UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇതൊരു സര്‍ക്കാര്‍ സ്കൂളാണ്; ഇവിടെ കുട്ടികള്‍ ചുമടുതാങ്ങികളല്ല

Avatar

വി ഉണ്ണികൃഷ്ണന്‍

ജോഷ്വാ എന്തൊക്കെ വീട്ടില്‍ നിന്നും കൊണ്ടുവരും?

പട്ടത്താനം ഗവ എസ്എന്‍ഡിപി യു.പിഎസിലെ ഒന്നാം ക്ലാസ് എ ടു ഡിവിഷനിലെ വിദ്യാര്‍ഥിയോട് ക്ലാസ് ടീച്ചര്‍ ജ്യോതിയുടെ ചോദ്യം.

ചോദ്യം കേട്ട് ജോഷ്വാ ഒന്നു പകച്ചു. വിരല്‍ ഒന്നു കടിച്ചിട്ട്‌ അടുത്തിരുന്ന കൂട്ടുകാരെ നോക്കി. പറയാന്‍ ഒരു ചമ്മല്‍.

അവനു നാണക്കേട്‌ ആണ് പറയാന്‍. വിജി പറ മോളേ – ജ്യോതി ടീച്ചര്‍ അടുത്ത ബെഞ്ചില്‍ ഇരുന്ന കുട്ടിയോടു പറഞ്ഞു.

ചോദ്യം കേട്ട പാടേ വിജി ചാടിയെണീറ്റു… ശടപടേന്ന് ഉത്തരവും എത്തി.

സ്നാക്സ്

വിജിയുടെ അടുത്തിരുന്ന ആര്യയോടും ഇതേ ചോദ്യം.

ഉത്തരം- കുട.

ജയശ്രീ ടീച്ചറിന്റെ ചുമതലയിലുള്ള ഒന്നാം ക്ലാസ് എ വണ്‍ ഡിവിഷനിലെ കുട്ടികളോട് ചോദിച്ചാലും ഉത്തരം ഇതൊക്കെത്തന്നെ.

ഇതെന്താ ഈ കുട്ടികളൊക്കെ ബുക്കും പുസ്തകവും പേനയും പെന്‍സിലും ഒന്നും കൊണ്ടുവരില്ലേ? ഇതെന്തോന്ന് സ്കൂള്‍? പഠിപ്പീരോന്നും ഇല്ലേ ഇവിടെ?

സംശയം വേണ്ട. ഇവിടത്തെ കുട്ടികളും പഠിക്കാന്‍ തന്നെയാണ് വരുന്നത്. പക്ഷേ ഇവിടത്തെ കുട്ടികള്‍ എടുത്താല്‍ പൊങ്ങാത്ത ബാഗുമായി ഹിമാലയത്തില്‍ ട്രക്കിംഗിനു പോകുന്നവരെപ്പോലെ അല്ല വരുന്നത്. വീട്ടില്‍ നിന്നും സ്കൂളിലേക്കും അവിടുന്ന് തിരികെയും  പുസ്തകങ്ങളും  കൊണ്ടു നടക്കേണ്ട ആവശ്യമില്ല.

ഇത്രയും കേള്‍ക്കുമ്പോഴേക്കും അടുത്ത ചോദ്യം വരാം. 

സര്‍ക്കാര്‍ സ്കൂള്‍ എന്നല്ലേ പറഞ്ഞത്. അവിടെ ഇങ്ങനെയൊക്കെ നടക്കുമോ?

ഉത്തരം സിമ്പിള്‍. നടക്കും… അല്ല നടന്നു…

കുട്ടികള്‍ അമിതഭാരം ചുമക്കുന്നതിന് ഒരു പരിഹാരം കണ്ടെത്തി നടപ്പിലാക്കിയിരിക്കുകയാണ് സ്കൂള്‍ അധികൃതര്‍. 

ജൂണ്‍ മുതല്‍, അതായത് പ്രവേശനോത്സവം മുതല്‍ ഈ സ്കൂളിലെ ഒന്നാം ക്ലാസ് കുട്ടികള്‍ ബാഗ് ഒഴിവാക്കിയിരിക്കുകയാണ്. രണ്ടു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളില്‍ അത് ഭാഗികമായും നടപ്പിലാക്കിയിട്ടുണ്ട്. ഒന്നാം ക്ലാസിലെ രണ്ടു ഡിവിഷനുകളിലെ കുട്ടികള്‍ കൈയും വീശിയാണ് സ്കൂളില്‍ എത്തുക. മറ്റുള്ളവര്‍ ഒരു പുസ്തകവും മറ്റ് അവശ്യ പഠന സാമഗ്രികളും മാത്രം.

ഇവര്‍ക്കായി രണ്ടു സെറ്റ് പുസ്തകങ്ങള്‍ ആണ് സ്കൂള്‍ നല്‍കിയിരിക്കുന്നത്. ഒന്ന് സ്കൂളിലേക്കും മറ്റൊന്ന് വീടുകളില്‍ സൂക്ഷിക്കാനും. പ്രത്യേകമായി തയ്യാറാക്കിയ പുസ്തകങ്ങളാണ് ഇവിടത്തെ കുട്ടികള്‍ ഉപയോഗിക്കുന്നത്.

ഒരു നോട്ട് പുസ്തകം നാല് വിഷയങ്ങള്‍ക്ക് ഉപയോഗിക്കാം. ഒറ്റ വരി, നാലുവരി, ഗണിതശാസ്ത്രത്തിനായി ബോക്സ് ടൈപ്പിലുള്ള പേജുകള്‍, വരയില്ലാത്തത് എന്നിങ്ങനെയാണ് നോട്ട് പുസ്തകത്തെ തിരിച്ചിരിക്കുന്നത്.

അതേക്കുറിച്ച് വിശദീകരിക്കുന്നതിനു മുന്‍പ് ഇവിടെ ഈ പ്രോജക്റ്റ് എങ്ങനെ ആരംഭിച്ചു എന്ന് കൂടി പറയണം. പ്രധാനാധ്യാപകന്‍ ആര്‍ രാധാകൃഷ്ണന്‍, പിടിഐ പ്രസിഡന്‍റ് വി അനിലാല്‍, സെക്രട്ടറി ഡി ജയകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്കൂള്‍ ഒറ്റക്കെട്ടായി ആണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഇവര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി മുന്‍ എം.പി കെഎന്‍ ബാലഗോപാലും കൂടെയുണ്ടായിരുന്നു. 

ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പ്രോജക്റ്റ് ലോഞ്ച് ചെയ്തു. ജൂണില്‍ സ്കൂള്‍ അധികൃതര്‍ അത് പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു. എന്നാല്‍ അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുവര്‍ഷത്തിനു മുന്‍പ് തന്നെ തുടങ്ങിയിരുന്നു എന്ന് സ്കൂള്‍ പിടിഐ പ്രസിഡന്‍റ് വി അനിലാല്‍ പറയുന്നു.

എന്താണ് ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കാനുള്ള കാരണം എന്നുള്ള ചോദ്യം അനാവശ്യമാണ്. കാരണം നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുമാണ്. എങ്കിലും ആ ചോദ്യത്തിനുള്ള മറുപടി പ്രധാനാധ്യാപകനായ ആര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

‘കുട്ടികളെ ഭാരമെടുപ്പിക്കുന്നത് തടയണം എന്നുള്ളത് തന്നെയാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ ഉള്ള കാരണം. അവരേക്കാള്‍ വലിപ്പവും ഭാരവുമുള്ള ബാഗും താങ്ങി കുട്ടികള്‍ നടക്കുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് സഹിക്കാനാവുക’ അദ്ദേഹം പറയുന്നു.

ഇതേ അഭിപ്രായം തന്നെയാണ് പിടിഐ പ്രസിഡന്‍റ് വി അനിലാലിനും.

‘ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ പോലും രാവിലെ ഹിമാലയ പര്‍വ്വതം കയറാന്‍ പോകുന്നത് പോലെ പോകുന്നത് കാണുമ്പോള്‍ ഉള്ള  വിഷമം ആണ് പ്രധാനമായും ഒരു മാറ്റം വേണമെന്ന തോന്നല്‍ ഉണ്ടാക്കിയത്. അതിനൊരു പരിഹാരം ആലോചിക്കുന്നുണ്ടായിരുന്നു.

ആദ്യം കരുതിയിരുന്നത് ഓരോ ദിവസത്തെയും നോട്ടുകള്‍ പ്രത്യേക ഫോള്‍ഡറില്‍ ആക്കി നല്‍കാം എന്നുള്ളതാണ്. എന്നാല്‍ അതത്ര പ്രായോഗികമല്ല എന്ന് പിന്നീടു ബോധ്യമായി. അപ്പോഴാണ് പുസ്തകം ചുമന്നുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് ഒഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്.

രണ്ടു സെറ്റ് പുസ്തകങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. സാധാരണക്കാരുടെ മക്കള്‍ ആണല്ലോ സര്‍ക്കാര്‍ സ്കൂളില്‍ വരുന്നത്. അവര്‍ക്ക് ചിലപ്പോള്‍ ഒരു സെറ്റ് പുസ്തകങ്ങള്‍ വാങ്ങുന്നത് തന്നെ ചിലപ്പോള്‍ പ്രയാസകരമായിരിക്കും. അപ്പോള്‍, രണ്ടാമതൊരു സെറ്റ് അവരെ സംബന്ധിച്ചിടത്തോളം അധിക ബാധ്യതയാകും എന്ന് മനസ്സിലാക്കി അതിനൊരു ബദല്‍ സംവിധാനത്തെക്കുറിച്ചായി ആലോചന. ചര്‍ച്ചകള്‍ ഏറെ നടന്നു.

സ്ഥാനക്കയറ്റം കിട്ടി മറ്റു ക്ലാസുകളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിക്കുന്നത് അത്തരം ഒരു ചര്‍ച്ചയുടെ ഇടയിലാണ്. അവിടെയും പ്രശ്നമുണ്ടായിരുന്നു. കുട്ടികളുടെ എണ്ണത്തില്‍ ഓരോ ക്ലാസ്സിലും വ്യത്യാസമുണ്ടാവുമല്ലോ. അതിനു പരിഹാരമായി പുസ്തകത്തിന്റെ കോപ്പി എടുത്തു. അങ്ങനെ രണ്ടു കോപ്പി തയ്യാറായി. ഇങ്ങനെ ശേഖരിക്കുന്ന പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ ഒരു സ്ഥലം വേണമല്ലോ. അപ്പോഴാണ് ബാലഗോപാല്‍ സാര്‍ ഇതിലേക്ക് കൂടുതലായി ഇടപെടുന്നത്. അദ്ദേഹം പദ്ധതിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും അതിന്റെ നടത്തിപ്പിനാവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്തു. കുട്ടികളുടെ സ്വന്തം പേരില്‍ ഓരോ അറ കിട്ടുന്ന രീതിയില്‍ ഉള്ള അലമാരകള്‍ എംപി ഫണ്ട് ഉപയോഗപ്പെടുത്തി 48 അലമാരകള്‍ അദ്ദേഹം നല്‍കി. ഒരു അലമാരയില്‍ 10 അറകള്‍ ഉണ്ടാവും. 

ഇവര്‍ കൊണ്ടു വരുന്ന പുസ്തകങ്ങള്‍ മറ്റൊരു ഘടകമായിരുന്നു. ഓരോ വിഷയത്തിനും ഓരോ  നോട്ട് പുസ്തകങ്ങള്‍. 200 പേജിന്റെ നോട്ടെടുത്താല്‍ അതില്‍ ഒന്നോ രണ്ടോ പേജ് മാത്രമേ എഴുതിയിട്ടുണ്ടാവൂ. എന്നാല്‍ ബാക്കിയുള്ള മുഴുവന്‍ പേജുകളും കുട്ടി ചുമക്കണം. അത് കുറയ്ക്കാന്‍ നാല്‍പ്പത് പേജാക്കി മാറ്റി. പിന്നീട് ഒരു വിഷയത്തിനു 40 പേജ് വച്ച് ഒരു  നോട്ടില്‍ തന്നെ ആറ് വിഷയങ്ങള്‍ എഴുതാവുന്ന തരത്തില്‍ നോട്ട് പുസ്തകങ്ങള്‍ തയ്യാറാക്കി’- അനിലാല്‍ തങ്ങള്‍ നടപ്പിലാക്കിയ പദ്ധതിയുടെ ഭൂതകാലത്തെക്കുറിച്ച് പറഞ്ഞു നിര്‍ത്തി.

കുട്ടികള്‍ ഈ പുതിയ സംവിധാനത്തെ സന്തോഷത്തോടെയാണ് കണ്ടത്. ഭാരം ചുമക്കാതെ സ്കൂളില്‍ എത്താന്‍ അവര്‍ ആവേശം കാട്ടുകയും ചെയ്തു. അതില്‍ മറ്റൊരു സംഗതി കൂടിയുണ്ട് എന്ന് പ്രധാനാധ്യാപകന്‍ ആര്‍ രാധാകൃഷ്ണന്‍ പറയുന്നു.

‘കുട്ടികള്‍ക്ക് സ്വന്തമായി എന്തെങ്കിലും കിട്ടുന്നത് വളരെ സന്തോഷമായുള്ള കാര്യമാണ്. എന്നാല്‍ പലപ്പോഴും അവര്‍ക്കത് ലഭിക്കുക ബാല്യത്തില്‍ നിന്നും കൌമാരത്തിലേക്ക് കടക്കുമ്പോഴാണ്. സാമ്പത്തിക ഭദ്രതയുള്ള വീട്ടിലെ കുട്ടികളുടെ കാര്യമല്ല പറഞ്ഞത്. സാധാരണക്കാരുടെ കുട്ടികളുടെ കാര്യമാണ്. അങ്ങനെ ഒരു അവസരത്തില്‍ അവര്‍ക്ക് സ്വന്തമായി ഒരു സ്പേസ് ലഭിക്കുകയാണെങ്കില്‍ അത് ആത്മവിശ്വാസത്തില്‍ത്തന്നെ ഒരു മാറ്റം ഉണ്ടാക്കും. സ്കൂളില്‍ അവരുടെ പേരൊക്കെ എഴുതി സ്വന്തമായി ഒരിടം. അവിടെ പുസ്തകവും പേനയും ഒക്കെ വയ്ക്കാം’- അദ്ദേഹം അഭിപ്രായപ്പെടുന്നു.

നിലവിലുള്ള രീതികളില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് പുതിയ മാതൃകകള്‍ വരുമ്പോള്‍ സ്വാഭാവികമായി വരാറുള്ള ചോദ്യങ്ങള്‍ ഇവിടെയും ഉയര്‍ന്നു.

നിങ്ങള്‍ സ്കൂളില്‍ വല്ലതും പഠിപ്പിക്കുന്നുണ്ടോ എന്ന് ഞങ്ങള്‍ എങ്ങനെ അറിയും. വീട്ടില്‍ വന്നാല്‍ കൊച്ചിന് വല്ലോം പറഞ്ഞു കൊടുക്കണമെങ്കില്‍ ഞങ്ങള്‍ എന്തു ചെയ്യും. എന്നൊക്കെ രക്ഷകര്‍ത്താക്കളുടെ ഇടയില്‍ നിന്നും ചോദ്യങ്ങള്‍ എത്തി.

അത്തരക്കാരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കലായിരുന്നു പ്രയാസകരം എന്ന് അധ്യാപിക സുഷമാ ദേവി ടി എസ് പറയുന്നു. പദ്ധതിയെപ്പറ്റി വ്യക്തമായ അറിവ് ലഭിച്ചതോടെ അവരില്‍ നല്ലൊരു ശതമാനവും പിന്തുണയുമായി എത്തി.

ഇപ്പോള്‍ പഠിപ്പിക്കുന്ന ഭാഗം അറിയാന്‍ സാധിക്കുന്നില്ല എന്ന് രക്ഷകര്‍ത്താക്കളുടെ പരാതി ഉണ്ടാവാറില്ല. അതിനായി ഇവിടെ ഒരു എസ്എംഎസ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. അന്നന്ന് പഠിപ്പിക്കുന്ന പാഠഭാഗങ്ങള്‍ ഏതൊക്കെയെന്ന് മാതാപിതാക്കള്‍ക്ക് മെസ്സേജ് ആയി ലഭിക്കും.

പുതിയ രീതിയിലേക്ക് മാറാന്‍ അധ്യാപകര്‍ക്കും പ്രയാസം നേരിട്ടിരുന്നതായി പിടിഎ പ്രസിഡന്‍റ് ഓര്‍ക്കുന്നു. രക്ഷകര്‍ത്താക്കള്‍ക്ക്‌ അവബോധം നല്‍കുന്നതുപോലെ ക്ലാസ് അവര്‍ക്കും ലഭിച്ചിരുന്നു. ഇപ്പോള്‍ രണ്ടു കൂട്ടരും പുതിയ സാഹചര്യത്തോട് പൊരുത്തപ്പെട്ടു കഴിഞ്ഞു.

ഓരോ മാസവും കുട്ടികളുടെ പെര്‍ഫോമന്‍സ് വിലയിരുത്തി മാതാപിതാക്കള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാറുണ്ട് ഇവിടെ. അതുപോലെ തന്നെ അധ്യാപകര്‍ക്കായി പ്രത്യേക സെഷനുകളും സംഘടിപ്പിക്കാറുണ്ട്.

എന്നാല്‍ ഒന്നാം ക്ലാസ്സില്‍ നടപ്പിലാക്കിയതുപോലെ എല്ലാവരുടെയും ബാഗ് ഒറ്റയടിക്ക് ഇല്ലാതാക്കുക എന്നത് പ്രായോഗികമല്ല എന്ന് അനിലാല്‍ പറയുന്നു. പടിപടിയായി ഏഴാം ക്ലാസ് വരെ ആ രീതിയില്‍ എത്തിക്കും എന്നുള്ള ആത്മവിശ്വാസം തങ്ങള്‍ക്കുള്ളതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരീക്ഷിച്ചു വിജയം കണ്ടതിനാല്‍ ഇതേ പദ്ധതി കൊല്ലം ജില്ലയിലെ 12ഓളം സ്കൂളുകളില്‍ നടപ്പിലാക്കിയതായി കെഎന്‍ ബാലഗോപാല്‍ പറയുന്നു. എം.പിമാരുടെ ഫണ്ടില്‍ നിന്നും 24 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികളുടെ എണ്ണം കുറയുന്നതിനാല്‍ പല സര്‍ക്കാര്‍ സ്കൂളുകളും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ഒരു സമയത്താണ് ഈ സ്കൂള്‍ വ്യത്യസ്തമായ പാതയിലൂടെ മുന്നേറുന്നത്. ഒന്നാം ക്ലാസ്സിലെ 77 പേര്‍ അടക്കം 651 കുട്ടികള്‍ ആണ് ഇവിടെ പഠിക്കുന്നത്. കഴിഞ്ഞ വര്‍ഷം അത് 583 ആയിരുന്നു. അടുത്ത വര്‍ഷം ഇത് നാലക്കം കടക്കും എന്നാണ് സ്കൂള്‍ അധികൃതര്‍ കരുതുന്നത്.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍