UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിനാലയിലെ സമയസൂചികള്‍

Avatar

സജ്ന ആലുങ്കല്‍

ഭൂമിശാസ്ത്രപരമായ ദൂരങ്ങള്‍ക്ക് പ്രസക്തി നഷ്ടമാകുമ്പോള്‍ ജീവിതത്തില്‍ സമയത്തിന് സ്ഥാനമില്ലാതാകുന്ന അവസ്ഥ ചിത്രീകരിക്കുന്ന താരാ കെല്‍ട്ടന്റെ ‘ടൈം ട്രാവലും’, സമയത്തിനെതിരെ പോരാടുന്ന തൊഴിലാളികളെ കാണിക്കുന്ന മാര്‍ക്ക് ഫോര്‍മനെകിന്റെ പെര്‍ഫോമിങ് വീഡിയോ ‘സ്റ്റാന്‍ഡേര്‍ഡ് ടൈമും’, സമയവ്യത്യാസം വ്യക്തികളെ തമ്മില്‍ വിഭജിക്കുകയും പങ്കിട്ട കാഴ്ചയുടെ സാമ്യം കൊണ്ട് ഒന്നാവുകയും ചെയ്യുന്ന ഡേവിഡ് ഹോര്‍വിത്‌സിന്റെ സൃഷ്ടി ‘ദ ഡിസ്റ്റന്‍സ് ഓഫ് എ ഡേയും’  കാലവും ദൂരവും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. 

വെര്‍ച്വല്‍ ലോകം കാലത്തെ എങ്ങനെ ഭരിക്കുന്നുവെന്ന് തിളങ്ങുന്ന സ്‌ക്രീനിലൂടെ ചിത്രീകരിക്കുകയാണ് ‘ടൈം ട്രാവലി’ലൂടെ താരാ കെല്‍ട്ടണ്‍ ചെയ്തിരിക്കുന്നത്. ബാംഗ്ലൂരുവില്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഭൗതികമായി അസാധ്യമായ കാലസഞ്ചാരം കൈവരിക്കുന്നതിനുള്ള ശ്രമമാണ് ‘ടൈം ട്രാവലി’ലൂടെ സൃഷ്ടിച്ചതെന്ന് താരാ കെല്‍ട്ടന്‍ പറയുന്നു. 2009ല്‍ വര്‍ക്ക് പൂര്‍ത്തിയായ ‘ടൈം ട്രാവലി’ല്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രവൃത്തിയുടെ ഒരേ സമയത്തുള്ള രണ്ട് പതിപ്പുകളാണ് താരാ കെല്‍ട്ടണ്‍ ആസ്വാദകര്‍ക്ക് മുന്നില്‍വെയ്ക്കുന്നത്. ഇതിനായി ഓടിക്കൊണ്ടിരിയ്ക്കുന്ന ഒരു ട്രെയിനിന്റെ മുന്‍ഭാഗത്തെ കമ്പാര്‍ട്ട്‌മെന്റിലെ ഒരു വാതിലില്‍ ഒരു വീഡിയോ ക്യാമറ ഘടിപ്പിക്കുകയാണ് താരാ കെല്‍ട്ടണ്‍ ചെയ്തത്. ഈ ക്യാമറയില്‍ നിന്നുള്ള തല്‍സമയ ഫീഡ്, തൊട്ടുപിന്നിലെ കമ്പാര്‍ട്ട്‌മെന്റിന്റെ വാതിലില്‍ സ്ഥാപിച്ചിട്ടുള്ള ലാപ്‌ടോപ്പിലേക്ക് അയച്ചുകൊടുക്കുന്നു. അങ്ങനെ താല്‍ക്കാലികമായ സ്ഥലകാലഭ്രമം സൃഷ്ടിക്കുന്നു. അതായത് വര്‍ത്തമാന സമയത്തിന്റെ ഒരേ സമയത്തുള്ള രണ്ട് പതിപ്പുകള്‍ നമുക്ക് മുന്നില്‍ അവതരിക്കുന്നു.

 

‘ട്രെയിനില്‍ ക്യാമറയും ലാപ്‌ടോപ്പും സ്ഥാപിക്കുമ്പോള്‍ നടക്കുന്നത്, ഒരു സമയം രണ്ട് ഇടങ്ങള്‍ കാണുക എന്നതാണ് അല്ലെങ്കില്‍ ഒരിടത്തില്‍ രണ്ട് സമയങ്ങള്‍ കാണുക എന്നതാണ് അതുമല്ലെങ്കില്‍ രണ്ടുമാണ്. ഇത് യാത്രയുടെ ദൈനംദിനാനുഭവത്തെ വര്‍ദ്ധിപ്പിക്കുന്നു,’ താരാ കെല്‍ട്ടണ്‍ പറയുന്നു. ലോകത്തെ കുറിച്ചുള്ള മാറിമറിഞ്ഞ വീക്ഷണങ്ങളെ അടുത്തറിയാനുള്ള ശ്രമങ്ങളാണ് ഇന്ത്യന്‍ കലാകാരിയായ താര കെല്‍ട്ടന്റെ ദ ക്രിയേഷന്‍സ് ഓഫ് ആദം, ടൈം മാപ്പ്‌സ്, മാജിക്ക് കാര്‍പെറ്റ്, ഹോവാര്‍ഡ്‌സ് എന്നിങ്ങനെ മിക്ക സൃഷ്ടികളും ശ്രമിച്ചിട്ടുള്ളത്. 1981ല്‍ അമേരിക്കയിലെ ആര്‍ലിംഗ്ടണില്‍ ജനിച്ച താരാ കെല്‍ട്ടണ്‍ താമസിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ബംഗളൂരുവിലാണ്.

ജര്‍മ്മന്‍ കലാകാരനായ മാര്‍ക്ക് ഫോര്‍മനെകിന്റെ ‘സ്റ്റാന്‍ഡേഡ് ടൈം’ ഒരു ‘ഡിജിറ്റല്‍’ സമയ ഡിസ്‌പ്ലേ സൃഷ്ടിക്കാനായി സമയത്തിനെതിരെ പോരാടുന്ന ഒരുകൂട്ടം തൊഴിലാളികളെ കാണിക്കുന്ന 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു പെര്‍ഫോര്‍മന്‍സ് വീഡിയോ ആണ്. ഒരു ഡിജിറ്റല്‍ സമയ ഡിസ്‌പ്ലേ ഉണ്ടാക്കുന്നതിന് 70 തൊഴിലാളികള്‍ 24 മണിക്കൂറോളം ഒരു മരം കൊണ്ടുണ്ടാക്കിയ തട്ട് കൂട്ടിച്ചേര്‍ക്കുന്നതും അഴിച്ചുമാറ്റുന്നതുമാണ് കാണിക്കുന്നത്. ഈ പ്രക്രിയയില്‍ 1,611 മാറ്റങ്ങളാണ് തട്ടില്‍ തൊഴിലാളികള്‍ വരുത്തുന്നത്. ഈ പെര്‍ഫോമന്‍സ് തുടര്‍ന്ന് ആവര്‍ത്തിക്കുന്ന ഒരു വീഡിയോയില്‍ പിടിച്ചെടുക്കുകയും കൊച്ചിയിലെ പ്രാദേശിക സമയത്തിന് അനുസൃതമാക്കി ഒരു ഡിജിറ്റല്‍ ക്ലോക്ക് പോലെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. ഓരോ മാറ്റവും വരുത്തുന്നതിന് ഒരു മിനിറ്റില്‍ താഴെ സമയമാണ് ലഭിക്കുക എന്നതിനാല്‍ സമയം പോകുന്നതിനനുസരിച്ച് മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് തൊഴിലാളികള്‍ ബുദ്ധിമുട്ടുന്നു. ഇതിന്റെ ആകാംക്ഷ പങ്കുവയ്ക്കാന്‍ കാഴ്ചക്കാരും നിര്‍ബന്ധിതരാകുന്നു. ഒരു വൃഥാ വ്യായാമം ചിത്രീകരിച്ചിരിക്കുന്നു എന്ന് തുടക്കത്തില്‍ നമുക്ക് തോന്നുമെങ്കിലും, സമയം നമ്മുടെ ജീവിതത്തെ എങ്ങെനെ പിടിമുറുക്കിയിരിക്കുന്നുവെന്ന് പതുക്കെപ്പതുക്കെ നാം അനുഭവിച്ചുതുടങ്ങുന്നു. നമ്മള്‍ അനുഭവിക്കുന്ന സമയം ഒരു ഘടികാരത്തിന്റെ അതിരുകള്‍ക്കുള്ളില്‍ മെരുക്കിയിട്ടിരിക്കുന്നതാണ്.

 

എന്നാല്‍ ഫോര്‍മനെകിന്റെ സൃഷ്ടിയില്‍ സമയത്തിന്റെ അനന്തമായ പ്രയാണത്തില്‍ തടവിലാക്കപ്പെട്ടിരിക്കുന്നത് സമയസൂക്ഷിപ്പുകാര്‍ തന്നെയാണ്. അധ്വാനവുമായി ബന്ധപ്പെട്ട സൂചനകള്‍ പരോക്ഷമായി ഈ കലാസൃഷ്ടിയില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. പണിശാലകളുടെയും സാമ്പത്തിക വിപണികളുടെയും യുഗത്തില്‍ സമയസംവിധാനം അദൃശ്യമായും ഒരു തവണ ഉപയോഗിച്ച് കളയാവുന്ന തരത്തിലും പരക്കെ ആവിഷ്‌കരിക്കപ്പെടുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ടൈമില്‍  തൊഴിലാളികളുടെ ഒരു സംഘം,നമുക്കെല്ലാവര്‍ക്കും വേണ്ടി  സമയം മുന്നോട്ടു കൊണ്ടുപോവുകയാണ്. 1967-ല്‍ ജര്‍മനിയിലെ പിന്നെബെര്‍ഗില്‍ ജനിച്ച ഫോര്‍മനെക് 2007ലാണ് ‘സ്റ്റാന്‍ഡേഡ് ടൈം’ ചിത്രീകരിച്ചത്.

വിചിത്രവും ഇന്ററാക്ടീവുമായ പ്രോജക്റ്റുകള്‍ക്കുള്ള വേദിയായി ഇന്റര്‍നെറ്റിനെ ഉപയോഗപ്പെടുത്തുന്നതില്‍ ഏറെ പേരുകേട്ട അമേരിക്കന്‍ കലാകാരനാണ് ഡേവിഡ് ഹോര്‍വിത്‌സ്. തൊട്ടടുത്തായി വച്ചിട്ടുള്ളതും അസ്തമയത്തിന്റെയും സൂര്യോദയത്തിന്റെയും വീഡിയോ റെക്കോര്‍ഡിംഗുകള്‍ പ്ലേ ചെയ്യുന്നതുമായ രണ്ട് മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാണ് ഹോര്‍വിത്‌സ് ‘ദ ഡിസ്റ്റന്‍സ് ഓഫ് എ ഡേ’ രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസത്തില്‍ സഞ്ചരിക്കുന്ന ദൂരത്തെ സൂചിപ്പിക്കുന്ന ‘ജേര്‍ണി’ എന്ന വാക്കില്‍ നിന്നുള്ള പ്രചോദനമാണ് ‘ദ ഡിസ്റ്റന്‍സ് ഓഫ് എ ഡേ’. ഇത് സൃഷ്ടിക്കുന്നതിന് കാലിഫോര്‍ണിയയിലെ വീട്ടില്‍ നിന്ന് സൂര്യാസ്തമയം കാണാനും അത് മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യാനും 2013 ഫെബ്രുവരിയില്‍ അമ്മയോട് ഹോര്‍വിത്‌സ് ആവശ്യപ്പെട്ടു. അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തുള്ള കാലിഫോര്‍ണിയയില്‍ നിന്ന് അമ്മ സൂര്യന്റെ അസ്തമയം റെക്കോര്‍ഡ് ചെയ്യുമ്പോള്‍, ലോകത്തിന്റെ മറുപകുതിയായ മാലിദ്വീപില്‍ അതേസമയത്ത് തന്നെ ഹോര്‍വിത്‌സ് സൂര്യോദയം ചിത്രീകരിച്ചു. ഒരു ദിവസത്തെ സമയവ്യത്യാസം രണ്ട് വ്യക്തികളെ വിഭജിക്കുകയും എന്നാല്‍ പങ്കിട്ട കാഴ്ചയുടെ സാമ്യം കൊണ്ട് ഇവര്‍ ഒന്നാവുകയും ചെയ്യുന്നു. ഈ രണ്ട് മുഹൂര്‍ത്തങ്ങളുടെ സാമീപ്യവും മുഹൂര്‍ത്തങ്ങള്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ തന്നെ അവ പ്ലേ ചെയ്യുന്നതുമാണ് ഹോര്‍വിത്‌സിന്റെ കലാസൃഷ്ടി.  ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്ന നമ്മുടെ ഗ്രഹത്തിലെ വ്യത്യസ്ത ഇടങ്ങളില്‍ വിരിയുന്ന സമാനമുഹൂര്‍ത്തങ്ങളിലേക്കുള്ള ജാലകങ്ങളായി വീഡിയോകള്‍ വര്‍ത്തിക്കുന്നു. 1981ല്‍ അമേരിക്കയിലെ ഓസ്റ്റിനില്‍ ജനിച്ച ഡേവിഡ് ഹോര്‍വിത്‌സ് 2013 ലെ ഒരു സൂര്യോദയവും അസ്തമയവുമാണ് മൊബൈല്‍ ഫോണിലൂടെ പകര്‍ത്തിയെടുത്തത്.

(മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍