UPDATES

സിനിമ

കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയും സംഘപരിവാര്‍ നുണ പ്രചരണങ്ങളും

ഇത്തരത്തിലുള്ള വിവാദങ്ങളിലേയ്ക്ക് പോവണമെന്നും അക്രമസംഭവങ്ങള്‍ ഉണ്ടാവണമെന്നും തന്നെയാണ് സംഘപരിവാര്‍ താല്‍പര്യം. അവര്‍ ആഗ്രഹിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തിന് ഇത് അനിവാര്യമാണ്.

ടൊറന്‍റ് കാലത്ത് പ്രസക്തി കുറഞ്ഞിരിക്കുകയാണെങ്കിലും ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്ന ഫിലിം സൊസൈറ്റികളിലൊന്നാണ് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിനിമാപ്രദര്‍ശനങ്ങള്‍ നടത്തി സജീവമാണ് അവര്‍. നാട്ടുകാരനായ സംവിധായകന്‍ കമലാണ് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരി. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ദേശീയ ഗാന വിവാദവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയെ ലക്ഷ്യം വച്ചുള്ള സംഘപരിവാര്‍ പ്രചാരണം കേരളത്തിന്‌റെ സാംസ്‌കാരിക മേഖലയില്‍ കൈവയ്ക്കാനുള്ള അവരുടെ വ്യഗ്രതയുടെ ഭാഗം തന്നെയാണ്.

തീയറ്ററുകളില്‍ ഓരോ പ്രദര്‍ശനത്തിനും ദേശീയഗാനം വയ്ക്കണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ, കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇത് അനുചിതമാവുമെന്ന് ചൂണ്ടിക്കാട്ടിയും ഇളവ് വേണമെന്ന് ആവശ്യപ്പെട്ടും കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. രാവിലത്തെ ആദ്യ ഷോയ്ക്ക് മാത്രം ദേശീയഗാനം വച്ചാല്‍ പോരേ എന്നാണ് ചോദിച്ചതെന്നും അല്ലാതെ ഐഎഫ്എഫ്‌കെയില്‍ ദേശീയഗാനം പാടില്ലെന്ന് പറയുകയല്ല ചെയ്തതെന്നും ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ ഹര്‍ജിയിലെ വാദങ്ങള്‍ കോടതി അംഗീകരിച്ചിട്ടില്ല. ദേശീയഗാനം ഐഎഫ്എഫ്‌കെയിലും ഓരോ പ്രദര്‍ശനത്തിലും നിര്‍ബന്ധമാണെന്ന് കോടതി വ്യക്തമാക്കി. അതേസമയം ഹര്‍ജി പൂര്‍ണമായും തള്ളിക്കളയുകയല്ല ചെയ്തത്. ഫെബ്രുവരി 14ന് കേസ് വീണ്ടും പരിഗണിക്കും.

anthem3

ദേശീയഗാനം വയ്ക്കുമ്പോള്‍ തീയറ്ററുകളുടെ വാതിലുകള്‍ അടച്ചിടണമെന്ന അയുക്തികമായ നിര്‍ദ്ദേശം ആദ്യം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. തീയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി കൊണ്ടുള്ള ഉത്തരവിലായിരുന്നു ഇത്. ഭിന്നശേഷിക്കാരുടെ കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നുമില്ല. തങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചതോടെ വാതിലുകള്‍ അടച്ചിടുക എന്ന നിര്‍ദ്ദേശം പിന്‍വലിക്കപ്പെട്ടതായും വികലാംഗര്‍ക്ക് ഇരിക്കാമെന്ന് കോടതി വ്യക്തമാക്കിയതായും ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ ഹര്‍ജി സുപ്രീം കോടതിക്ക് ഞെട്ടലുണ്ടാക്കിയെന്നും കോടതി രൂക്ഷവിമര്‍ശനം നടത്തിയെന്നുമാണ് മാധ്യമങ്ങള്‍ ഇതിനെ അവതരിപ്പിച്ചത്.

മൂന്ന് പതിറ്റാണ്ടിലധികം കാലമായി പ്രവര്‍ത്തിച്ചുവരുന്ന ഒരു സജീവ ഫിലിം സൊസൈറ്റി പ്രസ്ഥാനമാണ് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി. ഇതാദ്യമായല്ല സംഘപരിവാര്‍ ഈ സംഘടനക്കെതിരെ രംഗത്ത് വരുന്നത്. കാശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം ചിത്രീകരിച്ച ടര്‍ക്കിഷ് സിനിമ പ്രദര്‍ശിപ്പിച്ചു എന്ന് ആരോപിച്ചാണ് നേരത്തെ സംഘപരിവാര്‍ രംഗത്തെത്തിയത്. എന്നാല്‍ അവര്‍ പറഞ്ഞ മസ്റ്റാംഗ് എന്ന ചിത്രത്തില്‍ അത്തരമൊരു രംഗം തന്നെയില്ല. ഇത്തരത്തില്‍ ചെറുതും വലുതുമായ നുണ പ്രചാരണങ്ങളിലൂടെയാണ് പൊതുസമൂഹത്തില്‍ സംഘപരിവാര്‍ എക്കാലത്തും വേരുറപ്പിക്കുന്നത്.

ഇതിനിടെ ചലച്ചിത്ര അക്കാഡമി ചെയര്‍മാനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ കമലിന്‌റെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരമൊരു ഹര്‍ജി നല്‍കിയതെന്ന് ആരോപിച്ച് മാക്ട രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കമലിനെ വ്യക്തിപരമായി കടന്നാക്രമിച്ച് ബിജെപിയും സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയത്. കമലിന്‌റെ ശരിക്കുള്ള പേര് കമാലുദ്ദീന്‍ എന്നാണെന്ന് എടുത്തുകാട്ടിയുള്ള വര്‍ഗീയ പ്രചാരണമാണ് സംഘപരിവാര്‍ നടത്തുന്നത്. കമലിന്‌റെ വീടിന് മുന്നില്‍ ദേശീയഗാനം പാടി പ്രതിഷേധം സംഘടിപ്പിച്ചും മറ്റും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അസഹിഷ്ണുത പ്രകടിപ്പിച്ചു. കമലിന്‌റെ നിര്‍ദ്ദേശപ്രകാരമല്ല ഇത്തരത്തിലൊരു ഹര്‍ജി കൊടുത്തതെന്നും ഹര്‍ജി ഫയല്‍ ചെയ്ത ശേഷമാണ് കമലിനെ ഇക്കാര്യം അറിയിച്ചതെന്നുമാണ് ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. കൊടുങ്ങല്ലൂര്‍ മേഖലയില്‍ നിര്‍ണായക സ്വാധീനമുള്ള സംഘപരിവാര്‍, സാംസ്‌കാരിക പ്രസ്ഥാനങ്ങളെ നശിപ്പിക്കുന്നതിന്‌റെ ഭാഗമായി നടത്തുന്ന ബോധപൂര്‍വമായ ടാര്‍ഗറ്റിംഗാണ് നടക്കുന്നതെന്ന് ഫിലിം സൊസൈറ്റി ആരോപിച്ചു. കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ബിജെപി ആരോപിച്ചിരുന്നു.

ദേശീയഗാനമായ ജനഗണമനയ്‌ക്കെതിരാണ് എക്കാലത്തും ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ നിലപാട്. ഹിന്ദുത്വ സ്വഭാവവും ബിംബങ്ങളുമുള്ള വന്ദേമാതരമാണ് സംഘപരിവാര്‍ ദേശീയഗാനമായി അംഗീകരിക്കുന്നത്. ബ്രിട്ടീഷ് ചക്രവര്‍ത്തി ജോര്‍ജ് അഞ്ചാമനെ സ്തുതിച്ചു കൊണ്ട് രബീന്ദ്രനാഥ് ടാഗോര്‍ എഴുതിയതാണ് ജനഗണമനയെന്ന രീതിയില്‍ സംഘടിത പ്രചാരണം അഴിച്ചുവിട്ടത് സംഘപരിവാറാണ്. ഇങ്ങനെയുള്ള സംഘപരിവാറാണ് ഇപ്പോള്‍ ദേശീയഗാനത്തെ ആദരിക്കണമെന്ന് മറ്റുള്ളവരോട് ആജ്ഞാപിക്കുന്നത് എന്ന വൈരുധ്യമുണ്ട്. ദേശീയഗാനത്തിന് എഴുന്നേറ്റ് നിന്നില്ലെന്ന് പറഞ്ഞ് ഏഴ് പേരെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചത് സംഘപരിവാര്‍ ചാനലായ ജനം ടിവിയുടെ റിപ്പോര്‍ട്ടറാണ്. ദേശീയഗാനം, ദേശീയത എന്നിവയെല്ലാം രാഷ്ട്രീയ ആയുധമാക്കപ്പെടുന്നു എന്ന ദുരന്തത്തിലേയ്ക്കാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ നയിക്കുന്നത്.

ഇപ്പോള്‍ തീയറ്ററുകളിലേയും പ്രത്യേകിച്ച് ഐഎഫ്എഫ്‌കെയിലേയും ദേശീയഗാനവുമായി ബന്ധപ്പെട്ട് വലിയ തോതില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ സംഘപരിവാറിന് കഴിഞ്ഞിട്ടുണ്ട്. ദേശീയഗാനം വയ്ക്കുമ്പോള്‍ ഒരു 54 സെക്കന്‌റ് എഴുന്നേറ്റ് നിന്നാല്‍ എന്താണ് കുഴപ്പം, ഇത്തരത്തില്‍ പെരുമാറുന്നത് തെറ്റല്ലേ എന്നൊക്കെയുള്ള യുക്തിയിലാണ് വലിയൊരു വിഭാഗം ചിന്തിക്കുന്നത്. ഇത്തരത്തിലുള്ള വിവാദങ്ങളിലേയ്ക്ക് പോവണമെന്നും അക്രമസംഭവങ്ങള്‍ ഉണ്ടാവണമെന്നും തന്നെയാണ് സംഘപരിവാര്‍ താല്‍പര്യം. അവര്‍ ആഗ്രഹിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തിന് ഇത് അനിവാര്യമാണ്.

സാംസ്‌കാരിക പരിപാടികള്‍ നടക്കുന്ന ഇടങ്ങളില്‍ കടന്നു കയറി അക്രമം നടത്തുക, നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നത് സംഘപരിവാര്‍ സംസ്‌കാരമാണ്. ഏറ്റവും അടുത്ത സംഭവമായി ചൂണ്ടിക്കാണിക്കാവുന്നത് ജയ്പൂര്‍ ആര്‍ട്ട് ഫെസ്റ്റിവലില്‍ പെയ്‌ന്‌റിംഗുകള്‍ നശിപ്പിച്ച സംഭവമാണ്. നേരത്തെ എംഎഫ് ഹുസൈന്‌റേതടക്കം നിരവധി ആര്‍ട്ട് ഗാലറികളിലും പ്രദര്‍ശനങ്ങളിലുമായി വച്ചിരുന്ന അനേകം ചിത്രങ്ങള്‍ പലപ്പോഴായി വിഎച്ച്പി, ബജ്രംഗ്ദള്‍ അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ നശിപ്പിച്ചിരുന്നു. ഐഎഫ്എഫ്‌കെയില്‍ ജയന്‍ ചെറിയാന്‌റെ കാ ബോഡി സ്‌കേപ് എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഹനുമാനെ സ്വവര്‍ഗാനുരാഗിയായി ചിത്രീകരിച്ചു എന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.

കലാമേളകളിലും പൊതുസാംസ്‌കാരിക പരിപാടികളിലും കടന്നു കയറി അക്രമം അഴിച്ചുവിടുക എന്നത് സംഘപരിവാറിനെ സംബന്ധിച്ച് പുതിയ കാര്യമല്ല. എന്നാല്‍ കേരളത്തിലെ സാംസ്‌കാരിക മേഖലയില്‍ സംഘപരിവാറിന് ഇതുവരെ പ്രത്യക്ഷത്തില്‍ ഇത്തരത്തില്‍ അക്രമം നടത്താനോ കടന്നുകയറാനോ കഴിഞ്ഞിട്ടില്ല. അതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഐഎഫ്എഫ്‌കെ അടക്കമുള്ള ചലച്ചിത്രമേളകള്‍ ഇതുവരെ സംഘപരിവാറിനെ സംബന്ധിച്ച് വലിയ താല്‍പര്യമുള്ള കാര്യങ്ങളായിരുന്നില്ല. ഇത്തരം മേളകളെ നശിപ്പിക്കുക, പൊതുസംവാദ ഇടങ്ങള്‍ ഇല്ലാതാക്കുക തുടങ്ങിയ അജണ്ടകളുമായി വരും ദിവസങ്ങളില്‍ അവര്‍ സജീവമാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിന് സഹായകരമായ നിലപാടുകളാണ് കേരള പൊലീസിന്‌റേയും സര്‍ക്കാരിന്‌റേയും ഭാഗത്ത് നിന്ന് പലപ്പോഴും ഉണ്ടാകുന്നത് എന്നത് നിര്‍ഭാഗ്യകരമായ വസ്തുതയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍