UPDATES

സിനിമ

രണ്ടര മണിക്കൂര്‍ നീണ്ട ‘കൂതറ’ കോട്ടുവാ

Avatar

അമല്‍ ലാല്‍

കൂതറയുടെ അര്‍ഥം അങ്ങനെ വെറുതെ ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ സായിപ്പ് പറഞ്ഞു, നിന്ദ്യമായത്, വൃത്തികെട്ടത്, മുഷിഞ്ഞത് എന്നൊക്കെയാണ് അതിന്‍റെ അര്‍ഥമെന്ന്. അതെ, ഈവിധ കൂതറ അര്‍ഥങ്ങളെയെല്ലാം തന്നെ അക്ഷരംപ്രതി അനുസരിക്കുന്ന സിനിമയാണ് ശ്രീനാഥ്‌ രാജേന്ദ്രനും കൂട്ടരും ഒരുക്കിയിരിക്കുന്നത്!

 

കൂതറയെന്നു പേരിടാനും അതിനു വേണ്ടി കേന്ദ്രകഥാപത്രങ്ങള്‍ക്ക് പേര് നിശ്ചയിക്കാനും എടുത്ത നേരമെങ്കിലും ബലമുള്ള ഒരു തിരക്കഥയ്ക്ക് വേണ്ടി വിയര്‍ത്തിരുന്നെങ്കില്‍ ഒരു കൂതറപ്പടമാവാതിരുന്നേനെ ഈ ‘കൂതറ.  

എഞ്ചിനിയറിംഗ് കാലത്തെ ജീവിതവും ഉഴപ്പും മടുപ്പും ആഘോഷങ്ങളും പഠിപ്പില്ലായ്മ്മയും തുടര്‍ന്നുള്ള പുറത്താക്കല്‍ കഥയും അത്ര തന്നെ നിരാശാജനകമായി സംവിധായകന്‍ വരച്ചു കാട്ടുമ്പോള്‍ ഇത്തിരിയെങ്കിലും മലയാളി കയ്യടിച്ചത് തീര്‍ത്തും സ്ത്രീ വിരുദ്ധപരമാര്‍ശങ്ങള്‍ക്കാണ് എന്നുള്ളത് നന്നേ വിഷമിപ്പിക്കുന്നു. ആദ്യപകുതിയിലെ പ്രേക്ഷകന്‍റെ ആശ്വാസം ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും പൊള്ളയായ തമാശച്ചരടുകളും ആണ് എങ്കില്‍ രണ്ടാം പകുതി തീര്‍ത്തും ദുരന്തമാണ്.  

ആദ്യസിനിമയില്‍ തുടങ്ങി ഇങ്ങോട്ട് രണ്ടാം സിനിമയിലും സ്ത്രീവിരുദ്ധത പരസ്യമായി തന്നെ കടത്തുമ്പോള്‍ നിരാശയും പുശ്ചവും തിരിച്ചു കൊടുക്കേണ്ടി വരുന്നു. അന്നും ഇന്നും പെണ്ണിന് പണം തന്നെ കാമുകന്‍ എന്ന് ആദ്യ സിനിമയില്‍ പറഞ്ഞ് പുരുഷന്‍റെ ലോകത്തിനു പായ വിരിച്ച് കയ്യടികള്‍ നേടുമ്പോള്‍ അതിന്‍റെ ചില വിവര്‍ത്തനങ്ങളും വൃത്തിക്കേടുകളും തന്നെയാണ് രണ്ടാം സിനിമയിലും സംവിധായകന്‍ പറഞ്ഞുവയ്ക്കുന്നത്.  

കോഴിക്കോട് യുണിവേര്‍സിറ്റി എഞ്ചിനിയറിംഗ് കോളേജില്‍ പഠിച്ചു പുറത്തിറങ്ങിയ സംവിധായകനും എഴുത്തുകാരനും നായകനും ആ കോളേജിന്‍റെ പാശ്ചാത്തലത്തിലും നൊസ്റ്റാള്‍ജിയിലും തന്നെ രണ്ടാം സിനിമയെടുക്കുമ്പോള്‍ അതും ഈ വിധം സ്ത്രീവിരുദ്ധമാവുമ്പോള്‍ പുരോഗമനവാദികള്‍ എന്നും ഉയര്‍ന്ന ചിന്താഗതിയുള്ളവര്‍ എന്നും സ്വയം പ്രഖ്യാപിച്ച മലയാളി കോളേജുകളിലെ സ്ത്രീവിരുദ്ധതയും പിന്തിരിപ്പന്‍ രാഷ്ട്രീയവും ഒട്ടും ഉളിപ്പില്ലാതെ  കൂതറയിലും പരസ്യപ്പെടുത്തുന്നു.     
          
കൂബ്രിന്‍, തരുണ്‍, റാം എന്നീ ത്രയങ്ങളുടെ കോളേജ് കാല കണ്ടുമുട്ടല്‍, ഒരേ മുറിയുടെ ചുമരുകളില്‍ രസങ്ങളും രസക്കേടുകളും ലൈനടിയും കൂതറ വേലത്തരങ്ങളുമായി ജീവിച്ചു പോവല്‍; അടുത്ത കാലത്ത് വന്ന കോളേജു കാലത്തെ കഥകളില്‍ എല്ലാം മൂന്നംഗ സൗഹൃദത്തിലാണ്. അതില്‍ പോലും വത്യാസം വരുത്താത്ത, കേട്ട് മടുത്ത എഞ്ചിനിയറിംഗ് കാല ജീവിത ക്ലീഷേകള്‍ ന്യൂജനറെഷനില്‍ പൊതിഞ്ഞെടുത്ത് ആവശ്യത്തിന് അരാഷ്ട്രീയതയും പിന്തിരിപ്പന്‍ രാഷ്ട്രീയവും ഉള്ളുറപ്പില്ലാത്ത പ്രണയകഥകളെ ലൈന്‍ അടിയെന്ന്‍ തിരുത്തിയെഴുതിയ ആണ്‍-പെണ്‍ ബന്ധങ്ങള്‍ വേണ്ടത്ര. വീട്ടുകാരുടെ എതിര്‍പ്പും ജീവിതപ്രശ്നങ്ങളും കോളേജിലെ പുറത്താക്കലും കൂതറവേലത്തരങ്ങള്‍ ജീവിതത്തെ വഴിമുട്ടിയ്ക്കുന്നതും അതിനെ മറികടക്കുന്നതും കൂടി ആവുമ്പോള്‍ പേരിനെ അന്വര്‍ഥമാക്കുന്ന കൂതറ റെഡി.

 

രണ്ടരമണിക്കൂര്‍ നീളത്തെ കോട്ടുവായക്ക് വിട്ട് കൊടുത്ത് കണ്ടു മടുപ്പിക്കാന്‍ പറ്റിയ സിനിമ.  

എഞ്ചിനിയറിംഗ് ജീവിതക്കാലവും പിന്നീട് വന്ന കഷ്ടപ്പാടുകളും അതിനു ശേഷമുള്ള തിരിച്ചറിവുകളും ഫാന്റസിയില്‍ മുക്കിയെടുത്ത് ഒരു ബാലരമക്കഥപ്പോലെയാക്കിയത് കൊണ്ട് നല്ലതൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല സിനിമയെ ഇരട്ടിബോറാക്കുകയും ചെയ്തു. ഫ്രോഡില്‍ നിന്നും താരത്തെ കൂതറയാക്കുമ്പോള്‍ നിരനിരയായി മോഹന്‍ലാല്‍ എന്ന കലാകാരനെ കളിയാക്കുന്നു സമകാലീന മലയാള സിനിമകള്‍ എന്ന് തീവ്ര മോഹന്‍ലാല്‍ ആരാധകന് പോലും തോന്നിപ്പോവും.

 
‘ദൃശ്യ’ത്തിന്‍റെ ബലത്തില്‍ ഒരു കൊല്ലം കൂടി താരപരിവേഷത്തില്‍ ജീവിച്ചു പോവാം എങ്കിലും മോഹന്‍ലാലിലെ മികവുറ്റ നടന്‍ അഭിനയത്തിനു വേണ്ടി കൊതിക്കുന്നുണ്ടാവുമെന്നും കൂതറയില്‍ തലകുനിക്കുന്നുണ്ടാവുമെന്നും ഉറപ്പ്. കൂതറ വേലത്തരങ്ങളും ഫ്രോഡുകളും അല്ല മലയാളി മോഹന്‍ലാലില്‍ നിന്ന് കാത്തിരിക്കുന്നത് എന്നും മോഹന്‍ലാലിലെ നടന്‍ ഇന്നും നമുക്ക് ‘കിരീടം’ വച്ച അഭിനേതാവ് തന്നെയാണ് എന്നും വരുംകാല സിനിമകള്‍ എങ്കിലും പരിഗണിക്കട്ടെ. സിനിമകള്‍ സ്വീകരിക്കുമ്പോള്‍ മോഹന്‍ലാലും പ്രേക്ഷകനെ പറ്റി ഓര്‍ക്കട്ടെ! 

ആര്‍ട്ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജില്‍ നിന്ന് മലയാളിജീവിതം പൂര്‍ണ്ണമായി പ്രൊഫഷണല്‍ കോളേജുകളിലേക്ക് പറിച്ചു നട്ടിരിയ്ക്കുന്നു എന്നുള്ളത് സമകാലീന സിനിമകള്‍ തന്നെ നോക്കിയാല്‍ മതി. എന്നാല്‍ ഓര്‍മ്മയില്‍ നില്‍ക്കുന്ന കാലങ്ങളെ അതിജീവിച്ച സിനിമകള്‍ പ്രൊഫഷണല്‍ കോളേജു പരിസരത്ത് നിന്നും ഉണ്ടാവുന്നില്ല എന്നും. ഇത്തരം സിനിമകള്‍ രാഷ്ട്രീയമോ സാമൂഹിക വിഷയങ്ങളോ ചര്‍ച്ച ചെയ്യുന്നില്ല എന്നതും പ്രധാനമാണ്. വരച്ചു കാട്ടുന്ന പ്രണയ – സൗഹൃദ ബന്ധങ്ങള്‍ക്ക് തന്നെ പഴയ കാമ്പില്ല എന്നതും സിനിമയുടെ മാത്രം ആകുലതയല്ല പുതിയ കാലത്തെ ആകുലതകള്‍ തന്നെയാണ്. എന്നാല്‍ സിനിമകള്‍ വരച്ചു കാണിക്കുന്ന അത്ര പൊള്ളയല്ല നമ്മുടെ ക്യാമ്പസുകള്‍ എന്ന് വിശ്വസിക്കാന്‍ തന്നെയാണ് എനിക്കിഷ്ടം.

 

പുതിയകാല കൂതറ ക്യാമ്പസ് കഥകള്‍ കാണുമ്പോള്‍ സര്‍വ്വകലാശാലയും ക്ലാസ്മേറ്റ്സും നമ്മുടെ ഗൃഹാതുരതയാവുന്നു. അമ്മ അറിയാന്‍ ആശ്ചര്യ ചിഹ്നങ്ങള്‍ ഏറെ വേണ്ട ഒരു അത്ഭുതവുമാകുന്നു. ഇത്തരം സിനിമകള്‍ വന്ന കേരളത്തില്‍ നിന്നാണ് കൂതറപോലുള്ള തനിക്കൂറ സിനിമകള്‍ വരുന്നത് എന്നുള്ളിടത്ത് നഷ്ടം എണ്ണിക്കൊടുത്ത ടിക്കറ്റ് വില മാത്രമാവുന്നില്ല. 

എല്ലാം തള്ളിപ്പറയുമ്പോഴും കയ്യടികള്‍ ഉണ്ട് – സുധീഷ്‌ പപ്പുവിന്‍റെ ക്യാമറയ്ക്ക്; സെക്കന്‍റ് ഷോവില്‍ വ്യത്യസ്തത കൊണ്ട് കയ്യൊപ്പിട്ട ഈ ക്യാമറക്കണ്ണുകള്‍ക്ക് കൂതറയിലും കയ്യടി. ഗോപി സുന്ദറിന്‍റെ സംഗീതവും മുഷിപ്പാവുന്നില്ല.             

അവസാനമായി തകര ബാന്‍ഡ് കൂതറയ്ക്ക് വേണ്ടിയൊരിക്കിയ പാട്ട് പ്രേക്ഷകന്‍ സിനിമാ അണിയറക്കാരോട് തിരിച്ചു പാടുന്നു. GVQ, GVQ ജീവിയ്ക്കാന്‍ അനുവദിക്കൂ!  

സൈമാ, പ്രേക്ഷകനെ യുക്തിയോടും സമാധാനത്തോടും കൂടി ജീവിക്കാന്‍ അനുവദിക്കൂ.  

 

(അമല്‍ ലാല്‍ – പാലക്കാട് ജില്ലയില്‍ ചാലിശേരിയാണ് വീട്. തൃശൂര്‍ കേരളവര്‍മ്മയില്‍ ബി.എ ഇംഗ്ലീഷ് മൂന്നാം വര്‍ഷ വിദ്യാര്‍ഥി. Godot Films എന്ന സ്വതന്ത്ര ഷോര്‍ട്ട് ഫിലിം പ്രൊഡക്ഷന്‍ കമ്പനിയില്‍ Creative head ആയി പ്രവര്‍ത്തിക്കുന്നു. ”അക്വേറിയം മീനുകള്‍ക്ക് പറയാനുള്ളത്” എന്ന ഷോര്‍ട്ട് ഡോക്യു-ഫിക്ഷന്‍റെ സംവിധായകരില്‍ ഒരാള്‍ കൂടി ആയിരുന്നു.)  

അതിര്‍ത്തികളില്ലാത്ത ഫീല്‍മിസ്താന്‍

ബാംഗലൂര്‍ ഡെയ്സിനോട് സ്നേഹം

ആഴങ്ങളിലെ തങ്കമീനുകള്‍: നിലപാടുറപ്പുകളുടെ സിനിമ

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍