UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാറ്റിലൂടെ പണം കൊയ്യുന്നതില്‍ ആരാണ് മുമ്പന്‍; കോഹ്ലിയോ അതോ ധോണിയോ?

Avatar

അഴിമുഖം പ്രതിനിധി

ക്രിക്കറ്റ് താരങ്ങളുടെ പരസ്യ മൂല്യം വളരെ വലുതാണ്. കളിക്കളത്തിന് പുറത്ത് അവര്‍ അഭിനയിക്കുന്ന പരസ്യ ചിത്രങ്ങള്‍ കോടികളുടെ വരുമാനമാണ് താരങ്ങളുടെ പോക്കറ്റിലേക്ക് കൊണ്ടുവരുന്നത്. താരങ്ങള്‍ നേടുന്ന ഓരോ റണ്ണിനും വിക്കറ്റിനും അനുസരിച്ച് അവരുടെ മൂല്യം വര്‍ദ്ധിക്കുകയും ചെയ്യും.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പരസ്യങ്ങളില്‍ നിന്ന് വരുമാനം നേടുന്നത് ഏകദിന, ടി 20 ക്യാപ്റ്റനായ എംഎസ് ധോണിയാണ്. എന്നാല്‍ ക്രീസില്‍ ഇറങ്ങി ബാറ്റ് വീശുമ്പോള്‍ പണതൂക്കത്തില്‍ മുന്നില്‍ ടെസ്റ്റ് ക്യാപ്റ്റനായ വിരാട് കോഹ്ലിയാണ്.

കോഹ്ലിയുടെ ബാറ്റില്‍ പതിക്കുന്ന സ്റ്റിക്കറില്‍ നിന്നുമാത്രം ഒരു വര്‍ഷം ലഭിക്കുന്നത് എട്ട് കോടി രൂപയാണ്. എംആര്‍എഫിന്റെ ബാറ്റ് ഉപയോഗിക്കുന്ന അദ്ദേഹത്തേക്കാള്‍ രണ്ടു കോടി രൂപ കുറച്ചാണ് സ്പാര്‍ട്ടന്‍ സ്റ്റിക്കര്‍ ബാറ്റില്‍ പതിക്കുന്ന ധോണിക്ക് കമ്പനി നല്‍കുന്നത്-ആറു കോടി രൂപ. ഇത് ബാറ്റില്‍ നിന്നുമാത്രമുള്ള വരുമാനമാണ്. ഷൂസിലേയും വസ്ത്രങ്ങളിലേയും പരസ്യങ്ങളില്‍ നിന്ന് മറ്റൊരു രണ്ടു കോടിയോളം രൂപയും കോഹ്ലിക്ക് ലഭിക്കുന്നുണ്ട്.

അതേസമയം ടി വി പരസ്യങ്ങളുടെ കാര്യം വരുമ്പോള്‍ ധോണി മുന്നിലെത്തും. എട്ടു കോടി രൂപ ധോണിക്ക് ലഭിക്കുമ്പോള്‍ അഞ്ചു കോടി രൂപയാണ് കോഹ്ലിയുടെ അക്കൗണ്ടിലെത്തുക. പരസ്യ വിപണിയില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള താരങ്ങള്‍ ധോണിയും യുവരാജും കോഹ്ലിയുമാണ്.

ടി20 ലോകകപ്പ് പുരോഗമിക്കുകയും ഐപിഎല്‍ സീസണ്‍ തുടങ്ങാനിരിക്കുകയും ചെയ്യുന്ന ഈ സമയത്ത് കമ്പനികള്‍ ക്രിക്കറ്റ് താരങ്ങളുമായി പരസ്യ കരാറുകളില്‍ ഒപ്പിടുന്ന തിരക്കിലാണ്. ക്രിക്കറ്റ് കിറ്റിലെ വസ്തുക്കളിലുള്ള പരസ്യങ്ങള്‍ തങ്ങളെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുമെന്നും വ്യാപാരം വര്‍ദ്ധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് കമ്പനികള്‍. ഈ രംഗത്തെ പതിവുകാര്‍ നൈക്കും പുമയുമാണ്. എന്നാല്‍ അമേരിക്കന്‍ ചെരുപ്പ് ബ്രാന്‍ഡായ ന്യൂ ബാലന്‍സും യൂറോപ്യന്‍ കമ്പനിയായ ഹെഡും പുതുതായി വരുന്നുണ്ട്. ഇത് കമ്പനികള്‍ തമ്മില്‍ താരങ്ങള്‍ക്കുവേണ്ടിയുള്ള മത്സരം വര്‍ദ്ധിപ്പിക്കുകയും താരങ്ങളുടെ വരുമാനത്തില്‍ പ്രതിഫലിക്കുകയും ചെയ്യും. ഈ രണ്ടു കമ്പനികളും ട20 ക്രിക്കറ്റ് ലീഗുകളെ ലക്ഷ്യമിടുന്നുണ്ട്.

പുമയാകട്ടെ യുവരാജിന്റെ ബാറ്റും ഷൂസും ജഴ്‌സിയും നാലു കോടി രൂപയ്ക്ക് സ്വന്തമാക്കി കഴിഞ്ഞു. സിയറ്റ് സുരേഷ് റെയ്‌നയുടെ ബാറ്റിന് 2.5 മുതല്‍ മൂന്നു കോടിവരേയും രോഹിത് ശര്‍മ്മയുടെ ബാറ്റിന് മൂന്ന് കോടി രൂപയും നല്‍കും. അതേസമയം ബാറ്റിനും ഷൂസിനും വസ്ത്രങ്ങള്‍ക്കുമായി അജ്യന്‍ക രഹാനെയ്ക്ക് നല്‍കുന്നത് 1.5 കോടി രൂപയും. എംആര്‍എഫ് ആകട്ടെ ശിഖര്‍ ധവാന്റെ ബാറ്റിന് വിലയിട്ടിരിക്കുന്നത് മൂന്നു കോടി രൂപയും.

വിദേശ താരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ കളിക്കാര്‍ക്കാണ് കൂടുതല്‍ വരുമാനം ലഭിക്കുന്നത്. ഇന്ത്യയിലെ ക്രിക്കറ്റ് ഭ്രാന്ത് തന്നെയാണിതിന് കാരണം. എങ്കിലും ദക്ഷിണാഫ്രിക്കന്‍ താരമായ എബി ഡി വില്ലേഴ്‌സും വെസ്റ്റ് ഇന്‍ഡീസ് ക്രിസ് ഗെയിലും ഇതിനൊരു അപവാദമാണ്. ഡി വില്ലേഴ്‌സിന്റെ ബാറ്റിന് 3.5 കോടിയോളം രൂപയാണ് വിലയിട്ടിരിക്കുന്നത്. സ്പാര്‍ട്ടന്‍ ഗെയിലിന് നല്‍കുന്നത് മൂന്നു കോടി രൂപയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍