UPDATES

സിനിമ

കോഹിനൂര്‍: പാവങ്ങളുടെ ഡബിള്‍ ബാരല്‍

സഫിയ ഒ സി

ഈ അടുത്തകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് ഡബിള്‍ ബാരല്‍. ആമേന്‍ എന്ന ചിത്രത്തിലൂടെ ലിജോ ജോസ് പല്ലിശ്ശേരി തീര്‍ത്ത ദൃശ്യ വിസ്മയം വീണ്ടും പ്രതീക്ഷിച്ചു പോയവര്‍ക്ക് എന്തോ ഡബിള്‍ ബാരല്‍ അത്ര ദഹിച്ചില്ല. അവര്‍ സംവിധായകനെയും അണിയറ പ്രവര്‍ത്തകരെയും വളഞ്ഞിട്ട് ആക്രമിച്ചു. എന്നാല്‍ ആമേനില്‍ സംവിധായകന്‍ പരീക്ഷിച്ച സിനിമ ഭാഷയുടെ കുറച്ചു കൂടി കടന്ന ആവിഷ്കാരമായിരുന്നു ഡബിള്‍ ബാരല്‍ എന്ന് അതിനെ അനുകൂലിക്കുന്നവര്‍ വാദിച്ചു. അപ്പോള്‍ ആമേന്‍ പ്രേക്ഷകര്‍ കൊണ്ടാടിയത് അതിന്‍റെ ദൃശ്യ ഭാഷയിലെ നവ്യാനുഭൂതി കൊണ്ടല്ല. മറിച്ച് ഇന്ത്യന്‍ സിനിമ ഉണ്ടായത് മുതല്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കാമുകന്‍-കാമുകി-വില്ലന്‍ ത്രയ ചരിതം തന്നെയാണ് എന്ന് തിരുത്തേണ്ടി വന്നിരിക്കുന്നു. ആമേനിലെ മക്കൊണ്ടയും മാജിക്കല്‍ റിയലിസവും ചില ജനപ്രീയ ബുദ്ധിജീവികളുടെ കണ്ടുപിടുത്തം മാത്രമാണ്. അങ്ങനെയൊന്ന് അതിലുണ്ടായിരുന്നെങ്കില്‍ ഡബിള്‍ ബാരല്‍ എന്ന സിനിമ ചിന്തിക്കാന്‍ ലിജോ ജോസ് പല്ലിശ്ശേരി ഉണ്ടാകുമായിരുന്നില്ല.  കഥ പറച്ചിലിന്‍റെ പുതുമയല്ല നമ്മള്‍ കാലാകാലങ്ങളായി പറഞ്ഞുവരുന്ന കഥയുടെ ആവര്‍ത്തനം മാത്രം മതി സിനിമ വിജയിക്കാന്‍ എന്നതിന്റെ തെളിവാണ് ഡബിള്‍ ബാരലിന്റെ പരാജയം. പറഞ്ഞു വരുന്നത് കോഹിനൂരിലെക്കാണ്. ആസിഫ് അലി നായകനായ കോഹിനൂര്‍ കണ്ടിറങ്ങുമ്പോള്‍ ഒരു പ്രേക്ഷകന്‍ പറഞ്ഞ കമന്റാണ് ഇത്രയും എഴുതിച്ചത്. ‘കോഹിനൂര്‍ പാവങ്ങളുടെ ഡബിള്‍ ബാരല്‍’ ആണെന്ന്.

കോഹിനൂരും ഒരു ‘മോഷണ’ ചിത്രമാണ് . മലയാള സിനിമയില്‍ അടുത്ത കാലത്ത് മോഷണ ചിത്രങ്ങളുടെ പരമ്പര തന്നെ കാണാം. അനില്‍ രാധാകൃഷ്ണ മേനോന്റെ സപ്തമശ്രീ തസ്ക്കരയാണ് അക്കൂട്ടത്തില്‍ ശ്രദ്ധേയമായ ഒരു ചിത്രം. പിന്നീട് പൃഥിരാജ് തന്നെ അഭിനയിച്ച സെവന്ത് ഡേ. പ്രിയ നന്ദനന്‍റെ ഞാന്‍ നിന്നോട് കൂടെയുണ്ട്, മോഹന്‍ ലാലിന്റെ ലോഹം, ഡബിള്‍ ബാരല്‍, ഉറുമ്പുകള്‍ ഉറങ്ങാറില്ല… ഇങ്ങനെ പോകുന്നു മോഷണ ചിത്രങ്ങള്‍ (എന്തായാലും സിനിമാക്കാര്‍ ജാഗ്രതൈ. നമ്മുടെ പുതിയ ഡി ജി പി സെന്‍ കുമാര്‍ സാര്‍ ..സിനിമ എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ വളരെ കര്‍ക്കശക്കാരനാണ്. ദൃശ്യവും പ്രേമവും മൂപ്പരുടെ നിരൂപണ താഡനമേറ്റ ചിത്രങ്ങളാണ്. ഇനി നാട്ടില്‍ മോഷണം പെരുകുന്നത് സിനിമാക്കാര്‍ ഇങ്ങനെ കള്ളന്മാരുടെ കഥ കാണിച്ചിട്ടാണ് എന്നു പറയാന്‍ നിങ്ങളായിട്ട് ഇടവരുത്തരുത്).

ഒരു ടിപ്പിക്കല്‍ ഹയിസ്റ്റ് (heist) മൂവിയുടെ ഒട്ടുമിക്ക ലക്ഷണങ്ങളും ഉള്ള ചിത്രമാണ് കോഹിനൂര്‍. വലിയ ഒരു മോഷണത്തിനുള്ള തയ്യാറെടുപ്പ്, അതിനുള്ള പ്ലാനിംഗുകള്‍, പരാജയപ്പെടുന്ന ശ്രമങ്ങള്‍, മോഷണം, മോഷണ സംഘത്തിനിടയിലെ ചില ചതി പ്രയോഗങ്ങള്‍, ഒടുവില്‍ മോഷണ മുതലിന് വേണ്ടിയുള്ള തമ്മില്‍ തല്ല് മുതലായവ. ട്വിസ്റ്റുകളില്‍ നിന്നു ട്വിസ്റ്റുകളിലേക്കായിരിക്കും ഇത്തരം ചിത്രങ്ങളുടെ സഞ്ചാരം. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ ആദ്യന്തം ഒരു ത്രില്ലറ് അനുഭവത്തിലായിരിക്കും ആ ചിത്രം ആസ്വദിക്കുക. ഏതെങ്കിലും ഒരു ട്വിസ്റ്റ് വീക്കായാല്‍ അത് മൊത്തത്തില്‍ സിനിമയുടെ ആസ്വാദനത്തെ ബാധിക്കും. മികച്ച ട്വിസ്റ്റുകള്‍ കൊണ്ടുവരുന്നതില്‍ കോഹിനൂര്‍ വിജയിച്ചിട്ടുണ്ടെങ്കിലും അത് പ്രേക്ഷകന് ബോധ്യപ്പെടുന്ന രീതിയില്‍ എക്സിക്യൂട്ട് ചെയ്യാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പ്രത്യേകിച്ചും ഒടുവിലത്തെ മോഷണ സീക്വന്‍സില്‍. എല്ലാ മോഷ്ടാക്കളും മോഷണ മുതലും അത് എടുക്കാനുള്ള സാങ്കേതിക വിദ്യയും വേണമെങ്കില്‍ പ്രയോഗിക്കാനുള്ള ആയുധവും എല്ലാം ഒരിടത്ത് ഒത്തു വന്നിട്ടും എന്തിനാണ് കുറേ ട്വിസ്റ്റുകളും നാടകങ്ങളും നേരെ പോയി അങ്ങ് മോഷ്ടിച്ചാല്‍ പോരേ എന്ന് ഒരു സാധാരണ പ്രേക്ഷകന്‍ ചിന്തിച്ചാല്‍ അയാളെ കുറ്റം പറയാന്‍ പറ്റില്ല. പിന്നെ നായകന്റെ ബുദ്ധി സാമര്‍ഥ്യം കാണിക്കാന്‍ വേണ്ടിയാണെങ്കില്‍ സമ്മതിച്ചു തന്നിരിക്കുന്നു. പക്ഷേ ഇന്‍റെലിജെന്‍റ് ആയ ഒരു ഹെയിസ്റ്റ് സിനിമയാണ് ഇതെന്ന് അവകാശപ്പെടാതിരുന്നാല്‍ മതി. (വിനയ് ഗോവിന്ദിന്റെ ആദ്യ സിനിമയായ കിളി പോയി സ്റ്റോണര്‍ ഫിലിം ആയിട്ടാണ് അറിയപ്പെട്ടത്.) എന്തായാലും ഒരു കാര്യം അംഗീകരിച്ച് കൊടുക്കാതിരിക്കാന്‍ കഴിയില്ല. പുതുനിര സംവിധായകര്‍ നടത്തുന്ന ഷാനര്‍ (genre) സിനിമ പരീക്ഷണങ്ങള്‍ എന്തുകൊണ്ടും പ്രതീക്ഷാ നിര്‍ഭരമാണ്. അത് അവര്‍ നേടിയ സിനിമ സാക്ഷരതയുടെ കൂടി ലക്ഷണമാണ്. അല്ലാതെ പൊള്ളാച്ചി-പാലക്കാട്-വരിക്കാശേരി-കൊച്ചി റൂട്ടിലോടുന്ന സ്ഥിരം ബസുകളും യാത്രക്കാരുമല്ല ഈ യുവസംഘത്തിന് സിനിമകള്‍.

കോഹിനൂരിന്റെ എടുത്തു പറയേണ്ടുന്ന ഒരു ഘടകം സംവിധായകന്‍ വളരെ ഡെലിബെറേട്ടായി അതില്‍ കൊണ്ടുവരാന്‍ ശ്രമിച്ച മലയാള സിനിമയുടെ പൂര്‍വ്വകാലമാണ്. പ്രത്യേകിച്ചും പഴയ കള്ളക്കടത്ത് സിനിമകളുടെ ഓര്‍മ്മ ഉണര്‍ത്തുന്നതിലൂടെ ആ വിഭാഗത്തിലുള്ള ഒരു സിനിമയാണ് തന്‍റെ ലക്ഷ്യം എന്നു സംവിധായകന്‍ തുടക്കത്തില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. വടക്കന്‍ കേരളത്തില്‍ കള്ളക്കടത്തിന്റെ ഹബ് എന്നു വിശേഷിപ്പിക്കുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഉദ്ഘാടനം ചെയ്ത 1988ല്‍ നടക്കുന്ന ഒരു കഥയാണ് ഇതെന്നും എഴുതിയും ദൃശ്യവത്ക്കരിച്ചും കാണിച്ചാണ് ചിത്രത്തിന്‍റെ കാല സൂചനയില്‍ സംവിധായകന്‍ കൃത്യത വരുത്തുന്നത്. കാലഘട്ടത്തെ ധ്വനിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിക്കുന്നുണ്ട് എന്നു മാത്രമല്ല അതിലൂടെ പ്രേക്ഷകരെ ഒരു നൊസ്റ്റാള്‍ജിയയിലേക്ക് കൊണ്ട് പോകാനും കഴിയുന്നുണ്ട്. ചിത്രത്തെ ഒരു പരിധി വരെ ആസ്വാദ്യമാക്കുന്നതില്‍ ഈ കാലസൂചനകളും പശ്ചാത്തലവും സഹായിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

നിര്‍മ്മാതാവ് എന്ന നിലയില്‍ ഈ ചിത്രം ആസിഫ് അലിയെ എത്രമാത്രം സന്തോഷിപ്പിക്കും എന്നു പറയാറായിട്ടില്ല. പക്ഷേ ഒരു നടന്‍ എന്ന നിലയില്‍ ആസിഫ് അലിക്ക് എന്തുകൊണ്ടും ആശ്വാസം പകരുന്ന സിനിമയാണ് കോഹിനൂര്‍. വലിയ താര പ്രകടനത്തിന് സ്കോപ്പില്ലെങ്കിലും തന്റെ കഥാപാത്രത്തെ വിശ്വാസ യോഗ്യമായി അവതരിപ്പിക്കാന്‍ ആസിഫ് അലിക്ക് കഴിഞ്ഞിടുണ്ട്. ചെമ്പന്‍ വിനോദും വിനയ് ഫോര്‍ട്ടും ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിലെ കൂട്ടുകള്ളന്മാര്‍ ആയതുകൊണ്ട് അതിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുകയാണ് എന്നേ തോന്നുന്നുള്ളൂ. (ഉറുമ്പുകള്‍ കാണാത്ത ഭാഗ്യവാന്‍മാര്‍ക്ക് പ്രശ്നമില്ല). ഇന്ദ്രജിത്തിന് താന്‍ മുന്‍പ് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് അപ്പുറമൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

നീക്കിബാക്കി: പഴയ കപ്യാരുടെ മോളെ നായകന്‍ കണ്ടുമുട്ടിയപ്പോള്‍ ആദ്യമൊന്ന് ചങ്കിടിച്ചു. ബാല്യ പ്രണയത്തിന്റെ ഫ്ലാഷ് ബാക്ക് എന്ന ദൌര്‍ബല്യത്തിലേക്ക് പല സംവിധായകരെയും പോലെ വിനയ് ഗോവിന്ദും ചെന്നു വീഴുമോ എന്ന്. ഭാഗ്യത്തിന് അങ്ങനെ സംഭവിച്ചില്ല. അതിന് സംവിധായകന് ഒരു ഉശിരന്‍ കയ്യടി.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍