UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോടിയേരി: പൊതുസമ്മതത്തിന്റെ നെയ്ത്തുകാരന്‍

Avatar

എ എം യാസിര്‍

പാര്‍ട്ടിയും കേരളവും സയാമീസ് ഇരട്ടകളാണ്. അതുകൊണ്ട് കേരളത്തിന്റെ കുതിപ്പും കിതപ്പും പാര്‍ട്ടിയുടേയും കുതിപ്പും കിതപ്പുമാണ്. മരണനിരക്കില്‍ പല യുറോപ്യന്‍ രാജ്യങ്ങളുടെ നേട്ടത്തിനു തുല്യമായതിനാല്‍ വയോജനങ്ങളുടെ എണ്ണം കൂടാനിടയുണ്ട്. 2020 ആകുമ്പോഴേക്കും മുതിര്‍ന്ന പൗരന്മാരുടെ എണ്ണം പതിന്മടങ്ങാവുമത്രെ. ആരോഗ്യകരമായ പരിരക്ഷയും അര്‍ഹിക്കുന്ന ആദരവും മുതിര്‍ന്നവരോട് കാണിക്കുന്ന സംസ്കാരം നിലനിര്‍ത്തുക എന്നതായിരിക്കും ഇനിയുളള മുഖ്യവെല്ലുവിളി. ആ വെല്ലുവിളിയെ സ്വീകരിക്കാന്‍ തന്റെ ആ ചിരിയും സൗമ്യഭാവവും മതിയെന്ന് തെളിയിച്ചുകൊണ്ട് സഖാവ് കോടിയേരി ബാലകൃഷണന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയാവുകയാണ്. ഭാവുകങ്ങള്‍.

സെന്റ് പീറ്റേര്‍സ്ബര്‍ഗ്ഗിലേക്കുളള രണ്ടാം വരവില്‍ ലെനിന്‍ തിരിച്ചറിഞ്ഞു ജനങ്ങള്‍ക്കുവേണ്ടത് ഭക്ഷണവും പാര്‍പ്പിടവുമാണെന്ന്. അതിന് ഭരണകൂടം ആയുധമാക്കാമെന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മറിച്ചുനോക്കിയപ്പോള്‍ ഡോക്ടര്‍ വ്ലാദിമിര്‍ ലെനിന്‍ കണ്ടത് സമത്വസുന്ദരമായ ലോകമുണ്ടാക്കാന്‍ ഭരണകൂടം ആയുധമാക്കാമെന്നായിരുന്നു. ഇപ്പോള്‍ കേരളം കൊതിക്കുന്ന നേതൃദാരിദ്ര്യത്തിന് കോടിയേരി ഒരു പരിഹാരമാണ്. ഏതു വ്യക്തിയായാലും അടുത്തുനിന്നു സംസാരിക്കുന്ന ഗുണമുണ്ട് സഖാവിന്. അടുത്തുനിന്നും കേള്‍ക്കുന്ന സ്വാഭാവം നേതൃഗുണമാണ്. കേരള ജനത ഇപ്പോള്‍ ആഗ്രഹിക്കുന്നതും അതാണ്. ഈ ജനതയെ കേള്‍ക്കാന്‍ ഒരു നേതാവ്. അത് അംഗീകരിച്ചുകൊടുക്കാനുളള ഉളള് കൊടിയേരിക്കുണ്ട്.

കേരള സമൂഹത്തിന്റെ പരിണാമ ഘട്ടമാണിത്. നമ്മള്‍ ഉദ്ഘോഷിച്ച ഭൂപരിഷ്‌കരണ ബില്ലില്‍ മാറ്റം വേണമെന്ന് വലതുപക്ഷം ചിന്തിച്ചുതുടങ്ങിയ കാലം. കാല്‍ വെയ്ക്കുന്നത് തീക്കനലിലേക്കാണ്. തീക്കനല്‍ കണ്ണൂര്‍കാര്‍ക്കു പുത്തരിയല്ല. കനലാട്ടമാടി തഴമ്പിച്ച കാലുകളാണ്. വിദ്യാര്‍ഥി നേതാവെന്ന നിലയില്‍ 1970ല്‍ പാര്‍ട്ടിയിലെത്തിയ സഖാവ് രാജ്യം അടിയന്തിരാവസ്ഥക്കിരയായപ്പോള്‍ ജയിലിലായിരുന്നു. 16 മാസത്തെ ജയില്‍വാസം പില്‍ക്കാല കാഴ്ചക്കും അനുഭവങ്ങള്‍ക്കും തീക്ഷ്ണത നല്‍കിയെന്നത് വാസ്തവമാണ്. 11-ആം മണിക്കൂറില്‍ ഹെലികോപ്റ്ററില്‍ നിന്നുമിറങ്ങുന്നവര്‍ നേതാക്കളാവുന്ന കാലത്ത് സഖാവ് കോടിയേരി ഉഴുതു മറിച്ചു മണ്ണില്‍ വിതച്ചാണ് വരുന്നതെന്നത് ശ്രദ്ധേയമാണ്. സഖാവ് കൊയ്തെടുത്തോളു. നമ്മള്‍ കൊയ്യും വയലുകള്‍ നമ്മുടേതാണ് സഖാവെ.

കോടിയേരിയുടെ വലുതാവലിന് ഒരു ക്രമമുണ്ട്. വിദ്യാര്‍ത്ഥി പ്രസ്ഥാനം, യുവജന പ്രസ്ഥാനം, അങ്ങനെ പാര്‍ട്ടി. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം തുടങ്ങി നിരവധി ഉത്തരവാദിത്വം നിറവേറ്റിയ പാരമ്പര്യമുണ്ട്.  അദ്ദേഹം പൊതുസമ്മതത്തിന്റെ നെയ്ത്തുകാരനാണ്. ഒരേസമയം അക്രമിക്കും ഇരക്കും സാന്ത്വനം നല്‍കാനുളള മാജിക്ക് അദ്ദേഹത്തിലുണ്ട്. അത് കൗടില്യമായി വ്യാഖ്യാനിക്കേണ്ടതില്ല. പിണറായി വിജയന്‍ എന്ന ഉജ്ജ്വലനായ നേതാവിന് പാര്‍ലിമെന്ററി രംഗത്ത് തന്റെ മികവ് പുലര്‍ത്തികൊണ്ട് ഒരു കമ്മ്യൂണിസ്റ്റിന്റെ അന്ത്യമലക്ഷ്യം നേടാന്‍ സഹായിക്കാവുന്ന സെക്രട്ടറിയായിരിക്കും കോടിയേരി. അതിന്റെ കാരണം അവര്‍ക്കു രണ്ടുപേര്‍ക്കുമറിയാം. മൂന്ന് കോടിരൂപ ട്രഷറിയില്‍ നിന്നും പിന്‍വലിച്ച ഒരു കേസ് വിജിലെന്‍സിലുണ്ട്. അത് എല്ലാ നിര്‍മ്മിതികളിലും ചില പെരുന്തച്ചന്‍മാര്‍ ഉണ്ടാക്കുന്ന ഒരു കെണിയാണ്. അത് കെണിയായി തുടരട്ടെ. തന്റെ ജന്മസിദ്ധമായ ഗുണങ്ങള്‍ ഉപകരണാമാക്കികൊണ്ട് മുന്നോട്ട് പോയാല്‍ കേരളീയ. സമൂഹം നേരിടുന്ന സകല വെല്ലുവിളികളും സധൈര്യമായി നേരിടാം. പക്ഷെ ബഹുജനങ്ങളുമായി നിരന്തര സമ്പര്‍ക്കവും മറ്റുപാര്‍ട്ടിനേതാക്കളുമായുളള ബന്ധവും നല്ലതിന് ഉപയോഗിച്ചില്ലെങ്കില്‍ ചുവടുകള്‍ തെറ്റും. അവിടെ നമ്പ്യാര്‍ ബുദ്ധി ഉപയോഗിക്കാം. ലക്ഷ്യം മറക്കരുത്. അതിനുളള കരുത്ത് പുതിയ സംസ്ഥാന കമ്മിറ്റിക്കുണ്ട്.

അമരത്തിരിക്കുമ്പോള്‍ സഖാവെ കപ്പല്‍ മറക്കരുത്. നീക്കുപോക്ക് രാഷ്ടീയത്തിലെ ഉപജാപകനെന്ന് പെട്ടെന്ന് പേരുവീഴാന്‍ സാധ്യതയുണ്ട്. അത് നിസ്സാരമായി കാണരുത്.  നമ്മുടെ ജനതയക്ക് ഒരു സവിശേഷതയുണ്ട്. അത് കൂട്ടായ്മകളുണ്ടാക്കാനുളള ത്വരകളാണ്. പാര്‍ട്ടിയിലും പാര്‍ട്ടിക്കുപുറത്തും അത്തരം കൂട്ടായ്മകളുണ്ടാവും. അത് ഉള്‍ക്കൊളളണം. ചെറിയ സങ്കടങ്ങളുടെ കരുത്ത് ഊര്‍ജ്ജമാക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമെന്ന് മാറുന്ന ഘട്ടത്തിലായിരിക്കും അങ്ങയുടെ അമരത്തിലേറല്‍. കാരണം നമ്മുടെ സമൂഹത്തില്‍ പലതരത്തിലുളള ചെറിയ ചെറിയ ഗ്രൂപ്പുകളണ്ടാവുന്നുണ്ട്. ശക്തിയേറെയുളള ന്യൂക്ലിയസ് ഗ്രുപ്പുകളാണവ. കോര്‍പ്പറേറ്റ് ലോബി മുതല്‍ പാരമ്പര്യവും പൗരാണികവുമായ നിശ്ചല സമൂഹ സങ്കല്‍പ്പത്തിലേക്ക് ക്ഷണിക്കുന്നവരും സോഷ്യലിസറ്റ് സമൂഹത്തിലേക്കു ക്ഷണിക്കുന്നവരും അവര്‍ക്കിടയിലുണ്ട്.  ഗോത്രവര്‍ഗ്ഗവിഭാഗങ്ങളില്‍ നിന്നും വീര്യമുളള ആശയങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. അതിനെ നിഷേധിക്കരുത്, മറക്കരുത്. സഖാവ് പിണറായി വിജയന്റെ നേതൃത്വം പരാജയപ്പെട്ടത് ഉപരിജാതി സമുദായവുമായുളള ബന്ധം മെച്ചപെടുത്തിയില്ലെന്നതിലാണ്. അതു പരിഹരിക്കുന്നതില്‍ കൊടിയേരിക്കും പ്രയാസപ്പെടേണ്ടിവരില്ല.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

*Views are Personal

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍