UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദ്രാവിഡോന്മാദം കാവു തീണ്ടുമ്പോൾ

Avatar

എഴുത്തും ചിത്രങ്ങളും: പി.സനിൽകുമാർ

ഭക്തി ഉന്മാദമായി ഉറഞ്ഞുതുള്ളുന്ന അപൂർവത. പൂജിച്ച പള്ളിവാളും ചിലമ്പുമായി, ചുവന്ന ചേല ചുറ്റി, അരമണി കിലുക്കി കോമരങ്ങൾ സ്വന്തമാക്കുന്ന കൊടുങ്ങല്ലൂർ കാവ്. തന്നാരം ഈണത്തിൽ മുളന്തണ്ടിൽ താളമിട്ട് വിശ്വാസികളും കൂടെച്ചേരും. തങ്ങളെ ഭ്രഷ്ടരാക്കിയ സവർണതയുടെ മുറ്റത്ത് ആദിദ്രാവിഡരുടെ പിൻതലമുറ ഭരണിപ്പാട്ട് പാടി കാവുതീണ്ടും. നാഗരികാശ്ലീലത തീണ്ടാത്ത ഗോത്ര ജനതയുടെ ആത്മാവിഷ്കാരമാണ് കൊടുങ്ങല്ലൂർ മീനഭരണി.

മധുര ചുട്ടെരിച്ച കണ്ണകിയുടെ പേരിൽ ചേരൻ ചെങ്കുട്ടുവൻ നിർമ്മിച്ചതാണ് ശ്രീ കുരുംബ ഭഗവതി ക്ഷേത്രം. 1800 വർഷത്തെ പഴക്കമുണ്ട് കേരളത്തിലെ ആദ്യ ഭദ്രകാളി ക്ഷേത്രമായ കൊടുങ്ങല്ലൂരിന്. ദ്രാവിഡരായിരുന്നു ക്ഷേത്രാവകാശികൾ. പതിവ്രത ദൈവം എന്ന പത്തിനിക്കടവുൾ കുരുമ്പയായിരുന്നു പ്രതിഷ്ഠ. ആര്യന്മാരുടെ വരവോടെ ശൈവ മതക്കാർ കുരുമ്പയെ ഭഗവതിയാക്കി. ദ്രാവിഡരെ അയിത്തക്കാരും തൊട്ടുകൂടാത്തവരുമാക്കി. അവർക്ക് ആണ്ടിലൊരിക്കൽ കാവ് സന്ദർശിക്കാനുള്ള സൗജന്യം നൽകി. ഇതാണ് അശ്വതി കാവുതീണ്ടൽ. ബുദ്ധ-ജൈന സന്യാസിമാരെ ക്ഷേത്രപ്രദേശത്ത് നിന്ന് ഓടിക്കാനായാണ് തെറിപ്പാട്ടുകൾ പാടിയതെന്നും ചരിത്രം പറയുന്നു.

അശ്വതി കാവുതീണ്ടലിന്റെ തലേന്ന് രാത്രിയാണ് ഞങ്ങൾ കൊടുങ്ങല്ലൂരിലെത്തിയത്. ആൽത്തറകളും ക്ഷേത്രമുറ്റവും ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. ദേശീയപാതയിലും ക്ഷേത്രറോഡുകളിലും വാഹനങ്ങളുടെ തിരക്ക്. പായയും പുതപ്പും വിരിച്ച് ഭക്തർ അമ്പലമുറ്റം കൈയടക്കി. സ്ത്രീകളും കുട്ടികളും അടങ്ങുന്ന പുരുഷാരം. പാട്ടുപാടിയും നടയ്ക്കൽ ചെന്ന് തെറിവിളിച്ചും ഭക്തിയുടെ ഉന്മാദത്തിനായുള്ള മുന്നൊരുക്കം. എല്ലാവഴികളും കൊടുങ്ങല്ലൂരിലേക്ക്. എല്ലാവരുടെ ചുണ്ടുകളിലും തന്നാരോ താനാരോ താളം, അമ്മേ ദേവീ മന്ത്രം. ദാരികനെ വധിച്ച് കാളി വിജയഭേരി മുഴക്കിയ സങ്കൽപ്പത്തിൽ കൊടിമരത്തിന് തുല്ല്യമായ ദീപസ്തംഭത്തിൽ വൈകീട്ടോടെ രേവതി വിളക്ക് തെളിഞ്ഞു.

തെറി ഇവിടെ പ്രാർത്ഥനയാകുന്നു, തെറിപ്പാട്ട് ആചാരവും. സദാചാരത്തിന്റെ ഇട്ടാവട്ടങ്ങളിൽ ജീവിതം ചുരുങ്ങിപ്പോയ ജനത ആണ്ടിലൊരിക്കൽ നിയന്ത്രണം വിടുന്നു. നാലാള് കൂടുന്നിടത്തെല്ലാം താളത്തിൽ ലൈംഗികഭാവന വിരിഞ്ഞാടും. കേട്ടാലറയ്ക്കുന്ന തെറികളെന്ന് നാം പഠിച്ചുപോയ പദങ്ങൾ കൊണ്ടുള്ള തെറിയാട്ടം. ആണുങ്ങളും പെണ്ണുങ്ങളും പാടും. ലൈംഗിക വർണന കൊണ്ട് ഭഗവതിയുടെ ദിവ്യശക്തി വർണിക്കുന്ന ഭരണിപ്പാട്ട് കാലക്രമേണ തെറിപ്പാട്ട് മാത്രമായതായിരിക്കണം. ഒരു വർഷത്തെ രോഷവും വിഷമവും ഒരു രാവും പകലും തെറിവിളിച്ച് പുറത്തേക്കൊഴുക്കുന്ന മാന്ത്രിക-ജനകീയ ചികിത്സ കൂടിയാണ് ഭരണിപ്പാട്ട്. വന്യമായ ഭാവനയുടെ രതിപ്പാട്ടുകൾ പൊതുവേ സ്ത്രീവിരുദ്ധമാണെങ്കിലും ആൺ-പെൺ തുല്ല്യപങ്കാളിത്തവും പരസ്യമായ ലൈംഗിക വാഴ്ത്തുകളും ശ്രദ്ധേയമാണ്.

കൂട്ടം കൂട്ടമായി കേരളത്തിന്റെ വടക്കുള്ളവർ പാത്രിരാത്രിയും ഒഴുകിയെത്തി. പന്ത്രണ്ട് മണിയായപ്പോഴേക്കും ഹോട്ടലുകളിലെയും തട്ടുകടകളിലെയും സാധനങ്ങളെല്ലാം തീർന്നു. ക്ഷേത്രത്തിനകത്തുള്ളവർ വീട്ടിൽ നിന്ന് കൊണ്ടുവന്ന പൊതിച്ചോർ കഴിച്ചു. ഉത്സവം കൂടാനെത്തിയവർ ഓംലറ്റും കപ്പയും കാപ്പിയും കഴിച്ച് വിശപ്പടക്കി. ഉത്സവത്തിലേക്ക് ഉറങ്ങാതിരിക്കുന്ന ആ രാത്രി ദേവീസ്തുതികളും തെറികളും മുഴങ്ങിക്കൊണ്ടിരുന്നു.

തൃശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറായാണ് കൊടുങ്ങല്ലൂർ‌. അറബിക്കടലുമായി അതിര് പങ്കിടുന്ന കൊടുങ്ങല്ലൂർ ചേരമാൻ പെരുമാൾമാരുടെ തലസ്ഥാനമായിരുന്നു. ഇന്ത്യയിലെ ആദ്യ മുസ്‌ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദും തോമാശ്ലീഹ ആദ്യമായി വന്നിറങ്ങിയ സ്ഥലവും ഉൾപ്പെടെ ചരിത്രവുമായി ഇഴപിരിഞ്ഞ് കിടക്കുന്ന ഇടമാണ് മുസിരിസ് എന്ന കൊടുങ്ങല്ലൂർ. 

കോഴിക്കല്ല് മൂടൽ, കാവുതീണ്ടൽ, ഭരണിപ്പാട്ട് അഥവാ തെറിപ്പാട്ട്, വെടിവഴിപാട് എന്നിവയാണ്‌ ഭരണി ഉത്സവത്തിന്റെ ഭാഗമായുള്ള പ്രധാന ചടങ്ങുകൾ. അശ്വതി നാളിൽ പുലർച്ചെ മൂന്നിന് തന്നെ ആളുകൾ അഞ്ചര കിലോമീറ്റർ അകലെയുള്ള കടലിലേക്ക് കുളിക്കാൻ പോയിത്തുടങ്ങി. പ്രായമായവർ ക്ഷേത്രക്കുളത്തിൽ തന്നെ കുളിച്ചു. വണ്ടിയിലും നടന്നും സംഘങ്ങളായാണ് യാത്ര. കുളിച്ച് ഈറനുടുത്ത് കോമരവേഷത്തിൽ അവർ തിരിച്ചെത്തി. മുളന്തണ്ടിലടിച്ച് പാട്ടുപാടി കൂടെയുള്ളവർ കോമരങ്ങളെ ആരാധിച്ചു. പുരുഷന്മാരും സ്ത്രീകളും ഒരേതരം വേഷമാണ് ഉടുത്തിരുന്നത്. ചുവന്ന പട്ടിനുമുകളിൽ നിറയെ ആഭരണങ്ങൾ. നെറ്റിയിലും ദേഹത്തും മഞ്ഞൾക്കുറി. കൈകളിൽ വാളും ചിലമ്പും. നാരങ്ങാമാല കഴുത്തിലിട്ടവരെയും കാണാം.

മഠത്തിൽ, കുന്നത്ത് മഠങ്ങളുടെ അടികൾമാരുടെ നേതൃത്വത്തിൽ രാവിലെ തന്നെ ക്ഷേത്രത്തിൽ തൃച്ചന്ദനച്ചാർത്ത് തുടങ്ങും. പൊടി പാറുന്ന മീനച്ചൂടിൽ കോമരങ്ങൾ ക്ഷേത്രത്തെ വലം വയ്ക്കും. ഉച്ചയോടെ കൊടിക്കൂറകളും കൃഷിവിളകളുമായി ആർപ്പുവിളികളോടെ ഓരോ തറകളിൽ നിന്നുള്ളവരെത്തും. ക്ഷേത്രപരിസരം കോമരങ്ങളെ കൊണ്ട് നിറയും. ചിലമ്പുമണികളുടെ ഒച്ചയിൽ ഒരുനാട് മുങ്ങും. നിരവധി ആൽത്തറകളും വസൂരിമാലയുടെ ഉൾപ്പെടെ നിരവധി ഉപക്ഷേത്രങ്ങളുമുള്ള വിശാലമായ കൊടുങ്ങല്ലൂർ ക്ഷേത്രത്തിന് കാവിന്റെ ഛായ ഇപ്പോഴുമുണ്ട്. 

കൊടുങ്ങല്ലൂർ വെളിച്ചപ്പാട് വസൂരീമാലയുടെ പ്രതീകമായതിന് പിന്നിലും ഒരു കഥയുണ്ട്. ദാരികാസുരനെ നിഗ്രഹിക്കാനായി ശിവൻ തൃക്കണ്ണിൽ നിന്ന് ഭദ്രകാളിയെ സൃഷ്ടിച്ച സമയം. യുദ്ധത്തിൽ കാളി ദാരികാസുരനെ വധിക്കുമെന്ന് ഉറപ്പായതോടെ ഭാര്യ മനോദരി കൈലാസത്തിൽ കഠിന തപസ് തുടങ്ങി. പക്ഷേ ശിവൻ പ്രസാദിച്ചില്ല. പാർവതിയുടെ നിർബന്ധത്താൽ മനോദാരിക്ക് മുമ്പിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ടു. തന്റെ ദേഹത്തിലെ വിയർപ്പ് വടിച്ചെടുത്ത് കൊടുത്തു. ഇത് മനു‌ഷ്യരുടെ ദേഹത്ത് തളിച്ചാൽ അവർക്ക് നിനക്ക് വേണ്ടതെല്ലാം തരുമെന്ന് പറഞ്ഞനുഗ്രഹിച്ചു.

മനോദരി കൈലാസത്തിൽ നിന്ന് പോകുംവഴി, ദാരികന്റെ ശിരസു മുറിച്ചെടുത്ത് വിജയഭേരി മുഴക്കി വരുന്ന ഭദ്രകാളിയെയാണ് കണ്ടത്. രോഷവും സങ്കടവും കൊണ്ട് വിറച്ച മനോദരി ശിവന്റെ വിയർപ്പുവെള്ളം ഭദ്രകാളിയുടെ ദേഹത്ത് തളിച്ചു. ഉടനെ ഭഗവതിയുടെ ദേഹത്തെല്ലാം കുരുക്കൾ നിറഞ്ഞു. വാർത്തയറിഞ്ഞ് കോപിച്ച ശിവന്റെ ചെവിയിൽനിന്ന് ഘണ്ടാകർണ്ണൻ എന്ന ഭയങ്കര രൂപി പിറവിയെടുത്തു. ഘണ്ടാകർണൻ ഭദ്രകാളിയുടെ പാദം മുതൽ നക്കി കുരുക്കളെല്ലാം തിന്നൊടുക്കി. മനോദരിയെ പിടിച്ച് ഭദ്രകാളിയുടെ അടുക്കൽ കൊണ്ടുചെന്നു. അവളുടെ കണ്ണും ചെവിയും കാലും ഛേദിച്ച് “വസൂരി” എന്നു പേരുമാറ്റി കാളി തന്റെ ആജ്ഞാനുവർത്തിയാക്കി. ഇതാണ് വസൂരിമാല. വിരോധമുണ്ടാകുന്ന കാലങ്ങളിൽ മനു‌ഷ്യരുടെയടുത്തേക്ക് ഭദ്രകാളി അയക്കുന്ന വസൂരിമാലയാണ് വസൂരി രോഗം ഉണ്ടാക്കുന്നതത്രെ. അതിനാൽ വസൂരി ശമനത്തിനും രോഗം വരാതിരിക്കാനും ആളുകളിപ്പോഴും ഭദ്രകാളിയെ പൂജിക്കുന്നു.

ഭക്തിയുടെ പാരമ്യത്തിൽ കോമരങ്ങൾ ക്ഷേത്രനടയിലെത്തി വാളുകൊണ്ട് തല വെട്ടിപ്പൊളിക്കും. മുറിപ്പാടിൽ മഞ്ഞൾപ്പൊടി പൊത്തി ഉറഞ്ഞുതുള്ളുന്ന കോമരങ്ങളുടെ അനുഗ്രഹം തേടി ഭക്തർ ചുറ്റിനും കൂടും. വിശ്വാസികളുടെ നിറുകയിൽ മഞ്ഞൾക്കുറി തൊടീപ്പിച്ച് ചിലമ്പ് നെറ്റിയിൽ തൊട്ടനുഗ്രഹിക്കും. രക്തമൊലിക്കുന്ന മുഖത്തോടെ രൗദ്രഭാവത്തിൽ വലം വയ്ക്കുന്ന കോമരങ്ങളെ രണ്ടുമൂന്നാളുകൾ ചേർന്ന് പിടിച്ചാലും കിട്ടില്ല. കുതറിയോടുന്ന രക്തകോമരങ്ങൾ.. എത്ര വെള്ളം കുടിച്ചാലും മാറാത്ത ദാഹം.

വൈകിട്ട് നാലോടെ ക്ഷേത്രത്തിന് മുകളിൽ പരുന്തുകൾ വട്ടമിട്ട് പറക്കും. കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ അനുമതി നൽകുന്നതോടെ കാവുതീണ്ടൽ തുടങ്ങും. പിന്നെയൊരു പ്രകമ്പനമാണ്. കൊടുങ്കാറ്റിന്റെ വേഗത്തിൽ ക്ഷേത്രത്തിന് ചുറ്റും പതിനായിരങ്ങൾ കുതിച്ചോടി പ്രദക്ഷിണം വയ്ക്കും. ചെമ്പോല മേഞ്ഞ മേൽക്കൂരയിൽ മുളന്തണ്ടുകൾ അടിച്ചടിച്ചാണ് ഓടുക. ചതഞ്ഞ വടികളും പൊതിയിലാക്കിയ കുരുമുളകും മഞ്ഞപ്പൊടിയും മേൽക്കൂരയിലേക്ക് വലിച്ചെറിയും. കോഴിയെ പറപ്പിക്കുന്നവരും നാളികേരം എറിയുന്നവരുമുണ്ട്.

ഭക്തിയുടെ ഉന്മാദത്തിൽ ഓടിയടുക്കുന്ന വിശ്വാസികളെയും കോമരങ്ങളെയും കണ്ടാൽ യുദ്ധപ്രതീതിയാണ് തോന്നുക. ആ തിരക്കിന്റെ ഫോട്ടോ എടുക്കുന്നവർക്കും കിട്ടി ചൂടുള്ള അടികൾ. കാമറ താഴ്ത്തി പിടിച്ചപ്പോഴേക്കും ആ ഉന്മാദത്തള്ളലിൽ നിലത്തേക്ക് വീണ് കാല് പൊട്ടി. യുദ്ധത്തിൽ നിന്ന് ജീവൻ തിരിച്ചുകിട്ടിയ സന്തോഷം.

ഈ സദാചാര കാലത്ത് കാവുതീണ്ടൽ ചില ജാതികളുടെ മാത്രമല്ല, മുഴുവൻ മനുഷ്യരുടെയും സ്വന്തമാകേണ്ടതാണ്.​

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍