UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊല്ലം, ഇപ്പോള്‍ പഴയ കൊല്ലമല്ല..!

Avatar

രാമദാസ് എം.കെ. 

കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്നൊരു ചൊല്ല് പ്രചാരത്തിലുണ്ട്. കൊല്ലത്തിന്റെ പ്രൗഢിയാണീ വാചകത്തിലടങ്ങിയിരിക്കുന്നത്. കായലും കടലും സമതലവുമെല്ലാം ചേര്‍ന്നതാണ് കൊല്ലത്തിന്റെ ഭൂപ്രകൃതി. വിപ്ലവാശയങ്ങളുടെ കളിത്തൊട്ടിലായും കൊല്ലത്തെ പരിഗണിക്കുന്നവരുണ്ട്. കൊല്ലത്ത് സി.പി.ഐ ആണ് വല്ല്യേട്ടന്‍. വിപ്ലവം കൊടിയിലും പേരിലും പ്രകടമാക്കുന്ന ആര്‍എസ്പിയുടെ കോട്ട കൂടിയാണ് കൊല്ലം. മുന്നണി മാറിയ എന്‍.കെ. പ്രേമചന്ദ്രനെ ഞെട്ടിച്ചാണ് കൊല്ലത്തുകാര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം നിന്നത്. പരാജയത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ്സിനുമേല്‍ കെട്ടിവെച്ച് പ്രേമചന്ദ്രനൊപ്പം ഷിബു ബേബി ജോണും തടിയൂരി. 

കൊല്ലം, ചടയമംഗലം, കരുനാഗപ്പള്ളി, കുന്നത്തൂര്‍, കുണ്ടറ, കൊട്ടാരക്കര, പത്തനാപുരം, ചവറ, ചാത്തന്നൂര്‍, പുനലൂര്‍, ഇരവിപുരം എന്നിവയാണ് നിയമസഭാ മണ്ഡലങ്ങള്‍. വി.എസ് അനുഭാവിയെന്ന് കേള്‍വികേട്ട പി.കെ. ഗുരുദാസനാണ് കൊല്ലത്തിന്റെ പ്രതിനിധി. കശുവണ്ടിതൊഴിലാളികളും, മത്സ്യതൊഴിലാളികളും ഭാഗധേയം നിശ്ചയിക്കുന്ന കൊല്ലം ഗുരുദാസിനെ കൈവിടില്ലെന്ന് പാര്‍ട്ടിക്കും മുന്നണിക്കും ഉറപ്പുണ്ട്. പ്രായവും ഊഴവും സംബന്ധിച്ച പാര്‍ട്ടി ലൈനാണിവിടെ ഗുരുദാസന് വിലങ്ങ്. മാനദണ്ഡങ്ങളില്‍ നിന്ന് മോചനം വേണമെന്ന് ഗുരുദാസന് വേണ്ടി ജില്ലാ കമ്മറ്റി ആവശ്യമുന്നയിക്കുമോ എന്ന് പറയാറായിട്ടില്ല. സംസ്ഥാന കമ്മറ്റി അംഗമായ വരദരാജന്റെ പേരിവിടെ ഉയര്‍ന്നു വന്നിട്ടുണ്ട്.

കുണ്ടറയിലേക്ക് വരുമ്പോള്‍, ബേബി ഉണ്ടാവില്ലെന്ന് ശ്രുതിയുണ്ട്. ഇവിടെ രാജ്യസഭാംഗമായ ബാലഗോപാലന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, എസ്.എല്‍.ശശികുമാര്‍ എന്നിവരെ പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ബാലഗോപാലന്‍ ഔദ്യോഗിക പക്ഷക്കാരനും മേഴ്‌സിക്കുട്ടിയമ്മ വി.എസ് അനുകൂലിയുമാണെന്നത് പരസ്യമാണ്.

ചടയമംഗലം സിപിഐയുടെ ഉറച്ചകോട്ടയാണ് രണ്ട് തവണയായി മുല്ലയ്ക്കല്‍ രത്‌നാകരനാണ് ചടയമംഗലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. മുമ്പ് നടന്ന പതിനൊന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ചടയമംഗലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പമാണ് നിന്നത്.  രണ്ട് തവണ വിജയിച്ചവര്‍ മാറി നില്‍ക്കാമെന്ന പൊതുധാരണ അനുസരിക്കേണ്ടിവന്നാല്‍ രത്‌നാകരന്‍ ഉണ്ടാവില്ല. എന്നാല്‍ ഒരിക്കല്‍ കൂടി മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് മുല്ലക്കര പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. മൂന്നാം തവണ ജനവിധി തേടാന്‍ ഇ.എസ് ബിജിമോള്‍ക്ക് പാര്‍ട്ടി നല്‍കിയ ഇളവ് ചടയമംഗലത്തും ബാധകമാക്കണമെന്ന് മുല്ലക്കര അനുകൂലികള്‍ ആവശ്യപ്പെടുന്നു. പാര്‍ട്ടിക്ക് അടിയുറച്ച അനുയായികളുള്ള ചടയമംഗലത്തേക്ക് വരാന്‍ കെ.എ. ഇസ്മയില്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ക്ക് താല്‍പ്പര്യമുണ്ട്.

ചാത്തന്നൂരില്‍  ജി.എസ്. ജയലാല്‍ ആണ് നിലവില്‍ എംഎല്‍എ. സിപിഐക്ക് വേണ്ടി ജയലാല്‍ ഒരിക്കല്‍ കൂടി ഇവിടെ മത്സരിക്കും. സി.ദിവാകരന്‍ മാറിനിന്നാല്‍ ബിനോയ് വിശ്വമോ കെ.പി.രാജേന്ദ്രനോ കരുനാഗപ്പള്ളിയില്‍ വന്നേക്കാമെന്ന് സി.പി.ഐ നേതൃത്വം സൂചന നല്‍കുന്നുണ്ട്. സി.പി ഐയുടെ ഉറച്ച  കോട്ടയില്‍ പൊരുതാനിറങ്ങാന്‍ മേല്‍പറഞ്ഞവര്‍ക്ക് മടിയില്ല. ബിനോയ് വിശ്വത്തിനു തന്നെയാണ് കൂടുതല്‍ സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു.

ചവറയില്‍ ഷിബു ബേബി ജോണ്‍ യുഡിഎഫിനു വേണ്ടിയിറങ്ങുമെന്നുറപ്പാണ്. മണ്ഡലത്തിലെ വികസനം ചൂണ്ടിക്കാണിച്ച് വോട്ട് നേടാമെന്നാണ് ഷിബുവിന്റെഉള്ളിലിരിപ്പ്. ഷിബുവിന് അനുയോജ്യനായ എതിരാളിയെ കണ്ടെത്താനുള്ള  ശ്രമത്തിലാണ് ഇടതുപക്ഷം. ചാവേറാവാന്‍ തയ്യാറെന്ന ആര്‍.ബാലകൃഷ്ണ പിള്ളയുടെ അപേക്ഷ ഇടതു മേശപ്പുറത്തുണ്ട്. മന്ത്രിമാര്‍ക്കെതിരെ മത്സരിക്കാന്‍ കയ്യില്‍ കോടികളില്ലെന്ന് പിള്ള പറഞ്ഞതിന്റെ അര്‍ത്ഥം പലര്‍ക്കും പിടികിട്ടിയിട്ടില്ല.

പുനലൂരില്‍ രണ്ട് തവണ ഊഴം പൂര്‍ത്തിയാക്കിയ സിപിഐലെ അഡ്വ. കെ. രാജു മാറുമെന്ന് ധാരണയായിട്ടുണ്ട്. അവിടെ പകരം പി.എസ് സുപാലിനെ പരീക്ഷിക്കാന്‍ സി.പിഐക്ക് ആലോചനയുണ്ട്. പേരിനൊപ്പം പുനലൂരുള്ള മധു കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയാവുമെന്ന് ശ്രുതിയുണ്ട്.

എ.എ. അസ്സീസിന്റെ മണ്ഡലമായ ഇരവിപുരം വേണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെടുന്നുണ്ട്. ലീഗിന്റെ പേരിലിറങ്ങിയ പോസ്റ്ററുകളില്‍ ആര്‍എസ്പിയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നു. കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന്‍ ഇടതനായി അങ്കത്തിനിറങ്ങിയാല്‍ ബന്ധുവായ ഉല്ലാസ് കോവൂരിനെ രംഗത്തിറക്കി തിരിച്ചടി നല്‍കാന്‍ ഷിബുവും കൂട്ടരും ആലോചിക്കുന്നുണ്ട്. ആര്‍എസ്പി യുവജന വിഭാഗം നേതാവാണ് ഉല്ലാസ്.

കൊട്ടാരക്കരയില്‍ അഡ്വ.ഐഷപോറ്റി രണ്ട് ടേം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇവര്‍ മാറി നിന്നാല്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എസ് ജയമോഹന്‍ സി.പിഐ (എം) സ്ഥാനാര്‍ത്ഥിയായി വരാം. ഇടതിനൊപ്പം നില്‍ക്കുന്ന ആര്‍. ബാലകൃഷ്ണപിള്ളയുടെ സഹായം കൂടിയാവുമ്പോള്‍ കൊട്ടാരക്കരയില്‍ ജയം അനായാസമെന്നാണ് ഇടത് പക്ഷം. ജനസമ്മതിയും ജനകീയവുമായ മുഖം തിരഞ്ഞെടുപ്പില്‍ പരീക്ഷിക്കണമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്.

പത്തനാപുരത്തെ മത്സരം പൊടിപൊടിക്കുമെന്ന് ഉറപ്പാണ്. പിള്ളയുടെ മകനായ ഗണേഷ് കുമാര്‍ ഇവിടെ പൊരുതുമെന്നുറപ്പാണ്. മുന്നണിയേതായാലും ഗണേഷ് പത്തനാപുരത്തുണ്ടാവും. പറഞ്ഞുകേള്‍ക്കുന്ന എതിരാളികളുടെ പേരുകള്‍ മത്സരം കടുപ്പിക്കുമെന്നുറപ്പു നല്‍കുന്നു. സിനിമാതാരം ജഗദീഷിനെ രംഗത്തിറക്കി ഗണേഷിനെ തളക്കാനാണ് കോണ്‍ഗ്രസ്സ് ക്യാമ്പിലെ ഒരാലോചന. ഇവിടെ ബിജെപി  അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്  സിനിമാ സീരിയല്‍ താരമായ കൊല്ലം തുളസിയെയാണ്. എന്തായാലും, സംസ്ഥാനത്തെ സിനിമാ സ്റ്റൈല്‍ പോരാട്ടത്തിന് പത്തനാപുരം സാക്ഷിയാവും.   

(അഴിമുഖം കണ്‍സള്‍റ്റിംഗ് എഡിറ്ററാണ് രാംദാസ് എം കെ)          

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍