UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബോട്ടണി അധ്യാപകന്‍ കൂടിയാട്ടം ജഡ്ജ്‌, ഈ അസംബന്ധം നിര്‍ത്തണം; പൈങ്കുളം നാരായണ ചാക്യാര്‍

പ്രണവ് വി പി

നമ്മുടെ കലോത്സവങ്ങള്‍ ഗ്ലാമര്‍വത്കരിക്കപ്പെടുന്നതിന്റെ അനന്തരഫലം എന്താണ്? നല്ല കല കാണാന്‍ ആളില്ലാതാകുന്നു. നല്ല കല അവതരിപ്പിക്കാന്‍ വേദി കിട്ടാതാകുന്നു. ഇത്തവണത്തെ കലാമേളയിലും ഈ സ്ഥിതിക്ക് ഒരു മാറ്റവും ഇല്ല. കാണേണ്ടത് കാണാനും പ്രോത്സാഹിപ്പിക്കേണ്ടതിനു കൈയടി കൊടുക്കാനും ആരുമില്ല. ഒഴിഞ്ഞ സദസിനു മുന്നില്‍ വേഷം പകര്‍ന്നാടി അവര്‍ തിരികെ പോകുന്നു… കഥകളിയും കൂടിയാട്ടവും ചവിട്ടുനാടകവും ഒന്നും ഇനി മുതല്‍ നമ്മുടെ കലോത്സവ വേദികളില്‍ മത്സരയിനങ്ങളായി അവതരിപ്പിക്കരുത്. ആളില്ലാത്ത വേദിക്കു മുന്നില്‍ വേഷം പകര്‍ന്നാടി എന്തിനാണ് കണ്ണീര്‍ വീഴ്ത്തി ആ കലാകാരന്മാര്‍ തിരിച്ചുപോകുന്നത്. അതിലും നല്ലത് അവരെ ഒഴിവാക്കുന്നത് തന്നെ.

ഒപ്പന തകര്‍ക്കുന്ന ഒന്നാം വേദിയില്‍ നിന്നും കൂടിയാട്ടം നടക്കുന്ന ഒന്‍പതാം വേദിയിലേക്ക് ചെന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ലോക പൈതൃക കലകളില്‍ ഒന്നായി യുനസ്‌കോ അംഗീകരിച്ച കൂടിയാട്ടം നടക്കുന്ന വേദിക്കു മുന്നില്‍ ഒഴിഞ്ഞ കസേരകള്‍! ആര്‍ക്കു കാണാനെന്നറിയാതെ വേദിയില്‍ ബാലിവധം.

അവിടെവച്ചാണ് പൈങ്കുളം നാരായണ ചാക്യാരെ കാണുന്നത്. കഴിഞ്ഞ 28 വര്‍ഷമായി തന്റെ ശിഷ്യഗണങ്ങളേയും കൊണ്ടുള്ള വരവ് ഇപ്രാവശ്യവും ചാക്യാര്‍ തെറ്റിച്ചിട്ടില്ല. ഇത്തവണ എച് എസ് വിഭാഗത്തില്‍ ഒമ്പത് ടീമും എച് എസ് എസ് വിഭാഗത്തില്‍ 12 ടീമും ചാക്യാര്‍ക്കൊപ്പം ഉണ്ട്.

ആളൊഴിഞ്ഞ വേദികളെക്കുറിച്ച് ചാക്യാര്‍ക്ക് പറയാനുള്ളത് ‘കൂടിയാട്ടത്തിന്റെ സ്വീകാര്യതക്ക് മങ്ങല്‍ ഒന്നും വന്നിട്ടില്ല. മുന്‍പ് ഒരു ടീം ആയിട്ട് തുടങ്ങിയത് ഇന്ന് നാല്‍പ്പതിലധികം ടീമുകളില്‍ എത്തി നില്‍ക്കുന്നു. എന്നാല്‍ തലസ്ഥാന നഗരിയിലെത്തിയപ്പോള്‍ ജനപങ്കാളിത്തം കുറവായി. അതിനു കാരണം ഇവിടുത്തെ ജീവിത രീതിയാണ്. ഇതുപക്ഷേ ഒറ്റപ്പെട്ട അവസ്ഥയാണ്. കൂടിയാട്ടം മറ്റിടങ്ങളില്‍ വെല്ലുവിളികള്‍ ഒന്നും നേരിടുന്നില്ല’.

അനുഷ്ഠാന കലയും ജനങ്ങളും തമ്മിലുള അന്തരം വലുതായില്ലേ എന്ന ചോദ്യത്തിനു, കലയോട് പ്രേമവും സ്‌നേഹവും ആദരവും ഉണ്ട് എന്നൊക്കെ പറയുമ്പോഴും ആത്യതികമായി ജീവിതത്തെ കാണുമ്പോള്‍ കല നല്‍കുന്ന വരുമാനം ബുധിമുട്ടാകുന്നു. അതുകൊണ്ടാണ് അനുഷ്ഠാന കലകള്‍ പഠിക്കാനും അതില്‍ മാത്രം തുടരാനും ആരും ധൈര്യമായി ഇറങ്ങാത്തത്’ നാരായണ ചാക്യാര്‍ പറയുന്നു. 

കാപ്‌സ്യുള്‍ കലാപഠനത്തെ കുറിച്ചും ചാക്യാര്‍ക്ക് വ്യക്തമായ ഉത്തരം ഉണ്ട്. കൂടിയാട്ടം രണ്ടു തരത്തില്‍ ഉണ്ട്. ആചാരവും കാഴ്ച്ചക്കൂട്ടവും. ഭൂരിഭാഗം പേരും കാഴ്ച്ചക്കൂട്ടതിനു പുറകെയാണ്. കാരണം അവരുടെ ലക്ഷ്യം കലോത്സവ വേദികള്‍ മാത്രമാണ്. എന്നാല്‍ എന്റെ കുട്ടികള്‍ ഈ കലയെ ഗൗരവത്തോടെ കണ്ടു പഠിക്കുന്നവര്‍ ആണ്. ഇപ്പോഴത്തെ കലോത്സവങ്ങള്‍ ഗ്ലാമര്‍വത്കരിച്ചുകൊണ്ടിരിക്കുകായാണ്. എന്റെ അഭിപ്രായത്തില്‍ കലോത്സവങ്ങള്‍ ഗ്രേസ് മാര്‍ക്കിനോ സമ്മാനം വാങ്ങാനോ ആകരുത്. കലകളെ കുറിച്ച് ജനങ്ങളെ അറിയിക്കാനാവണം. പണം കൊടുത്തു സമ്മാനം വങ്ങാന്‍ മാതാപിതാക്കളും യോഗ്യത ഇല്ലാത്ത ജഡ്ജുമാരും ചേര്‍ന്നാണ് നമ്മുടെ കലോത്സവങ്ങള്‍ പണക്കൊഴുപ്പിന്റെ മേളയാക്കിയത്. അതതു കലകളെ വിലയിരുത്താന്‍ അതതു മേഖലകളിലെ വിദഗ്ധരെയാണ് ആവശ്യം. കലാമേഖലയില്‍ സജീവമായി നില്‍ക്കുന്നവരെയാണ് ആവശ്യം. അല്ലാതെ കലയെപ്പറ്റി റിസര്‍ച് നടത്തുന്നവരെയല്ല.

കൂടിയാട്ടത്തിന് വിധി പറയാന്‍ ഇരിക്കുന്നത് ഫിസിക്‌സും ബോട്ടണിയും പഠിപ്പിക്കുന്നവരാണ്. ഇതിലും വലിയ അസംബന്ധം വേറെ ഉണ്ടോ? പൈങ്കുളം ചോദിക്കുന്നത് ന്യായമായ ചോദ്യമാണ് ഇനി എന്നാണ് നമ്മുടെ കലാമേളകള്‍ ശരിയായ രീതിയില്‍ വിധികര്‍ത്താക്കളെ നിയമിക്കുക ? 

അടുത്ത പ്രാവശ്യം കലോത്സവം ഭംഗിയാക്കാന്‍ എന്തൊക്കെ ചെയ്യാം എന്ന ചോദ്യത്തിനും അദ്ദേഹത്തിന് മറുപടി ഉണ്ട്. ശരിയായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. ഇത്രയും ആര്‍ഭാടമായി പണ ചെലവില്‍ മേള സംഘടിപ്പിക്കാന്‍ തത്രപ്പെടുന്നതിനു മുന്‍പ് അതതു കലാരൂപത്തിന് ആവശ്യമായുള്ള വേദിയെങ്കിലും ഒരുക്കി കൊടുക്കണം. ഇവിടെയെല്ലാം പരിമിത സൗകര്യങ്ങള്‍ ഉള്ള വേദിയാണ് ഇപ്പോഴുള്ളത്. ഇതിനു പരിഹാരം ഉണ്ടാക്കണം. സമയ ക്രമത്തില്‍ കൃത്യനിഷ്ടവേണം. ഒരുപാട് ചമയങ്ങള്‍ ഉള്ള മത്സരങ്ങള്‍ക്ക് ആവശ്യമായ സമയ ക്രമം നല്‍കണം

കലകളെ കുറിച്ച് കൃത്യമായ ബോധം ഉള്ളവരെ വേണം സംഘാടകര്‍ ആക്കുവാന്‍. അതില്‍ രാഷ്ട്രീയം നോക്കരുത്.

പൈങ്കുളത്തിനു കലോത്സവ നടത്തിപ്പിനെയും വിധികര്‍ത്താക്കളെ പറ്റിയും പരാതികള്‍ ഏറെയാണ്. എന്നാലും ഇപ്പോള്‍ താന്‍ ചമയം കെട്ടി അനുഗ്രഹിച്ചു വിട്ട കുട്ടികള്‍ ഒഴിഞ്ഞ കസേരകളെ നോക്കി കൂടിയാട്ടം അവതരിപ്പിക്കുന്നതില്‍ കൂടുതല്‍ ധര്‍മ സങ്കടം ഈ ഗുരുവിന് വേറിയില്ല.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍