UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്ലാസ് കട്ട് ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാകുമ്പോള്‍; കേരള പോലീസിന്റെ സദാചാര പാഠങ്ങള്‍

Avatar

വി ഉണ്ണികൃഷ്ണന്‍

നഗരത്തിലെ സ്‌കൂള്‍, കോളേജ്, പാരലല്‍കോളേജ് എന്നിവിടങ്ങളില്‍ നിന്നും ക്ലാസ് കട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ വിവരം മാതാപിതാക്കളെ അറിയിക്കുന്നതിന് കൊച്ചി സിറ്റി പോലീസ് പുതിയ സോഫ്റ്റ്‌വെയര്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

സ്‌കൂളുകള്‍കോളേജുകള്‍പാരലല്‍ കോളേജ്മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ചെറിയൊരു വിഭാഗം പാന്‍പരാഗ്, സിഗരറ്റ്, മയക്കുമരുന്ന്, മദ്യം എന്നിവ ഉപയോഗിക്കുന്നതായും അതുവഴി പല വിദ്യാര്‍ത്ഥികളും വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വരുന്നതായും പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളിലെ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം അവരെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുകയും അതുവഴി കുടുംബങ്ങളിലും പൊതുസമൂഹത്തിലും സ്‌കൂള്‍ അന്തരീക്ഷത്തിലും അസ്വസ്ഥത ഉളവാക്കുകയും പഠനത്തില്‍ പിന്നാക്കമാകുകയും ചെയ്യുന്നു.  വിദ്യര്‍ത്ഥികളിലെ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കി അവരെ നേരായ ജീവിതത്തിലേക്ക് നയിച്ച് ഉത്തമ പൗരന്മാരാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം  പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പുകള്‍ പറയുന്നു.

മട്ടാഞ്ചേരി സബ് ഡിവിഷനിലെ സ്‌കൂള്‍,  കോളേജ് എന്നിവിടങ്ങളിലാണ് ഈ സംവിധാനം ആരംഭിക്കുക. ഇവിടത്തെ ഇരുപതോളം സ്‌കൂളുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞ സോഫ്റ്റ് വെയര്‍  ഈ മാസം അവസാനം മുതല്‍ എറണാകുളം, തൃക്കാക്കര സബ് ഡിവിഷനിലും പ്രവര്‍ത്തനം ആരംഭിക്കുകയാണ്. 

ഇതൊരു നല്ലകാര്യമായിരിക്കാം. പക്ഷേ ചില ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നതല്ല.  വിദ്യാഭ്യാസ മേഖലയില്‍ നേരിട്ടുള്ള ഒരു ഇടപെടല്‍ നടത്താന്‍ പോലീസ് അടക്കമുള്ള നീതിനിര്‍വ്വഹണ സംവിധാനങ്ങള്‍ക്ക് സാധ്യമാണോ?  പോലീസിന്റെ ഇടപെടല്‍ വിദ്യാര്‍ഥികളില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലേ?

കൊച്ചിയിലെ സ്കൂളുകളിലും കോളേജുകളിലും ഇപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്ന ഈ സംവിധാനം അവരുടെ നിയമപരിധിയെ മറികടന്നുള്ള ഒന്നാണ് എന്ന് ഹൈക്കോടതിഅഭിഭാഷകനായ അഡ്വ. മനു സെബാസ്റ്റ്യന്‍ അഭിപ്രായപ്പെടുന്നു.

‘വിദ്യാര്‍ഥികള്‍ സ്കൂള്‍ സമയത്ത് പുറത്തു പോകുന്നത് സ്കൂളിന്റെ അച്ചടക്കത്തെ ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ അത് കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്വം പോലീസിനല്ല. സ്കൂളിനു തന്നെയാണ്. അവിടെ നിന്നും പുറത്തിറങ്ങുന്ന വിദ്യാര്‍ഥികള്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അപ്പോള്‍ മാത്രമാണ് പോലീസിന് ഇടപെടാന്‍ സാധിക്കുക. അതും പ്രായപൂര്‍ത്തി ആകാത്തവര്‍ ആണെങ്കില്‍ ജുവനൈല്‍ ആക്റ്റില്‍ പറയുന്ന പ്രകാരമുള്ള നടപടികള്‍ മാത്രമേ സ്വീകരിക്കാനാകൂ. ഇവിടെ സ്കൂള്‍ കടന്ന് കോളേജുകളില്‍ കൂടി ഈ സംവിധാനം നടപ്പിലാകുമ്പോള്‍ അവിടെ തടയപ്പെടുക യുവത്വത്തിന്റെ അവകാശങ്ങള്‍ കൂടിയാകും.

കാരണം ക്ലാസ്സില്‍ ഇരിക്കണോ വേണ്ടയോ എന്നുള്ളത് അവരുടെ തീരുമാനമാണ്. കുട്ടികള്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കില്‍ അത് പോലീസിനു കൈകാര്യം ചെയ്യാം. എന്നാല്‍ തിയേറ്റര്‍, പാര്‍ക്ക് എന്നിവിടങ്ങളില്‍ സ്കൂള്‍-കോളേജ് സമയം കണ്ടെത്തുകയാണെങ്കില്‍ അവരെ പിടികൂടി മാതാപിതാക്കളെ ഏല്‍പ്പിക്കും എന്നുള്ള നടപടി ഒരു പ്രതിസന്ധി സൃഷ്ടിക്കും എന്നുതന്നെ പറയേണ്ടി വരും. സ്കൂളുകളിലും കോളേജുകളിലും ഉള്ള വിദ്യാര്‍ഥികളിലെ ചെറിയൊരു ഭാഗം മയക്കുമരുന്ന്, മദ്യം എന്നിവയ്ക്ക് അടിമപ്പെട്ട് സമൂഹത്തിലെ സമാധാന അന്തരീക്ഷത്തിനു വിഘാതമുണ്ടാക്കുന്നു എന്നതാണ് ഇതിനു കാരണമായി പറയുന്നത്. അതില്‍ വാസ്തവമുണ്ട്. എന്നാല്‍ ആ ഒരു ചെറിയ വിഭാഗത്തിനെ കണ്ടെത്താന്‍ വിദ്യാര്‍ഥികളെ മുഴുവന്‍ ഒരേ രീതിയില്‍ നേരിടുന്നത് തികച്ചും ബാലിശമായ ഒരു തീരുമാനമാണ്. പോലീസ് കൈകാര്യം ചെയ്യേണ്ട ലോ ആന്‍ഡ്‌ ഓര്‍ഡര്‍ പ്രശ്നങ്ങള്‍ അനേകമുണ്ട്. എന്നാല്‍ അതിനു സമയം കണ്ടെത്താതെ സ്കൂള്‍ അധികൃതര്‍ ഉറപ്പു വരുത്തേണ്ട കാര്യങ്ങള്‍ ഏറ്റെടുക്കുന്നത് ശരിയായി തോന്നുന്നില്ല. അതൊരു തരം മോറല്‍ പോലീസിംഗ് സംവിധാനം ആവുകയാണ്‘- അഡ്വ. മനു സെബാസ്റ്റ്യന്‍ വ്യക്തമാക്കി.

സ്റ്റുഡന്റ് കെയര്‍ പ്രൊജക്ട് എന്ന പേരില്‍ കൊച്ചിയിലെ എല്ലാ സ്‌കൂളുകളിലും ,കോളേജുകളിലും  ആരംഭിക്കുന്ന ഈ സംവിധാനത്തിലൂടെ കുട്ടികളുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് സിറ്റി പോലിസ് കമ്മീഷണര്‍ എം.പി. ദിനേശ്, ഡപ്യൂട്ടി പോലിസ് കമ്മീഷണര്‍ ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ എന്നിവര്‍ അറിയിച്ചത്. പല ടീമുകളായി പോലീസ് ഉദ്യോഗസ്ഥര്‍ തിയ്യേറ്റര്‍, പാര്‍ക്ക്, സ്‌റ്റേഡിയം, റയില്‍വേസ്റ്റേഷന്‍, ബസ്റ്റാന്റ്, ഇടറോഡുകള്‍, മദ്യഷാപ്പുകള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടത്തുകയും ക്ലാസ്സ് കട്ട് ചെയ്ത് ‘കറങ്ങി നടക്കുന്ന’ കുട്ടികളെ പിടികൂടി രക്ഷിതാക്കളെ ഏല്‍പ്പിക്കും.

ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനു വ്യാപാരി-വ്യവസായികള്‍ ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹായം ഇതിനായി പോലീസ് തേടും. യുണിഫോമിലും മഫ്ടിയിലുമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സേവനവും 24×7 കോള്‍സെന്റര്‍ സംവിധാനവും ഉടന്‍ തന്നെ നിലവില്‍ വരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

പോലീസിനെ അറിയിക്കേണ്ടതായ എല്ലാ വിവരങ്ങളും കോള്‍സെന്റര്‍ വഴി സ്‌കൂളിലെത്തും. ഇതേ പരിശോധന സ്‌കൂള്‍സമയം കഴിഞ്ഞ് ഒരുമണിക്കൂര്‍ ശേഷം ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവടങ്ങളില്‍ നടത്തി വീട്ടില്‍ പോകാതെ തങ്ങിനില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി തിരിച്ചറിയല്‍ കാര്‍ഡ് നോക്കി സ്‌കൂള്‍ അധികൃതരേയും രക്ഷാകര്‍ത്താക്കളേയും വിവരം അറിയിക്കും. 


സ്‌കൂളില്‍ താമസിച്ചുവരുന്ന വിദ്യാര്‍ഥികളേയും നേരത്തെ പോകുന്ന വിദ്യാര്‍ഥികളേയും ഇടയ്ക്ക് ക്ലാസ്സില്‍ നിന്നും പോകുന്നവരേയും പ്രത്യേകമായി നിരീക്ഷിച്ച് ഈ സമയങ്ങളില്‍ അവര്‍ എന്ത് ചെയ്യുന്നുവെന്നു കണ്ടെത്തി അത്തരം സമയങ്ങളില്‍  മദ്യം, മയക്കുമരുന്ന്, പുകയില ഉല്പ്പ്ന്നങ്ങള്‍ എന്നിവയുടെ ഉപയോഗമോ, ഇവ വാങ്ങുകയോ/വില്ക്കുകയോ  ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കും.

വിദ്യാര്‍ഥികളെ മാനസികമായി തകര്‍ക്കുന്ന ഒന്ന് കൂടിയാണ് ഈ സംവിധാനം എന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകനായ ഷാജര്‍ ഖാന്‍ സൂചിപ്പിക്കുന്നത്.

‘മയക്കുമരുന്നോ, മദ്യമോ പ്രായപൂര്‍ത്തി ആകാത്തവര്‍ ഉപയോഗിക്കുന്നത് പരിഗണിക്കേണ്ട വിഷയം തന്നെയാണ്. അതെങ്ങനെ സ്കൂളുകളിലും കോളേജുകളിലും എത്തുന്നു എന്നുള്ളത് കണ്ടെത്തുകയും കാരണക്കാര്‍ ശിക്ഷ അനുഭവിക്കുകയും വേണം. എന്നാല്‍ ഒരു ക്രിമിനലിനെ കൈകാര്യം ചെയ്യുന്ന അതേ രീതിയല്ല ഒരു കുട്ടിയോട് സ്വീകരിക്കേണ്ടത്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവര്‍ക്കുണ്ടാവുന്ന അനുഭവങ്ങള്‍ സ്വഭാവരൂപീകരണത്തെ സ്വാധീനിക്കും. സ്കൂളില്‍ നിന്നും ക്ലാസ് കട്ട് ചെയ്യുക എന്നുള്ളത് ഒരു ക്രിമിനല്‍ കുറ്റമെന്ന രീതിയില്‍ അവര്‍ കൈകാര്യം ചെയ്യപ്പെട്ടാല്‍ അവരുടെ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെട്ടാല്‍ പിന്നീടുള്ള ഓരോ തീരുമാനങ്ങളിലും നേരത്തെയുണ്ടായ തിക്താനുഭവം അവരെ സ്വാധീനിക്കും. ശരി തെറ്റ് എന്നിവ തിരിച്ചറിയാനുള്ള കഴിവിനെക്കൂടിയാകും ഇത് ബാധിക്കുക’- ഷാജര്‍ ഖാന്‍ തന്‍റെ അഭിപ്രായം വ്യക്തമാക്കി.

സമാനമായ അഭിപ്രായം തന്നെയാണ് തിരുവനന്തപുരത്തെ റിട്ടയേര്‍ഡ് അധ്യാപകനായ ബി ബാലചന്ദ്രനുമുള്ളത്.

‘കുട്ടികള്‍ ക്രിമിനല്‍ സ്വഭാവക്കാരെങ്കില്‍ നിയമം അനുശാസിക്കുന്ന നടപടികള്‍ സ്വീകരിക്കാം എന്നാല്‍ കൈക്കൊള്ളുകയും തടയുകയും ചെയ്യാം എന്നാല്‍ അക്കാരണം ചൂണ്ടിക്കാട്ടി വലിയൊരു വിഭാഗത്തിന്റെ തന്നെ സ്വാതന്ത്ര്യത്തില്‍ കൈകടത്തലാണ് നടപ്പിലാകാന്‍ പോകുന്ന സംവിധാനം.

ആവശ്യമുള്ള കുട്ടികള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ വഴി കൗണ്‍സിലിങ് കൂടാതെ ബോധവത്കരണ പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കുമെന്നു പോലീസ് പറയുന്നുണ്ട്. ചെറിയ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ മാത്രമാണ് അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത്. അവരില്‍ ചിലര്‍ സ്കൂള്‍ കട്ട് ചെയ്ത് പോകാറുമുണ്ടായിരിക്കാം. അതിനര്‍ത്ഥം ക്ലാസ് കട്ട് ചെയ്ത് പുറത്തു പോകുന്നവര്‍ എല്ലാവരും മയക്കുമരുന്നിനടിമകളാണ് അല്ലെങ്കില്‍ മദ്യപാനികള്‍ ആണ് എന്നല്ല. ക്ലാസ് ക്ലാസ് കട്ട് ചെയ്യുന്നതിന് ചിലയിടങ്ങളില്‍ സ്കൂളുകളും കാരണക്കാരാണ്. സ്കൂളുകളിലും കോളേജുകളിലും എത്തുന്ന കുട്ടികള്‍ക്ക് പല പ്രശ്നങ്ങള്‍ ഉണ്ടാകാം. ആ പശ്ചാത്തലത്തില്‍ നിന്നും സ്കൂളിലേക്ക് വരുമ്പോള്‍ അന്തരീക്ഷത്തോട് യോജിക്കാന്‍ പറ്റാതെ വരിക സ്വാഭാവികമാണ്. ചിലപ്പോള്‍ അധ്യാപകരുടെ പെരുമാറ്റവും കാരണമാകാം. അങ്ങനെ പുറത്തിറങ്ങുന്നവരുടെ മേലും മയക്കുമരുന്നിനു അടിമയാണ് എന്നുള്ള സംശയം വരികയും തുടര്‍ന്നുള്ള നടപടികള്‍ നേരിടേണ്ടി വരികയുമാണെങ്കില്‍ അത് ബാധിക്കുക കുട്ടിയുടെ ഭാവിയെത്തന്നെയായിരിക്കും’–  ബാലചന്ദ്രന്‍ തന്റെ അഭിപ്രായം വ്യക്തമാക്കി.

കൊച്ചിയിലെ ഒരു ആര്‍കിടെക്ചര്‍ വിദ്യാര്‍ഥിയ്ക്ക് പറയാനുള്ളത് ഇതാണ്.

’18 വയസു കഴിഞ്ഞ ഒരാളെ മുതിര്‍ന്ന പൌരന്‍ ആയാണ് നമ്മുടെ ഭരണഘടന കണക്കാക്കുന്നത്. സമൂഹത്തിനു ശല്യമാകാത്ത കാലത്തോളം അയാള്‍ക്ക് തന്റെ അവകാശം വിനിയോഗിക്കാം. അങ്ങനെ ഒരു അവകാശത്തിനാണ് ഈ സംവിധാനം തടസ്സമാവുക. ഞാന്‍ തിയേറ്ററില്‍ പോകണോ പാര്‍ക്കില്‍ പോകണോ എന്ന് തീരുമാനിക്കേണ്ടത് ഞാന്‍ തന്നെയാണ്. അവിടെപ്പോയി ആരെയെങ്കിലും ശല്യപ്പെടുത്താനോ മറ്റോ ശ്രമിക്കുകയാണെങ്കില്‍ അവിടെ പോലീസിന് ഇടപെടാം. അങ്ങനെ ഒരു സന്ദര്‍ഭം ഉണ്ടാകാത്ത കാലത്തോളം പോലീസിന് അതില്‍ റോള്‍ ഇല്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം.’

 പലതരത്തിലുള്ള എതിര്‍പ്പുകള്‍ ഉയരുന്നുണ്ടെങ്കിലും പൊതുസമൂഹം ഈ സംവിധാനത്തെ രണ്ടു കൈയും നീട്ടി സ്വീകരിക്കാനാണ്‌ സാധ്യത എന്ന് അഡ്വ. മനു സെബാസ്റ്റ്യന്‍ പറയുന്നു. കുട്ടികള്‍ കുറ്റകൃത്യങ്ങളില്‍ പെടുന്നത് തടയും എന്റെ കുട്ടി സേഫ് ആയിരിക്കും എന്നുള്ള ധാരണയാണ് ഇതിനു കാരണം എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇതിന്റെ ദൂരവ്യാപകമായ ഫലങ്ങളെക്കുറിച്ച് ജനങ്ങള്‍ അറിയേണ്ടതാണ് എന്നും എടുത്തു ചാടിയുള്ള ഒരു നടപടിയല്ല ശാസ്ത്രീയമായാണ് ഇതിനെ നേരിടേണ്ടത് എന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ആണ് ഉണ്ണികൃഷ്ണന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍