UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ മാസമുറയുടെ പേരിലുള്ള സ്ത്രീ വിലക്കിനെതിരെ ആഞ്ഞടിച്ച് കോടിയേരി

Avatar

അഴിമുഖം പ്രതിനിധി

മാസമുറയുടെ പേര് പറഞ്ഞു ശബരിമലയില്‍ സ്ത്രീപ്രവേശനം തടയരുതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 41 ദിവസത്തെ വ്രതമെടുക്കണം എന്നതിനാല്‍ മാസമുറയുള്ള സ്ത്രീകള്‍ക്ക് ശബരിമല പ്രവേശനം അനുവദിക്കാനാവില്ലെന്ന് പറഞ്ഞ ബിഡിജെഎസ് നേതാവും എന്‍ഡിഎ നിയമസഭാസ്ഥാനാര്‍ഥിയുമായിരുന്ന അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാടിനെ കടന്നാക്രമിച്ച് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി വീണ്ടു ശക്തമായ നിലപാട് സ്വീകരിച്ചത്.

സ്ത്രീകളെ ശബരിമലയില്‍ കണ്ടാല്‍ പുരുഷന്മാരുടെ നിയന്ത്രണം വിട്ടുപോകുമെന്ന അക്കീരമണ്ണിന്റെ വാദം അയ്യപ്പഭക്തന്മാരെയാകെ അധിക്ഷേപിക്കുന്നതാനെന്നും കോടിയേരി വ്യക്തമാക്കുന്നു. സ്ത്രീകള്‍ ശബരിമലയില്‍ എത്തിയാല്‍ ഭക്തന്മാര്‍ ഭക്തി ഉപേക്ഷിച്ച് ലൗകികചിന്തയിലാണ്ടുപോകുമെന്ന വാദത്തെയും പുച്ഛിച്ചു തള്ളി. ബ്രാഹ്മണസഭാനേതാവും നിയമസഭാതെരഞ്ഞെടുപ്പിനു മുമ്പായി വെള്ളാപ്പള്ളി നടേശന്‍ നയിച്ച സമത്വമുന്നേറ്റ യാത്രയ്ക്ക് കാസര്‍കോട്ട് ദീപംകൊളുത്തിയ നേതാവുമാണ് അക്കീരമണ്‍. ഇദ്ദേഹത്തിന്റെ വിഡ്ഢിത്തം നിറഞ്ഞ വാദമുഖങ്ങളാണു തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും കൂട്ടരും ആവര്‍ത്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ജീവശാസ്ത്രപരമായി സ്ത്രീകള്‍ക്ക് ചില പ്രത്യേകതകളുണ്ട്. അതിലൊന്നാണ് മാസമുറ. ഇത് പോരായ്മയായി കണക്കാക്കുന്ന നിലവിലുള്ള മനോഭാവം ഉപേക്ഷിക്കണം. ആത്മവിശ്വാസം, മനോധൈര്യം, ആത്മാഭിമാനം ഇതെല്ലാം ഇല്ലാതാക്കാനുള്ള ഒന്നായി മാസമുറയടക്കമുള്ള ജൈവപ്രക്രിയകളെ പെരുപ്പിച്ചുകാട്ടുന്നത് അവസാനിപ്പിക്കണം. മാസമുറയുടെ പേരുപറഞ്ഞ് സ്ത്രീക്ക് അവസരം നിഷേധിക്കാന്‍ പാടില്ല. അവരുടെ പ്രാപ്തി വര്‍ധിപ്പിക്കാനുള്ള മാര്‍ഗം സൃഷ്ടിക്കുകയാണ് ആവശ്യം. സ്വന്തം ആരോഗ്യസ്ഥിതി ബന്ധപ്പെട്ടവര്‍തന്നെ വിലയിരുത്തി മലകയറട്ടെ എന്നുമാണ് കോടിയേരിയുടെ നിലപാട്.,.

ആരോഗ്യം, സാക്ഷരത, സ്ത്രീപുരുഷാനുപാതം, ആയുര്‍ശേഷി എന്നീ തലങ്ങളില്‍ കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ പുരുഷന്മാരോട് കിടപിടിക്കുന്നതും ദേശീയശരാശരിയെക്കാള്‍ ഉയര്‍ന്നതുമാണ്. പുരുഷന്റെ തുല്യപങ്കാളിയെന്നനിലയില്‍ സ്ത്രീയുടെ പദവി മെച്ചപ്പെടുത്താന്‍കൂടി ഉപകരിക്കും ശബരിമലയിലെ സ്ത്രീപ്രവേശനം. ജനസംഖ്യയുടെ പകുതിയില്‍ അല്‍പ്പം കൂടുതലോ കുറവോ വരുന്ന ഒരു വിഭാഗമാണ് സ്ത്രീകള്‍. അതുകൊണ്ട് പൊതുയിടങ്ങളിലും ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും സ്ത്രീകളെ ഒഴിച്ചുനിര്‍ത്തുന്ന വിലക്ക് നല്ല പ്രവണതയല്ല. വിഭിന്നങ്ങളായ ന്യായവാദങ്ങളെ വിലയിരുത്തി ശബരിമല കേസില്‍ സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിക്കട്ടെ. അതിനുമുമ്പ് സങ്കുചിത മതവികാരവും ആചാരവിശ്വാസങ്ങളുടെ പേരില്‍ കപടവൈകാരികതയും ഇളക്കിവിടാനുള്ള ശ്രമം എത്രയുംവേഗം അവസാനിപ്പിക്കണം എന്നും പാര്‍ട്ടി സെക്രട്ടറി ആവശ്യപ്പെടുന്നു.

സ്ത്രീപ്രവേശനത്തിനനുകൂലമായി 2006-ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. എന്നാല്‍, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും സ്ത്രീവിരുദ്ധ നിലപാടാണ് കൈക്കൊണ്ടത്. സ്ത്രീകള്‍ അയ്യപ്പദര്‍ശനം നടത്തിയാല്‍ മല ഇടിഞ്ഞുവീഴുമെന്ന മട്ടിലാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും സംസ്ഥാനത്തെ ചില ബിജെപി-ആര്‍എസ്എസ് നേതാക്കളും പ്രതികരിച്ചത്. ഇതിനെ വികാരപരമായ പ്രശ്‌നമായി അവതരിപ്പിച്ച് ഭക്തജനങ്ങളെ ഇളക്കിവിടാനുള്ള ഗൂഢപരിശ്രമത്തിലാണ് ഇവരെന്ന് വിളിച്ചറിയിക്കുന്നതാണ് ചിങ്ങപ്പുലരിയില്‍ ശബരിമല സന്നിധാനത്ത് നടത്തിയ ഉപവാസപ്രാര്‍ഥനാ യജ്ഞം. സന്നിധാനത്ത് സമരപരിപാടി വിലക്കി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അത് ലംഘിച്ചാണ് കോണ്‍ഗ്രസ് നേതാവ് പ്രയാറിന്റെ നേതൃത്വത്തില്‍ പന്തല്‍കെട്ടി 12 മണിക്കൂര്‍ സമരം നടത്തിയത്. സ്ത്രീപ്രവേശനത്തെ പല്ലും നഖവുമുപയോഗിച്ച് നേരിടുമെന്നാണ് കോണ്‍ഗ്രസ്-ബിജെപി പ്രതിനിധികള്‍ പ്രസംഗിച്ചത്. ദേവസ്വംബോര്‍ഡിന്റെ അധീനതയിലുള്ള 1255 ക്ഷേത്രങ്ങളിലെ ക്ഷേത്രോപദേശകസമിതികളെക്കൂടി യോജിപ്പിച്ചാണ് താന്‍ ഇത്തരമൊരു സമരം സന്നിധാനത്ത് നടത്തിയതെന്ന് ബോര്‍ഡ് പ്രസിഡന്റ് അവകാശപ്പെടുന്നുണ്ട്. ഈ സമരം നടത്തിയതാകട്ടെ ശബരിമലവികസന കാര്യത്തില്‍ ഉന്നതതല കൂടിയാലോചനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അവിടെ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പും. സ്ത്രീപ്രവേശനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയ അജന്‍ഡയാക്കാനുള്ള ഉദ്ദേശ്യമായിരുന്നോ എന്ന് സംശയിക്കുന്നതായി കോടിയേരി വ്യക്തമാക്കി. പ്രയാറിനെ തിരുത്താന്‍ തയാറാകാത്ത വി എം സുധീരന്‍ , രമേശ് ചെന്നിത്തല എന്നിവരുടെ നിലപാടിനെയും ലേഖനത്തില്‍ കോടിയേരി ചോദ്യം ചെയ്യുന്നുണ്ട്.

പത്തുവയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് നീക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനും അഞ്ച് അഭിഭാഷകരും നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഹര്‍ജിക്കാര്‍ സ്ത്രീകളാണ്. 2006 മുതല്‍ കോടതിയുടെ മുമ്പിലുള്ള ഹര്‍ജിയില്‍ ഉന്നയിക്കപ്പെട്ട വിഷയം ഭരണഘടനാപരമായ ചോദ്യങ്ങളുയര്‍ത്തുന്നതാണെന്ന് സമീപസമയത്ത് കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി തുടരുന്ന ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരിലാണെങ്കിലും അയ്യപ്പദര്‍ശനത്തിന് സ്ത്രീകളെ വിലക്കാന്‍ സര്‍ക്കാരിനോ ദേവസ്വംബോര്‍ഡിനോ ഭരണഘടനാപരമായ അവകാശമില്ലെന്ന് സുപ്രീംകോടതി വാക്കാല്‍ നിരീക്ഷിച്ചത് മാധ്യമങ്ങള്‍ ശ്രദ്ധേയമായി റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ ഏറ്റവും വലിയ നീതിന്യായസ്ഥാപനമായ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഭരണഘടനാപരമായി സമാധാനത്തോടെ തീരുമാനമെടുക്കാന്‍ കോടതിക്ക് അവസരം നല്‍കണം എന്നതാണ് സിപിഎം നിലപാട്. ഈ വിഷയത്തില്‍ മഹിളാ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം എന്നും കോടിയേരി ആവശ്യപ്പെടുന്നുണ്ട്.

ഒരു ഘട്ടംവരെ കേരളത്തിലടക്കം ക്ഷേത്രപ്രവേശനം സവര്‍ണര്‍ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത്തരം അനീതിയും വിവേചനവും പൊളിച്ചടുക്കാന്‍ ഇവിടത്തെ നവോത്ഥാനപ്രസ്ഥാനവും പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനവും വലിയ പങ്കുവഹിച്ചു. ആര്‍എസ്എസ് നയിക്കുന്ന മോദി ഭരണത്തിന്റെ തണലില്‍ വര്‍ഗ-വര്‍ണ-ലിംഗ അസമത്വങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം ശക്തമാണ്. ഈ പശ്ചാത്തലത്തില്‍വേണം ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ വ്യാപ്തി മനസ്സിലാക്കേണ്ടത് എന്ന് അദ്ദേഹം പറയുന്നു.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അനുകൂലിച്ചപ്പോള്‍ മറ്റു മതങ്ങളുടെ കാര്യത്തില്‍ വഴുവഴുപ്പാണ് നിലപാടാണ് സ്വീകരിച്ചത് എന്ന വിമര്‍ശനത്തിന് മറുപടി പറയാനും കോടിയേരി ലേഖനം ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് കോടതിവിധിയനുസരിച്ച് കിട്ടിയ പിന്തുടര്‍ച്ചാ സ്വത്തവകാശം ദുര്‍ബലപ്പെടുത്തുന്നതിന് യുഡിഎഫ് കാലത്ത് നിയമസഭയില്‍ നിയമം പാസാക്കാന്‍ പരിശ്രമിച്ചത്തിനെതിരെ പ്രതിഷേധിച്ചതും സ്ത്രീക്ക് ദിവ്യപൂജയിലോ മറ്റ് കൂദാശകളിലോ പങ്കില്ലാത്തതിനെതിരെ സെമിനാറില്‍ ഇ എം എസ് സംസാരിച്ചതും ഓര്‍മിപ്പിക്കുന്നു. ശരിയത്ത് നിയമത്തിന്റെ മറവില്‍ സ്ത്രീകളെ ഇഷ്ടംപോലെ മൊഴിചൊല്ലി ഉപേക്ഷിക്കാനുള്ള മുസ്ലിം പുരുഷന്മാരുടെ സ്വേച്ഛാപരമായ സ്വാതന്ത്യ്രത്തിനെതിരെയും സിപിഐഎമ്മും ഇ എം എസും പ്രതികരിച്ചിരുന്നതായും കോടിയേരി ചൂണ്ടിക്കാട്ടുന്നു. 

കഴിഞ്ഞ മണ്ഡലകാലത്ത് നാലുകോടി ഭക്തര്‍ വന്നതില്‍ 50 വയസ്സിന് മുകളിലുള്ള അഞ്ചുലക്ഷം അമ്മമാര്‍ മലചവിട്ടിയെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ അഞ്ചുലക്ഷം സ്ത്രീകള്‍ ഒരു മണ്ഡലകാലത്ത് മാത്രം അയ്യപ്പനെ ദര്‍ശിച്ചു. ഇതുകൊണ്ട് ഭൂമികുലുക്കമൊന്നും ഉണ്ടായില്ലെന്നും ഈ ചോദ്യം ഉയര്‍ത്തുമ്പോള്‍ സ്ത്രീവിലക്കിനെ ന്യായീകരിക്കുന്നവര്‍ യുക്തിയില്ലാത്ത ആചാരവിശ്വാസത്തെയാണ് തൊടുന്യായമായി മുന്നോട്ടുവയ്ക്കുന്നതെന്നും വ്യക്തമാക്കിയാണ് ലേഖനം അവസാനിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍