UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിനാലെ കൊടിയിറങ്ങി; ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും സംസാരിക്കുന്നു

Avatar

എഴുത്ത്: സുഫാദ്  ഇ മുണ്ടക്കൈ
വീഡിയോ: രാംദാസ് എം കെ

എട്ട് വേദികള്‍, മുപ്പത് രാജ്യങ്ങളില്‍ നിന്ന് തൊണ്ണൂറ്റിനാല് കലാകാരന്മാര്‍, നൂറ്റി ഇരുപത് ഇന്‍സ്റ്റലേഷനുകള്‍, നൂറ്റിയെട്ട് ദിനരാത്രങ്ങള്‍, 5 ലക്ഷത്തിലധികം സന്ദര്‍ശകര്‍-കൊച്ചിയുടെ ഹൃദയത്തില്‍ ‘ലോകാന്തരങ്ങളുടെ’ നിറക്കൂട്ടുചാര്‍ത്തി മലായാളി ഭാവനയെ അമ്പരപ്പിച്ച കൊച്ചി- മുസ്സിരിസ് ബിനാലെ കൊടിയിറങ്ങി. രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന നവീന കലയുടെ മാമാങ്കമാണ് ബിനാലെ. സ്വപ്നങ്ങളുടെ, തീക്ഷ്ണ ജീവിത യാഥാര്‍ഥ്യങ്ങളുടെ, പ്രതീക്ഷകളുടെ, ജീവസ്സുറ്റ കലകളുടെ മഹാ സമന്വയമാണ് ബിനാലെ. അത് അതിര്‍ത്തികളുടെയും സമയത്തിന്റെയും ഭാവനയുടെയുമെല്ലാം അതിര്‍വരമ്പുകള്‍ ഭേദിക്കുന്നു. അവിടെ, ഇന്നലെ വരെ ജഡമായി കിടന്നിരുന്നവ ഇന്നിന്റെ കാഴ്ചകളായി പുനര്‍ജനിക്കുന്നു. അതിലൂടെ പുതിയൊരു ലോകം ഉടലെടുക്കുന്നു.

ബോസ് കൃഷ്ണമാചാരിയുടെയും റിയാസ് കോമുവിന്റെയും നേതൃത്വത്തില്‍ കൊച്ചി ബിനാലെ ഫൗണ്ടേഷനാണ് 2012-ല്‍ ഇന്ത്യയിലെ ആദ്യത്തെ ബിനാലെ കേരളത്തിലെ വാണിജ്യ സംസ്‌കാരത്തിന്റെ ഈറ്റില്ലമായ കൊച്ചിയില്‍ അവതരിപ്പിച്ചത്. രാഷ്ട്രീയപരവും സാമ്പത്തികപരവുമായ പല ആരോപണങ്ങളും ഉണ്ടായിരുന്നെങ്കിലും ഇന്ത്യയുടെ കലാ സാംസ്‌കാരിക ചരിത്രത്തിലെ പൊന്‍തൂവലായി ബിനാലെ മാറി. ‘ലോകാന്തരങ്ങള്‍’ എന്ന നാമധേയത്തില്‍ ജിതീഷ് കല്ലാട്ടിന്റെ ക്യൂറേറ്റര്‍ഷിപ്പിലാണ് ഇത്തവണത്തെ ബിനാലെ അരങ്ങേറിയത്. ”സമയത്തിന്റെയും ഇടത്തിന്റെയും അച്ചുതണ്ടുകള്‍ക്കു കുറുകെ പ്രപഞ്ച രഹസ്യം തേടി മനുഷ്യന്‍ നടത്തിയ ഇടപെടലുകളാണ്, അതില്‍നിന്നും ഉരുത്തിരിഞ്ഞു വരുന്ന അനുമാനങ്ങളാണ്, ചിത്രങ്ങളും രൂപകങ്ങളുമാണ് ഈ പ്രദര്‍ശനത്തില്‍ ഉടനീളം ദൃശ്യവത്കരിച്ചിരിക്കുന്നത്”. ജിതീഷ് കല്ലാട്ട് പറയുന്നു.

ബെര്‍ലിന്‍, മോസ്‌കൊ, ബുക്കാറസ്റ്റ്, തായ്‌പെയ്, ഷാര്‍ജ, വെനീസ് തുടങ്ങിയ ലോകപ്രശസ്ത ബിനാലേകളുടെ മാതൃകയാണ് കൊച്ചി മുസ്സിരിസ് ബിനാലെയും പിന്തുടര്‍ന്നത്. ഇന്ത്യയിലേയും വിദേശത്തുമുള്ള പ്രശസ്തരായ കലാകാരന്മാരുടെ ആകര്‍ഷകവും വൈവിധ്യപൂര്‍ണ്ണവുമായ സൃഷ്ടികള്‍കൊണ്ട്  സമ്പുഷ്ടമായിരുന്നു ബിനാലെ. ആശയ സ്വീകരണത്തിലും അവതരണത്തിലും തങ്ങള്‍ ഒട്ടും പിറകിലല്ലെന്ന് നമ്മെതന്നെ ബോധ്യപ്പെടുത്തുകയായിരുന്നു ഇന്ത്യന്‍ കലാകാരന്മാര്‍. നടരാജ് ശര്‍മ്മയുടെ ‘ആള്‍ട്ടര്‍നേറ്റ് ഷെയിപ്പ്‌സ് ഫോര്‍ ദ എര്‍ത്ത്’ എന്ന ഇന്‍സ്റ്റലേഷന്‍ ഗോളാകൃതിയിലല്ലാതെയുള്ള ആകൃതികളില്‍ ഭൂഗോളത്തെ പുനരാവിഷ്കരിക്കുകയാണ്. തീര്‍ത്തും അസഹിഷ്ണുത കാണിക്കുന്ന ലോകത്തില്‍ സഹിഷ്ണുതയ്ക്കുള്ള ഒരഭ്യര്‍ഥനയായി കലാകാരന്‍ തന്നെ ഇതിനെ വിശേഷിപ്പിക്കുന്നു. ആലപ്പുഴ സ്വദേശി മധുസൂദനന്റെ ‘ലോജിക്ക് ഓഫ് ഡിസപ്പിയറന്‍സ്’ കരിക്കട്ട ഉപയോഗിച്ച് കടലാസില്‍ വരച്ച ചിത്രങ്ങളാണ്.  കാവ്യാത്മകമായ രാത്രി കാഴ്ചകളില്‍, സമയത്തിന്റെ നിര്‍ണ്ണയിക്കാനാവാത്ത ബിന്ദുക്കള്‍ എന്നപോലെ, അന്ധകാരത്തില്‍ നിന്ന്, നിരവധി ചരിത്ര സംഭവങ്ങളും കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്നു. കാള്‍ മാക്‌സ്, ലെനിന്‍, സ്റ്റാലിന്‍ എന്നിവരുടെ രൂപങ്ങളും, അതിനോടൊപ്പം പ്രത്യക്ഷപ്പെടുന്ന അധികാരത്തിന്റെ ബുദ്ധിസ്റ്റ് ചിഹ്നമായ പന്നിയുടെ രൂപവും സങ്കീര്‍ണ്ണമായ പഴയകാല ഓര്‍മ്മകളെ പുനരാവാഹിക്കുന്നു.

കല്‍ക്കരി കത്തിക്കുമ്പോള്‍ ബാക്കിയാവുന്ന സിന്‍ഡര്‍ (cindor) എന്ന ഒരുതരം കരി ഉപയോഗിച്ച് ബംഗലൂര്‍ സ്വദേശി ശാന്താമണി മുദ്ദയ്യ നിര്‍മ്മിച്ച അറുപത് അടിയിലധികം നീളമുള്ള ‘ബാക്ക്‌ബോണ്‍’ മനുഷ്യ നട്ടെല്ലിന്റെ രൂപത്തിലുള്ളതാണ്. എല്ലാ ചൈതന്യവും വറ്റിപ്പോയ ഒരു വസ്തുവില്‍ നിന്നും വളരെ പ്രാധാന്യമുള്ള ഒരു മനുഷ്യാവയത്തെ അതിമനോഹരമായി അവതരിപ്പിക്കുന്നതിലൂടെ കലാകാരി കാണികളില്‍ ഉല്പത്തിയെ കുറിച്ചുള്ള ചോദ്യമുയര്‍ത്തുന്നു. കൊച്ചിതീരത്തെ മാതൃകയാക്കികൊണ്ട് സുധീര്‍ പട്വര്‍ദ്ധന്‍ വരച്ച ചിത്രങ്ങള്‍ കുടിയേറ്റത്തിനോടും അധിവാസത്തിനോടുമുള്ള മനുഷ്യന്റെ ഉള്‍പ്രേരണകളെയാണ് ചിത്രീകരിക്കുന്നത്. മാസങ്ങളോളം കൊച്ചിയില്‍ ചിലവഴിച്ച് മുംബൈ സ്വദേശി സഹെജ് റഹാല്‍ കളിമണ്ണില്‍ തീര്‍ത്ത ‘ഹാര്‍ബിന്‍ജര്‍ ‘ എന്ന പടുകൂറ്റന്‍ ശില്പ്പം അവിസ്മരണീയമായ അനുഭൂതി നല്‍കിയ ഒന്നാണ്. ബിനാലെ വേദിയായ ആസ്പിന്‍വാള്‍ ഹൗസിലെ ഉപയോഗ ശൂന്യമായി കിടന്നിരുന്ന പഴയ ഒരു ലബോറട്ടറിയില്‍, അവിടെ ചിതറിക്കിടന്നിരുന്ന ഉപകരണങ്ങളെല്ലാം ചേര്‍ത്താണ് അദ്ദേഹം ഈ ശില്പ്പം നിര്‍മ്മിച്ചിട്ടുള്ളത്.

രാജ്യാന്തര സമകാലീന കലയുടെ സംഗമ വേദിയായി കൊച്ചി മുസ്സിരിസ് ബിനാലെയെ മാറ്റുന്നതില്‍ വിദേശ കലാകാരന്മാരുടെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതായിരുന്നു. അതിര്‍ത്തികള്‍ക്കപ്പുറം മനുഷ്യ മനസ്സുകളേയും ചിന്തകളേയും ഒന്നാക്കിമാറ്റുന്ന മഹാ സപര്യയാണ് കല എന്ന് തെളിയിക്കുന്നതായിരുന്നു അവരുടെ ഓരോ ശില്പങ്ങളും. കറുത്ത മുത്തുമണികളും ചരടുകളുമുപയോഗിച്ച് യു കെ കലാകാരന്‍ ഹ്യൂ ലോക്ക് നിര്‍മ്മിച്ച ‘സീ പവര്‍’ സമുദ്രപര്യവേഷണങ്ങളാല്‍ തുടക്കമിട്ട ആഗോളവത്കരണത്തിന്റെ പ്രക്രിയകളാണ് അടയാളപ്പെടുത്തുന്നത്. വാസ്‌കോ ഡ ഗാമ ഇന്ത്യയിലെത്താന്‍ ഉപയോഗിച്ച കപ്പലായ സാവോ ഗബ്രിയേല്‍ ചുവരുകളില്‍ പുനര്‍ജനിക്കുമ്പോള്‍ അത് ഇന്ത്യയിലെ കലാചരിത്രത്തിലെ മറ്റൊരു കാല്‍വെയ്പ്പായി മാറുകയാണ്. ചൈനയില്‍നിന്നെത്തിയ ഷൂ ബിങ് ഇലകളില്‍ നിന്നും നാരുകളില്‍ നിന്നും ക്ലാസിക്കല്‍ ചൈനീസ് പെയിന്റിങ്ങുകളെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ നിര്‍മ്മിച്ച നിഴല്‍ചിത്രങ്ങള്‍ കൗതുകമുണര്‍ത്തുന്നതായിരുന്നു. ഇന്ത്യന്‍ വംശജനും ലോകപ്രശസ്ത കലാകാരനുമായ അനീഷ് കപൂര്‍ അവതരിപ്പിച്ചിട്ടുള്ള നീര്‍ചുഴിപോലുള്ള സൃഷ്ടി നമ്മുടെ കാല്‍പ്പാദത്തിന്നടിയിലെ മണ്ണിന്റെ ദൃഢതയെയാണ് ചോദ്യം ചെയ്യുന്നത്.

വെറുമൊരു പെയിന്റിംഗ്/ശില്പ പ്രദര്‍ശന വേദിമാത്രമായിരുന്നില്ല ബിനാലെ. അത് ആഗോള ദൃശ്യകലയുടെ സമകാലീക ആവിഷ്കാരം കൊണ്ട്സമ്പുഷ്ടമായിരുന്നു. ഗൗരവമമേറിയ ആനുകാലിക സംഭവങ്ങളില്‍ കലാകാരന്റെ അഭിപ്രായം ഉറക്കെ വിളിച്ചു പറയുകയായിരുന്നു പല സൃഷ്ടികളും. കലാപങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അപായകരമായ സമുദ്രയാത്രകളില്‍ എര്‍പ്പെടുന്ന മനുഷ്യരുടെ മാനസികാവസ്ഥ പങ്കുവയ്ക്കുന്ന, വിയറ്റ്‌നാം കലാകാരനായ ദിന്‍ ക്യൂ ലിയുടെ, ‘ഏറേഷര്‍’ ഇതിന്റെ മികച്ച ഉദാഹരണമാണ്. ബിനാലേയില്‍ വന്ന എല്ലാവരും അല്പ്ം ഞെട്ടലോടെ കണ്ട ശില്പ്പമാണ് പ്രശാന്ത് പാണ്ഡെയുടെ ‘അര്‍ഥ’. മാര്‍ബിളില്‍ ദേവീശില്പ്പങ്ങള്‍ കൊത്തുന്ന പാരമ്പര്യമുള്ള കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. ‘അര്‍ഥ’ ഒരു പടുകൂറ്റന്‍ വജ്രമാണ്. ഇതിലെ ചുവപ്പ് നിറത്തിലുള്ള സുതാര്യമായ ഡിസൈന്‍ ആരേയും മോഹിപ്പിക്കും. എന്നാല്‍ ഇത് നിര്‍മ്മിച്ചിട്ടുള്ളത് ബ്ലെഡ് ടെസ്റ്റിംഗ് ലാബുകളില്‍ രക്തം ശേഖരിക്കുന്ന ചില്ലുകളിലാണ്!. രക്തം പുരണ്ട ചില്ലുകള്‍കൊണ്ട് ലോകത്തിലെ എറ്റവും വിലയേറിയ ഒന്നിന്റെ രൂപം നിര്‍മ്മിക്കുമ്പോള്‍ അത് സമ്പത്ത്, പൊങ്ങച്ചം, അക്രമം, മരണം എന്നിവ തമ്മിലുള്ള ഒന്നിലധികം ബന്ധങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.

ചിത്രങ്ങള്‍, ശില്പങ്ങള്‍, ഇന്‍സ്റ്റലേഷനുകള്‍, സിനിമകള്‍ എന്നിവയ്ക്കു പുറമെ സെമിനാറുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, വിദ്യാഭ്യാസ പരിപാടികള്‍ എന്നിവയ്‌ക്കെല്ലാം ബിനാലേയില്‍ വേദികളുണ്ടായിരുന്നു. അന്താരാഷ്ട്ര നിലവാരത്തില്‍ പുതുക്കിപ്പണിത ദര്‍ബാര്‍ ഹാളും, കൊച്ചിയുടെ സാംസ്‌കാരിക പൈതൃകമുണര്‍ത്തുന്ന മറ്റു വേദികളും അവിടത്തെ മുഖ്യ ആകര്‍ഷണങ്ങളായിരുന്നു. സ്വദേശികളേക്കാള്‍ കൂടുതല്‍ വിദേശി സന്ദര്‍ശകരായിരുന്നുവെന്ന് പ്രദേശവാസികള്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ അത് നമ്മുടെ ടൂറിസ മേഖലയ്ക്ക് ഗുണകരമായി ഭവിച്ചിട്ടുണ്ടാവുമെന്ന് അനുമാനിക്കാം.

സമകാലികമായ എല്ലാ കലാരൂപങ്ങളുടേയും വിപുലമായ പ്രദര്‍ശനംകൊണ്ട് ലോക ശ്രദ്ധ പിടിച്ചുപറ്റാന്‍ കൊച്ചി മുസ്സിരിസ് ബിനാലേയ്ക്ക് സാധിച്ചിട്ടുണ്ട്. ആഗോള ദൃശ്യ കലകളുടെ സമകാലിക ആവിഷ്കാരങ്ങളെ പറ്റി, സിദ്ധാന്തങ്ങളെ പറ്റി, ഇവിടത്തെ കലാകാരന്മാരിലും പൊതുസമൂഹത്തിലും ചെറിയ തോതിലെങ്കിലുമുള്ള അവഗാഹമുണ്ടാക്കാന്‍ ബിനാലേയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് വാസ്ഥവമാണ്. ഇന്ത്യന്‍ സമകാലിക കലകള്‍ക്കൊരു സുസ്ഥിരമായ വേദി എന്ന നിലയില്‍ കൊച്ചിയുടെ ഭാവി കൂടുതല്‍ വിപുലമാവുകയാണ്. കലാരംഗത്ത് കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ വളര്‍ത്തിയെടുക്കാന്‍ ബിനാലെ സഹായകമാകുമെന്നും പ്രതീക്ഷിക്കാം.

കൂടുതല്‍ വീഡിയോകള്‍ക്ക് അഴിമുഖം യുടൂബ് ചാനല്‍ സന്ദര്‍ശിക്കുക

https://www.youtube.com/c/AzhimukhamMalayalam

(അഴിമുഖം കണ്‍സള്‍ടിംഗ് എഡിറ്ററാണ് എം കെ രാംദാസ്. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ മാധ്യമ വിദ്യാര്‍ഥിയാണ് സുഫാദ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍