UPDATES

വി എസ് പോയത് ഞങ്ങളോട് പറഞ്ഞിട്ട്, ഇറങ്ങിപ്പോയെന്നു പറഞ്ഞത് നിങ്ങള്‍; മാധ്യമങ്ങളെ പരിഹസിച്ച് കോടിയേരി ബാലകൃഷ്ണന്‍

അഴിമുഖം പ്രതിനിധി

വി എസ് സമ്മേളന വേദി വിട്ടു പുറത്തുപോയത് പറഞ്ഞിട്ടാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. പറഞ്ഞിട്ടുപോയൊരാള്‍ക്കെതിരെ എന്ത് അച്ചടക്ക നടപടിയെടുക്കാനാണെന്നും കോടിയേരി. ഞാന്‍ ഒന്നു പുറത്തു പോകുന്നുവെന്ന് പറഞ്ഞിട്ടാണ് അദ്ദേഹം വേദി വിട്ടത്. വേറൊന്നും തന്നെ പറഞ്ഞില്ല. എന്നാല്‍ ഉടന്‍ തന്നെ കേരളത്തില്‍ രാഷ്ട്രീയ ഭൂകമ്പം ഉണ്ടാകാന്‍ പോകുന്നുവെന്ന് മാധ്യമങ്ങള്‍ പറഞ്ഞുണ്ടാക്കി. വി എസ് വാര്‍ത്താസമ്മേളനം വിളിക്കുമെന്നും വാര്‍ത്ത ഉണ്ടാക്കി.വി എസിന്റെ വീടിനു മുന്നില്‍ ആളുകൂടിയത് മാധ്യമവാര്‍ത്തകള്‍ കൊണ്ടാണ്. മുദ്രാവാക്യങ്ങളും പ്രകടനങ്ങളുമായി പുറത്തിറങ്ങാന്‍ ആഹ്വാനവും ചെയ്തു.എന്നാല്‍ നിങ്ങള്‍ വിചാരിച്ചത്ര ആളുകൂടിയതുമില്ല. ഒന്നും നടക്കാത്തതിന്റെ നിരാശയുണ്ട് എല്ലാവര്‍ക്കുമെന്നും കോടിയേരി പരിഹസിച്ചു.

വി എസുമായി ഇതുവരെ ആരും സംസാരിച്ചിട്ടില്ലെന്നും അവയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ കൂടിയെന്നും പറയുന്നത് വെറുതെയാണെന്നും കോടിയേരി വ്യക്തമാക്കി. സമ്മേളനം കഴിഞ്ഞ് വി എസ് പാര്‍ട്ടിയില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് പാര്‍ട്ടിയും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും അതു കഴിഞ്ഞും ഉണ്ടാകുമെന്നും വി എസിനെ പോലെ പരിണതപ്രജ്ഞനും കേരളത്തില്‍ പാര്‍ട്ടിയെ കെട്ടിപ്പെടുത്തവരില്‍ ഒരാളുമായ വി എസ് ഈ പാര്‍ട്ടിയില്‍ ഉണ്ടാകുമോ എന്ന ചോദിക്കുന്നത് അസംബന്ധമാണെന്നും കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഡലിഗേറ്റുകളെല്ലാവരും തന്നെ ആവശ്യപ്പെട്ടതായി കോടിയേരി സമ്മതിച്ചു. അച്ചടക്കം ലംഘിക്കാന്‍ പാര്‍ട്ടി ആരെയും അനുവദിക്കില്ലെന്നും പറഞ്ഞ അദ്ദേഹം പക്ഷെ വിഎസിനെതിരെയുള്ള നീക്കമല്ല ഇതെന്നും കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും ഒരു വ്യക്കിയുടെ കാര്യത്തിലല്ല, എല്ലാവരും അച്ചടക്കത്തിന് വിധേയരാണെന്നും അച്ചടക്കമില്ലാത്ത പാര്‍ട്ടിക്ക് ജനങ്ങളെ നയിക്കാനും തെരഞ്ഞെടുപ്പ് ജയിക്കാനും വിപ്ലവം നടത്താനും സാധിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. വി എസിന് എതിരെയുള്ള കാര്യങ്ങളല്ല സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തതെന്നും കഴിഞ്ഞ മൂന്നുകൊല്ലത്തെ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. അതിന്റെ ഭാഗമായി ഓരോരുത്തരെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. അല്ലാതെ ഒരു വ്യക്തിക്കെതിരെ മാത്രമല്ല ചര്‍ച്ചകള്‍ നടന്നതെന്നും കോടിയേരി പറഞ്ഞു.

വി എസ് ചില ഉപാധികള്‍ മുന്നോട്ടുവച്ചതായുള്ള ചോദ്യങ്ങളെയും കോടിയേരി നിരാകരിച്ചു. എന്തെങ്കിലും ഉപാധി വി എസ് വച്ചതായി തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വി എസ് നാളെ പങ്കെടുക്കുമോ എന്ന് അദ്ദേഹത്തോട് തന്നെ നിങ്ങള്‍ക്ക് ചോദിക്കാമെന്നും വി എസിനോട് ആര്‍ക്കുവേണമെങ്കിലും സംസാരിക്കാമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍