UPDATES

വി ഡി സതീശന്‍ ഏറ്റവും വലിയ അധികാരമോഹി; കൊടുക്കുന്നില്‍ സുരേഷ്

അഴിമുഖം പ്രതിനിധി

കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശനെ നിശിതമായി വിമര്‍ശിച്ച് കൊടുക്കുന്നില്‍ സുരേഷ് എം പി. മന്ത്രിയാകാനും കെ പി സി സി പ്രസിഡന്റ് ആകാനും ശ്രമിച്ച് പരാജയപ്പെട്ടയാളാണ് സതീശനെന്നും ഇപ്പോള്‍ നേതൃത്വമാറ്റമെന്ന ആവശ്യവുമായി വരുന്നത് പുതിയ മന്ത്രിസഭയുണ്ടാക്കി അതില്‍ മന്ത്രിയായി കയറാനുള്ള ആഗ്രഹം കൊണ്ടാണെന്നും സുരേഷ് ആരോപിച്ചു. അഴിമതി മൊത്തത്തില്‍ ഇല്ലാതാക്കാന്‍ നോക്കാതെ ഒരാള്‍ മാത്രം അഴിമതി വിരുദ്ധനെന്ന പ്രതിഛായ സൃഷ്ടിക്കാന്‍ നോക്കുകയാണ് സതീശന്‍, സ്വാര്‍ത്ഥ താല്‍പര്യം മാത്രമാണ് അതിനു പിന്നില്‍. നേതൃമാറ്റമെന്ന ആവശ്യം നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ അതിനു പിന്നില്‍ ആരാണെന്ന് അറിയില്ലായിരുന്നു, ഇപ്പോള്‍ പരസ്യപ്രസ്താവനയുമായി രംഗത്തുവന്നതിലൂടെ അതിനു പിന്നില്‍ വി ഡി സതീശനാണെന്ന് വ്യക്തമായി.

നിലവിലുള്ള നേതൃത്വം മാറേണ്ട ഒരാവശ്യവുമില്ല. ലോകസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രാജ്യത്താകമാനം പരാജയപ്പെട്ടപ്പോഴും കേരളത്തില്‍ അഭിമാനകരമായ വിജയം നേടിയത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലാണെന്ന് ഓര്‍ക്കണം. അക്കാര്യം വിസ്മരിച്ച് ഇപ്പോള്‍ ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കാന്‍ സതീശന് ധൈര്യം വന്നതെങ്ങനെയാണ്? കേരളത്തിലെ കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പിന് മേധാവിത്വമെന്ന് വരുത്തി തീര്‍ക്കാനാണ് സതീശന്റെ ശ്രമം. കരുണാകരന്‍ പോയതോടെ ഐ ഗ്രൂപ്പ് ദുര്‍ബലമായി. കേരളത്തില്‍ ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന എ ഗ്രൂപ്പിന് തന്നെയാണ് മേധാവിത്വം. സംഘടനാബലത്തെ കുറിച്ച് അറിയാത്തതുകൊണ്ടാണ് സതീശന്‍ ഇങ്ങനെയൊക്കെ പറയുന്നത്.

പാര്‍ട്ടിയില്‍ അനുഭവപരിചയമില്ലാത്തൊരാളാണ് സതീശന്‍, ആ കുറവിന്റെ കൂടെ അധികാരമോഹംകൂടി കലര്‍ന്നതുകൊണ്ടാണ് സതീശന്റെ ഈ പ്രവൃത്തികള്‍. പെട്ടെന്ന് എന്‍എസ്‌യു പ്രസിഡന്റും എംഎല്‍എയുമൊക്കെയായൊരാള്‍ മാത്രമാണ് സതീശന്‍, അല്ലാതെ സര്‍ക്കാരിനെയും പാര്‍ട്ടിയെയും വിമര്‍ശിക്കാനുള്ള പാര്‍ട്ടി പാരമ്പര്യമൊന്നും സതീശന് ഇല്ലെന്നും കടുത്ത ഭാഷയില്‍ കൊടുക്കുന്നില്‍ സുരേഷ് വിമര്‍ശിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍