UPDATES

വി എസ് വധം ആട്ടക്കഥ തീര്‍ന്നാല്‍ നമുക്ക് നമ്പ്യാര്‍കൂത്ത് കണ്ട് ചിരിക്കാം

എ എം യാസിര്‍

‘വടക്കുനിന്നും കാറ് വരുന്നുണ്ട്, ഇന്ന് പെയ്യും’, വടക്കെ മലബാറിലെ കാരണവന്‍മാര്‍ മാനത്തുനോക്കി പറയാറുണ്ട് പണ്ടൊക്കെ. അത് വെറും ഊഹമാവില്ല. വരവിന്റെ അടയാളങ്ങള്‍ കണ്ടുതുടങ്ങുമ്പോഴാണ് അവര്‍ അങ്ങനെ പറയുക. മേഘകൂട്ടത്തിന്റെ വേഗവും പാടത്ത് കെട്ടിയ പശുവിന്റെ കരച്ചിലുമൊക്കെയാണവര്‍ക്ക് ലക്ഷണം. ലക്ഷണം ഒത്താല്‍ പിന്നെ കാത്തിരിക്കേണ്ട കാര്യമില്ല. അതങ്ങട് പറയാം. സമ്മേളനം നടക്കട്ടെ ചര്‍ച്ചകള്‍ തുടരട്ടെ.

നമ്മുക്കു മാതൃഭൂമി ദിനപത്രം വായിക്കാം. അതില്‍ കോടിയേരി ബാലകൃഷണനെന്ന് ആയിരം വട്ടം വായിക്കാം. ‘സി.പി.ഐ.എമ്മിലെ പൊട്ടിത്തെറി’യും ‘വി.എസിന്റെ വിലക്കു’മെല്ലാം വെണ്ടക്കയായി അച്ചടിക്കുമ്പോഴും ഉളളടക്കത്തില്‍ അവര്‍ അവരുടെ നോമിനിയെ എടുത്തു കാണിക്കുന്നുണ്ട്. അത് പക്ഷെ അലാറം കട്ട കളളനെപ്പോലയാണെന്നുമാത്രം. തൊണ്ടി തന്നെ മോഷ്ടാവിനെ കാണിച്ചുതരുന്നു.

നിയുക്ത സെക്രട്ടറി സഖാവ് കൊടിയേരി അമരത്ത് എത്തുമ്പോള്‍ പത്രവും പാര്‍ട്ടിയും തമ്മില്‍ വീണ്ടും ഒന്നിക്കും. എടാ ഗോപാലകൃഷണായെന്നുളള ആ വിളിയുണ്ടാക്കിയ വിളളല്‍ മാതൃഭൂമിയും ഏറാമലപോലുളള മാറാലകള്‍ പാര്‍ട്ടിയും മറക്കും. അതാണ് ശരിക്കും അടവുനയം. നമ്പ്യാരാവുമ്പോള്‍ ആ കുട്ടി പാര്‍ട്ടിക്കും പ്രശ്നമില്ലത്രെ. മുത്തശ്ശിപത്രവുമായുളള അടുപ്പം പാര്‍ട്ടിയ്ക്കു പുതിയ വഴിതുറന്നുകൊടുക്കും. അത് മുന്നണി സമവാക്യങ്ങളില്‍ മാറ്റവുമുണ്ടാക്കും. അതൊക്കയായിരിക്കും ധാരണ. കോടിയേരി ബാലകൃഷണനും മാതൃഭൂമിയുമായി അലിഖിത ധാരണയുണ്ടെന്നും ആ ധാരണക്ക് പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ മൗനസമ്മതം ഉണ്ടെന്നും കേള്‍ക്കുന്നു. ആലപ്പുഴയില്‍ നടക്കുന്ന സമ്മേളനത്തിലെ ‘താല്‍ക്കാലിക അദ്ധ്യക്ഷന്‍’ എന്ന ആലങ്കാരിക വാക്യം നല്‍കുന്ന സൂചന അതായതുകൊണ്ടുമാത്രമല്ല. ഇനിയും വായിച്ചെടുക്കാന്‍ ലക്ഷണങ്ങള്‍ ധാരാളം.

സമ്മേളനത്തിനു തീയതി ഉറപ്പിച്ചതു മുതല്‍ സഖാവ് കോടിയേരിക്ക് മാതൃഭൂമി സകല പിന്തുണയും ഉറപ്പിച്ചിട്ടുണ്ട്. ചില കാര്യങ്ങള്‍ പ്രതിനിധികളില്‍ നിന്നും ഉരുത്തിരിഞ്ഞു വരണമെന്നില്ല. അങ്ങനെവരുമ്പോള്‍ പൊതുസമ്മതം തേടുന്നതിന് പത്രങ്ങളെ ആശ്രയിക്കാം. അതിന്റെ ആനുകൂല്യം നേരത്തെ കണ്ടതിനാലാവാം കോടിയേരി മാതൃഭൂമിയില്‍ അത്ര പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത്. പുതിയ ബാന്ധവം അണികള്‍ എങ്ങനെയെടുക്കുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്. പാര്‍ട്ടിക്കു കൂടുതല്‍ വശ്യതവേണമെന്ന് ആഗ്രഹിക്കുന്ന നേതാവാണ് ശ്രീ കോടിയേരി ബാലകൃഷണന്‍. യുവജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കു സ്വീകാര്യത ഉണ്ടാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. ഉദാരനായ കര്‍ക്കശക്കാരനല്ലാത്ത ഒരു നേതാവാണ് പാര്‍ട്ടിക്കാവിശ്യമെന്നാണ് ഭൂരിപക്ഷം പേരുടേയും ആവിശ്യം. 

കാലവും അതാവിശ്യപെടുന്നുണ്ടെന്ന് അത്തരക്കാര്‍ സാക്ഷ്യപെടുത്തുന്നു. വി.എസ് ആദ്യമായി പാര്‍ട്ടിക്ക് അനഭിമതനാവുന്നത് നായനാര്‍ക്കുവേണ്ടിയായിരുന്നവെന്നത് കേരള ജനതക്കറിയാം. വീണ്ടുമൊരു നമ്പ്യാര്‍ പാര്‍ട്ടിയുടെ അമരത്തെത്തുമ്പോഴേക്കും വി.എസ്. പാടെ ഇല്ലാതാവണമെന്ന് പാര്‍ട്ടി ചിന്തിക്കുന്നു, മാതൃഭൂമിയും. അതിന്റെ തിടുക്കമാണ് അവര്‍ വാര്‍ത്തകളില്‍ കാണിക്കുന്ന ജാഗ്രത. കുഞ്ചന്‍ നമ്പ്യാര്‍ നമ്മെ ഒരുപാട് ചിന്തിപ്പിച്ചു, ചിരിപ്പിച്ചു. സഖാവ് ഇ.കെ നായനാരും നമ്മെ ചിരിപ്പിച്ചു (വി.എസിനെ ഒഴികെ). ഇനി കോടിയേരി സഖാവ് നമ്മെ ചിരിപ്പിക്കും. നടക്കട്ടെ വീണ്ടുമൊരു നമ്പ്യാര്‍കൂത്ത്. ചിരിപ്പുതാക.

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍