UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊച്ചി-മുസിരിസ് ബിനാലെ; വ്യാജ പ്രകീര്‍ത്തനങ്ങളെക്കുറിച്ച് ചില ചിന്തകള്‍

Avatar

ചന്ദ്രന്‍ ടി.വി/ രതീഷ് മുള്ളംകോട്/ അഷ്‌ക്കര്‍ ഒ സി

കലയെ ജനകീയമാക്കുക, അതിലുടെ ദൃശ്യകലകളെ മുഴുവന്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട അന്തര്‍ദേശീയ കലാ മേളയാണല്ലോ ബിനാലെ. അതിന്റെ രണ്ടാം പതിപ്പും കൊടിയിറങ്ങിയ സാഹചര്യത്തില്‍ തുടക്കത്തില്‍ തന്നെ അവകാശപ്പെട്ട തരത്തിലുള്ള ഒരു മാറ്റം കൊണ്ടുവരാന്‍ അതിന് കഴിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കുവാന്‍ സമയമായിരിക്കുന്നു. കേവലം ഉപരിതല സ്പര്‍ശിയായ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് പകരം ആഴത്തിലുള്ള വസ്തുനിഷ്ഠ വിശകലനങ്ങള്‍ തന്നെയാണ് അതിനാവശ്യം. പ്രശസ്ത കലാനിരൂപകനായ ചന്ദ്രന്‍ ടി വിയുമായി നടത്തിയ സംഭാഷണം. 

രതീഷ് മുള്ളംകോട്: സമകാലിക ചുറ്റുപാടില്‍ നിന്ന് നിരീക്ഷിക്കുമ്പോള്‍ കലാ ലോകത്ത് കൊച്ചി ബിനാലെയുടെ പ്രാധാന്യം എന്താണ്?

ചന്ദ്രന്‍ ടി.വി: ബിനാലെ എന്നത് കൊണ്ട് സാധാരണ ഗതിയില്‍ ലക്ഷ്യം വെക്കുന്നത് ലോകത്താകമാനമുള്ള സമകാലീന കലാ പരിശീലനത്തിന്റെ ഒരു പരിഛേദം അവതരിപ്പിക്കുക എന്നതാണ്. അതിലൂടെ ബിനാലെ ഏത് സംസ്കാരത്തിനകത്താണോ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരുടെ സൃഷ്ടികള്‍ കാഴ്ച വെക്കുന്നത്, അവ ആ സംസ്കാരത്തിനെ പരിചയപ്പെടുത്തുന്നു. അതിലൂടെ ആ സംസ്കാരത്തെ പുതിയ കാഴ്ചകളുമായി പരിചയപ്പെടുത്തുന്നു. അങ്ങനെ കലാബോധത്തെ നവീകരിക്കുക, കാഴ്ചയെ നവീകരിക്കുക. ഇതൊക്കെയാണ് ബിനാലെ ലക്ഷ്യം വെക്കുന്നത്.. ആ ഒരു രീതിയില്‍ ആലോചിക്കുകയാണെങ്കില്‍ ബിനാലെയ്ക്ക് തീര്‍ച്ചയായിട്ടും ഒരുപാട് കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുണ്ട്. തിയറ്റര്‍ ഫെസ്റ്റിവെല്‍ നടക്കുന്നു, ലിറ്റററി ഫെസ്റ്റിവെല്‍ നടക്കുന്നു, ഫിലിം ഫെസ്റ്റിവെല്‍ നടക്കുന്നു, അതിനൊക്കെ സമാനമായ അളവിലുള്ള ഒരു ഫെസ്റ്റിവെല്‍ ആയിട്ട് ബിനാലെയെ കാണാവുന്നതാണ്. അതൊരുപക്ഷേ പുതിയ പുതിയ പ്രേരണകള്‍ ഓരോ തലങ്ങളിലും കലാകാരന്‍മാരില്‍ ഉളവാക്കിയേക്കാം. പക്ഷേ അങ്ങനെ വരുമ്പോള്‍ രണ്ട് പ്രധാനപ്പെട്ട പ്രശ്‌നങ്ങളുണ്ട്: ഒന്ന് നമ്മള്‍ തുടക്കത്തില്‍ പറഞ്ഞ രീതിയില്‍ ലോകോത്തര കലാകാരന്‍മാരുടെ ലോകോത്തര സൃഷ്ടികള്‍ തന്നെയാണോ എല്ലാ ബിനാലെകളിലും പ്രദര്‍ശിപ്പിക്കപ്പെട്ട് വരുന്നത്? തല്‍ക്കാലം അങ്ങനെ തന്നെയാണ് എന്ന് നമ്മള്‍ അംഗീകരിച്ചാല്‍ പോലും, രണ്ടാമത്തെ പ്രശ്‌നം പുതിയ സംസ്കാരത്തിലേക്ക് പുതിയ കാഴ്ചകളെ വരവേല്‍ക്കുമ്പോള്‍ ബിനാലെയില്‍ നിന്ന് കിട്ടുന്ന പുതിയ അവബോധത്തിന്റെ തുടര്‍ച്ചയായി അവിടെ വളര്‍ന്നു വരുന്ന കലാകാരന്‍മാര്‍ക്ക് കലാ പരിശീലനം നിര്‍വ്വഹിക്കാനുള്ള അടിസ്ഥാന സൗകര്യം ആ സംസ്‌ക്കാരം മുന്നോട്ട് വെക്കേണ്ടി വരും. അവബോധമുണ്ടാക്കുക എന്ന് പറയുന്നത് പുതിയ സൃഷ്ടികളുടെയും ആസ്വാദനത്തിന്റെയും പരിധി വര്‍ധിപ്പിക്കുക എന്നുള്ളതാണ്. പുതിയ അവബോധം എങ്ങനെയാണ് ഒരു പ്രായോഗിക തലത്തിലേക്ക് പരിഭാഷപ്പെടുത്തേണ്ടത്? പരിഭാഷപ്പെടുത്തുമ്പോള്‍ കലാകാരന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ഏതെങ്കിലും തരത്തില്‍ തരണം ചെയ്യുവാന്‍ ആ സംസ്കാരം തയ്യാറാകേണ്ടതുണ്ട്. അപ്പോള്‍ ഈ രണ്ട് ചോദ്യങ്ങളെ ചുറ്റിപ്പറ്റിയുള്ള തുടര്‍ന്നുള്ള അന്വേഷണമായിരിക്കും സമകാലിക കലാകാരന്‍മാരെ സംബന്ധിച്ചുള്ള ബിനാലെയുടെ പ്രാധാന്യം മനസ്സിലാക്കുവാന്‍ സഹായിക്കുക. 

രതീഷ്: കേരളത്തിലെ കലാപ്രേമികളുടെ കാഴ്ചയെയും, ആസ്വാദനത്തെയും കൊച്ചി മുസ്‌രിസ് ബിനാലെ എങ്ങനെയാണ് വഴിതിരിച്ചു വിട്ടത്?

ചന്ദ്രന്‍ ടി.വി: വഴിതിരിച്ചു വിട്ടത് എന്ന ചോദ്യം വരുമ്പോള്‍ വഴിതിരിച്ചുവിട്ടു എന്നുള്ളത് അവിതര്‍ക്കമായി മാറിക്കഴിഞ്ഞു എന്നുവേണം അനുമാനിക്കാന്‍. എന്തുകൊണ്ടാണ് അങ്ങനെ വരുന്നത് എന്നൊരു മറുചോദ്യം ചോദിച്ചിട്ടാവാം ഇതിനുള്ള ഉത്തരം പറയുന്നത്.

രതീഷ്: അങ്ങനെ തോന്നാനുള്ള കാരണം കലാപരിശീലനം നടത്തുന്ന ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ നോക്കുമ്പോള്‍ നമ്മള്‍ പരിശീലിക്കുന്ന കല എന്നതിനപ്പുറം ബിനാലെയില്‍ കാണുന്നത് തികച്ചും വ്യത്യസ്തമാണ്. ഐഡിയയും കണ്‍സപ്റ്റും ഉണ്ടെങ്കില്‍ ഒരു ഗ്യാലറി സ്‌പെയിസിനുള്ളില്‍ അഥവാ ബിനാലെ പോലുള്ള വേദിയില്‍ കൊണ്ടുവെച്ചാല്‍ അത് കലയാകും എന്നുള്ള മിഥ്യാ ധാരണ ഇത്തരം പ്രദര്‍ശനങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം ചിത്രങ്ങള്‍ കണ്ട് വലിയ പരിചയമില്ലാത്ത ഒരു സമൂഹമാണ് ഇവിടെയുള്ളത്. ഇത്തരം ഒരുൂ ചുറ്റുപാടിലേക്ക് ഇങ്ങനെയുള്ള പ്രതിഷ്ഠാപന കലകളൊക്കെ കൊണ്ട് വന്ന് പ്രദര്‍ശിപ്പിക്കുന്ന സമയത്ത് എന്താണ് കല എന്ന ചോദ്യത്തിനുള്ള ഉത്തരം ആസ്വാദകന്റെ ഉള്ളില്‍ അവ്യക്തതയോടെ തുടരുന്നുണ്ട്. എന്നാല്‍ ഇതിന് ബിനാലെ കൊടുക്കുന്ന ഉത്തരം ശരിയല്ലാ എന്ന് നമുക്കറിവുള്ളതാണ്. ബിനാലെ തീര്‍ച്ചയായും ഒരു മാറ്റം വരുത്തുന്നുണ്ട്. ഇതാണ് കല എന്ന് പറഞ്ഞ് ആഘോഷിക്കപ്പെടുമ്പോള്‍ കലാതല്‍പ്പരരായ ഒരു വിഭാഗം അകന്നു നില്‍ക്കുകയും മധ്യവര്‍ഗ്ഗ ജനവിഭാഗം ഇതിന്റെ ഭാഗമായിത്തീരുകയും ചെയ്യുന്നു.

ചന്ദ്രന്‍ ടി.വി: പറഞ്ഞത് വളരെ ശരിയാണ്. ബിനാലെ വിഭാവനം ചെയ്ത രീതിയനുസരിച്ച് തുടക്കം മുതല്‍ തന്നെ ഒരുപാട് സന്ദേഹങ്ങള്‍ കേരളത്തിലെ കലാകാരന്‍മാര്‍ക്ക് ഉണ്ടായിരുന്നു. അതിന്റെയൊരു പൊട്ടന്‍ഷ്യല്‍ ഡെയ്ഞ്ചര്‍ എന്തായിരിക്കുമെന്ന് മുന്‍കൂട്ടി കണ്ടു കൊണ്ടാണ് പല പ്രശ്‌നങ്ങളും പല രീതിയില്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ അതിനൊന്നും കൃത്യമായി മറുപടി പറയാന്‍ ബിനാലെ സംഘാടകരോ അതിനെ അനുകൂലിക്കുന്ന രാഷ്ട്രീയ സാംസ്‌ക്കാരിക നേതൃത്വമോ തയ്യാറായിട്ടില്ല. അതിന്റെയര്‍ത്ഥം എന്താണ് കല എന്നതിനെക്കുറിച്ചുള്ള തിട്ടമില്ലായ്മയാണ് ബിനാലെ ഈ വിധത്തില്‍ ആകാന്‍ കാരണം എന്നാണ്. അതിപ്പോഴും തുടരുന്നു. ഇപ്പോള്‍ രണ്ട് ബിനാലെ കണ്ടതിനു ശേഷം ആളുകള്‍ക്ക് നമ്മള്‍ ആദ്യമുന്നയിച്ച വാദമുഖങ്ങള്‍ ശരിയായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.

അതിന്റെയൊരു പ്രധാനപ്പെട്ട പ്രതിഫലനം നമുക്ക് കാണാന്‍ പറ്റുന്നത്, ആദ്യ ബിനാലെയെ കൊട്ടിഘോഷിച്ച പ്രിന്റ് ഇലക്ട്രോണിക് മാധ്യമങ്ങളൊന്നും രണ്ടാം ബിനാലെ വന്ന സമയത്ത് അതിന്റെ പിറകെ പോയില്ല. ആദ്യത്തെ രീതിയില്‍ ആഘോഷിച്ചില്ല. ബിനാലെയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പത്രങ്ങളുടെ എറണാകുളം സിറ്റി എഡിഷനില്‍ മാത്രമായി ചുരുങ്ങിപ്പോയി. കാരണം മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പോലും ഇത് ബോധ്യമായിട്ടുണ്ട്. രണ്ടാം ബിനാലെയോട് കൂടി അത് ഏറെക്കുറെ തിട്ടമായി. അവനവന് ബോധ്യപ്പെടാത്ത കാര്യം വിളംബരം ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടാണ് ഒടുവില്‍ പരസ്യം കൊടുക്കുന്നതിലേക്ക് ബിനാലെ പോയത്. ‘കാഴ്ചയല്ല നേര്‍ക്കാഴ്ചയാണ്’ ‘അറിവല്ല തിരിച്ചറിവാണ്’ എന്നൊക്കെ പറഞ്ഞിട്ടുള്ള ചില കാപ്ഷനൊക്കെയിട്ട് നിരന്തരം പരസ്യം ചെയ്തതിന്റെ കാര്യം മറ്റൊന്നുമല്ല. മാത്രമല്ല, കാണാനുള്ള ആള്‍ക്കാരും കുറഞ്ഞു.

രണ്ടാം ബിനാലെ കണ്ട് കഴിഞ്ഞാല്‍ ശരാശരി ബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാകും, സ്‌പെയ്‌സിനെക്കുറിച്ച്, ഭൂഗോളത്തെക്കുറിച്ച്, കാലത്തെക്കുറിച്ച, അവിടെയും ഇവിടെയും തൊടാത്ത പാതിവെന്ത ആശയങ്ങള്‍ വെച്ച് അതിനെ ഏതോ രീതിയില്‍ ഗൗരവപൂര്‍വ്വം ആവിഷ്‌ക്കരിക്കുന്നുവെന്ന ഒരു നാട്യത്തിലുള്ളവയാണ്. ഡിജിറ്റല്‍ ഫിലിമാകട്ടെ, വീഡിയോ ഫിലിമാകട്ടെ, ചിത്രങ്ങളാകട്ടെ, ശില്‍പ്പങ്ങളാകട്ടെ അവിടെയുള്ള എണ്‍പത് ശതമാനത്തോളം സൃഷ്ടികളും ഈയൊരു ആശയത്തെ ചുറ്റിപ്പറ്റിയിട്ടുള്ളതാണ്. ഒരു സയന്‍സ് ഫിക്ഷന്‍ മാഗസിനിലൂടെയൊക്കെ കണ്ണോടിച്ചു പോകുന്നത് പോലെയുള്ള അനുഭവമാണവ നല്‍കുന്നത്.

അപ്പോള്‍ ആശയം പറയലാണ് പ്രധാനപ്പെട്ടത് എന്ന രീതിയിലേക്ക് കാര്യങ്ങള്‍ വളരെയെളുപ്പം മാറിയും മറിഞ്ഞും വരുന്നു. യഥാര്‍ത്ഥത്തില്‍ ‘idea is art’ എന്ന അറുപതുകളിലൊക്കെത്തന്നെ കണ്‍സപ്ച്വല്‍ ആര്‍ട്ടിന്റെ ഭാഗമായിട്ട് മുന്നോട്ട് വന്നതാണ്. ദൃഷ്ടിഗോചരമാകുന്ന വസ്തുക്കളുടെ ചിത്രത്തിലോ ശില്‍പത്തിലോ ഉള്ള ആവിഷ്‌ക്കാരമല്ല കല, മറിച്ച് ഏറ്റവും കൂടുതല്‍ കലാകാരന്റെ തന്നെ ആശയവും സങ്കല്‍പവുമാണ്, കലാകാരന്റെ വിവരമാണ് കല. ഇന്‍ഫര്‍മേഷന്‍ ഈസ് ആര്‍ട്ട്.

ഇതിന്റെയൊരു ചുവടുപിടിച്ച് ഇതൊരു ലേറ്റസ്റ്റ് മോഡ് ഓഫ് റെപ്രസന്റേഷനും കലയുടെ ഏറ്റവും ഉദാത്തവും ഇങ്ങേതലക്കല്‍ നില്‍ക്കുന്നതുമാണ് എന്നൊക്കെയുള്ള മിഥ്യാ ധാരണയുടെ പുറത്തായിരിക്കണം ഇതൊക്കെ ചെയ്തിട്ടുണ്ടാവുക. പത്തമ്പത് വര്‍ഷം പഴക്കമുള്ള ‘ഐഡിയാ ഈസ് ആര്‍ട്ട്’ എന്ന സങ്കല്‍പ്പനത്തെയാണ് ഏറ്റവും പുതിയതായിട്ട് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെയും ശില്‍പത്തിന്റെയും സാമ്പ്രദായികമായ രീതി കലാലോകത്ത് നിന്നുതന്നെ തിരസ്‌കൃതമായി.., കേരളത്തിലെ കലാകാരന്‍മാര്‍ക്ക് അതറിയില്ല, അവര്‍ക്കജ്ഞതയാണ് എന്നൊക്കെ ആദ്യമേ പറഞ്ഞിട്ടാണ് ഇതൊക്കെ കൊണ്ടു വരുന്നത്. പക്ഷേ ഇത് അമ്പത് വര്‍ഷം പഴക്കമുള്ളതാണെന്ന അറിവില്ലായ്മയാണ് ബിനാലെയിലെ ഏറ്റവും നടുക്കുന്ന ഉള്ളടക്കം. 

‘ഐഡിയ ഈസ് ആര്‍ട്ട്’ എന്ന് പറയുമ്പോള്‍, യഥാര്‍ത്ഥത്തിലത് കലയിലെ ചെറിയ ഒരു പരിവൃത്തത്തിനകത്ത് പുതിയൊരു കലയുണ്ടാക്കുക എന്ന ഒരാശയത്തിന്റെ പുറത്ത് മാത്രം ഉത്ഭൂതമായതല്ല. പാശ്ചാത്യ ലോകത്ത് അങ്ങനെ ഒരാശയം വന്ന് കൂടുന്നതിന് നമ്മള്‍ അനുഭവിക്കാത്ത മറ്റ നിരവധി കാരണങ്ങളുണ്ട്. രാഷ്ട്രീയം, സര്‍ക്കാര്‍ സംവിധാനങ്ങള്‍, ഫിലോസഫികള്‍ അത് പോലെ തന്നെ സോഷ്യല്‍ സയന്‍സിലും കള്‍ചറല്‍ സ്റ്റഡീസിലും ഒക്കെ വന്ന പുതിയ വീക്ഷണങ്ങള്‍, പുതിയ വിശകലനോപാധികള്‍ അങ്ങനെ സംസ്കാരത്തെ പുതിയ രീതിയില്‍ തിരിച്ചറിയുകയും അധികാരത്തെ പുതിയ രീതിയില്‍ തിരിച്ചറിയുകയും അതിന്റെ ചിട്ടവട്ടങ്ങള്‍ക്ക് പുറത്ത് കടക്കാന്‍ വേണ്ടിയുള്ള ഒരു പുതിയരീതി എന്ന നിലയിലുമാണ് ഈ സങ്കല്‍പനം മുന്നോട്ട് വന്നത്. ഇത് കലാബാഹ്യമായ പല ശക്തികളും കലയ്ക്കുള്ളില്‍ കടന്നു വരികയും കലയുടെ പ്രധാനപ്പെട്ട ആശയങ്ങളെയും സങ്കല്‍പനങ്ങളെയും ഒക്കെത്തന്നെ അത് ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ കലയെ ബാഹ്യശക്തികള്‍ പിടിമുറിക്കിയിരുന്ന അവസ്ഥയില്‍ നിന്നും കുതറിമാറാനുള്ള ഒരു ശ്രമം എന്ന രീതിയിലാണ് ‘ഐഡിയ ഈസ് ആര്‍ട്ട്’ എന്ന് പറയുന്നത്. കാരണം, പെയിന്റിംഗാകട്ടെ ശില്‍പമാകട്ടെ അതില്‍ ഒരു ഇമേജ് ഏതെങ്കിലും ഒരു ഒബ്ജക്റ്റിലൂടെ ആവിഷ്‌ക്കരിക്കുമ്പോള്‍ അത് വളരെയെളുപ്പം കൈക്കലാക്കാന്‍ പറ്റും, സ്വന്തമാക്കാന്‍ പറ്റും, വിലക്കെടുക്കാന്‍ പറ്റും. അങ്ങനെ വിലയ്‌ക്കെടുക്കുന്നതിനെ വീണ്ടും വില്‍ക്കുവാനും ലേലം ചെയ്യുവാനും പറ്റും. അങ്ങനെ വില്‍ക്കുകയും വീണ്ടും വില്‍ക്കുകയും ലേലം ചെയ്യുകയും ചെയ്യുന്നതിലൂടെ അതുമായി ബന്ധപ്പെട്ട ഒരു കലാ വിപണി വളരെ ശക്തമായി കലയ്ക്ക് പുറത്ത് നിലനില്‍ക്കുകയും കലയെ മൊത്തം വിലയ്‌ക്കെടുക്കുകയും ചെയ്യുമ്പോള്‍ കലാവിപണിയുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായിട്ട് കല അതിന്റെ സങ്കല്‍പ്പനങ്ങളെ മുഴുവന്‍ മറന്നു പോകുന്നു. അങ്ങനെയൊരു അവസ്ഥാവിശേഷം ഉണ്ടായി.

കലാവിപണിയില്‍ പ്രധാനപ്പെട്ട പങ്കു വഹിക്കുന്ന സ്ഥാപനങ്ങളാണ് മ്യൂസിയങ്ങളും ഗ്യാലറികളും ഈ രണ്ടിന്റെയും ഇടയിലൂടെയാണ് എല്ലാ കാര്യങ്ങളും നടക്കുന്നത്. അങ്ങനെ സാമ്പ്രദായികമായ ഒരു പ്രദര്‍ശനസ്ഥലിയായിട്ടുള്ള മ്യൂസിയങ്ങളുടെയും ഗ്യാലറികളുടെയും ചിട്ടവട്ടങ്ങള്‍ക്ക് പുറത്തേക്ക് കടക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ‘ഐഡിയാ ഈസ് ആര്‍ട്ട്’ എന്ന പുതിയ സങ്കല്‍പ്പനത്തെ സ്വീകരിക്കുന്നത്. അതുകൊണ്ട് കാഴ്ചയ്ക്ക് ഭവിക്കുന്ന ഒരു വസ്തുവല്ല, മറിച്ച് കലാകാരന്റെ ആശയമാണ് ഏറ്റവും പ്രധാനപ്പെട്ടത്. കാരണം, ആശയത്തെ കൈക്കൊള്ളാനാവില്ല, ആശയത്തെ നിങ്ങള്‍ക്ക് കൈക്കലാക്കാനോ വില്‍ക്കാനോ പറ്റില്ല. അതുകൊണ്ടാണ് വളരെ കോമണ്‍ പ്ലെയിസ് (commonplace) ആയിട്ടുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നത്. പഴംതുണികള്‍, ഉപയോഗശൂന്യമായ വസ്തുക്കള്‍. ഇങ്ങനെയൊക്കെയുള്ള സാധനങ്ങള്‍ വെച്ച് ഇന്‍സ്റ്റലേഷന്‍ എന്ന് പറയുന്ന ആവിഷ്‌ക്കാരരീതി സ്വീകരിക്കുകയും പെട്ടെന്ന് പ്രബലമാവുകയും ചെയ്തത്.

അതുപോലെ തന്നെ കണ്‍സപ്ച്വല്‍ ആര്‍ട്ട്; കലാകാരന്റെ തന്നെ അനുഭവം ആവിഷ്‌ക്കാരമാക്കുന്നു. അതായത്, റിച്ചാര്‍ഡ് ലോംഗ് ഹിമാലയത്തിന്റെ താഴ്‌വരയിലൂടെ നടക്കുന്നു, യെവ്യസ് ക്ലെയിന്‍ പാരീസിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് താഴേക്ക് സ്വാന്‍ ഡൈവ് നടത്തുന്നു, കാറിന്റെ ബോണറ്റില്‍ തന്റെ കൈകള്‍ ബന്ധിച്ച് ആണിയടിച്ചിട്ട് നഗരത്തില്‍ പ്രദക്ഷിണം ചെയ്യുന്നതും ഒക്കെതന്നെ കലാകാരന്റെ തന്നെ അനുഭവമാണ്. അവിടെ മാധ്യമം കലാകാരന്റെ ശരീരം തന്നെയാണ്, അങ്ങനെ ബോഡി ആര്‍ട്ട് ഉണ്ടാകുന്നു. ‘ഐഡിയാ ഈസ് ആര്‍ട്ട്’ എന്ന് പറയുന്ന കണ്‍സപ്ച്വല്‍ ആര്‍ട്ടിന്റെ ഡിഫറന്റ് മാനിഫെസ്റ്റേഷന്‍സാണ് പെര്‍ഫോമിംഗ് ആര്‍ട്ട്, ബോഡി ആര്‍ട്ട്, ഇന്‍സ്റ്റലേഷന്‍, സൈറ്റ് സ്‌പെസിഫിക് ആര്‍ട്ട് തുടങ്ങിയവയൊക്കെത്തന്നെ. ഇതിന്റെയൊക്കെ ഒരു പ്രധാനപ്പെട്ട ആശയം കലാവിപണിക്ക് പിടികൊടുക്കാതിരിക്കുക എന്നുള്ളതാണ്.

ഞാന്‍ പറഞ്ഞുവരുന്നത് സവിശേഷമായുള്ള ഒരു സാംസ്കാരിക മുഹൂര്‍ത്തത്തില്‍ ആണ് ‘ഐഡിയാ ഈസ് ആര്‍ട്ട്’ എന്നുള്ളത് പാശ്ചാത്യ കലാരംഗത്ത് വളര്‍ന്നു വന്നത്, അതിലേറ്റവും പ്രധാനപ്പെട്ട മാനിഫെസ്റ്റേഷനായിട്ടാണ് ഇന്‍സ്റ്റലേഷനും പെര്‍ഫോമിംഗ് ആര്‍ട്ടുമൊക്കെ വളര്‍ന്നു വന്നിട്ടുള്ളത്. ഓരോ കലാകാരനും വളര്‍ന്നു വന്നിട്ടുള്ള ഒരു സംസ്കാരത്തിനകത്ത് അടിഞ്ഞുകൂടിയിട്ടുള്ള ജീര്‍ണ്ണതയെ വിമലീകരിക്കുവാന്‍ വേണ്ടിയിട്ടുള്ള ഒരു പ്രക്രിയ എന്ന രീതിയില്‍ വളര്‍ന്നു വന്ന കലാപ്രതിഭാസത്തെ വീണ്ടും നിരന്തരമായി ആവര്‍ത്തിക്കുകയും അത് വീണ്ടും കലാവിപണിയുടെ എല്ലാ താല്‍പര്യങ്ങള്‍ക്കകത്ത് തന്നെ വളര്‍ന്ന് വരികയുമാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതുതിരിച്ചറിയാത്തത് കൊണ്ടാണ്, ഇത് തന്നെ ഏറ്റവും പുതിയതെന്ന് പറയേണ്ടി വരുന്നത്. അതുകൊണ്ടാണ് ഐഡിയ പറയുക എന്നത് നമ്മള്‍ കണ്ട രണ്ട് ബിനാലെകളിലും പ്രധാനപ്പെട്ടതായിട്ട് മാറുകയും മറ്റ് ആശയങ്ങള്‍ മുഴുവനും അപ്രസക്തമാവുകയും ചെയ്തത്. ഇതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചിട്ടുള്ളത്.

ഈ രണ്ട് ബിനാലെകളുടെയും കാഴ്ചകള്‍ കണ്ട് ശീലിച്ച കേരളത്തിലെ കലാകാരന്‍മാരും കലാവിദ്യാര്‍ത്ഥികളുമൊക്കെ ഈ പാതയാണ് പിന്തുടരേണ്ടത് എങ്കില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ഒരു fine art skill എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത്? ഒരു സംഗീതജ്ഞന് തന്റെ മാധ്യമത്തില്‍ വൈദഗ്ദ്ധ്യം കൈവരാന്‍ വേണ്ടി നിരന്തരമായ സാധകം ചെയ്യേണ്ടതുണ്ട്. മാധ്യമപരമായ അത്തരമൊരു വൈദഗ്ദ്ധ്യം കലാവിഷ്‌ക്കാരത്തിന് അനിവാര്യമല്ല എന്ന ഒരു ബോധത്തിലേക്കാണ് ബിനാലെ നമ്മെ നയിക്കുന്നത്. അങ്ങനെയെങ്കില്‍ ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന് അകത്താകട്ടെ പുറത്താകട്ടെ കലാവിദ്യാര്‍ത്ഥി എന്താണ് പരിശീലിക്കേണ്ടത്? ഏത് സ്‌കില്ലിനെയാണ് അവന് ആര്‍ജിക്കേണ്ടത്? അങ്ങനെയാണെങ്കില്‍ പിന്നെ ഈ ഐഡിയ മാത്രം ലേഖനം വായിച്ചിട്ട് കണ്ടെത്തിയാല്‍ പോരേ? ലേഖനങ്ങള്‍ വായിച്ചിട്ട് ഐഡിയ കണ്ടെത്തുക, ഫിലോസഫി വായിച്ചിട്ട് ഐഡിയ കണ്ടെത്തുക. ഒരു വിഷ്വല്‍ ലാംഗ്വേജ് ഡിമാന്റ് ചെയ്യുന്ന സ്‌കില്‍ പെയിന്റിംഗിലോ, ശില്‍പ്പത്തിലോ ആവശ്യമില്ലാത്ത ഒരു തലത്തിലേക്ക് പിന്നെന്താണ് ഫൈന്‍ ആര്‍ട്ട്‌സ് ടീച്ചിംഗ് എന്ന് പറയുന്നത്? എന്താണ് ഫൈന്‍ ആര്‍ട്ടസ് ലേര്‍ണിംഗ് എന്ന് പറയുന്നത്? ഒരുപാട് ഡിജിറ്റല്‍ മൂവീസ് ഒക്കെയില്ലെ, ഒരുപാട് ഡോക്യുമെന്ററി ഫിലിംസൊക്കെ ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചുകാണുന്നുണ്ടല്ലോ. മറ്റ് ബിനാലെകളുടെ അവസ്ഥയും ഇതൊക്കെത്തന്നെയാണ്. അതിനൊക്കെ വിപണിയുമായി ബന്ധപ്പെട്ടകാരണങ്ങളുമുണ്ട്. എന്നാല്‍ അതൊന്നും തന്നെ എന്തുകൊണ്ടാണ് ഫിലിം ഫെസ്റ്റിവെലിന്റെ ഭാഗമാകാത്തത്, ഡോക്യുമെന്ററി ഫെസ്റ്റിവെലിന്റെ ഭാഗമാകാത്തത്? എന്തുകൊണ്ടാണ് ഇപ്പോഴും ബിനാലെ എന്ന് പറയുമ്പോള്‍ പെയിന്റിംഗിന്റെയും ശില്‍പ്പത്തിന്റെയും ഒരു മേഖലയില്‍ പ്രത്യക്ഷ്യപ്പെടുന്നത്? ഫൈന്‍ ആര്‍ട്‌സുമായി അങ്ങനെയൊരു ബന്ധം ഇതിന് കാണാനില്ലതാനും. പിന്നെ എന്താണ് ബിനാലെ മുന്നോട്ട് വെക്കുന്ന പുതിയ കലാസങ്കല്‍പം? ഇതിന് നമുക്കൊരു ഉത്തരം തേടാന്‍ പറ്റണം. ആ ഉത്തരം തേടലിലൂടെയായിരിക്കും സമകാലീന കലാരംഗത്ത് ബിനാലെ എന്ത് നിര്‍വ്വഹിക്കുന്നു, എന്ത് അവബോധത്തെ അത് മുന്നോട്ട് വെക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം കിട്ടുന്നത്.

കലാകാരന്‍മാര്‍, കലാ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എല്ലാമടങ്ങുന്ന കലാസമുഹം മുഴുവന്‍ ആലോചിക്കേണ്ട ഒരു കാര്യമാണിത്. അതുകൊണ്ട് തീര്‍ച്ചയായിട്ടും ഇതിനെയൊരു വളര്‍ച്ച എന്ന് പറയാന്‍ വലിയ ബുദ്ധിമുട്ടാണ്. തല്‍ക്കാലം ഇത് തളര്‍ച്ചയാണെന്ന് അസന്ദിഗ്ദ്ധമായി പറയുന്നില്ല, എങ്കില്‍ക്കൂടി, ബിനാലെ ഒരു ക്രൈസിസ് മുന്നോട്ട് വെക്കുന്നുണ്ട്. ഒരു സന്ദിഗ്ദ്ധതയുണ്ട്. അത് ശരിയാണെന്ന് നമുക്ക് തീര്‍ച്ചയായിട്ടും പറയാന്‍ വേണ്ടി പറ്റും. എന്നാലത് ഏതളവില്‍ എത്രത്തോളമാണ് എന്ന് കണ്ടെത്തേണ്ടതുണ്ട്. കാരണം, ഈ ക്രൈസിസ് ഏറ്റവും കൂടുതലായി വരുംകാലങ്ങളില്‍ അനുഭവപ്പെടും.

രതീഷ്: കേരളത്തിലെ ചില ഫൈന്‍ ആര്‍ട്‌സ് കോളജുകളിലെ ആര്‍ട്‌സ് പ്രാക്ടീസിനകത്തേക്കും ഇതിന്റെ കൈകടത്തലുകള്‍ ഉണ്ടായിട്ടുണ്ട്, ബിനാലെയില്‍ പങ്കെടുക്കണം എന്ന ഒരു ഡ്രീം ഇതുണ്ടാക്കുന്നുണ്ട്. ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ചന്ദ്രന്‍ ടി.വി: അറിയപ്പെടുന്ന കലാകാരനാകുക എന്നത് ഏതൊരു കലാവിദ്യാര്‍ത്ഥിയുടെയും സ്വപ്‌നമാണ്. അതിനൊരു വഴി ഇപ്പോള്‍ ബിനാലെയാണെന്ന് തിരിച്ചറിയുമ്പോള്‍ സ്വപ്‌നം ബിനാലെയാകുന്നത് സ്വാഭാവികം. അറിയപ്പെടുന്ന കലാകാരന്‍ ഇന്ന് മാര്‍ക്കറ്റില്‍ വിജയിച്ച കലാകാരനാണ്. അവന്റെ വിജയമാണ് ബിനാലെ. അതുകൊണ്ടാണ് ബിനാലെ കലാവിദ്യാര്‍ത്ഥികളുടെ സ്വപ്‌നമാകുന്നത്. അത്‌കൊണ്ട് നമ്മുടെ മുന്നിലുള്ള പ്രധാനപ്പെട്ട ചോദ്യം ഇതാണ്: മാര്‍ക്കറ്റില്‍ അധികം വിജയിച്ച കലാകാരനില്‍ നിന്ന് യഥാര്‍ത്ഥ കലാകാരനെ നമുക്ക് എത്ര പേരെ കണ്ടെടുക്കാന്‍ വേണ്ടി പറ്റും? കലാസൃഷ്ടിയെ കലാത്മകമായിട്ട് വിലയിരുത്തിയിട്ടല്ല മാര്‍ക്കറ്റില്‍ വിനിമയം ചെയ്യപ്പെടുന്നത്, എക്‌സ്‌ചെയ്ഞ്ച് ചെയ്യപ്പെടുന്നത്. അതായത് അതിന്റെ യൂസ് വാല്യൂ നോക്കീട്ടല്ല, മറിച്ച് അതിന്റെ എക്‌സ്‌ചെയ്ഞ്ച് വാല്യു നോക്കിയിട്ടാണ്. അപ്പോള്‍ അങ്ങനെയുള്ള ഒരു എക്‌സ്‌ചെയ്ഞ്ച് വാല്യുവിലൂടെ എന്താണ് സ്വീകരിക്കപ്പെടുന്നത്? കലാവിപണിക്കകത്ത് സ്വീകരിക്കപ്പെടുന്നത് എന്ന് പറഞ്ഞാല്‍ വില്‍ക്കുകയും വാങ്ങുകയും ലേലം ചെയ്യപ്പെടുകയും ചെയ്യുന്നതിനെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

ഇതാണ് കലാലോകമെന്നും അതിനുള്ള മറ്റൊരുപേരാണ് ബിനാലെ എന്നും മനസ്സിലാക്കുന്ന ഒരു വിദ്യാര്‍ത്ഥി ബിനാലെയില്‍ അവസരം സ്വപ്‌നം കാണുന്നതില്‍ തെറ്റില്ല. ബിനാലെ കലയുടെ വാഗ്ദത്തഭൂമിയായി അയാള്‍ സങ്കല്‍പ്പിക്കും, അതിലൊന്ന് കാലെടുത്തു വെച്ചിരുന്നെങ്കില്‍ എന്ന് കൊതിച്ച് പോകും. ആ കൊതിച്ചു പോകുന്നതിനുള്ള ഒരു കാരണം അതിനെ ചുറ്റിപ്പറ്റി വളര്‍ന്നു വരുന്ന ഒരു ലിറ്ററേച്ചറുണ്ട്. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒരു ആര്‍ട്ട് ലിറ്ററേച്ചര്‍. അതിനകത്തും നിങ്ങള്‍ ഫീച്ചര്‍ ചെയ്യപ്പെടുകയാണെങ്കില്‍ അതും നിങ്ങളുടെ പ്രസിദ്ധിക്കും കലാകാരന്റെ വളര്‍ച്ചയ്ക്കും വലിയൊരു കാരണമാകും എന്ന് അബോധത്തില്‍ എങ്കിലും ചുരുങ്ങിയ പക്ഷം തിരിച്ചറിയുന്നുണ്ട്. അങ്ങനെ പ്രസിദ്ധിയുടെയും പിന്നെ അതിലൂടെ കൈവരുന്ന സാമ്പത്തിക നേട്ടങ്ങളുടെയും ഒക്കെത്തന്നെ ഒരു ആകര്‍ഷണ വലയം ബിനാലെ സൃഷ്ടിക്കുന്നുണ്ട്. കാരണം ബിനാലെയുടെ സംഘാടകര്‍ മുഴുവന്‍ ആ രീതിയില്‍ വളര്‍ന്നു വന്നവരാണ്.

മറിച്ച് എല്ലാവരും ഇങ്ങനെയല്ല. എല്ലാ കലാകാരന്‍മാരും ഇങ്ങനെയല്ല. ബിനാലെയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കലാകാരന്‍മാരും വിദ്യാര്‍ത്ഥികളുമുണ്ട്. അവരില്‍ എന്താണ് നല്ല കലാസൃഷ്ടി എന്ന് തിരിച്ചറിയുന്നവരുണ്ട്. പക്ഷെ, അവരുടെ ശബ്ദം എവിടെയും കേള്‍ക്കുന്നില്ല. അവരുടെ എതിര്‍പ്പിനെ രേഖപ്പെടുത്താന്‍ വേണ്ടിയുള്ള അവസരങ്ങളില്ല. കാരണം, ബിനാലെയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മുഴുവന്‍ ഏകപക്ഷീയമാണ്. എതിര്‍പ്പ് ഒരിക്കലും പുറത്ത് വരാത്തതുകൊണ്ട് കൂടിയാണ് ഈ വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ ബിനാലെയെ സ്വീകരിക്കുന്നത്, എതിരുകളില്ലാത്ത അനിഷേധ്യമായ ഒന്നുകൂടിയാണ് ബിനാലെ എന്ന് കരുതി ആശ്ലേഷിക്കുവാന്‍ ശ്രമിക്കുന്നത്. ഈ ബിനാലെയിലേക്ക് ഫൈന്‍ ആര്‍ട്‌സ് കോളജുകളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും തെരെഞ്ഞെടുത്ത സൃഷ്ടികള്‍ അത്ര മഹത്തരമൊന്നുമല്ല. കല എന്ന് പറയുന്നത് പുതിയ ഒരു ലോകം കാഴുചക്കാരന് തുറന്ന് കൊടുക്കണം, ജീവിതത്തെക്കുറിച്ചുള്ള പുതിയ കാഴ്ചയായിരിക്കണം അത്, പുതിയ ബോധമായിരിക്കണം അത്. അങ്ങനെയൊന്നും അനുഭവപ്പെടാത്തതിനാല്‍ വേറൊരു രീതിയില്‍ ഈ പ്രകീര്‍ത്തനങ്ങളൊക്കെ വ്യാജമാണ്.

അഷ്‌ക്കര്‍ ഒ.സി: ആസ്വാദന രംഗത്ത് ബിനാലെ ഉണ്ടാക്കിയ മാറ്റത്തെക്കുറിച്ച് രതീഷ് പറഞ്ഞല്ലോ, അങ്ങനെ നോക്കുമ്പോള്‍ മനസ്സിലാക്കാന്‍ പറ്റുന്ന ഒരു കാര്യം ഇത്രയും കാലം അവരവരുടെ സമീപ പ്രദേശങ്ങളില്‍ ഒരു ചിത്ര പ്രദര്‍ശനമോ, പുസ്തക പ്രകാശനമോ നടക്കുമ്പോള്‍ ഒന്ന് എത്തി നോക്കുക പോലും ചെയ്യാത്ത, സ്വന്തമായി ഒരു അഭിപ്രായം പോലും പറയാതെ കപട ആദര്‍ശവാദവുമായി മധ്യവര്‍ഗ്ഗ ജീവിതം നയിക്കുന്ന ഒരുകൂട്ടം ആളുകള്‍, അതായത് വിപണിയില്‍ വിജയിച്ച കലാകാരന്‍മാര്‍, സിനിമാ നടികള്‍, നടന്‍മാര്‍, മറ്റ് സെലിബ്രിറ്റികള്‍ ഇവരൊക്കെയടങ്ങുന്ന ഒരു കൂട്ടമാണ് ഇപ്പോള്‍ ബിനാലെയുടെ കാണികളായിട്ടുള്ളത്. ഇത്തരം കാണികളുമായിട്ട് ബന്ധപ്പെട്ട വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്.

ചന്ദ്രന്‍ ടി.വി: അത് വളരെ പ്രധാനപ്പെട്ട ഒരു പോയിന്റാണ്. കാരണം അതിലൂടെയും കൂടിയാണ് ബിനാലെയ്ക്ക് അനുകൂലമായി കേരളത്തിലെ കലാതല്‍പ്പരരായിട്ടുള്ള ഒരുവിഭാഗത്തിന്റെ മനസ്സിനെ പാകപ്പെടുത്തിയെടുക്കുന്നത്. സത്യത്തില്‍ പ്രസിദ്ധരായവര്‍ സ്വയം വരുന്നത് കൂടിയല്ല, അവരെ ക്ഷണിച്ച് വരുത്തുന്നതാണ്. അങ്ങനെ ക്ഷണിച്ചു വരുത്തി മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നതല്ല മാധ്യമങ്ങളെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിക്കുന്നതാണ്. ഇത്തരം ഉള്ളുകള്ളികളൊന്നും പുറത്തറിയുന്നില്ല. പുറത്തറിയുന്ന വാര്‍ത്തകള്‍ നമ്മള്‍, വളരെ നിര്‍വ്യാജമായി പൊതുതാല്‍പര്യത്തിന്റെ പേരില്‍ നമുക്ക് മുന്നിലെത്തുന്നു എന്നാണ് പൊതുവെ കരുതുന്നത്. അങ്ങനെ നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന കെട്ടിച്ചമച്ച വാര്‍ത്തകളിലൂടെ ബിനാലെ ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടില്ലെങ്കില്‍ ജീവിതം നിഷ്ഫലം എന്ന ആശയത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കും. ഇതൊക്കെ ഇത്തരത്തിലുള്ള പുതിയ കലോല്‍സവങ്ങള്‍, അന്തര്‍ദേശീയ മേളകള്‍ എങ്ങനെയാണ് ഓപ്പറേറ്റ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാന്‍ സഹായിക്കും.

നിങ്ങള്‍ പറഞ്ഞത് പോലെ ഇവരാരും കലാരംഗത്തോ, ആസ്വാദനരംഗത്തോ, കലാചരിത്രത്തിന്റെയോ, കലാവിമര്‍ശനത്തിന്റെയോ, സൗന്ദര്യ ശാസ്ത്രത്തിന്റെയോ ഏതെങ്കിലും മേഖലയില്‍ അറിവുള്ളവരല്ല. മറ്റ് രംഗങ്ങളിലുള്ള സെലിബ്രിറ്റീസ് ആണ്. കേരളത്തിന്റെ ഇരുപതാം നൂറ്റാണ്ടിലെ ചരിത്രം പരിശേധിച്ച് കഴിഞ്ഞാല്‍ തന്നെ നമുക്കറിയാം, രവിവര്‍മ്മക്ക് ശേഷമുള്ള ഒരു നൂറ്റാണ്ടിലേറെ നീണ്ടുകിടക്കുന്ന കാലഘട്ടത്തില്‍ കേരളത്തില്‍ ഒരിക്കലും ഒരു ദൃശ്യവായന അല്ലെങ്കില്‍ ദൃശ്യാനുശീലം വളര്‍ന്നു വന്നിട്ടില്ല. അതിന് മറ്റ് നിരവധി കാരണങ്ങളുണ്ട്. കാരണങ്ങളെന്തൊക്കെയായിരുന്നാലും വളര്‍ന്നു വന്നിട്ടില്ല എന്നത് അവിതര്‍ക്കിതമായിട്ടുള്ള യാഥാര്‍ത്ഥ്യമാണ്. അങ്ങനെയുള്ള ഒരു അവസ്ഥാവിശേഷത്തില്‍ നിന്നാണ് സിനിമാ നടികളെയും സംവിധായകരെയും മറ്റ് സെലിബ്രിറ്റീസിനെയൊക്കെ ക്ഷണിച്ച് വരുത്തിയിട്ട് ബിനാലെ വാര്‍ത്തയാക്കുന്നത്. അവര്‍ ആദ്യമായിട്ട് കാണുന്ന കാഴ്ചകളാണിത്. അവരെ സംബന്ധിച്ചിടത്തോളം ഇത് ലോകോത്തര കലാകാരന്‍മാരുടെ സൃഷ്ടികളുമാണ്, അപ്പോള്‍ അവരെങ്ങനെയാണിതിനെ നിഷേധക്കുക. നല്ലതല്ലെങ്കില്‍ ഇതിനെ എഴുന്നള്ളിച്ച് കൊണ്ടുവരില്ലല്ലോ, പിന്നെ ലോകോത്തര കലാകാരന്‍മാര്‍ ക്യൂറേറ്റ് ചെയ്യുന്ന ബിനാലെയില്‍ ഇത്തരം സൃഷ്ടികള്‍ ഇവിടെ എത്തില്ല, നല്ലതല്ലെങ്കില്‍ പിന്നെ കേരള സര്‍ക്കാര്‍ ഇതിന് മുതല്‍ മുടക്കില്ല. ഇങ്ങനെയൊക്കെയുള്ള ചിന്തകളാണ് അവരുടെ അഭിപ്രായത്തെ രൂപപ്പെടുത്തുന്നത്. ഇതൊക്കെയാണ് ഒരാളെ ബിനാലെയുടെ കാഴ്ചക്കാരനായിട്ട് എത്തിക്കുന്നതിനുള്ള ഘടകങ്ങള്‍.

സെലിബ്രിറ്റികളുടെ അനുകൂല അഭിപ്രായങ്ങള്‍ വാര്‍ത്തയാകുമ്പോള്‍ എതിരഭിപ്രായം പറഞ്ഞിട്ടുള്ള കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന, നാടക രംഗത്ത് പ്രവര്‍ത്തിക്കുന്ന റസ്ത്തം ബറൂച്ചയെ പോലുള്ള ആള്‍ക്കാര്‍ ഇവിടെ വന്നിട്ടുണ്ട്. റസ്ത്തം ബറൂച്ചയെ ഇവര്‍ക്കറിയാം പക്ഷേ അദ്ദേഹത്തിന്റെ അഭിപ്രായം മാധ്യമത്തില്‍ വന്നിട്ടില്ല. പറൂള്‍ ദെവെ ഇവിടെ വന്നിട്ടുണ്ട്, അദ്ദേഹം ജെ. എന്‍. യു വിലെ പ്രൊഫസറാണ്, ഡീന്‍ ആണ്, ഏയ്‌സ്തറ്റിക്‌സിലും കണ്ടംപററി ഇന്ത്യന്‍ ആര്‍ട്ടിലും വളരെ നല്ലനിലയില്‍ വര്‍ക്ക് ചെയ്യുന്നവരും അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്നവരുമാണ്. അവരുടെ അഭിപ്രായങ്ങളൊന്നും ഇവിടെ ഒരു മാധ്യമവും ചോദിച്ചിട്ടില്ല. അഥവാ ചോദിച്ചിട്ടുണ്ടാകാം അനുകൂലമല്ലാത്തതിനാല്‍ പ്രസിദ്ധീകരിച്ചിട്ടില്ല. മക്മല്‍ ബഫ് വന്നിരുന്നു, അദ്ദേഹം ഫോട്ടോയെടുക്കുന്നത് കാണിച്ചതല്ലാതെ അഭിപ്രായം പറഞ്ഞില്ല. കാരണം അദ്ദേഹത്തെ നിര്‍ബന്ധിച്ച് ക്ഷണിച്ച് വരുത്തിയതാണ്. ഇങ്ങനെയാണ് മാധ്യമങ്ങളിലൂടെ അനുകൂലമായിട്ടുള്ള വാര്‍ത്തകള്‍ ഉണ്ടാക്കുന്നത്.

ഇത് തുറന്ന സമീപനമല്ല മറിച്ച് ഏകപക്ഷീയമാണ്. അതിലൂടെയാണ് എതിരഭിപ്രായങ്ങളില്ലാതിരിക്കുന്നത്. ഇത് ലോകോത്തരമായ സൃഷ്ടികളാണ്, മഹനീയമായ സൃഷ്ടികളാണ്, ഇതിനെ സ്വീകരിക്കേണ്ടതുണ്ട് എന്നൊക്കെ വരുത്തിത്തീര്‍ക്കുന്നു. കേരളത്തിന്റെ ദൃശ്യാനുശീലമില്ലാത്ത ആധുനിക ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഏതൊരു കാഴ്ചക്കാരനും ഇത് വലിയ സൃഷ്ടികള്‍ തന്നെയായിരിക്കണം. പക്ഷെ എനിക്ക് ചിത്ര-ശില്‍പ്പ കലയുമായി ബന്ധമില്ലാത്തത് കൊണ്ട് സൃഷ്ടിയെ വേണ്ട അളവില്‍ സ്വീകരിക്കാന്‍ എന്റെ അജ്ഞത എനിക്ക് വലിയൊരു തടസ്സമാകുന്നു എന്ന് സ്വയം സമാധാനിക്കുകയാണ് പലരും ചെയ്യുന്നത്. കാരണം, എന്തെങ്കിലും എവിടെയെങ്കിലും പറയണമെങ്കില്‍ ആ മാധ്യമത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അറിവുണ്ടായിരിക്കണം. എന്തെങ്കിലും എവിടെയെങ്കിലും കണ്ടിട്ടുണ്ടാകണം.

കവിതയെക്കുറിച്ച് നമുക്ക് എളുപ്പം അഭിപ്രായം പറയാന്‍ പറ്റില്ല. പറ്റണമെന്നുണ്ടെങ്കില്‍ കവിതയുടെ ചരിത്രം, ചുരുങ്ങിയ പക്ഷം, കുമാരനാശാന്‍ മുതലിങ്ങോട്ട് വരുന്ന കവിതകളെങ്കിലും വായിച്ചിട്ടുള്ള ഒരു ശീലമെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് എ. അയ്യപ്പനോ കെ.ജി ശങ്കരപ്പിള്ളയോ ആരാണെന്ന് പറയാന്‍ പറ്റൂ. അങ്ങനെയൊരു ദൃശ്യാനുശീലം ഇല്ല എന്നുള്ളതും ഇത്തരത്തിലുള്ള ദൃശ്യമേളകളെ വളരെ എളുപ്പം സ്വീകരിക്കാന്‍ പ്രേരണയാകുന്നുണ്ട്. ഒരു ദൃശ്യാനുശീലത്തിന്റെ അഭാവത്തില്‍ ഒരു നേര്‍ക്കാഴ്ച കൂടുതലായിട്ടൊന്നും സംവേദനം ചെയ്യുന്നില്ല. കാരണം, ഒരു ഭാഷ ചരിത്രപരമായി, അനുക്രമമായി വളര്‍ന്നു വരുന്നതാണ്. അത് സംസാരഭാഷയായാലും എഴുത്തുഭാഷയായാലും കവിതയുടെതായാലും അങ്ങനെ തന്നെയാണ്. അത് അനുക്രമം പിന്തുടരാത്ത ഒരാള്‍ക്ക് വളരെ പെട്ടെന്ന് ഏറ്റവും ഒടുവിലുളളത് എന്ത് എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. നേര്‍ക്കാഴ്ച തീര്‍ച്ചയായും പലരീതിയില്‍ ഗുണം ചെയ്യും. പക്ഷേ അതിന് ദൃശ്യാനുശീലത്തിന്റെ പിന്‍ബലം ഉണ്ടായിരിക്കണം.

അപ്പോള്‍ ദൃശ്യാനുശീലത്തില്‍ നിന്നാണ് നിങ്ങളില്‍ ക്രിറ്റിക്കല്‍ മൈന്‍ഡ് ഉണ്ടാകുന്നത്. അല്ലാതെ നിങ്ങളുടെ കണ്ണിന്റെ നിഷ്‌ക്കളങ്കതയില്‍ നിന്നല്ല. നിഷ്‌ക്കളങ്കമായ കണ്ണുകള്‍ നിങ്ങളെ ഒന്നും പഠിപ്പിക്കില്ല. മറിച്ച് നിരന്തരമായ കാഴ്ചയിലൂടെയും ആ കാഴ്ചയെ സംബന്ധിച്ചിട്ടുള്ള സാഹിത്യ വായനയിലൂടെയും, വിമര്‍ശനത്തിന്റെയും, ചരിത്രപാഠത്തിന്റെയും വായനയുടെ ആകെത്തുകയില്‍ നിന്നാണ് ഒരു കാഴ്ചക്കാരനുണ്ടാകുന്നത്. ഒരു ക്രിറ്റിക്കല്‍ മൈന്‍ഡ് ഉണ്ടാകുന്നത്. അത് യഥാര്‍ത്ഥത്തില്‍ വളരെ തീക്ഷ്ണമായി പിന്തുടരുന്ന ഒരാള്‍ക്ക് മാത്രമേ ഉയര്‍ന്ന സംവേദന ശക്തി, സംവേദനശീലം ഉണ്ടാവുകയുള്ളൂ. അങ്ങനെ മാത്രമേ നിങ്ങള്‍ക്ക് നേര്‍ക്കാഴ്ചയെ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അഷ്‌ക്കര്‍ ഒ.സി: ഈ സംഭാഷണത്തിന്റെ അവസാനമെന്ന നിലയില്‍ ഒരു ചോദ്യം. ഇതിന്റെയെല്ലാം ഇടയില്‍ മാഷ് നേരത്തേ പറഞ്ഞത് പോലെ കേള്‍ക്കാതെ പോകുന്ന നിരവധി ശബ്ദങ്ങളുണ്ട്, ഏത് നിമിഷവും യാഥാര്‍ത്ഥ്യത്തില്‍ മാത്രം ജീവിക്കാന്‍ ആഗ്രഹിക്കുന്ന അനേകം മനുഷ്യരുണ്ട്, ഇവര്‍ക്കെല്ലാം ഇവരുടെ ആത്മസാക്ഷാത്ക്കാരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍, ജനങ്ങളുമായി പങ്കുവെക്കാന്‍ ഇതിനെയൊക്കെ മറികടന്നു കൊണ്ട് എങ്ങനെയാണ് സാധിക്കുക?

ചന്ദ്രന്‍ ടി.വി: ഹെഗല്‍ പറഞ്ഞ രസകരമായ ഒരു കാര്യമുണ്ട്. ‘man is a thinking consciousness’ അങ്ങനെയാണെങ്കില്‍ ചിന്ത മരവിച്ചിട്ടില്ലാത്ത ആളുകള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അവരായിരിക്കും ഏറ്റവും ക്രിയേറ്റീവ് ആകുക. അവര്‍ തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന അഭിപ്രായങ്ങള്‍ പരസ്പ്പരം കൈമാറുകയും വിപുലപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ദേശീയ തലത്തില്‍ വലിയ സെമിനാര്‍ നടത്തിയിട്ട് കാര്യങ്ങള്‍ പറയുക എന്നത് അത്ര പ്രായോഗികമല്ല. പ്രായോഗികമാകുന്നത് കൊച്ചു കൊച്ചു സൗഹൃദങ്ങള്‍ക്കിടയില്‍ കാര്യങ്ങള്‍ പറയുക, അത് മറ്റു സൗഹൃദങ്ങളിലേക്ക് വ്യാപിക്കുകയും അങ്ങനെ പല സ്ഥലങ്ങളിലും വലിയ കൂട്ടായ്മകള്‍ വളര്‍ന്നു വരികയും ചെയ്യും. ലോകത്ത് ആരെങ്കിലും കരുതിയിരുന്നോ കൊക്കക്കോള കമ്പനിയെ പ്ലാച്ചിമടയില്‍ നിന്ന് ഓടിക്കാന്‍ പറ്റുമെന്ന്. മയിലമ്മ എന്ന ഒറ്റ സ്ത്രീയില്‍ നിന്ന് തുടങ്ങിയതാണ് ആ സമരം, കാരണം അവരെ സംബന്ധിച്ചിടത്തോളം അത് ജീവന്മരണ പോരാട്ടമായിരുന്നു. ഇത്തരം ചരിത്രങ്ങളൊക്കെ നമ്മുടെ മനസ്സിലുണ്ടാകണം. അങ്ങനെയാണെങ്കില്‍ നമുക്ക് ചെയ്യാന്‍ വേണ്ടി പറ്റും, ഇപ്പോള്‍ കുറേക്കൂടി അനുകൂലമായിട്ടുള്ള ഒരു സാഹചര്യമാണ് നിലനില്‍ക്കുന്നത്. സമാനമായ ആശയങ്ങളുള്ള ആളുകള്‍ ഒന്നിക്കുകയും കൈമാറുകയും ചെറിയ ചെറിയ പ്രവര്‍ത്തനങ്ങള്‍ അതിനു വേണ്ടി നടത്തുകയും ചെയ്യുന്നതിലൂടെയാണ് ഒരാശയം ശക്തി പ്രാപിക്കുന്നത്. അതിന് പിന്തുണയുമായിട്ട് തീര്‍ച്ചയായും കൂടുതല്‍ ആളുകള്‍ കടന്നു വരും.

(Azhimukham believes in promoting divers views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍