UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂന്നാമത് കൊച്ചി-മുസിരിസ് ബിനാലെ, ആദ്യ കലാകാരന്‍ കൊച്ചിയിലെത്തി

അഴിമുഖം പ്രതിനിധി

മൂന്നാമത് കൊച്ചി-മുസിരിസ് ബിനാലെയ്ക്കു മുന്നോടിയായി പ്രശസ്ത ചിലിയന്‍ കവി റൌള്‍ സുറീറ്റ നഗരത്തിലെത്തി. മൂന്നാംപതിപ്പിന്റെ തുടക്കത്തിന് ഒരു വര്‍ഷം ശേഷിക്കെ ബിനാലെ നടക്കുന്ന വേദി പരിചയപ്പെടാനാണ് സന്ദര്‍ശനം. 2016 ഡിസംബര്‍ 12 ന് ആരംഭിക്കുന്ന മൂന്നാമത് ബിനാലെയിലെ ആദ്യ കലാകാരാണ് സുറീറ്റ.

ചൊവ്വാഴ്ച വൈകിട്ട് 5.30ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന സ്‌കൈ ബിലോ എന്ന പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. കവിതാപാരായണത്തിനു പുറമേ എഴുത്തുകാരി ശര്‍മിഷ്ഠ മൊഹന്തിയുമായി അദ്ദേഹം സാഹിത്യ സംവാദത്തിലും പങ്കെടുക്കും. അന്ന ഡീനി കവിതകള്‍ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി അവതരിപ്പിക്കും.

ചിലിയില്‍ ജനറല്‍ ഒഗസ്‌തോ പിനോഷെയുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ നടന്ന കലാ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സുറീറ്റ പ്രധാന പങ്കുവഹിച്ചിരുന്നു. 1979ല്‍ ഇതിനായി കലാ-സാംസ്‌കാരിക പ്രവര്‍ത്തക സംഘം രൂപീകരിക്കുകയും ചെയ്തു. ന്യൂയോര്‍ക്ക് നഗരത്തില്‍ 1982ല്‍ സ്‌കൈറൈറ്റിങ് ഉപയോഗിച്ച് ആകാശത്തു കവിതയെഴുതിയും 1992ല്‍ അറ്റക്കാമ മരുഭൂമിയില്‍ കവിതയെഴുതിയും സുറീറ്റ പ്രശസ്തനാണ്. 1989ല്‍ പാബ്ലോ നെരൂദയുടെ പേരിലുള്ള സമഗ്രസംഭാവനക്കുള്ള കവിതാ പുരസ്‌ക്കാരം ലഭിച്ച സുറീററ മുന്‍ ചിലി പ്രസിഡന്റ് സാല്‍വദോര്‍ അലെന്‍ഡെയുടെ അടുത്ത അനുയായിയുമാണ്. പര്‍ഗേറ്റൊറിയ, ഐഎന്‍ആര്‍ഐ, ലാ വിദ ന്യുവെയ്വ, സുറീറ്റ എന്നിവയാണ് പ്രധാന കൃതികള്‍.

കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ശനിയാഴ്ച്ച ബിനാലെ ഡേ ആയി ആചരിച്ചിരുന്നു. ബിനാലെ 2016ന്റെ ക്യുറേറ്ററും ആര്‍ട്ടിസ്റ്റിക് ഡയറക്റ്ററുമായ സുദര്‍ശന്‍ ഷെട്ടിയുടെ കേരളത്തിലെ ആദ്യ പൊതുപരിപാടികൂടിയായിരുന്നു ചടങ്ങ്. ചെറിയ കാലയളവുകൊണ്ടുതന്നെ കൊച്ചി-മുസിരിസ്  ബിനാലെ നേടിയെടുന്ന ഖ്യാതി നിലനിര്‍ത്തുന്ന ഉത്തരവാദിത്വം കൂടിയാണ് ക്യുറേറ്റര്‍ പദവിക്കൊപ്പം താന്‍ ഏറ്റെടുത്തിരിക്കുന്നതെന്നു സുദര്‍ശന്‍ ഷെട്ടി പറഞ്ഞു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍