട്. ഉള്‍നാടന്‍ തമിഴ് സംസ്‌കാരത്തെ കണ്ടും അറിഞ്ഞും, വഴിയോര കടകളിലെ സ്‌പെഷ്യല്‍ ചായയുടെ ചൂട് നുകര്‍ന്നും ആ ഹോളിവുഡ് ഫ്രെയിമിലൂടെ കയറിയിറങ്ങി കൂടണഞ്ഞു.

 

ഇനി എന്തായാലും തേയിലത്തോട്ടങ്ങള്‍ വിട്ടുള്ള കളിയില്ല എന്ന് തീരുമാനിച്ചാണ് മൂന്നാം ദിവസം പുറത്തേക്കിറങ്ങിയത്. ചക്രങ്ങള്‍ രണ്ടില്‍ നിന്നും നാലിലേക്ക് മാറി, ഞങ്ങള്‍ രണ്ടില്‍ നിന്നും അഞ്ചിലേക്കും. കണ്ണെത്താദൂരത്തോളം തേയിലത്തോട്ടങ്ങള്‍, ഇടയിലൂടെ വളഞ്ഞും പുളഞ്ഞും കിടക്കുന്ന പാത. പച്ചവിരിച്ച തേയില ചെടികള്‍ക്കിടയിലൂടെ ചുമപ്പും മഞ്ഞയും നിറമുള്ള ആനവണ്ടി വളവു തിരിഞ്ഞ് വരുന്ന ദൃശ്യത്തിന് ഏതോ വേള്‍ഡ് സിനിമയിലെ ലോങ്ങ് ഷോര്‍ട്ടിനോട് സാമ്യം തോന്നിപ്പിക്കും. നിറഞ്ഞ പച്ചക്കിടെ അപൂര്‍വമായി കടും ചുമല പൂക്കളുള്ള ഒരു വലിയ മരം സെന്റര്‍ ഓഫ് അട്രാക്ഷന്‍ എന്നോണം കാണപ്പെട്ടു. പാഞ്ഞു വരുന്ന വണ്ടികളല്ലാതെ മനുഷ്യ രൂപങ്ങളൊന്നും കാണാന്‍ ഇല്ല. വെയില് താഴുംതോറും നിഴല്‍ വീഴുന്നിടത്ത് തേയിലത്തോട്ടങ്ങളുടെ നിറം മാറുന്ന പോലൊരു പ്രതീതിയായിരുന്നു.

ലക്ഷ്യം ഇല്ലാതെ പുറപ്പെട്ട ഞങ്ങള്‍ സുന്ദരമായ ഏതൊക്കെയോ വഴികളിലൂടെ മുന്നോട്ട് പോയി. പോകെ പോകെ ഒരു വശത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ആനമുടിയും വലുതായി വന്നു. ആ യാത്രയില്‍ ഏറ്റവും കൌതുകമുണ്ടാക്കിയത് ഒരു വഴിയോര കച്ചവടക്കാരനായിരുന്നു. ഒന്നും ഓര്‍ക്കാതെ പുള്ളിയുടെ നാവില്‍ നിന്ന് വീണ ‘മൂന്നാര്‍ സ്‌പെഷ്യല്‍ മുട്ട’യിലേക്കായി എല്ലാവരുടെയും ശ്രദ്ധ. ഈ മൂന്നാര്‍ സ്‌പെഷ്യല്‍ മുട്ട എങ്ങനെ ഇരിക്കും? അതിനി പച്ചനിറത്തില്‍ ആയിരിക്കുമോ? എവിടെയും എത്താതെ എന്നാല്‍ നല്ലത് എന്തൊക്കെയോ കണ്ട് നേരം സന്ധ്യയായി. അതോടെ തണുപ്പിന്റെ കാഠിന്യം കൂടി. വണ്ടിയില്‍ ആര്‍ക്കും മിണ്ടാട്ടമില്ലാതെയായി. വണ്ടി ഓടിക്കുന്ന ഇടക്കാല ഭര്‍ത്താവിന്റെ പോക്കുകണ്ടാല്‍ അറിയാം ഒരു സിഗരട്ട് കാണുന്നിടത്തെ ഈ വണ്ടി നില്ക്കുകയുള്ളൂ എന്ന്. പെട്ടന്നാണ് തണുപ്പിനെ വകഞ്ഞ് മാറ്റി ‘മുന്നാര്‍ സ്‌പെഷ്യല്‍ മുട്ട’ വീണ്ടും പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പിന്നെ അങ്ങനെ തന്നെ, വണ്ടി അവിടെ നിന്നു. തീ കണ്ട ആക്രാന്തത്തില്‍ എല്ലാവരും അങ്ങോട്ട് ഓടി. ഏതായാലും മുന്നാര്‍ സ്‌പെഷ്യല്‍ മുട്ടയുടെ ഓംലേറ്റും മാഗിയും കട്ടന്‍ചായയും സിഗരട്ടും ഒക്കെ കൂടി ആയപ്പോള്‍ തണുപ്പിനൊരാശ്വാസമായി. പറമ്പില്‍ നിന്ന് പറിച്ച കപ്പയും മറ്റൊരു മുന്നാര്‍ സ്‌പെഷ്യല്‍ തൈരും കാന്താരിയും ചേര്‍ത്ത ചമ്മന്തിയുമായി അന്നത്തെ രാത്രി കുശാല്‍.

 

ടോപ് സ്‌റ്റേഷന്‍ വരെ മോട്ടോര്‍സൈക്കിളില്‍ പോവുക എന്ന മറ്റൊരു സ്വപ്നം കൂടി സാക്ഷാത്കരിക്കാനുണ്ട്. ഇറങ്ങുമ്പോള്‍ തന്നെ ഉച്ചതിരിഞ്ഞു. എന്നാലും വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറായില്ല. തേയിലത്തോട്ടങ്ങളും മാട്ടുപെട്ടി ഡാമും താണ്ടി മുകളിലേക്ക്. തേയില തോട്ടങ്ങള്‍ക്കിടയില്‍ വെള്ളയില്‍ നീല ബോര്‍ഡര്‍ ഉള്ള ചെറിയ വീടുകള്‍. ഇടയ്ക്കിടെ റാറ്റയുടെ മാനേജര്‍മാരുടെ ബംഗ്ലാവുകള്‍. നിറയെ ഗ്ലാസ് ജനലുകളും തടിയുടെ വേലിയും ഉള്ള വെള്ള നിറമുള്ള സുന്ദരന്‍ കെട്ടിടങ്ങള്‍. ഒരു മനേജരെ കെട്ടി അവിടങ്ങ് കൂടിയാലോ എന്ന് തോന്നാതിരുന്നില്ല! ടോപ്പ് സ്‌റ്റേഷന്‍ അടക്കുന്നതിന് തൊട്ട് മുന്‍പാണ് ഞങ്ങള്‍ അവിടെ എത്തിയത്. അവസാനത്തെ ടിക്കറ്റ് തന്നുകൊണ്ട് കഷണ്ടി കേറിയ ആ മനുഷ്യന്‍ പറഞ്ഞു ‘മഞ്ഞ് കേറി തുടങ്ങി, വേഗം വരണം’. വ്യൂ പോയിന്റ് വെറുമൊരു പോയിന്റായി മാറി തുടങ്ങി. മലകള്‍ നിഴലെന്നോളം മാത്രം കാണാം. പെട്ടെന്നാണ് മഞ്ഞ് ഞങ്ങളെ പൊതിഞ്ഞ് തുടങ്ങിയത്. ഒന്നും കാണാന്‍ പറ്റാതെ ആയി. അവിടുന്നും ഇവിടുന്നും ശബ്ദങ്ങള്‍. ഞാന്‍ അവന്റെ കൈയില്‍ മുറുകെ പിടിച്ചു. മുന്നില്‍ പോകുന്ന ശബ്ദങ്ങളെ പിന്തുടര്‍ന്ന് വഴിയുണ്ടെന്ന വിശ്വാസത്തില്‍ നടന്നു. തണുപ്പും ഭയവും കൊണ്ട് കാലുകള്‍ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. ഒരു വിധം മുകളില്‍ എത്തി. തണുത്ത് മരച്ച് അവിടെ ഉറച്ച് പോകും പോലൊരു തോന്നല്‍. ഒരു ചെറിയ ചായക്കടക്ക് മുന്‍പില്‍ തീ കൂട്ടിയിട്ടുണ്ട്. ചാടിക്കളിക്കുന്ന എന്നെ കണ്ട് ചിരി അടക്കാനാവാതെ കടക്കാരന്‍ തീക്കരികിലെ കസേര ഒഴിഞ്ഞു തന്നു. ചൂടുള്ള എന്തെങ്കിലും കഴിക്കാതെ ഒരടി മുന്നോട്ടു നടക്കാനാവില്ല. വേഗത്തില്‍ ലഭിക്കുന്ന ആഗോള ഭക്ഷണമായ മാഗി തന്നെ ശരണം. എന്നാല്‍ ടോപ്പ് സ്‌റ്റേഷനിലെ മാഗി ഇഴഞ്ഞാണ് തയ്യാറാകുന്നത്. അവസാന ഗ്രൂപ്പും പോയി. ഞങ്ങളും കടക്കാരനും മാത്രം. പേടിയും തണുപ്പും അരിച്ച് കേറുന്നുണ്ടായിരുന്നു. ഓര്‍ഡര്‍ കാന്‍സല്‍ ചെയ്ത് ഓടാന്‍ ഒരുങ്ങിയ എന്റെ നേര്‍ക്ക് എവിടുന്നോ മാഗി നിറച്ച പ്ലേറ്റ് പിടിച്ച രണ്ട് കൈകള്‍ തെളിഞ്ഞ് വന്നു. ഹൊറര്‍ ചിത്രങ്ങള്‍ തോറ്റു പോകുന്ന സീന്‍. അതും വാങ്ങി നേരിയ വെളിച്ചത്തില്‍ കൈമുറുകെ പിടിച്ചു തപ്പി തടഞ്ഞ് നടക്കാന്‍ തുടങ്ങി. മോട്ടോര്‍ സൈക്കിളിലേക്ക് ഇനിയും ഉണ്ട് ദൂരം. തണുത്ത് തണുത്ത് അവിടം വരെ എത്തിപ്പെട്ടപ്പോളാണ് സത്യത്തില്‍ ശ്വാസം നേരെ വീണത്. രണ്ടു മൂന്ന് ജീപ്പുകള്‍ പോകാന്‍ ഒരുങ്ങുന്നു. ഞങ്ങളും അവരുടെ ഫോഗ് ലൈറ്റിന്റെ ചുവടുപിടിച്ചു യാത്ര തുടങ്ങി. വാലെ വാലെ ജീപ്പുകളും ഞങ്ങളുടെ കുടുകുടു വണ്ടിയും. മഞ്ഞിനും ഇരുളിനും വീണ്ടും പ്രണയത്തിന്റെ മണം. മധുരസുന്ദരസുരഭിലമായ വഴികളിലൂടെ ഇരുളിനെയും തണുപ്പിനെയും പ്രണയിച്ച് ഒരു രാത്രികൂടി.

 

 

ജീവിതം യൗവന തീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവും ആയി വേഷമാറിയ ദിനങ്ങള്‍ക്കൊടുവില്‍, സ്വന്തം വേഷങ്ങള്‍ തിരിച്ചണിഞ്ഞു ഏവരും മല ഇറങ്ങി.

 

(ചിത്രങ്ങള്‍: വരുണ്‍, അന്ന)

അന്ന മിനി

അന്ന മിനി

ബാംഗ്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇകണോമിക് ചേഞ്ചില്‍ ഗവേഷക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍