UPDATES

വിദേശം

കനേഡിയന്‍ പ്രധാനമന്ത്രിയുടെ മാപ്പപേക്ഷക്ക് പിന്നിലെ ദുരന്തകഥ

Avatar

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒരു നൂറ്റാണ്ടിലേറെ മുമ്പ് നടന്ന ഒരു സംഭവത്തിന് കാനഡയിലെ ഹൗസ് ഓഫ് കോമണ്‍സില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ത്രൂദ്യോ ബുധനാഴ്ച്ച ഔദ്യോഗികമായി മാപ്പ് പറഞ്ഞു. 

1914 മെയ് പകുതിയോടെ ഏപ്രില്‍ ആദ്യം ഹോങ്കോങ്ങില്‍ നിന്നും യാത്ര തിരിച്ച കൊമാഗത മാറു എന്ന ജപ്പാന്‍ ആവിക്കപ്പല്‍ വാന്‍കൂവറില്‍ എത്തി. കപ്പലിലുണ്ടായിരുന്ന 376 യാത്രക്കാരില്‍ മിക്കവരും അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നുള്ള സിഖ് കുടിയേറ്റക്കാര്‍. കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കിയില്ല. 

1908ലെ ഒരു കാനഡ നിയമം അനുസരിച്ചു ജന്മനാട്ടില്‍ നിന്നോ, പൗരത്വമുള്ള നാട്ടില്‍ നിന്നോ നേരിട്ട്‌, തുടര്‍ച്ചയായുള്ള യാത്ര ചെയ്ത് എത്തുന്നവരെയല്ലാതെ രാജ്യത്തേക്ക് അനുവദിച്ചിരുന്നില്ല. ആയിരക്കണക്കിന് വേലക്കാര്‍ കാനഡയിലേക്ക് വന്നുകൊണ്ടിരുന്ന അക്കാലത്ത് ഇന്ത്യക്കാരുടെ വരവ് തടയാനായിരുന്നു ആ നിയമം. കാരണം ഇന്ത്യയില്‍ നിന്നും നേരിട്ട് വടക്കേ അമേരിക്കയിലേക്ക് യാത്ര ചെയ്യുക ഏതാണ്ട് അസാധ്യമായിരുന്നു. 

ഈ നിയമത്തിനു വെല്ലുവിളിയായാണ് കാനഡയില്‍ സ്വാധീനമുണ്ടായിരുന്ന ഒരു സിഖ് രാഷ്ട്രീയകക്ഷിയുമായി ബന്ധമുള്ള ഒരു സിഖ് വ്യാപാരി ഏര്‍പ്പാടാക്കിയ കൊമാഗത മാറു പസിഫിക് സമുദ്രത്തിലൂടെ ഒഴുകിനീങ്ങിയത്. അതിന്റെ വരവിന്റെ അശുഭസൂചനകളുമായി പ്രാദേശിക പത്രങ്ങളില്‍ തലക്കെട്ടുകള്‍ നിറഞ്ഞിരുന്നു. ആസന്നമായ ഒരു ഹിന്ദു അധിനിവേശത്തെക്കുറിച്ച് മുന്നറിയിപ്പുകള്‍ ഉയര്‍ന്നു.

കൊമാഗത മാറു വാന്‍കൂവറില്‍ എത്തിയ അന്ന് രാത്രി ബ്രിട്ടീഷ് കൊളംബിയയുടെ യാഥാസ്ഥിതിക പ്രധാനമന്ത്രി സര്‍ റിച്ചാഡ് മക്‌ബ്രൈഡ്‌
കാനഡയുടെ നയങ്ങളിലെ വംശീയത പ്രകടമാക്കി. 

‘കിഴക്ക് നിന്നുള്ളവരെ വലിയ തോതില്‍ അനുവദിക്കുന്നത് വെള്ളക്കാരുടെ വംശനാശത്തിനാകും വഴിയൊരുക്കുക,’ അയാള്‍ പറഞ്ഞു. ‘ഇതിനെ വെള്ളക്കാരുടെ രാജ്യമാക്കി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത നമ്മുടെ മനസില്‍ എപ്പോഴും ഉണ്ടാകണം.’

ഏതാണ്ട് രണ്ടുമാസത്തെ അനിശ്ചിതത്വത്തിനുശേഷം, വാന്‍കൂവര്‍ തീരത്ത് ഇന്ത്യന്‍ വംശജര്‍ വലിയ പ്രകടനങ്ങള്‍ വരെ നടത്തി ആ ദിവസങ്ങളില്‍, കപ്പലിനെ മടക്കിവിട്ടു. കപ്പല്‍ തിരിച്ച് കൊല്‍ക്കത്തയില്‍ എത്തിയപ്പോള്‍ കപ്പലിലുണ്ടായിരുന്നു എന്നു സംശയിക്കുന്ന സിഖ് തീവ്രവാദ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കായി ബ്രിട്ടീഷ് പൊലീസ് തെരച്ചില്‍ നടത്തി. തുടര്‍ന്നുണ്ടായ കലാപസമാനമായ ഏറ്റുമുട്ടലില്‍ 19 യാത്രക്കാര്‍ കൊല്ലപ്പെട്ടു. നിരവധി പേരെ പൊലീസ് തടവിലാക്കി. 

ഒരു നൂറ്റാണ്ടു മുമ്പ് അമേരിക്കന്‍ തീരങ്ങളില്‍ ഇന്ത്യക്കാര്‍ക്കും മറ്റ് ഏഷ്യക്കാര്‍ക്കും നേരിടേണ്ടിവന്നിരുന്ന കടുത്ത വംശീയ വിവേചനത്തിന്റെയും അസഹിഷ്ണുതയുടെയും, പ്രത്യേകിച്ചും കാനഡയിലെ ഗണ്യമായ സിഖ് സമൂഹത്തിന് ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ സംഭവം. 

‘പുന:പരിശോധനയിലാണ് മാപ്പിന്റെ യഥാര്‍ത്ഥ മൂല്യം കിടക്കുന്നത്,’ കൊമാഗത മാറു സംഭവത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്ത ഇന്ത്യന്‍-കനേഡിയന്‍ വിദ്യാഭ്യാസ വിദഗ്ധന്‍ അലി കസിമി പറഞ്ഞു. ഇത് ‘കാനഡയുടെ ആദ്യ നൂറു വര്‍ഷക്കാലത്തെ നിലനില്‍പ്പ് പ്രായോഗികമായി ഒരു ‘വെള്ളക്കാരുടെ കാനഡ’ എന്ന നയത്തിലായിരുന്നു,’ എന്ന തിരിച്ചറിവിലേക്കും ഇത് നയിക്കുമെന്ന് അദ്ദേഹം കരുതുന്നു. 

‘നമ്മളവരെ തികച്ചും പരാജയപ്പെടുത്തി,’ ഔദ്യോഗികമായ ഒരു മാപ്പപേക്ഷയെ സൂചിപ്പിച്ചുകൊണ്ട് ഏപ്രിലില്‍ ത്രൂദ്യോ പറഞ്ഞു. ‘ഒരു രാജ്യം എന്ന നിലക്ക് അന്നത്തെ കാനഡ സര്‍ക്കാരിന്റെ കയ്യില്‍ നിന്നും സിഖ് സമുദായത്തിന് നേരിട്ട മുന്‍വിധി നിറഞ്ഞ സമീപനം നാമൊരിക്കലും മറക്കരുത്.’

ത്രൂദ്യോയുടെ മുന്‍ഗാമി യാഥാസ്ഥിതിക കക്ഷിക്കാരനായിരുന്ന പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ 2006ല്‍ രാജ്യത്തെ ചൈനീസ് സമൂഹത്തോട് ഹൗസ് ഓഫ് കോമണ്‍സില്‍ ഔദ്യോഗിക മാപ്പപേക്ഷ നടത്തിയിരുന്നു. 1885-1923 കാലത്ത് കാനഡയിലേക്ക് വന്ന ചൈനക്കാരായ കുടിയേറ്റക്കാരില്‍ നിന്നും വിവേചനപരമായി തലക്കരം പിരിച്ചതിനായിരുന്നു ഇത്. രാജ്യത്തെ പതിനായിരക്കണക്കിന് തദ്ദേശീയവാസികളുടെ കുട്ടികളെ വീടുകളില്‍ നിന്നും ബലമായി ബോഡിംഗ് സ്‌കൂളുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതിനും 2008ല്‍ ഹാര്‍പ്പര്‍ ആ ജനസമൂഹത്തോട് മാപ്പുപറഞ്ഞിരുന്നു. 

പക്ഷേ 2008ല്‍ ബ്രിട്ടീഷ് കൊളംബിയയില്‍ ഒരു സിഖ് സാംസ്‌കാരിക പരിപാടിയില്‍ വെച്ചു അദ്ദേഹം നടത്തിയ മാപ്പപേക്ഷ ധ്വനിപ്പിക്കുന്ന പ്രസംഗം സിഖുകാരുടെ ആവശ്യങ്ങള്‍ വേണ്ടത്ര ഉള്‍ക്കൊണ്ടില്ല എന്ന പരാതി വന്നു. പാര്‍ലമെന്റില്‍ ഔദ്യോഗിക മാപ്പാപേക്ഷ വേണമെന്ന് സിഖ് സമൂഹം ആവശ്യപ്പെട്ടു. 

കഴിഞ്ഞ വര്‍ഷം ഹാര്‍പ്പരിനെയും യാഥാസ്ഥിതിക കക്ഷിയെയും തോല്പ്പിച്ചു അധികാരത്തിലെത്തിയ ത്രൂദ്യോ, ലോകത്ത് ഏറ്റവും കൂടുതല്‍ സിഖുകാരുള്ള മന്ത്രിസഭയുണ്ടാക്കി, ഈ ആവശ്യത്തെ മടികൂടാതെ അംഗീകരിച്ച്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ മറ്റേത് രാഷ്ട്രീയ നേതാവിനെക്കാളും കൂടുതല്‍ സിറിയന്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്നയാളാണ് ത്രൂദ്യോ എന്നും ഓര്‍ക്കണം.

‘ഇത് അമ്പരപ്പിക്കുന്നു,’ സുഖി ഗുനാം പറഞ്ഞു. അവരുടെ മുത്തച്ഛന്‍ കാനഡയില്‍ കാലുകുത്താന്‍ കഴിയാതിരുന്ന കൊമാഗത മാറുവിലെ ഒരു യാത്രക്കാരനായിരുന്നു. ‘ഈയൊരു നിമിഷം വരുമെന്നു അദ്ദേഹം ഒരിയ്ക്കലും കരുതിയിരിക്കില്ല.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍