UPDATES

രവിചന്ദ്രന്‍

കാഴ്ചപ്പാട്

രവിചന്ദ്രന്‍

ന്യൂസ് അപ്ഡേറ്റ്സ്

ഈ വെടിക്കെട്ടും ഘോഷയാത്രകളും ആര്‍ക്കാണ് ദൈവാനുഗ്രഹമുണ്ടാക്കുക?

വെടിക്കെട്ടു ദുരന്തം കഴിഞ്ഞു, പക്ഷേ വാക്കുതര്‍ക്കങ്ങളുടെ കമ്പക്കെട്ട്‌ തുടരുകയാണ്‌. സമ്പൂര്‍ണ്ണ വെടിക്കെട്ടു നിരോധനം മുതല്‍ ഭരണവര്‍ഗ്ഗത്തിന്റെ കഴിവില്ലായ്‌മ വരെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. ഇത്തവണ പരസ്‌പരം കുറ്റപ്പെടുത്തിയും പോരടിച്ചും രംഗത്തെത്തിയത്‌ രാഷ്‌ട്രീയക്കാരല്ല, ഉദ്യോഗസ്‌ഥരാണെന്ന വ്യത്യാസമുണ്ട്‌. നിയമവിരുദ്ധമായി നടത്തുന്ന വെടിക്കെട്ടുകള്‍ തടയാന്‍ ആര്‍ക്കാണ്‌ അധികാരം? കൊല്ലം ജില്ലാ കളക്‌ടറും സിറ്റി പോലീസ്‌ കമ്മിഷണറും തമ്മിലുള്ള തര്‍ക്കം ഉത്സവത്തിമര്‍പ്പില്‍ കത്തിപ്പടരുന്ന കതിനകള്‍പ്പോലെ ഉന്നതാധികാരികളിലേക്കു പടര്‍ന്നു കയറുകയാണ്‌. പക്ഷേ ഇതാണോ ദുരന്തസമയത്ത്‌ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം?

 

കേരളത്തെ വെടിക്കെട്ടുകള്‍ ശവപ്പറമ്പാക്കാന്‍ തുടങ്ങിയിട്ട്‌ കാലമെത്രയായി. എത്ര ദുരന്തങ്ങള്‍ക്കാണ്‌ കേരളം സാക്ഷ്യംവഹിച്ചത്‌. ഇതു നിയന്ത്രിക്കാനോ അപകടകരമായ വെടിക്കെട്ട്‌ തടയാനോ ഇന്നു വരെ ഒരു നടപടിയുമുണ്ടായില്ലെന്നതാണ്‌ ഏറ്റവും ഖേദകരമായ വസ്‌തുത. വെടിക്കെട്ടുകളെ നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക്‌ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നും 2000-ല്‍ ആനന്ദ്‌ പാര്‍ത്‌ഥസാരഥി കേസില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ്‌ പി.കെ. ബാലസുബ്രഹ്‌മണ്യന്‍, ജസ്റ്റിസ്‌ സി.എന്‍ രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നിട്ട്‌ ഒന്നര പതിറ്റാണ്ടു കഴിഞ്ഞിട്ടും ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. വിധി നടപ്പാക്കുന്നതു പോകട്ടെ, വെടിക്കെട്ടിന്‌ കര്‍ശന നിയന്ത്രണമുണ്ടാക്കാന്‍ പര്യാപ്‌തമായ നിയമങ്ങളും ചട്ടങ്ങളും നാട്ടിലുണ്ട്‌. ഇവയൊന്നും കാര്യക്ഷമമായി പാലിക്കാന്‍ തയ്യാറായിട്ടുമില്ല. കാലാകാലങ്ങളില്‍ വെടിക്കെട്ടുദുരന്തമുണ്ടാകുമ്പോള്‍ ദുരിതാശ്വാസവും സാന്ത്വന പദ്ധതികളുമായി ഓടിയെത്തുന്നതിനപ്പുറം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഇച്‌ഛാശക്തി സര്‍ക്കാരുകള്‍ കാട്ടിയില്ല. പരവൂരില്‍ ജീവന്‍ വെടിഞ്ഞവര്‍ ഈ പിടിപ്പുകേടിന്റെ ഇരകളാണ്‌.

ഹൈക്കോടതി ജഡ്‌ജിയുടെ കത്തും കമ്മിഷണറുടെ വിലാപവും
പതിവു ദുരന്തക്കാഴ്‌ചകളും സങ്കടവര്‍ത്തമാനങ്ങളുമായി കടന്നു പോകുമായിരുന്ന ഈ ദുരന്തത്തിന്‌ മറ്റൊരു മുഖം നല്‍കിയത്‌ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്‌ വി. ചിദംബരേഷ്‌ എഴുതിയ കത്താണ്‌. ദുരന്തങ്ങളില്‍ നിസഹായരായി നില്‍ക്കാനല്ല, ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളാണ്‌ ആവശ്യമെന്ന്‌ ഉറക്കെവിളിച്ചു പറയുന്ന ജഡ്‌ജിയുടെ കത്താണ്‌ വെടിക്കെട്ടിനെ പിടിച്ചുകെട്ടാന്‍ വഴിമരുന്നിട്ടത്‌. ജസ്റ്റിസ്‌ ചിദംബരേഷ്‌ എഴുതുന്നതിങ്ങനെ: “ഭൂമിയിലെ ഏറ്റവും ശ്രേഷ്‌ഠമായ സൃഷ്‌ടിയാണ്‌ മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍. ദുരന്തങ്ങളില്‍ പൊലിഞ്ഞു പോകുന്ന ജീവനു പകരം പണം നല്‍കിയതുകൊണ്ട്‌ നഷ്‌ടം ഇല്ലാതാകുന്നില്ല. ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്ന ഒരു രാജ്യത്താണ്‌ മനുഷ്യനുണ്ടാക്കുന്ന ഇത്തരം ദുരന്തങ്ങള്‍ ആളുകളെ ചുട്ടുകൊല്ലുന്നത്‌. നിലവിലുള്ളനിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തി ഉത്സവക്കമ്മറ്റിക്കാരും സംഘാടകരും ഈ കൊടിയ ക്രൂരത ഒരു വിനോദം പോലെ ആഘോഷിക്കുകയാണ്‌. ഒരാള്‍ക്ക്‌ മതപരമായ വിശ്വാസവും ആചാരവും വച്ചു പുലര്‍ത്താന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 അനുവാദം നല്‍കുന്നുണ്ട്‌. എന്നാല്‍ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരില്‍ വെടിക്കെട്ടു നടത്താനുള്ള സ്വാതന്ത്ര്യമായി ഇതിനെ കാണരുത്‌. ആരാധനാലയങ്ങളുടെ പേരിലുള്ള ഇത്തരം വിവേകശൂന്യമായ ഏര്‍പ്പാടുകള്‍ക്കെതിരെ കണ്ണടയ്‌ക്കാന്‍ കഴിയില്ല. ഈ വിഷയത്തില്‍ ജുഡീഷ്യല്‍ ഇടപെടല്‍ അനിവാര്യമാണ്‌.”

 

 

ഒരു കത്ത്‌ എന്നതിനപ്പുറം ഒരു വിധിന്യായത്തിന്റെ ആര്‍ജ്‌ജവുമുണ്ട്‌  ഈ വാക്കുകള്‍ക്ക്‌. ഹൈക്കോടതി ഈ കത്ത്‌ പൊതുതാല്‌പര്യമായി പരിഗണിച്ചു. കൊല്ലം സിറ്റി പൊലീസ്‌ കമ്മിഷണര്‍ സി. പ്രകാശ്‌ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ പങ്കുവെച്ച സങ്കടം കൂടി ഇതിനൊപ്പം കണക്കിലെടുക്കണം. കൊല്ലം ജില്ലയില്‍ ഉത്സവ സീസണായാല്‍ ഒരു ദിവസം മുപ്പത്‌ ഉത്സവങ്ങള്‍ക്ക്‌ വരെ പൊലീസ്‌ സാന്നിധ്യം ഉറപ്പാക്കേണ്ട സാഹചര്യമുണ്ട്‌. വെടിക്കെട്ടുകള്‍ മാത്രമല്ല, വലിയ ഫ്‌ളക്‌സ്‌ ഫ്‌ളോട്ടുകളും കെട്ടുകുതിരകളുമായി റോഡുകളിലെ ഗതാഗതം തടസപ്പെടുത്തിയുള്ള ഘോഷയാത്രയും പൊലീസിന്‌ തലവേദന സൃഷ്‌ടിക്കുന്നുണ്ട്‌. ജില്ലയിലെ മുഴുവന്‍ പൊലീസ്‌ സേനയുടെ മൂന്നിലൊന്ന്‌ ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ മാറ്റപ്പെടുന്നുവെന്നും കമ്മിഷണര്‍ പറഞ്ഞു. ഹൈക്കോടതി ജഡ്‌ജിയുടെ കത്തും പൊലീസ്‌ കമ്മിഷണറുടെ പരാതിയും വലിയൊരു വസ്‌തുതയിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌. ഉത്സവാഘോഷങ്ങളുടെ കെട്ടും മട്ടും ആഘോഷ രീതികളും കാലാനുസൃതമായി മാറണമെന്നതാണ്‌ ആ വസ്‌തുത. ഉഗ്രസ്‌ഫോടന ശബ്‌ദത്തിലുള്ള വെടിക്കെട്ടും വഴിയാത്രക്കാരെ പെരുവഴിയില്‍ തടഞ്ഞിട്ടുള്ള ഘോഷയാത്രകളും ആര്‍ക്കാണ്‌ പുണ്യവും ദൈവാനുഗ്രഹവും നേടിത്തരികയെന്ന്‌ ചിന്തിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു.

 

സമ്പൂര്‍ണ്ണ വെടിക്കെട്ട്‌ നിരോധനം വേണം.
ദുരന്തങ്ങള്‍ ഒഴിവാക്കന്‍ ഏറ്റവും ഉചിതമായ മാര്‍ഗ്ഗം സമ്പൂര്‍ണ്ണ വെടിക്കെട്ടു നിരോധനമാണ്‌. 114 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനിടെയെങ്കിലും ഇക്കാര്യം സമഗ്രമായി ചര്‍ച്ച ചെയ്യണം. വര്‍ണ്ണഭംഗിയുള്ള വെടിക്കെട്ടുകള്‍ക്ക്‌ അനുമതി നല്‍കാമെന്ന പരമാവധി ഇളവു നല്‍കിയാല്‍ പോലും വെടിക്കെട്ട്‌ ദുരന്ത ഭീഷണി നമ്മുടെ നാട്ടില്‍ സജീവമായി നില്‍ക്കും. ഉത്സവാഘോഷ കമ്മിറ്റിക്കാര്‍ നിയമലംഘനംനടത്തിയാല്‍ മതപരമായ വിഷയമെന്ന നിലയില്‍ പൊലീസിന്‌ ഇടപെടാന്‍ പരിമിതികള്‍ ഉണ്ടാകും. ഇതു മനസില്‍ക്കണ്ടാവണം സമ്പൂര്‍ണ്ണ നിരോധനമാണ്‌ വേണ്ടതെന്ന്‌ ഡി.ജി.പി സെന്‍കുമാര്‍ അഭിപ്രായപ്പെടുന്നത്‌.

 

സമ്പൂര്‍ണ്ണ വെടിക്കെട്ട്‌ നിരോധനം അനുവദിക്കാനാവില്ലെന്ന്‌  2015 ഒ്‌ക്‌ടോബറിലെ ഒരു കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ദീപാവലിക്കാലത്തെ വെടിക്കെട്ടുകള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ചീഫ്‌ ജസ്റ്റിസായിരുന്ന എച്ച്‌.എല്‍ ദത്തു ഉള്‍പ്പെട്ട ബെഞ്ചാണ്‌ സമ്പൂര്‍ണ്ണ നിരോധനം അനുവദിക്കാനാവില്ലെന്നും ശബ്‌ദത്തോടു കൂടിയ പടക്കങ്ങള്‍ക്കും വെടിക്കെട്ടിനും രാത്രി പത്തു മുതല്‍ രാവിലെ ആറുവരെ നിരോധനം അനുവദിച്ചുമായിരുന്നു സുപ്രീം കോടതിയുടെ വിധി. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഇത്തരം വെടിക്കെട്ടുകളുടെ ദുരന്തസാധ്യതകള്‍ ചൂണ്ടിക്കാട്ടി സമ്പൂര്‍ണ്ണ വെടിക്കെട്ടു നിരോധനത്തിന്‌ ആവശ്യമുന്നയിക്കാവുന്നതേയുള്ളൂ. സമ്പൂര്‍ണ്ണ വെടിക്കെട്ടു നിരോധനത്തിനു പകരം ഉപാധികളോടെ വെടിക്കെട്ട്‌ നടത്താന്‍ അനുവദിക്കുന്നത്‌ വ്യവസ്‌ഥകളുടെയും ചട്ടങ്ങളുടെയും ലംഘനങ്ങള്‍ക്ക്‌ വഴിമരുന്നിടുകയേയുള്ളൂ. വെടിക്കെട്ടിന്‌ ഉപാധികള്‍ കല്‍പിച്ചു നല്‍കിയാല്‍ ഉപാധികളില്‍ തൂങ്ങിയാകും ഇനിയുള്ള കാലം വെടിക്കെട്ടുകള്‍ അരങ്ങേറുക. നിരോധനങ്ങളില്‍ ഉപാധി തിരുകുന്നത്‌ നിയമത്തില്‍ വെള്ളം ചേര്‍ക്കലാണ്‌. ചിലര്‍ക്ക്‌ അനുമതി നല്‍കുന്നു എന്നതിനര്‍ത്‌ഥം എല്ലാവര്‍ക്കും ആകാമെന്നു തന്നെയാണ്‌. പൂരമായാലും പെരുന്നാളായാലും വെടിക്കെട്ടൊഴിവാക്കി ആഘോഷങ്ങള്‍ നടക്കട്ടെ. ഇന്നലെ വരെ നമ്മോടൊപ്പം ഉത്സവങ്ങളെ ആഘോഷങ്ങളാക്കി കൂടെയുണ്ടായിരുന്ന ആരൊക്കെയോ ഇന്നില്ലാതായി. അവരെ ഓര്‍ത്തുകൊണ്ട്‌ വെടിക്കെട്ട്‌ നമുക്ക്‌ ഒഴിവാക്കിക്കൂടേ…? 

ഒരു തൃശൂര്‍ക്കാരന്‍ ചോദിച്ചത്‌
ന്റെ ഗഡീ, ഇക്കണ്ട ബസുകളൊക്കെ റോട്ടിമ്മേല്‌ ഓടണ്‌ല്ലേ. അപകടോം ഒണ്ടാവ്‌ണ്‌ണ്ട്‌, ആളോള്‌ മരിക്ക്‌ണുംണ്ട്‌, ല്ലേ? എന്നുവച്ച്‌ ആരെങ്കിലും ബസ്‌ നിരോധിക്കണോന്ന്‌ പറയ്വോ? ഇതാണ്‌ മലയാളിയുടെ ചോദ്യവും മനസും. ദുരന്തങ്ങളില്‍ നിന്ന്‌ പാഠം പഠിക്കാന്‍ തയ്യാറാകാത്ത മലയാളിക്ക്‌ ഇത്തരം നൂറായിരം മറുചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയും. ദുരന്തങ്ങളെ തര്‍ക്കങ്ങളും വിവാദങ്ങളുമാക്കി മായിച്ചു കളഞ്ഞ്‌ വീണ്ടും വെടിക്കെട്ടിനു കാതോര്‍ത്ത്‌ കമ്പപ്പുരയ്‌ക്കു ചാരെ പോയി മാനം നോക്കിനില്‍ക്കും..

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍