UPDATES

സിനിമ

‘കൂതറ’യും കോട്ടുവായിടുന്ന കൂതറകളും

Avatar

എന്‍ രവിശങ്കര്‍

 

ഈയിടെ പുറത്തിറങ്ങിയ ‘കൂതറ’യെക്കുറിച്ച് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച അമല്‍ ലാലിന്റെ ലേഖനത്തിനുള്ള മറുപടി. 


കൂതറ രണ്ട് പ്രാവശ്യം കണ്ടു. ആരും കോട്ടുവായിട്ടു കണ്ടില്ല. ഇടവേള വരെ വളറെ ആസ്വദിച്ചിരുന്ന്, വിസിലടികളോടെ, പടം കാണുന്ന സാധാരണ യുവാക്കളെയേ കണ്ടുള്ളു. അവസാനം വരെ ആരും ഇറങ്ങിപ്പോയതുമില്ല. ഇപ്പോഴിറങ്ങുന്ന പുതുതലമുറപ്പടങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് കൂതറ. ഈ പേര് പറഞ്ഞ് സിനിമ കാണാതിരിക്കുകയും കാണാതെ കൂതറപ്പടം എന്ന് പറയുന്നവരുമാണ് കൂടുതലും. പറയാനെന്തെളുപ്പം! വാസ്തവത്തില്‍ ആ പേര് തന്നെ സംവിധായകന്റെ ചങ്കൂറ്റമാണ് കാണിക്കുന്നത്. ഇംഗ്ലീഷ് പേരുകളിലല്ലാതെ മലയാള സിനിമകള്‍ പുറത്തിറങ്ങാത്ത കാലത്ത് ഒരു സിനിമയ്ക്ക് കൂതറ എന്ന് പേരിടുന്നത് തന്നെ സാഹസികമാണ്.

‘ബാംഗ്ലൂര്‍ ഡേയ്‌സ്’ പോലെ പതിവ് ഫോര്‍മുലകള്‍ നിറഞ്ഞ അടിപൊളിപടങ്ങള്‍ ആണ് ഇറങ്ങുന്നവയില്‍ മിക്കതും. ‘സെക്കന്റ് ഷോ’ എന്ന പേരിലുള്ള തന്റെ ആദ്യ സിനിമയിലൂടെ തന്നെ പകല്‍ മാന്യന്മാരുടെ കഥ പറയുകയല്ല തന്റെ ഉദ്ദേശ്യം എന്ന് വെളിപ്പെടുത്തിയ ആളാണല്ലോ ശ്രീനാഥ് രാജേന്ദ്രന്‍ എന്ന ‘കൂതറ’ സംവിധായകന്‍. പക്ഷെ ഈ പേര് തന്നെ ഒരു ഭാരമായി മാറിയെന്ന് നിങ്ങളുടെ ലേഖകന്‍ തന്നെ പത്തിരുപത് പ്രാവശ്യം ‘കുതറ’ എന്ന പദം ആവര്‍ത്തിച്ചതിലൂടെ കാണാം. മറ്റൊരു ഭീമന്‍ അബദ്ധം പറ്റിയത് മോഹന്‍ലാലിന്റെ സാന്നിധ്യത്തിലൂടെയാണ്. സത്യത്തില്‍, മോഹന്‍ലാലാണ് ചിത്രത്തിന് ഒരു ഭാരമായി മാറുന്നത്. 

പുതുതലമുറ ഫോര്‍മുല നടീനടന്മാരെ ഒന്നിച്ച് അവതരിപ്പിക്കുക എന്ന Casting Coup ആണ് ‘ബാംഗ്ലൂര്‍ ഡേയ്‌സി’ ന്റെ വിജയരഹസ്യം. ഫഹദ്, ദുല്‍ഖര്‍, നസ്രിയ, നിവിന്‍ പോളി അങ്ങിനെ എല്ലാ അവതാരങ്ങളും ചിത്രത്തില്‍ ഒന്നിക്കുന്നുണ്ട്. പിന്നെ, ബൈക്ക് റേസിംഗ് തുടങ്ങിയ നമ്മള്‍ കണ്ടിട്ടില്ലാത്ത അഭ്യാസങ്ങളും. ‘കൂതറ’യിലെ നടന്മാരും നടികളും താരതമ്യേന താരമൂല്യമുള്ളവരല്ല. സണ്ണി വെയ്ന്‍ മാത്രമാണ് ഒരപവാദം. എന്നാലും, പക്വതയുള്ള അഭിനയമെന്തെന്ന് സണ്ണിയെ കണ്ട് പഠിക്കേണ്ടതാണ്. 

മൂന്നു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളും അവരുടെ വിജയ-പരാജയ-വിജയ കഥയുമാണ് പ്രമേയം. സാധാരണ കാണുന്ന ക്യാമ്പസ് കഥകളില്‍ നിന്ന് വളരെ വ്യത്യസ്തമായാണ് ഇവിടെ ക്യാമ്പസിനെ കാണിക്കുന്നത്. നിങ്ങളുടെ ലേഖകന്‍ ക്യാമ്പസ് സിനിമകളുടെ ഉത്തമ ഉദാഹരണങ്ങളായി ‘ക്ലാസ്‌മേറ്റ്‌സ്’, ‘സര്‍വകലാശാല’ എന്നീ പടങ്ങളെ പൊക്കിക്കാട്ടുന്നതിലൂടെ അയാളുടെ അഭിരുചി വളരെ പ്രകടമാവുകയാണ്. അത്തരം വ്യാജ ക്യാമ്പസ് അല്ല ‘കൂതറ’യില്‍ കാണുക. കവിത ചൊല്ലല്‍ രീതിയില്‍ ചിട്ടപ്പെടുത്തിയ ഒരു ഗാനത്തിലൂടെ, ആവര്‍ത്തിക്കപ്പെടുന്ന നിരവധി രംഗങ്ങളിലൂടെയാണ് ക്യാമ്പസ് ജീവിതത്തില്‍ ആവര്‍ത്തന വിരസത വെളിവാക്കപ്പെടുന്നത്. രാഷ്ട്രീയമെന്നത് SFI-KSU-ABVP യുദ്ധം മാത്രമല്ലെന്നും സിനിമയില്‍ കാണിക്കുന്നുണ്ട്. മൂന്നു സുഹൃത്തുക്കള്‍ മൂന്നു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥികളാകുന്നതിലൂടെ അരാഷ്ട്രീയതയെ കളിയാക്കുകയാണ് സംവിധായകന്‍ ചെയ്യുന്നത്. പ്രത്യക്ഷ രാഷ്ട്രീയം അത്യാവശ്യമാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ പച്ചയായി കാണിക്കപ്പെടുന്ന നിരവധി SFI മുദ്രാവാക്യങ്ങള്‍ കണ്ട് തൃപ്തിയടയാനുള്ള അവസരം സംവിധായകന്‍ നല്‍കുന്നുണ്ട്.

മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹമാണ് യഥാര്‍ത്ഥ രാഷ്ട്രിയമെന്ന് മനസിലാക്കാന്‍ സണ്ണി അവതരിപ്പിക്കുന്ന കഥാപാത്രവും ക്യാമ്പസിന് പുറത്തുള്ള ടെലിഫോണ്‍ ബൂത്തില്‍ പണിയെടുക്കുന്ന പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം മാത്രമെടുത്താല്‍ മതി. ‘നീ ആ മതിലിനപ്പുറത്തെ ജീവിതം കണ്ടിട്ടുണ്ടോ’ എന്ന് സണ്ണി ചോദിക്കുന്നു. ഇല്ലെന്നവള്‍. അവന്‍ അവളെ ബൈക്കിന് പുറകിലിരുത്തി ക്യാമ്പസിനകത്തേക്ക് കടന്ന് അവളെ ക്യാമ്പസ് കാണിച്ചുകൊടുക്കുന്നു. ഇതുപോലെ, ആസ്പത്രിയില്‍ വെച്ച് അവന്‍ അവളുടെ തലമുടി തലോടുന്ന ഒറ്റ രംഗം മതി അവന്റെ സ്‌നേഹം മനസിലാക്കാന്‍. ഈ രണ്ട് രംഗങ്ങളിലൂടെയാണ് ഒരു അഗാധ പ്രണയം വിവരിക്കപ്പെടുന്നത്.

പടം സ്ത്രീ വിരുദ്ധമാണെന്ന് പറയുന്നതാണ് വിചിത്രമായ മറ്റൊരു കാഴ്ചപ്പാട്. വളരെ സ്വതന്ത്രരും സ്വന്തം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കെല്‍പുള്ളവരുമായ കഥാപാത്രങ്ങളാണ് ഇതിലെ സ്ത്രീകള്‍. പ്രണയം പോലും അവരങ്ങനെ കൈകാര്യം ചെയ്യുന്നുണ്ട്. പുരുഷന്മാര്‍ അതീവഗൗരവത്തോടെ ക്യാമ്പസ് പ്രണയത്തെ സമീപിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ അത് ലാഘവത്തോടെ കണുന്നതാണോ നിങ്ങളുടെ ലേഖകന് ഇഷ്ടപ്പെടാതെ പോയതെന്നറിയില്ല. ചിത്രത്തിലെ രണ്ട് പെണ്‍കുട്ടികള്‍ അങ്ങിനെ രണ്ട് കാമുകരെ വിഡ്ഢികളാക്കുന്നുണ്ട്. ഇതാണോ സ്ത്രീ വിരുദ്ധത? ഇത് സ്ത്രീകള്‍ക്ക് അനുകൂലമായ ഒരു കാഴ്ചപ്പാടല്ലേ? അവരെപ്പറ്റി യാതൊരു വിധത്തിലുള്ള വിധിപ്രസ്താവവും ചിത്രം നല്‍കുന്നില്ലെന്ന് മാത്രമല്ല, അവരെ അവരുടെ പാട്ടിന് വിടുകയും ചെയ്യുന്നു.

കുബ്രിന്‍ (കൂ), തരുണ്‍ (ത), റാം (റ) എന്നീ സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികള്‍ ജീവിതത്തില്‍ പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്തവരും എന്നാല്‍ ജീവിതം അടിച്ചു പൊളിക്കാന്‍ താല്‍പര്യമില്ലാത്തവരുമാണ്. ഇവരിലുള്ള നന്മയും സത്യസന്ധതയും നിഷ്‌കളങ്കതയും തന്നെയാണ് ഇവരുടെ രാഷ്ട്രീയവും ജീവിത സമീപനവും. ഇവരിലൊരാള്‍ പോലും തങ്ങളുടെ ദുരിതങ്ങള്‍ക്ക് കാരണം തങ്ങളുടെ മാതാപിതാക്കള്‍ ആണെന്ന് വിലപിക്കുന്നില്ല. അവര്‍ ഒന്നിനേയും പ്രതിനിധീകരിക്കുന്നില്ല. കുറ്റങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയും മുന്നോട്ട് പോവുകയും ചെയ്യുന്നവരാണവര്‍.

ഈ സിനിമയുടെ ബലഹീനത ക്യാമ്പസില്‍ നിന്ന് കടപ്പുറത്തേക്കും മോഹന്‍ലാലിന്റെ കഥാപാത്രത്തിലേക്കും അത് പറിച്ചു നട്ടതോടെ തുടങ്ങുന്നു. അതോടെ, ഈ മൂന്നു ചെറുപ്പക്കാരുടെയും കൈയില്‍ നിന്ന് കഥ കൈമറിഞ്ഞു പോകുന്നു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തവരായി മാറുന്നു അവര്‍. മോഹന്‍ലാലിന്റെ പലപ്പോഴും കണ്ട മട്ടിലുള്ള അമാനുഷിക കഥാപാത്രം മേല്‍ക്കോയ്മ നേടുന്നു. ഒരു Cameo പ്രകടനമായതിനാല്‍ അത് പൂര്‍ണതയിലെത്തുന്നുമില്ല. മാത്രമല്ല, ആ പെണ്‍കുട്ടികള്‍ ഏതാണ്ട് പൂര്‍ണമായും ചിത്രത്തില്‍ നിന്ന് അപ്രത്യക്ഷരാവുകയും ചെയ്യുന്നു. തിരിച്ച് അവര്‍ ഒന്നിക്കുമ്പോഴാണ് ചിത്രം വീണ്ടും ചലിക്കുന്നത്. ഇതിനിടയില്‍, ചിത്രം അല്‍പം മടുപ്പിക്കാന്‍ തുടങ്ങുന്നുമുണ്ട്.

ഇതിലെ സംഗീതം എടുത്ത് പറയേണ്ട ഒന്നാണ്. കുളിമുറികളില്‍ പാടിപ്പഴകുന്ന തരം ഗാനങ്ങളാണ് സംഗീത സംവിധായകന്‍ ഗോപീസുന്ദര്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കവിത ചൊല്ലല്‍ രീതി പരക്കെ ഉപയോഗിച്ചിട്ടുണ്ട്. റിയാലിറ്റി ഷോകളില്‍ ഇവ ചൊല്ലിക്കേള്‍ക്കുന്ന കാര്യം സംശയമാണ്. വളരെ ബുദ്ധിപൂര്‍വമായാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

ബെസ്റ്റ് ഓഫ് അഴിമുഖം

ഫാണ്ട്രി പറയുന്ന പന്നി ജീവിതങ്ങള്‍

മമ്മൂട്ടിയെ ദൈവം രക്ഷിക്കട്ടെ

സുരാജ് വെഞ്ഞാറമൂടിന് ഇനി നായികമാരെ കിട്ടുമോ?

ഫിലോമിനയും എന്‍റെ ജീവിതവും
ദൃശ്യം: വീക്ഷണ/ലിംഗ മാറ്റങ്ങളിലൂടെ ഒരു കണ്‍കെട്ട്

വളരെ വ്യത്യസ്തമായ ഒരു ഭാവുകത്വം ഈ ചിത്രം ആവശ്യപ്പെടുന്നുണ്ട്. ലാഘവത്തോടെ ‘കൂതറ’ എന്ന് പറഞ്ഞു തള്ളിക്കളയേണ്ട ഒന്നല്ല ഇത്. ഇപ്പറഞ്ഞ ഭാവുകത്വം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് സംശയമാണ്. പുതുതലമുറപ്പടങ്ങളിലുള്‍പ്പെടെ കാണപ്പെടുന്ന ഒരു കച്ചവട താല്‍പര്യം ഈ ചിത്രത്തില്‍ കാണുന്നില്ല. എത്രയോ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടും ഒരു ഗൃഹാതുര ഗാനമോ, കാല്‍പനിക പ്രണയ ഗാനമോ ഇതിലില്ലാത്തത് ഉദാഹരണം. കോളേജ് ഡേയ്ക്ക് പോലും ഒരു ഗാനമോ നൃത്തമോ, കോളേജ് രാഷ്ട്രീയത്തില്‍ ഒരു സംഘട്ടനമോ, എന്തിന് ഒരു വില്ലനായ കഥാപാത്രമോ ഈ ചിത്രത്തില്‍ ഇല്ല. സംവിധായകന്‍ പലതും മനപൂര്‍വം ഒഴിവാക്കുന്നതായാണ് തോന്നിയത്.

ക്യാമ്പസിനകത്തേക്ക് വിദ്യാര്‍ത്ഥിയല്ലാത്ത തന്റെ കാമുകിയെ കൊണ്ടുപോയി തന്റെ ലോകം കാണിച്ചു കൊടുക്കുന്ന നായകന്റെ അതേ കര്‍മ്മം തന്നെയാണ് സംവിധായകനും ചെയ്യുന്നത്. കാണികളും നിങ്ങളുടെ ലേഖകനും അതു കാണുന്നില്ലായിരിക്കാം. പക്ഷെ, തീര്‍ച്ചയായും, ‘കൂതറ’ എന്ന ഈ ചിത്രം കൂതറയല്ല. കോട്ടുവായിടുന്നവരാണ് കൂതറകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍