UPDATES

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കോടിയേരി

അഴിമുഖം പ്രതിനിധി

ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 356-ാം വകുപ്പ് പ്രകാരം നടപടി വേണം എന്ന ഗവര്‍ണറുടെ നിരീക്ഷണം ഗൗരവമേറിയതാണ്. ഇതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഭരണഘടനാപരമായി തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേരളത്തില്‍ ആദ്യമായാണ് അധികാരത്തില്‍ ഇരിക്കുന്ന ഒരു മന്ത്രിക്കെതിരെ ക്രിമിനല്‍ കുറ്റം ചാര്‍ത്തപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കെഎം മാണിയെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കണ്ണൂര്‍ പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

സിപിഎം എംഎല്‍എമാരായ ടി വി രാജേഷിനും ജെയിംസ് മാത്യുവിനുമെതിരെ ക്രിമിനല്‍ കുറ്റം ആരോപിക്കപ്പെട്ടപ്പോള്‍ ഇരുവരും കോടതിയില്‍ നിന്നും ജാമ്യം നേടുകയായിരുന്നു. മന്ത്രിക്ക് ഒരു നിയമവും എംഎല്‍എമാര്‍ക്ക് മറ്റൊരു നിയമം ഉണ്ടോയെന്നും കോടിയേരി ചോദിച്ചു.

സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറുകയായിരുന്നു. സഭയില്‍ പ്രതിഷേധ സമരം നടത്തിയ പ്രതിപക്ഷവുമായി ആശയവിനിമയം നടത്താനോ പ്രശ്‌നം ചര്‍ച്ച ചെയ്യാനോ സ്പീക്കര്‍ തയ്യാറായില്ല. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം നേരത്തെ പ്രഖ്യാപിച്ചിരുന്നതാണെന്നും അത് തടയാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാണി ബജറ്റ് അവതരിപ്പിച്ചില്ല. ഇതിലും നല്ലത് പാലയിലെ വീട്ടിലിരുന്നു വീഡിയോ കോണ്‍ഫറന്‍സ് വഴി ബജറ്റവതരിപ്പിച്ചാല്‍ മതിയായിരുന്നു എന്നും പ്രതിപക്ഷ ഉപനേതാവ് ചൂണ്ടിക്കാട്ടി. സഭ നടത്തുന്നതിന് ചില ചട്ടങ്ങളും കീഴ്വഴക്കളും പാലിക്കേണ്ടതുണ്ടെന്നും വെള്ളിയാഴ്ച സഭയില്‍ അതൊന്നും പാലിക്കപ്പെട്ടില്ലെന്നും കോടിയേരി ആരോപിച്ചു. മാണി ബജറ്റവതരിപ്പിക്കരുത് എന്ന് ആദ്യം പറഞ്ഞത് കോണ്‍ഗ്രസ് വക്താവ് അജയ് തറയിലാണെന്നും കോടിയേരി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

വാച്ച് ആന്റ് വാര്‍ഡിന്റെ വേഷത്തില്‍ പോലീസിനെയും ക്രിമിനലുകളെയും ഇറക്കി സഭാനടപടികള്‍ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതില്‍ മുഖ്യമന്ത്രിക്കും കുഞ്ഞാലിക്കുട്ടിക്കും പങ്കുണ്ട്. കേരള കോണ്‍ഗ്രസിന്റെ ഒമ്പത് എംഎല്‍എമാരെ പേടിച്ച് നിയമവാഴ്ച അട്ടിമറിക്കാന്‍ മുഖ്യമന്ത്രി കൂട്ടുനില്‍ക്കുകയാണ്. വിഎം സുധീരനും വക്കം പുരുഷോത്തമനും സ്പീക്കര്‍മാരായിരുന്നപ്പോള്‍ പാലിച്ച ക്രമങ്ങള്‍ ഒന്നും പാലിക്കപ്പെടുന്നില്ല. ബജറ്റ് അവതരിപ്പിക്കുന്നതിനായി കെഎം മാണിയുടെ സീറ്റ് മാറ്റി എന്ന് പറയുന്നത് കെട്ടിച്ചമച്ച വാദഗതിയാണ്.

അങ്ങനെ സീറ്റ് മാറ്റി നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ ബുള്ളറ്റില്‍ പ്രസിദ്ധീകരിക്കണം. അത് ഉണ്ടായിട്ടില്ല. അപ്പോള്‍ എങ്ങനെയാണ് ഈ ബജറ്റിന് സാധൂകരണം ഉണ്ടാകുകയെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിക്കാതെ എങ്ങനെയാണ് സഭ ചേര്‍ന്നതായി പറയുന്നത്. എവിടെയെങ്കിലും ഇരുന്ന് ബജറ്റ് വായിച്ചാല്‍ സംസ്ഥാന ബജറ്റ് ആകില്ല. ജയിലില്‍ കഴിയണ്ട വ്യക്തിയാണ് ബജറ്റ് അവതരിപ്പിക്കാന്‍ ശ്രമിച്ചത്.
പ്രതിപക്ഷ സമരം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞെന്നും കേരളത്തിലെ അഴിമതി സര്‍ക്കാരിനെ കുറിച്ച് ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ അരങ്ങേറുന്നുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം സഭയില്‍ നടന്ന മുഴുവന്‍ സംഭവങ്ങള്‍ക്കും ഉത്തരവാദി മാണിയെ മാറ്റിനിറുത്താന്‍ തയ്യാറാവാതിരുന്ന സര്‍ക്കാരാണെന്നും സിപിഎം സെക്രട്ടറി ആരോപിച്ചു. മന്ത്രി കെഎം മാണി പങ്കെടുക്കുന്ന പൊതുപരിപാടികള്‍ എല്‍ഡിഎഫ് ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടി നാളെ എല്‍ഡിഎഫില്‍ എത്തുമോയെന്ന് ഇപ്പോള്‍ പറയാനാവില്ല. മാണി ബജറ്റ് വിവരങ്ങള്‍ ചോര്‍ത്തി കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചത് ബാലകൃഷ്ണപിള്ളയാണ്. യുഡിഎഫിലെ അഴിമതി കണ്ടുമടുത്ത അദ്ദേഹം ഇപ്പോള്‍ മുന്നണി വിട്ട് പുറത്തുവന്നിരിക്കുകയാണ്. നാളെ അദ്ദേഹത്തിന്റെ പാര്‍ട്ടി എല്‍ഡിഎഫിന്റെ ഭാഗമാകുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍