UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊടുങ്ങല്ലൂര്‍ ഭരണി; ചില പുരാവൃത്തങ്ങള്‍

Avatar

ഡോ. സി. ആദര്‍ശ്

കൊടുങ്ങല്ലൂര്‍ ഭരണി എന്താണ് എന്നു പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഭരണി ഒരേ സമയത്തുതന്നെ പലതാണ്. ഭരണിയെക്കുറിച്ച് ഉണ്ടാക്കിയെടുക്കാവുന്ന ഏതൊരു വിവരണങ്ങളെയും മറികടക്കുന്ന ഘടകങ്ങള്‍ കൂടി അതിനകത്തുണ്ട് എന്ന് മനസ്സിലാക്കിക്കൊണ്ടേ അതിനെക്കുറിച്ചു പറയാന്‍ പറ്റൂ.

കേരളത്തിലെ കാളീ സങ്കല്പത്തിന്റെ കേന്ദ്രസ്ഥാനം കൊടുങ്ങല്ലൂര്‍ കാവിനാണ്. ഭരണിയിലൂടെ അത് വ്യക്തമാകുന്നുണ്ട്. ഭരണി കൊടുങ്ങല്ലൂരുകാരുടേതുമാത്രമല്ല, കേരളത്തിലാകമാനമുള്ള, പ്രത്യേകിച്ചും വടക്കന്‍ പ്രദേശങ്ങളിലുള്ള കീഴാളവിഭാഗങ്ങളുടെ അനുഷ്ഠാനമാണ്. കൊടുങ്ങല്ലൂര്‍ക്കാരായ കീഴാളവിഭാഗങ്ങളും ഇതില്‍ ക്രിയാത്മകമായി ഇടപെടുന്നുണ്ട്. തട്ടാന്‍, കുടുംബികള്‍, പുലയര്‍, അരയര്‍ എന്നിങ്ങനെ പല ജാതിവിഭാഗങ്ങള്‍ക്ക് ഭരണിയില്‍ പ്രത്യേക പങ്കാളിത്തമുണ്ട്.

കുംഭഭരണി കൊടിയേറല്‍
മീനമാസത്തിലെ ഭരണിനാളിലാണ് കൊടുങ്ങല്ലൂരിലെ ഭരണി ഉത്സവം. കുംഭമാസത്തിലെ ഭരണിനാളില്‍ കൊടിയേറുന്നതോടെ ഭരണിക്കു തുടക്കമാകും. കൊടുങ്ങല്ലൂര്‍ കാവില്‍ കൊടിമരമില്ല. വടക്കേനടയിലും കിഴക്കേനടയിലും തോരണം പോലെ കൊടിക്കൂറകള്‍ കെട്ടുകയും ക്ഷേത്രത്തിനു ചുറ്റുമുള്ള ആല്‍മരങ്ങളില്‍ കെട്ടിത്തൂക്കുകയുമാണ് ചെയ്യാറുള്ളത്. ധാരാളം കൊടിതോരണങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നു. കുംഭ ഭരണി ദിവസം രാവിലെ ദേവിക്ക് പട്ടും താലിയും സമര്‍പ്പിക്കുന്നതോടുകൂടിയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. അതിനുള്ള അവകാശം മലയന്‍ തട്ടാനാണ്. ഭദ്രകാളി ദാരികവധം കഴിഞ്ഞു വരുമ്പോള്‍ ഉടയാടയില്‍ നിറയെ രക്തം വീണിരിക്കുന്നതുകണ്ട് ഭഗവതിക്കുമാറാന്‍ മറ്റൊരു ചുവന്ന ഉടയാടയും താലിയും കൊടുത്തതിന്റെ ഓര്‍മ്മയ്ക്കായാണ് ഈ ചടങ്ങ് എന്നാണ് ഇവര്‍ക്കിടയിലുള്ള വിശ്വാസം. താലി പണിയുന്നതു തട്ടാനായതു കൊണ്ടാണ് മലയന്‍ തട്ടാന്റെ കുടുംബക്കാര്‍ക്ക് ഈ അവകാശം സിദ്ധിച്ചതത്രേ.

കോഴിക്കല്ലുമൂടല്‍
ചെറുഭരണി കൊടിയേറിക്കഴിഞ്ഞാല്‍ അടുത്ത പ്രധാന ചടങ്ങ് കോഴിക്കല്ലുമൂടല്‍ ആണ്. വടക്കേനടയിലെ ദീപസ്തംഭത്തിനു താഴെയുള്ള വൃത്താകൃതിയിലുള്ള കല്ലുകളാണ് കോഴിക്കല്ലുകള്‍. ബലിക്കല്ലിനു മുകളില്‍ കാണാറുള്ളതു പോലുള്ള വൃത്താകൃതിയിലുള്ള കല്ലുകളാണിവ. യഥാര്‍ത്ഥത്തില്‍ ഇവ ബലിക്കല്ലുകള്‍ തന്നെ. ഇവയ്ക്കു താഴെ മണ്ണിനടിയില്‍ ബലിക്കല്ലിന്റെ ബാക്കിഭാഗം ഉണ്ട്. വൃത്താകൃതിയിലുള്ള ഭാഗം മാത്രമേ മണ്ണിനുവെളിയില്‍ കാണുന്നുള്ളൂ. കോഴിക്കല്ലുമൂടല്‍ ചടങ്ങിന് ഈ രണ്ടു കല്ലുകളുടെയും തൊട്ടടുത്ത്, വടക്കുഭാഗത്ത് വലിയ കുഴികുത്തി കല്ലിന്റെ ഈ വൃത്താകൃതിയുള്ള ഭാഗം മറിച്ചിടുന്നു. തുടര്‍ന്ന് മണ്ണിട്ട് മൂടി നീളത്തില്‍ തിണ്ടുപോലെ കെട്ടിയുണ്ടാക്കും. അതിനു മുകളില്‍ ചെമ്പട്ട് വിരിച്ച് കോഴിയെ സമര്‍പ്പിക്കുന്നു. 1954-ല്‍ നിയമം മൂലം മൃഗബലി നിരോധിക്കുന്നതിനു മുമ്പ് വരെ  ഇവിടെ ധാരാളം കോഴികളെ വെട്ടിയിരുന്നു. മീനമാസത്തിലെ തിരുവോണനാളിലാണ് കോഴിക്കല്ലുമൂടല്‍ചടങ്ങു നടക്കുന്നത്. കൊടുങ്ങല്ലൂരിലുള്ള ഭഗവതിവീട്ടുകാര്‍ക്കാണ് കോഴിക്കല്ലുകള്‍ മൂടുന്നതിനുള്ള അവകാശം. മണ്ണിട്ടുമൂടി തിണ്ടുകെട്ടിയുണ്ടാക്കി ചെമ്പട്ട് വിരിക്കും. അതിനുശേഷം കോഴിയെ സമര്‍പ്പിക്കും. അതിനുള്ള അവകാശം വടക്കന്‍ കേരളത്തിലെ തച്ചോളിത്തറവാട്ടുകാര്‍ക്കാണ്. ആദ്യം വെട്ടാനുള്ള കോഴികള്‍ തച്ചോളി ഒതേനന്റേയും കാരമ്പള്ളി കുറുപ്പിന്റെയും തറവാട്ടില്‍ നിന്നുള്ളതായിരിക്കണം.

കോഴിവെട്ട് നിരോധിക്കുന്നതിനുമുമ്പ് കോഴിയെ വെട്ടി തലമുകളിലോട്ട് എറിയുമായിരുന്നത്രേ. അതു പിടിക്കാന്‍ വേണ്ടി ആളുകള്‍ മത്സരിക്കുകയും ചെയ്യും. ഇന്നും പള്ളിമാടത്തിലേക്ക് വലിച്ചെറിയുന്ന കോഴികളെ പിടിക്കാന്‍ ചെറുപ്പക്കാരായ ആണുങ്ങള്‍ മത്സരിക്കാറുണ്ട്. ഭദ്രകാളി ദാരികനുമായി യുദ്ധം തുടങ്ങിയതിനെ കുറിക്കുന്ന ചടങ്ങായാണ് കോഴിക്കല്ലുമൂടലിനെ കരുതിവരുന്നത്. തുടര്‍ന്ന് ഏഴുദിവസം യുദ്ധം. ഏഴാം ദിവസം അശ്വതി കാവുതീണ്ടലോടുകൂടി അത് അവസാനിക്കുന്നു എന്നാണ് സങ്കല്പം.

കോഴിയെ വെട്ടിയിരുന്ന കാലത്ത് കാവില്‍ പോയാല്‍ രക്തം ദേഹത്ത് പറ്റാതെ ആര്‍ക്കും പോരാന്‍ കഴിഞ്ഞിരുന്നില്ല എന്ന് പറയപ്പെടുന്നു. ഈ സമയത്തും അമ്പലത്തിലെ പൂജകള്‍ പതിവുപോലെ നടന്നുവന്നിരുന്നു. കോഴിക്കല്ല് മൂടല്‍ കഴിഞ്ഞ് കാവിന്റെ തെക്കുകിഴക്കേ മൂലയില്‍ കിഴക്കുഭാഗത്തെ ഒരാലില്‍ നിന്നും തെക്കുഭാഗത്തുള്ള ഒരു ആലിലേക്ക് കൊടിക്കൂറകളും ചെറുമണികളും ഇടകലര്‍ത്തി കെട്ടിയ തോരണം ഉയരത്തില്‍ വലിച്ചുകെട്ടുന്നു. അമ്പലത്തിന്റെ പ്രദക്ഷിണവഴിയിലുളള ആലുകളില്‍ തന്നെയാണ് ഇങ്ങനെ കെട്ടുന്നത്. ഇതിനെ വേണാടന്‍ കൊടിയേറല്‍ എന്നാണ് പറയുന്നത്. ഇതു കെട്ടുന്നതും എടമുക്കുകാരായ മൂപ്പന്മാര്‍ (കുടുംബികള്‍) തന്നെയാണ്. വേണാടുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല.

കോഴിക്കല്ലുമൂടല്‍ ചടങ്ങു കഴിഞ്ഞ ഉടന്‍ തന്നെ വടക്കേഗോപുരത്തില്‍ ഭരണിപ്പാട്ട് തുടങ്ങുന്നു. തൃശ്ശൂരിനടുത്തുള്ള വല്ലച്ചിറയില്‍ നിന്നു വരുന്ന സംഘമാണ് പാടിത്തുടങ്ങുന്നത്. ഇവരുടെ ഒപ്പം കോമരങ്ങള്‍ ഇല്ല. ഇവരിലെ കാരണവര്‍ ദേവിയെ സ്തുതിച്ചുകൊണ്ട് പാടുകയും മറ്റുള്ളവര്‍ തന്നാരം പാടുകയും ചെയ്യുന്നു. ഊരകത്തമ്മയും കൊടുങ്ങല്ലൂരമ്മയും തമ്മിലുള്ള ഒരു സംവാദം ഇവരുടെ ആദ്യപാട്ടിലുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാവില്‍ ഭക്തജനങ്ങളുടെ വന്‍ തിരക്കായിരിക്കും.

ഉത്രട്ടാതി നാള്‍ മുതല്‍ കാവില്‍ കോമരങ്ങള്‍ എത്തിത്തുടങ്ങും. രേവതിവെളുപ്പിന് വടക്കുനിന്നും തെക്കുനിന്നും കോമരങ്ങളുടെ വന്‍ കൂട്ടം തന്നെ കാവില്‍ ഉണ്ടാകും. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നും ധാരാളം പേര്‍ ഭരണിക്ക് എത്താറുണ്ട്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട എന്നീ തെക്കന്‍ ജില്ലകളില്‍ നിന്നും ഉണ്ടാകാറുണ്ട്. കോയമ്പത്തൂരില്‍ നിന്നും ധാരാളം ഭക്തജനങ്ങള്‍ എത്തുന്നുണ്ട്. പക്ഷേ കോമരങ്ങള്‍ കൂടുതലും കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ നിന്നാണ്. ഓരോ ദേശത്തും ഒരു പ്രധാന കോമരത്തിന്റെ കീഴില്‍ ഒരു സംഘം ഉണ്ടാകും.

കോമരങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്തര്‍ വരുന്നത് വഴിപാടുസാമഗ്രികളുമായാണ്. അവര്‍, വഴിക്ക് ചില വീടുകളൊക്കെകയറി ഭിക്ഷ (നെല്ല്) വാങ്ങിച്ചുകൊണ്ടാണ് വരാറ്. അങ്ങനെ തെണ്ടി വരണം എന്നുമുണ്ട്. ഭിക്ഷയായി കിട്ടുന്ന നെല്ല് ചാക്കിലാക്കി ചുമന്നുനടക്കാന്‍ കോമരത്തിനൊപ്പം വേറെയും ആളുകള്‍ ഉണ്ടാകും. വഴിപാടായി നെല്ല് കൂടാതെ തിനപോലുള്ള ധാന്യങ്ങള്‍, കുരുമുളക്, മഞ്ഞള്‍പ്പൊടി, എള്ള്, കടുക്, തേങ്ങ എന്നിവയുണ്ടാകും. ഇവ പൊതിഞ്ഞുകെട്ടി പള്ളിമാടത്തിലേക്ക് എറിയുകയാണ് ചെയ്യാറ്. നാണയങ്ങളും എറിയാറുണ്ട്. കുരുമുളകും മഞ്ഞള്‍പ്പൊടിയും വസൂരിമാലയുടെ കെട്ടിലേക്കും എറിയും. കുരുമുളകും മഞ്ഞള്‍പ്പൊടിയുമാണ് വഴിപാടായി ഏറ്റവും കൂടുതല്‍ വരാറുള്ളത്.

പുലപ്പാടം (കീഴ്ക്കാവ്)
കോഴിക്കല്ലുമൂടല്‍ ചടങ്ങുകഴിഞ്ഞാല്‍ പ്രാധാന്യം കിട്ടുന്ന മറ്റൊരു ഇടമാണ് പുലപ്പാടം. കാവിന്റെ കിഴക്ക് ഏതാണ്ട് അരക്കിലോമീറ്റര്‍ ദൂരത്തുള്ള കാവില്‍ക്കടവ് പ്രദേശത്താണ് പുലയപ്പാടം എന്ന പുലപ്പാടം. ചുമരുകളും മേല്‍ക്കൂരയുമില്ലാതെ ഒരു തറയില്‍ ചെറിയൊരു ഭഗവതിപ്രതിഷ്ഠയുണ്ടിവിടെ. കൈയില്‍ വാളും മറ്റുമുള്ള, വളരെ പഴക്കം ചെന്ന ചെറിയ ശിലാവിഗ്രഹം സൂക്ഷ്മമായി നിരീക്ഷിച്ചാലേ ദേവീവിഗ്രഹമാണ് എന്നറിയാന്‍ കഴിയൂ. കൊടുങ്ങല്ലൂര്‍ക്കാവിന്റെ പുറക്കളമാണ് ഈ സ്ഥാനം എന്നാണ് പറയുന്നത്. ഇവിടെയാണ് പണ്ട് ദേശഗുരുതി നടന്നിരുന്നതത്രെ. ഇത് പുലയരുടെ ഇടമാണ്. പുലയരാണ് ഇവിടെ പൂജനടത്തുന്നത്. വള്ളോന്‍ എന്നാണ് ഇവിടെ പൂജനടത്തുന്ന പുലയകുടുംബത്തിലെ മൂത്തസ്ഥാനിക്കു പറയുന്ന സ്ഥാനപ്പേര്. കൊടുങ്ങല്ലൂര്‍ തമ്പുരാന്‍ കല്പിച്ചുകൊടുത്ത സ്ഥാനപ്പേരാണത്രേ വള്ളോന്‍ എന്നത്. പയ്യമ്പിള്ളി എന്നാണ് ഇവരുടെ വീട്ടുപേര്‍. കൊടുങ്ങല്ലൂര്‍ ഇളയതമ്പുരാന്‍ താമസിക്കുന്ന കോട്ടയില്‍ക്കോവിലകത്തിന്റെ തൊട്ട് കിഴക്കുഭാഗത്താണ് പരമ്പരയാ ഇവര്‍ താമസിച്ചുവരുന്നത്. ഇവരുടെ ഗൃഹത്തിന് തൊട്ടു തെക്കുഭാഗത്താണ് പുലപ്പാടം പ്രതിഷ്ഠ. കൊടുങ്ങല്ലൂര്‍ കുരുംബക്കാവിനെ മേല്‍ക്കാവ് എന്നും പുലപ്പാടത്തെ കീഴ്ക്കാവ് എന്നുമാണ് വിളിച്ചിരുന്നത്.

തൃച്ചന്ദനച്ചാര്‍ത്തു പൂജ
അശ്വതിനാള്‍ ഉച്ചക്കാണ് തൃച്ചന്ദനച്ചാര്‍ത്ത് പൂജ. വളരെ വിശിഷ്ടവും പ്രധാനവും രഹസ്യവുമായി കരുതുന്ന പൂജയാണിത്. ഉച്ചപൂജകഴിഞ്ഞ് ശ്രീകോവില്‍ കഴുകി വൃത്തിയാക്കും.  മറ്റ് പൂജക്കായി ഉപയോഗിക്കുന്ന വിളക്കുകളും പാത്രങ്ങളും ഈ പൂജക്ക് ഉപയോഗിക്കാറില്ല. ഈ പൂജക്ക് ഉപയോഗിക്കാനുള്ളവ വേറെ വേണം എന്നാണ് ചട്ടം. ഇതിന്റേത് വേറെ ആവശ്യത്തിനും ഉപയോഗിക്കാറില്ല. താന്ത്രികമായ ആരാധനാവിധികളാണ് ഇതിലേത് എന്ന് കരുതപ്പെടുന്നു. ഈ കര്‍മ്മം ചെയ്യുന്നത് അടികള്‍മാരാണ്. മൂന്ന്  പ്രധാനമഠങ്ങളായ കുന്നത്തുമഠം, മഠത്തില്‍ മഠം, നിലത്തുമഠം എന്നീ മഠങ്ങളിലെ കാരണവര്‍മാരായ അടികള്‍മാരാണിവര്‍. തലേദിവസം തന്നെ ഇവര്‍ ഇതിനുവേണ്ടി കഠിനമായ വ്രതമെടുക്കുന്നു. ചാര്‍ത്താനുള്ള തൃച്ചന്ദനം രഹസ്യവിധിയുള്ള ഒരു കൂട്ടാണത്രേ. പല മരുന്നുകളും മറ്റുമുണ്ട് എന്നു കരുതുന്ന ഈ രഹസ്യക്കൂട്ട് ഇവര്‍ക്ക് മൂന്നുപേര്‍ക്ക് മാത്രമേ അറിയൂ. വേറെ ആരും ഇതറിയാന്‍ പാടില്ല എന്ന് നിര്‍ബന്ധമുണ്ട്. ഇതിലാരെങ്കിലും മരിച്ചാല്‍ മറ്റു രണ്ടു പേര്‍ ചേര്‍ന്ന് പുതുതായി വരുന്ന ആള്‍ക്ക് ഇത് രഹസ്യമായി ഉപദേശിക്കുകയാണത്രെ. ഈ കൂട്ട് അതീവ രഹസ്യമാണ് എന്നും ഇത് ചേര്‍ക്കുന്നതില്‍ എന്തെങ്കിലും പാകപ്പിഴകള്‍ വന്നാല്‍ അത് ദേവീകോപത്തിനിടയാക്കും എന്നും വിശ്വസിക്കുന്നു. അങ്ങനെ അപാകത സംഭവിക്കുന്നത് ആരുടെ കൈപ്പിഴകൊണ്ടാണോ അയാള്‍ അടുത്ത ഭരണിക്ക് ഉണ്ടാവില്ല എന്ന് ഒരു വിശ്വാസം അടികള്‍മാര്‍ക്കിടയിലുണ്ടത്രെ. ഏഴരയാമം (മൂന്നു മണിക്കൂര്‍) നീളുന്നതാണ് ഈ പൂജ. കാറ്റ് കടക്കാത്ത ശ്രീകോവിലില്‍ അടച്ചിരുന്നാണ് ഈ പൂജ. ഈ പൂജക്കുപയോഗിക്കുന്ന പ്രധാന സാമഗ്രി മഞ്ഞള്‍പ്പൊടിതന്നെയാണ്. മഞ്ഞള്‍പ്പൊടി കരിക്കിന്‍വെള്ളത്തില്‍ കുഴച്ചതും20 തൃമധുരവും ഉപയോഗിക്കാറുണ്ട്.

ഉച്ചക്ക് ഒരുമണിയോടു കൂടി തുടങ്ങുന്ന തൃച്ചന്ദനച്ചാര്‍ത്ത്പൂജ വൈകുന്നേരം നാലുമണി കഴിയുന്നതു വരെ നീളും. ശ്രീകോവില്‍ അതുവരെ അടച്ചു തന്നെയിരിക്കും. ഈ ശ്രീകോവിലിനകത്താണ് ‘രഹസ്യ അറ’യും ഉള്ളത്. ഈ രഹസ്യ അറ അകത്തുനിന്നു പൂട്ടിയ നിലയിലാണ്.

കാവുതീണ്ടല്‍
അടികള്‍മാര്‍ തൃച്ചന്ദനച്ചാര്‍ത്തുപൂജ കഴിഞ്ഞു നടതുറന്നു പുറത്തുവരുമ്പോള്‍ അവര്‍ക്കും നായര്‍ മേധാവികളും മറ്റും അടങ്ങുന്ന ക്ഷേത്രം സ്ഥാനികള്‍ക്കും വലിയതമ്പുരാന്‍ മുദ്രവടികള്‍ നല്‍കും. ഭഗവതിക്ക് യുദ്ധത്തില്‍ പറ്റിയ മുറിവുകള്‍ക്കുള്ള ചികിത്സ നല്‍കിയതിനുശേഷം പടജനങ്ങള്‍ക്കും ഭൂതഗണങ്ങള്‍ക്കും വിജയം ആഘോഷിക്കാന്‍ നേതൃത്വം കൊടുക്കുന്നതിനായി വലിയ തമ്പുരാന്‍ ഭഗവതിയുടെ ആള്‍പ്പേരായി ദേവിയുടെ പടയിലെ പ്രധാനികള്‍ക്ക് ആയുധം കല്പിച്ചുകൊടുക്കുന്നതിന്റെ പ്രതീകമാണ് ഈ ചടങ്ങെന്നും അതിനുശേഷമുള്ള ആഹ്ലാദപ്രകടനമാണ് കാവുതീണ്ടലെന്നുമാണ് വിശ്വാസം. തുടര്‍ന്ന് പട്ടുകുട ഉയര്‍ത്തി കാവുതീണ്ടാനുള്ള അനുമതി നല്‍കും. കുട ഉയര്‍ന്നു കഴിയുന്നതോടുകൂടി അത്രനേരം കാവിനുചുറ്റും തിങ്ങിക്കൂടി നിന്നിരുന്ന കോമരങ്ങളും ഭക്തജനങ്ങളും തീവ്രമായ ശക്തിയോടും ആവേശത്തോടും കൂടി കാവിനുചുറ്റും ”അമ്മേശരണം, ദേവീശരണം” വിളികളോടെ കുതിച്ചോടുന്നു. കാഴ്ചക്കാരായ ആളുകള്‍ തിങ്ങി നില്‍ക്കുന്ന ഇടത്ത് അതുവരെയില്ലാതിരുന്ന ഒരു പ്രദക്ഷിണവഴി ഈ ആവേഗത്താല്‍ തനിയേ ഉണ്ടാകും. അവര്‍ തങ്ങളുടെ കയ്യിലുള്ള വടികൊണ്ട് ക്ഷേത്രത്തിന്റെ ചെമ്പുമേല്‍ക്കൂരയില്‍ ആഞ്ഞടിച്ചു ശബ്ദമുണ്ടാക്കിക്കൊണ്ടാണ് ഓടുന്നത്. വടികള്‍ കാവിനു മുകളിലേക്കു വലിച്ചെറിയുകയും ചെയ്യും. വാളുകൊണ്ടും മേല്‍ക്കൂരയില്‍ ആഞ്ഞുവെട്ടും. അതിഭീകരമായ ഒരു ആവേശമാണ് ഈ സമയത്ത് ഇവരില്‍ ഉണ്ടാവുക. ഓരോ തറയില്‍ നിന്നും ഓരോ സംഘവും ഓടി ഈ പ്രക്രിയയുടെ ഭാഗമാകും. ഇത് ഭരണിയിലെ ഒരു പ്രധാന കാഴ്ചയാണ്. ചോരയും മഞ്ഞള്‍പ്പൊടിയും നിറഞ്ഞ അവരുടെ രൂപവും മഞ്ഞള്‍പ്പൊടിയും മണ്ണിന്റെ പൊടിയും കലര്‍ന്ന അന്തരീക്ഷവും മീനച്ചൂടും കാവിനെ ഒരു യുദ്ധക്കളത്തിന്റെ പ്രതീതിയിലാക്കും. ഏകദേശം പതിനഞ്ചു മിനിറ്റു നേരം ഇതു തുടരും.

കാവുതീണ്ടലിനുശേഷം ദൂരദേശങ്ങളില്‍ നിന്നു വന്ന ഭക്തരെല്ലാം മടങ്ങും. (സാധാരണഗതിയില്‍ പിന്നീട് കോമരങ്ങള്‍ ഉണ്ടാവാറില്ല.  പക്ഷേ വളരെ കുറച്ച് കോമരങ്ങള്‍ പിറ്റേ ദിവസവും, ഭരണിനാളില്‍ കാവില്‍ കാണാറുണ്ട്. അവര്‍ തുള്ളാറുമുണ്ട്). പിന്നീട് കാവിലുണ്ടാവുക കൊടുങ്ങല്ലൂരിന്റെ കിഴക്കന്‍ മേഖലകളായ മാള, പുത്തന്‍ചിറ, ചാലക്കുടി മുതലായ സ്ഥലങ്ങളിലെ കീഴാളരായ വിഭാഗങ്ങളാണ്. ചെറുമ, പുലയ വിഭാഗത്തിലുള്ളവരുടെ ചില ആഘോഷങ്ങള്‍ ഈ രാത്രിയില്‍ ഉണ്ടാകും. തെയ്യാട്ടം, മുടിയാട്ടം എന്നിവ ഇതില്‍ പ്രധാനമാണ്.

ഭരണിനാളില്‍ ഭഗവതിക്കു പട്ടും താലിയും സമര്‍പ്പിക്കുന്ന ചടങ്ങുണ്ട്. രാവിലെ ഏതാണ്ട് ഒമ്പതുമണിയോടുകൂടി കൊടുങ്ങല്ലൂരിന് പടിഞ്ഞാറുളള കാരഭാഗത്തുനിന്ന് (കടലോരപ്രദേശം) അരയ, പുലയ, വേട്ടുവ സമുദായത്തിലെ സ്ത്രീകളുടെ വലിയ ഘോഷയാത്ര കാവിലെത്തും. താലമേന്തിയ സ്ത്രീകള്‍ രണ്ടുവരികളിലായി കാവിലേക്കു പ്രവേശിക്കുന്നു. ഘോഷയാത്രക്കു മുന്നില്‍ മൂന്നു സ്ത്രീകള്‍ ഒരേ നിരയില്‍ വരുന്നുണ്ടാകും. അവരുടെ പുറകിലായി രണ്ടു പുരുഷന്മാര്‍ തലയില്‍ താലം വെച്ച് അതില്‍ പട്ടും പൂക്കളും വെച്ചുകൊണ്ട് വരുന്നു. ആ സമയത്ത് പട്ടുകുട പിടിച്ച് പുറകില്‍ ആളുകള്‍ ഉണ്ടാകും. വലിയ ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടിയാണവര്‍ കാവിലെത്തുന്നത്. അവര്‍ ദേവിക്ക് പട്ടും താലിയും സമര്‍പ്പിക്കുന്നു. സ്ത്രീകളും പെണ്‍കുട്ടികളും അടങ്ങിയ നീണ്ട താലപ്പൊലിയായാണ് അവര്‍ വരുന്നത്. താലത്തില്‍ തേങ്ങമുറിയില്‍ തിരിവെച്ചിട്ടുണ്ടാകും. പഴവര്‍ഗ്ഗങ്ങളും അവിലും പൂക്കളും താലത്തില്‍ ഉണ്ടാകും. ഇവ പളളിമാടത്തിന്റെ ചെറുമതില്‍ക്കെട്ടിനകത്തേക്ക് കൊണ്ട് വന്ന് കൊട്ടിയിട്ടതിനുശേഷം ഇവര്‍ മടങ്ങും. ഇതോടുകൂടി ഭരണിയോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകളെല്ലാം കഴിയും.

(കേരള വര്‍മ്മ കോളേജ്, തൃശൂരിലെ മലയാള വിഭാഗം അധ്യാപകനാണ് ലേഖകന്‍)

*ചിത്രങ്ങള്‍ക്ക്  കടപ്പാട്: മനോജ്  പരമേശ്വരന്‍, സതീശന്‍ കൊടുങ്ങല്ലൂര്‍)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍