UPDATES

സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി ബാലകൃഷ്ണന്‍ സന്നദ്ധത അറിയിച്ചതായി സൂചന

വിവാദങ്ങള്‍ പ്രതിസന്ധിയിലാക്കിയ സിപിഎം എന്ത് ചെയ്യും?

തെരഞ്ഞെടുപ്പ് കനത്ത പരാജയത്തിന് തൊട്ടുപിറകെ പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ടത്തിന് കാരണമായ വിവാദങ്ങള്‍ക്കിടെ സിപിഎമ്മിന്റെ നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ലൈംഗിക പിഡന കേസിലും പാര്‍ട്ടി ശക്തി കേന്ദ്രമായ ആന്തൂരില്‍ പ്രവാസി വ്യവസായിക്ക് ആത്മഹത്യചെയ്യേണ്ടി വന്ന സംഭവത്തിലും എന്ത് നിലപാടായിരിക്കും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അതിനിടെ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയാമെന്ന് കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയെ അറിയിച്ചതായും സൂചനയുണ്ട്.

സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ മുംബൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കുമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇക്കാര്യത്തില്‍ പാര്‍ട്ടി ഒരു നിലാപാടും പറയേണ്ടതില്ലെന്നും ബിനോയ് വ്യക്തിപരമായി ആരോപണം നേരിടട്ടെ എന്നുമാണ് പാര്‍ട്ടി നേതാക്കാള്‍ പറയുന്നതെങ്കിലും അത്തരമൊരു സമീപനവുമായി പാര്‍ട്ടിക്ക് ഏറെ നാള്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. നേരത്തെയും വിവാദങ്ങളിലും കേസുകളിലും പെട്ട ആളാണ് ബിനോയ് കോടിയേരി. ഇയാളുടെ വരുമാന സ്രോതസുമായി ബന്ധപ്പെട്ട് ഇതിനകം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് പരസ്യമായി വിശദീകരിക്കാതെ ഏറെനാള്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഉറപ്പാണ്. കഴിഞ്ഞ വര്‍ഷമാണ് ദുബായില്‍ ചെക്ക് കേസുമായി ബന്ധപ്പെട്ട് ബിനോയിക്കെതിരെ ആരോപണം ഉയര്‍ന്നത്. കോടിക്കണക്കിന് രൂപയുമായി ബന്ധപ്പെട്ട ആരോപണം പിന്നീട് ഒത്തുതീര്‍ക്കുകയായിരുന്നു. അതിനുള്ള പണം എവിടുന്ന് കിട്ടി എന്ന ചോദ്യം അന്ന് തന്നെ ഉന്നയിക്കപ്പെട്ടതാണ്.

ആയൂര്‍വേദ ചികില്‍സ കഴിഞ്ഞ് ഇന്ന് സംസ്ഥാന കമ്മിറ്റി യോഗത്തിനെത്തിയ കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി എകെജി സെന്ററില്‍ കൂടിക്കാഴ്ച നടത്തി. സെക്രട്ടറി സ്ഥാനത്തുനിന്ന് മാറാന്‍ താന്‍ സന്നദ്ധനാണെന്ന നിലപാടാണ് കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിക്കുന്നതെന്നാണ് വിവിധ ചാനലുകള്‍ പുറത്തുവിടുന്ന വാര്‍ത്ത. ഇക്കാര്യത്തോട് മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന വ്യക്തമായിട്ടില്ല. മുഖ്യമന്ത്രിയെ അറിയിച്ച നിലപാട് സെക്രട്ടറിയേറ്റ് യോഗത്തിലും കോടിയേരി സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ സെക്രട്ടറിയേറ്റ് എന്ത് തീരുമാനമെടുക്കുമെന്ന വ്യക്തമല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ എടുക്കുന്ന നിലപാട് സെക്രട്ടറിയേറ്റ് സ്വീകരിക്കാനാണ് സാധ്യത. എന്നാല്‍ ഈ ഘട്ടത്തില്‍ കോടിയേരിയെ കൈയൊഴിയാന്‍ പിണറായി തയ്യാറായേക്കില്ല.

കണ്ണൂരിലെ മറ്റ് പാര്‍ട്ടി നേതാക്കാളുമായും മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനുമായുംയി കോടിയേരിക്ക് നല്ല ബന്ധമല്ല ഇപ്പോഴുള്ളത്. പക്ഷെ ഇവര്‍ കമ്മിറ്റിയില്‍ കോടിയേരിക്കെതിരെ പരസ്യമായി നിലപാട് സ്വീകരിക്കാന്‍ സാധ്യത ഈ ഘട്ടത്തില്‍ കുറവാണ്. എല്ലാ അര്‍ത്ഥത്തിലും പ്രതിരോധത്തിലായ കോടിയേരി ബാലകൃഷ്ണന്‍ തന്റെ രാഷ്ട്രീയ ജീവതത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. 2015 ല്‍ സിപിഎം ആലപ്പുഴ സമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണ്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.

കണ്ണൂര്‍ ആന്തുരില്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യയും പാര്‍ട്ടിയെ വലിയ തോതില്‍ പ്രതിരോധത്തിലാക്കിയിരിക്കയാണ്. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണും പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവുമായ പി കെ ശ്യാമളയ്‌ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വ്യവസായ നിക്ഷേപത്തിന് അനുകൂല സാഹചര്യമാണ് കേരളത്തില്‍ എന്ന് മുഖ്യമന്ത്രിയും സംഘവും പറഞ്ഞു നടക്കുന്നതിനിടെയാണ് പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ ഒരു വ്യവസായിക്ക് സ്ഥാപനത്തിന് അനുമതി കിട്ടാതെ ആത്മഹത്യ ചെയ്യേണ്ടി വന്നത്. ഇതില്‍ പാര്‍ട്ടി നിലപാട് വിശദീകരിക്കാന്‍ ആന്തുരില്‍ ഇന്ന് സിപിഎം പൊതുസമ്മേളനം വിളിച്ചിരിക്കയാണ്. സംഭവവുമായി ബന്ധപ്പെട്ട് പി കെ ശ്യാമളയ്‌ക്കെതിരെ നടപടി എടുക്കേണ്ടതുണ്ടോ എന്ന കാര്യത്തിലും സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമെടുക്കേണ്ടതുണ്ട്.

തലശ്ശേരിയില്‍ സിഒടി നസീറിന് നേരെയുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട എംഎല്‍എ ഷംസീറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും പാര്‍ട്ടിക്ക് ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടില്ല. തലശ്ശരി സ്‌റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സിഒടി നസീറിനെതിരായ ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഷംസീറിനെതിരെയാണ് ഉയരുന്നത്. ഇങ്ങനെ തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം സമീപകാലത്തൊന്നും ഉണ്ടാവാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് സിപിഎം നേരിടുന്നത്.

Read More: കാട്ടാനയെ ഓടിക്കാന്‍ ആദിവാസി വാച്ചര്‍മാര്‍ക്ക് മുളവടി മതിയോ?; വയനാട്ടിലെ കെഞ്ചന്‍റെ ദാരുണമരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍