UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓര്‍മ്മയില്‍നിന്നുള്ള രക്ഷപെടലുകള്‍; ബിനാലെയിലെ ‘നിഖില്‍ ചോപ്ര’ അനുഭവത്തെക്കുറിച്ച്

Avatar

പ്രിയന്‍ അലക്‌സ്

അയാള്‍ വെളുത്ത ഭിത്തിയില്‍ കറുത്ത അഴികള്‍ വരയ്ക്കുകയല്ല. കറുത്ത ഭിത്തിയില്‍ വെളുത്ത അഴികള്‍ വരയ്ക്കുകയാണ്. ഓര്‍മ്മയില്‍നിന്നും ചരിത്രത്തെയല്ല, ചരിത്രത്തില്‍നിന്നും ഓര്‍മ്മയെയാണ് വരയ്ക്കുന്നത്. വരയ്ക്കുമ്പോള്‍ അയാള്‍ വരയ്ക്കുകമാത്രമല്ല, ജീവിക്കുകയുമാണ്. അയാളുടെ ജീവിതം ഓര്‍മ്മകളുടെ ചരിത്രത്തെ വാരിപ്പൂശലാണ്. എങ്കിലും ആ വാരിപ്പൂശിയതെല്ലാമണിഞ്ഞ് അയാള്‍ രക്ഷപെട്ടുകളയുന്നു. ആരാണയാള്‍ എന്ന ചോദ്യത്തിന് പക്ഷെ ഇവിടെ ഒരു സ്ഥാനവുമില്ല. 

നിഖില്‍ ചോപ്രയ്ക്കു അയാളുടെ ഉടല്‍ പേറുന്ന ചരിത്രത്തിന്റെ കനമുണ്ട്. അതിന്റെ ആഘാതമേല്‍പ്പിക്കാതെ അയാളുടെ ഭൂഗുരുത്വം നമ്മെ വിട്ടുപിരിയില്ല.

കൊച്ചി മുസരിസ് ബിനാലെയ്ക്കുവേണ്ടി കൊച്ചിയില്‍നിന്നും ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള കായല്‍യാത്രയില്‍, കൊച്ചി അതിന്റെ കൊളോണിയല്‍ സ്മൃതികളെ വ്യാപാരം ചെയ്യുന്ന ആസ്പിന്‍ വാള്‍ ഹൗസ് തിരയുമ്പോള്‍, മനസ്സാലെ ചവിട്ടുനാടകത്തിന്റെ ചുവടുകളിലായിരുന്നു. ഉടലുകൊണ്ട് എഴുതിയ ചുവടുകള്‍, ചവിട്ടുമറക്കാതിരിക്കാനായി പിറക്കുന്ന കവിതകള്‍, ചുവടു മറക്കാതെ രാജാപ്പാര്‍ട്ടുകള്‍, പ്രച്ഛന്നനാവാതെ നമുക്കൊന്നും പറയാനാവുന്നില്ലല്ലോ! അധികാരരൂപങ്ങളോട് ഇടഞ്ഞുനില്‍ക്കുന്ന കലയുടെ പരകായമാണത്. പലപ്പോഴും അതിനെ വിസ്മരിക്കാനും, നമ്മുടെ ചരിത്രത്തെ വിസ്മൃതിയില്‍നിന്ന് ആയാസപ്പെട്ട് ഓര്‍മ്മിക്കാനും കഴിയുമെങ്കിലും.

എങ്കിലും അയാള്‍ വരയ്ക്കുകയാണ്. എത്ര മാത്രം കൊളോണിയല്‍, എത്രമാത്രം സ്വദേശീയം ഇത്തരം രാഷ്ട്രീയചോദ്യങ്ങള്‍ പ്രസക്തമല്ല. അതിനു പുറന്തിരിഞ്ഞിരിക്കുകയാണയാള്‍. കായലിനു വിദൂരത്തേക്ക് നോക്കി. അയാള്‍ അല്‍പ്പനേരം മുമ്പ് വരെ ഈ ജയില്‍മുറിയില്‍ ജീവിച്ചിരുന്നു എന്നത് അയാളുടെ ശൂന്യത നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അണിഞ്ഞിരുന്ന വസ്ത്രം, ഉപയോഗിച്ച പാത്രങ്ങള്‍, ദൃഷ്ടികള്‍, കണ്ട കാഴ്ച്ചകള്‍. അയാളില്ലല്ലോ. അയാള്‍ മാത്രമാണില്ലാത്തത്. ഇത് നമ്മെ ഭ്രമിപ്പിക്കുന്നു. ഇത് മറ്റൊരു സൗന്ദര്യമാണ്. ഇത് മറ്റൊരു ധാരണയുടെ സ്‌പേസുമാണ്. അയാള്‍ ഒരു പ്രഭുവിനെപ്പോലെ വേഷം ധരിച്ചുകൊണ്ടാണ് പോയതെന്ന് നമ്മള്‍ കണ്ടതാണ്. എന്നാല്‍ ചരിത്രത്തില്‍നിന്ന് അയാള്‍ രക്ഷപെട്ടുപോയിരിക്കുന്നു. നമുക്ക് തടവറകള്‍ മാത്രം നല്‍കിക്കൊണ്ട്.

എന്നാല്‍ എപ്പോഴാണ് കരയിലേക്ക്, കാന്‍വാസിലേക്ക് ഒരു പിക്‌സല്‍ നിറച്ച് വെളിച്ചത്തിലേക്ക് (അതോ നിഴലിലേക്കോ?) നടന്നുകയറുക, അതില്‍ നിന്നിറങ്ങിപ്പോവുക എന്നറിയാത്തയാളാണ് ഞാനും നിങ്ങളും എന്നത് ഒരു ഓര്‍മ്മപ്പെടുത്തലാവുന്നു.

നമ്മുടെ ആകാംക്ഷയ്ക്ക് നിസ്സംഗതകൊണ്ട് മറുപടി നല്‍കുകയും നിന്റെ ദൃശ്യത്തിലേക്ക് എന്റെ ദൃശ്യത്തില്‍നിന്നുള്ള നിന്റെ കണ്ണുകളെ നീ തന്നെയെടുക്കുക, എന്ന് ഓര്‍മ്മിപ്പിക്കുന്ന ഉടല്‍ഛേദം ഈ കലയിലുണ്ട്. അതുകൊണ്ട് ശാന്തനാവുക. ഇവിടെ ശബ്ദത്തിന് നമ്മെ പ്രകമ്പനം കൊള്ളിക്കാനാവില്ല. നിറങ്ങള്‍ക്ക് നമ്മെ ഭ്രമിപ്പിക്കാനാവില്ല. കാരണം കറുപ്പിലെ വെളുപ്പിനെയാണ് വെളുപ്പിലെ കറുപ്പിനെയല്ല അയാള്‍ വരയ്ക്കുന്നത്.

ചരിത്രം ഒരാത്മകഥയാണെന്നും ആത്മകഥ ഒരു ആത്മഭാവനയാണെന്നും ഇവിടെ നിഖില്‍ ചോപ്രയ്ക്ക് പറയാനാവും. ഇതില്‍ കാഴ്ച്ചക്കാരന്‍ പങ്കാളിയാണ്. വേണമെങ്കില്‍ അയാള്‍ക്ക് കാണാതെ പോകാം. പക്ഷെ താന്‍ വളച്ച കമ്പിയഴികള്‍ക്കിടയില്‍ക്കൂടിയേ അയാള്‍ രക്ഷപെടാനാവൂ.

1341ലോ മറ്റോ കടലെടുത്തുപോയ മുസരിസിലേക്ക് വരാം. കടലെടുത്തുപോയത് ചരിത്രത്തിന്റെ ലളിതമായ വായനകളെയുമാവാം. ‘അവരുടെ’ കണ്ണുകള്‍ കണ്ടത് ‘നമ്മുടെ’ ജീവിതങ്ങളാവണമെന്നുണ്ടോ? ‘നമ്മുടെ’ കണ്ണുകള്‍ കാണുന്ന ‘അവരുടെ’ ജീവിതങ്ങളോട് അതിനുള്ള സംവാദം എത്ര അര്‍ത്ഥപൂര്‍വ്വകമാണ്? ഒരു പക്ഷെ വരച്ചുതീരാത്ത കാഴ്ച്ചകളുടെ അവ്യയമല്ലേ ഉടലില്‍ത്തന്നെ വാരിപ്പൂശുന്ന വരകള്‍ തീര്‍ക്കുന്നത്. കലാകാരനും അയാളുടെ സൃഷ്ടിയും അതിന്റെ സ്‌പേസും അയാളെത്തന്നെയും ഒരേ കണ്ണുകൊണ്ട് കാണുന്നവനെ അപഹസിച്ചുകൊണ്ട് പൊട്ടിച്ചിരിക്കുന്നു, സര്‍വ്വം അയഥാര്‍ത്ഥമാവുന്നു. അല്ലാതെയെന്താണ് നിഖില്‍ ചോപ്ര വരയ്ക്കുന്നത്?

ശരീരത്തെ മാധ്യമമായി ഉപയോഗിക്കുമ്പോള്‍ കഥയില്‍നിന്ന്/കരയില്‍നിന്ന് തുറിച്ചുനോക്കുന്ന കണ്ണുകളെ എങ്ങനെ അവഗണിക്കാനാവും? വരയോടൊപ്പം ഉടലിലും വരയ്ക്കുന്ന നിഖില്‍ ചോപ്ര അഴികളെ വളയ്ക്കുന്നു. കലയില്‍നിന്ന് രക്ഷപെടുന്നു. ചരിത്രത്തിലേക്കുള്ള അതിവായന, തന്റെ സത്തയെ കലര്‍പ്പുള്ളതാക്കുന്നു എന്നതാണോ പൊരുള്‍? അതോ ചരിത്രത്തിന്റെ ലഘുവായ വായനകളെയാണോ അയാള്‍ ഉപേക്ഷിക്കുന്നത്? അതോ തത്വചിന്തയെയോ? തത്വചിന്തയെ നമുക്ക് ഉപേക്ഷിക്കാനാവും. ഞാന്‍ വരയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്നും വിളിച്ചുപറയാനാവും. പക്ഷെ കാഴ്ച്ചക്കാരന്‍ കാണുക മാത്രമല്ല ചെയ്യുന്നത്. അവനെ സാക്ഷ്യം നിര്‍ത്തി കലാകാരന്‍ വേഷപ്രച്ഛന്നനാവുകയും മറ്റൊരു ദൃഷ്ടിയിലേക്ക് പലായനം ചെയ്യുകയുമാണ്. ലോകത്തിന്റെ മൗനത്തില്‍നിന്നും ഇരുട്ട് അതിന്റെ അഴികളാല്‍ ഉടലിനുചുറ്റും തടവറ തീര്‍ക്കുന്നു. വിദൂരത്ത് പുറം തിരിഞ്ഞൊഴുകുകയാണ് കൊച്ചിക്കായല്‍. കൊച്ചിയുടെ ചരിത്രം മുസരിസ് ഇല്ലാത്തതിന്റേതാണോ? നീയില്ലാത്ത എന്നിലെ നിന്നെ എന്നില്‍ തിരഞ്ഞാലും നിന്നെ എവിടെയാണ് തിരഞ്ഞെത്തുക?

ഒരു കൊളോണിയല്‍ അടിമയും സ്വന്തം ചരിത്രമെഴുതുന്നില്ല. അവര്‍ക്കതിനു നേരമില്ല. അടിമത്ത്വത്തിന്റെ കയര്‍ക്കുരുക്കില്‍ (ആസ്പിന്‍വാള്‍) ആണയാള്‍. അതെ, സൂക്ഷിച്ചുനോക്കിയാല്‍ ഒരു കൊച്ചിക്കാരന്റെ മുഖം ഒരു പോര്‍ചുഗീസുകാരന്റേതോ, ഇന്തോനീഷ്യക്കാരന്റേതോ ആവുന്നു. ( ചാളപ്പറങ്കികളെ എന്തിനാണ് വായിക്കുന്നത്).

നിങ്ങളുടെ മുഖത്തെക്കുറിച്ചുള്ള പൊരുള്‍പര്യായം പുനര്‍വായിക്കപ്പെടുന്നതുപോലെ (ഖസാക്കോ, മാര്‍കേസോ വായിച്ചതിനുശേഷം നിങ്ങളുടെ വാക്കുകള്‍ക്ക് സംഭവിക്കുന്ന ചിത്രശലഭച്ചാരുതപോലെ, അത് ഒരു ലാവണ്യപരിണാമമാണ്.) നിങ്ങളുടെ തന്മാത്രകള്‍, അവയുടെ കാര്‍ബണികസംയുക്തങ്ങള്‍ നിങ്ങളോട് പുനര്‍വീക്ഷണങ്ങളാവശ്യപ്പെടുന്നു. അതുകൊണ്ട് എല്ലാ നിറങ്ങളും കറുപ്പിന്റെ കാര്‍ബണികമാവുന്നു. ഇരുട്ട് നിറഞ്ഞതാവുന്നു. ഒരു നേരിയ വെളിച്ചത്തിനുപോലും സ്തംഭിപ്പിക്കാവുന്ന ക്ഷണഭംഗിയെ സൃഷ്ടിക്കുന്നു.

തന്റെ ചോരയും വിയര്‍പ്പും, കണ്ണുനീരും ഉമിനീരാഴികളും കാന്‍വാസിലാക്കുന്ന കലാകാരന്‍, കലയുടെ അതിര്‍വരമ്പുകളെ നിരായുധനായി ലംഘിക്കുമ്പോഴും പീരങ്കിയോ അണുബോംബോ ഇല്ലാതെ കാഴ്ച്ചയുടെ അധികാരരൂപങ്ങളെ തകര്‍ക്കുന്നു. ഇതത്ര നിസാരമായി സാധിക്കാവുന്ന ഒന്നല്ല. മൂന്നു ദിവസം കൊണ്ട് കലാകാരന്‍ സൃഷ്ടിക്കുന്ന ജയിലിന്റെ ചിത്രം, എങ്കിലോ അതിനെക്കാളെത്രയോ മുന്നേ അയാള്‍ അതിന്റെ തടവിലാണ്? അയാള്‍ മൂന്ന് ദിനങ്ങള്‍ കൊണ്ട് വരയ്ക്കുന്നത് ദേശസഞ്ചാരങ്ങള്‍ അറിയാത്ത, തന്റെ നാട്ടിലേക്കുള്ള കപ്പല്‍പ്പാതകള്‍ അറിയാത്ത, തന്റെ തന്നെ ജീവിതത്തെയാണ്. അങ്ങനെയാണ് ചരിത്രം ആത്മകഥയാവുന്നത്. കഥയെന്നാല്‍ കെട്ടുകഥയുമാവാം. അതിനാല്‍ സൃഷ്ടിയെ സംബന്ധിച്ച് ചരിത്രത്തിന്റെ കാലദേശപരിമിതികള്‍ ഇവിടെ ബാധകമല്ല. അയാള്‍ വരയ്ക്കുന്നു; അഥവാ അയാളെയും വരയ്ക്കുന്നു. നമ്മള്‍ കണ്ടുനില്‍ക്കുന്നു. ഇതുമാത്രമാണ് സംഭവിക്കുന്നത്. അയാള്‍ ജയിലഴികളെയും കായല്‍ദൃശ്യത്തെയും സൃഷ്ടിക്കുന്നു. എന്നാല്‍ ജനാലയ്ക്കപ്പുറം അതേ അഴിയിലൂടെ നോക്കിയാല്‍ നിങ്ങള്‍ക്കും ഇത് കാണാം. അപ്പോള്‍ നിങ്ങള്‍ക്കും അതുപോലെ നൂണ്ടുകടക്കാം. നിങ്ങള്‍ നൂണ്ടുകടക്കുന്നത് ചരിത്രത്തിലൂടെയും അതിന്റെ ഓര്‍മ്മകളിലൂടെയുമാവാം. ഓര്‍മ്മ മറ്റൊരു സഹനമാവുന്നു. ഈ സഹനത്തില്‍നിന്ന് അയാള്‍ രക്ഷപെടുന്നത് വേഷപ്രച്ഛന്നനായി കൊളോണിയല്‍ സ്യൂട്ടണിഞ്ഞ് ചുവന്ന തൂവാല വീശിയാണ്. അഴികള്‍ക്കപ്പുറം അയാള്‍ കടന്നുപോയ കായല്‍ത്തിരകളെ നോക്കി അയാളുടെ കാഴ്ച്ചക്കാരന്‍ ഒറ്റയ്ക്കാവുന്നു.

കാഴ്ച്ചക്കാരന് ഇനിയെന്താണുവഴി? അയാളുടെ ചരിത്രം ആരാണ് കാണുക. അയാള്‍ക്കും അതേ അഴികള്‍ക്കിടയിലൂടെ നോക്കേണ്ടിവരുന്നു. അയാള്‍ക്കും ചായങ്ങള്‍ വാരിപ്പൂശുകയും കഴുകിക്കളയുകയും ചെയ്യേണ്ടിവരുന്നു. അയാളുടെ ചരിത്രവും ആത്മകഥയാവുന്നു. അയാളെയും ഭാവന ചുവന്ന തൂവാല നല്‍കി ഭ്രമിപ്പിക്കുന്നു.

ചിലപ്പോള്‍ നിങ്ങള്‍ ക്ഷുഭിതനായേക്കാം. ഇത്രയും കാലം ഈ നഷ്ടദേശങ്ങളെ നിങ്ങളറിയാതിരുന്നതെങ്ങനെ എന്ന് ചോദിക്കുകയുമാവാം. എങ്കിലുമൊന്നുണ്ട്. നിങ്ങള്‍ക്കൊരു സമാശ്വാസം. ആസ്പിന്‍ വാളിലെ പലതരം ഇരിപ്പിടങ്ങളെപ്പോലെ, മുറിച്ചിട്ട തെങ്ങിന്‍ തടികള്‍, മുളങ്കുറ്റികള്‍, മരത്തണലുകള്‍, ഇളകുന്ന വിദൂരസ്പര്‍ശങ്ങളുടെ കായലിനുപിന്തിരിഞ്ഞുള്ള അരമതിലിരിപ്പുകള്‍, ഊഞ്ഞാലുകള്‍, കാലം തെറ്റിപ്പൂത്തുലഞ്ഞ കര്‍ണ്ണികാരങ്ങള്‍ ഇവയെല്ലാം നമുക്കറിയാവുന്ന സംഖ്യകളെയും സമവാക്യങ്ങളെയും തെറ്റിക്കുകയാണ്. അപ്പോള്‍ കലയുടെ അന്തര്‍ലോകങ്ങളെ, രൂപപരമായ മറിച്ചിടലുകളെ ദോശപോലെ മറിച്ചിട്ടുകളയുന്ന നിസ്സാരതയോടെ ഗെസ്സ് ഹൂ എന്നുപറഞ്ഞ് പുഞ്ചിരിക്കുന്നു. (നമ്മള്‍ ബിനാലെ മറിച്ചിട്ട മനുഷ്യരാകുന്നു).

പേപ്പര്‍, ഫോട്ടോഗ്രാഫ്, ക്യാന്‍വാസ്, ചുമരുകള്‍ എന്നിങ്ങനെ നിങ്ങള്‍ക്ക് സങ്കല്പിക്കാവുന്ന എന്തിലേക്കും പകര്‍ത്തപ്പെടുന്ന കാഴ്ച്ചയെക്കുറിച്ച്, അവ നിങ്ങളുടെ റെറ്റിനയുടെ ദൃഷ്ടികോണില്‍ വീഴ്ത്തുന്ന ചോരയെക്കുറിച്ച്, ‘പടം’ എന്ന ധാരണയോട് നീതി തരാനാകാത്തതിന് (കലയില്‍ ഒരു രജനികാന്ത് സിനിമ ഉണ്ടാവില്ല), സ്‌പേസ് എന്ന ധാരണയെ ഉല്ലംഘിക്കുന്നതിന്, നിങ്ങളുടെ കാലത്തോട് നന്ദികാട്ടുക, ബിനാലെയോടും. ഒരു പക്ഷെ കാലം എന്ന സങ്കല്‍പ്പം തകരുകയാണ്. നിസ്സംഗമായി തനിയെ വളയുന്ന ജയിലഴികളല്ല, നമുക്ക് തടവറകള്‍ തീര്‍ക്കുന്നതെന്നും അറിയേണ്ടതുണ്ട്. കൊളോണിയല്‍ മിത്തുകളില്‍നിന്നും, കലര്‍പ്പുകളില്‍നിന്നും, നമ്മുടെ സ്‌പേസുകള്‍ കമ്പിവളച്ച് കടന്നുകളയുന്നുണ്ട്. മനസ്സില്‍നിന്നും വിജാഗിരികള്‍ തകര്‍ത്ത് ജനാലകളും വാതിലുകളും തുറക്കുകയും കര്‍ണ്ണികാരദീപ്തിയില്‍ മറ്റൊരിടം ഉജ്ജ്വലിക്കുകയുമാണ്.

(നിഖില്‍ചോപ്രയുടെ La Perle Noire : എന്ന സൃഷ്ടിയെ മുന്‍നിര്‍ത്തി എഴുതിയത്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍