UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോട്ടയിലെ ആത്മഹത്യകള്‍

Avatar

രമ ലക്ഷ്മി
(വാഷിങ്ടണ്‍ പോസ്റ്റ്)

ഗോതമ്പും ബാര്‍ലിയും നിറഞ്ഞ തന്റെ കൊച്ചുഗ്രാമത്തില്‍നിന്ന് ശിവ്ദത്ത് സിങ് പുറപ്പെടുമ്പോള്‍ ഉള്ളിലെ സ്വപ്‌നം ഇതായിരുന്നു – കുടുംബത്തിലെ ആദ്യ ഡോക്ടറാകണം.

കോളാരി ഗ്രാമത്തില്‍നിന്ന് 480 കിലോമീറ്ററിലധികം സഞ്ചരിച്ച് ഇരുപത്തിരണ്ടുകാരനായ സിങ് എത്തിയത് കോട്ടയിലാണ്. എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശനപരീക്ഷകളില്‍ കയറിക്കൂടാനുള്ള ആഗ്രഹവുമായി ഇന്ത്യയിലെങ്ങുംനിന്നുള്ള ചെറുപ്പക്കാര്‍ എത്തുന്ന സ്ഥലം.

പ്രവേശനപരീക്ഷകളുടെ ദേശീയതലസ്ഥാനമായ കോട്ടയിലെ പരിശീലനകേന്ദ്രങ്ങളില്‍ കഴിഞ്ഞവര്‍ഷം തിക്കിത്തിരക്കിയത് 160,000 വിദ്യാര്‍ത്ഥികളാണ്. പക്ഷേ കഠിനമായ പഠനരീതികളും തുടര്‍ച്ചയായ പരീക്ഷകളും വിട്ടൊഴിയാത്ത സമ്മര്‍ദവും മൂലം ജീവിതം അവസാനിപ്പിക്കുന്നവരുടെ എണ്ണം ഇവിടെ കൂടിവരികയാണ്.

ദേശീയ കുറ്റാന്വേഷണ ബ്യൂറോയുടെ കണക്കുപ്രകാരം 2014ല്‍ ലക്ഷം പേര്‍ക്ക് 10.6 എന്നതായിരുന്നു ആത്മഹത്യയിലെ ദേശീയ ശരാശരി. എന്നാല്‍ കോട്ടയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ 70 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വര്‍ഷം മാത്രം 29 പേര്‍. ദേശീയ ശരാശരിയെക്കാള്‍ വളരെക്കൂടുതല്‍. കഴുത്തില്‍ കുരുക്കിട്ടും സ്വയം തീകൊളുത്തിയും കെട്ടിടങ്ങളില്‍ നിന്നു താഴേക്കു ചാടിയും വിദ്യാര്‍ഥികള്‍ സമ്മര്‍ദങ്ങളില്‍ നിന്നു രക്ഷപെടുന്നു.

കൂടെയുള്ളവന്‍റെ മരണം പോലും സ്പര്‍ശിക്കാത്ത വിധത്തില്‍ നിങ്ങളാരെയാണ് വാര്‍ത്തെടുക്കുന്നത്

രണ്ടാഴ്ച മുന്‍പ് സിങ്ങും ഇവരില്‍ ഒരാളായി. അന്നും വിശ്രമമില്ലാതെ ആറുമണിക്കൂര്‍ സിങ് പഠിച്ചു. ഒരു ബന്ധുവിനോട് ജീവശാസ്ത്രത്തിലെ ചില സംശയങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് ഫാനില്‍ തൂങ്ങി സിങ് തന്റെ ജീവിതം അവസാനിപ്പിച്ചു. അവസാനകുറിപ്പില്‍ ഇങ്ങനെ എഴുതി: ‘എന്റെ മരണത്തിന് ഞാന്‍ തന്നെയാണ് ഉത്തരവാദി. അച്ഛന്റെ സ്വപ്‌നം എനിക്കു സാക്ഷാത്കരിക്കാനാകില്ല’.

‘അവന്‍ ആവേശത്തിലായിരുന്നു. ഞങ്ങള്‍ ഡോക്ടറെന്നു വിളിച്ച് അവനെ കളിയാക്കിയിരുന്നു. പക്ഷേ ഏതാനും മാസത്തിനുശേഷം അവന്‍ പരിഭ്രാന്തനായിത്തുടങ്ങി. എപ്പോഴും പഠിത്തം മാത്രം. ഉറക്കം വളരെ കുറഞ്ഞു,’ സിങ്ങിന്റെ അച്ഛന്‍ മംഗള്‍ സിങ് പറഞ്ഞു.

ആത്മഹത്യാനിരക്കിലെ വര്‍ധന വിശദീകരിക്കാനാവില്ലെന്നായിരുന്നു സ്വകാര്യ പരിശീലന കേന്ദ്രങ്ങളുടെ നിലപാട്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്ന് അവര്‍ സമ്മതിക്കുന്നു.

‘ഇവിടെ വിദ്യാര്‍ത്ഥികള്‍ നിരന്തരം ആശങ്കയിലാണ്. അവര്‍ക്കു പഠിക്കാനാകുന്നില്ല. ശ്രദ്ധിക്കാനാകുന്നില്ല. കാര്യങ്ങള്‍ ഓര്‍മ്മിക്കാനും ഭക്ഷണം കഴിക്കാനും ഉറങ്ങാനും പോലുമാകുന്നില്ല,’ കോട്ടയില്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഹെല്‍പ് ലൈന്‍ നടത്തിയിരുന്ന മാനസികാരോഗ്യവിദഗ്ധന്‍ മദന്‍ലാല്‍ അഗര്‍വാള്‍ പറയുന്നു. ‘മാതാപിതാക്കള്‍ ഇത്രയധികം പണം ചെലവഴിക്കുന്നു എന്നതിനാലും അവരുടെ പ്രതീക്ഷകള്‍ വളരെ ഉയര്‍ന്നതാണ് എന്നതിനാലും ഇവരില്‍ കുറ്റബോധം വളരുന്നു. മാതാപിതാക്കള്‍ അവര്‍ക്കു നേടാന്‍ കഴിയാത്തതു നേടാന്‍ മക്കളെ നിര്‍ബന്ധിക്കുന്നു.’

‘ഡാഡി, ഞാന്‍ കണക്കിനെ വെറുക്കുന്നു,’ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യക്കുറിപ്പില്‍ എഴുതി. ‘ ഞാന്‍ ഒന്നിനും കൊള്ളാത്ത മകനാണ്,’ എന്നായിരുന്നു മറ്റൊരാളുടെ അന്ത്യവിലാപം.

മാധ്യമങ്ങള്‍ സംഭവങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്നത് കൂടുതല്‍ പേരെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നു എന്നാണ് പൊലീസ് നിലപാട്. കൗണ്‍സലര്‍മാരെ നിയമിക്കണമെന്നും പ്രത്യേക’ഫണ്‍ ദിനങ്ങള്‍’ ആഘോഷിക്കണമെന്നും പഠനം ഉപേക്ഷിക്കുന്നവര്‍ക്ക് പണം തിരികെ നല്‍കണമെന്നും അധികൃതര്‍ പരിശീലനകേന്ദ്രങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രവേശനപരീക്ഷകളില്‍ വിജയിക്കാനുള്ള വിദ്യാര്‍ത്ഥിയുടെ കഴിവ് അളക്കാന്‍ കോഴ്‌സില്‍ പ്രവേശിപ്പിക്കും മുന്‍പ് സ്‌ക്രീനിങ് ടെസ്റ്റുകള്‍ നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്,’ കോട്ട എസ്പി സവായ് സിങ് ഗോഡാര പറഞ്ഞു.

ഇടയ്ക്കിടെ നടക്കുന്ന പരീക്ഷകളുടെ ഫലം മാതാപിതാക്കള്‍ക്ക് ടെക്സ്റ്റ് മെസേജായി അയയ്ക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ‘ഇങ്ങനെ ചെയ്യുന്നത് കുട്ടികളെ എപ്പോഴും സമ്മര്‍ദത്തിലാക്കുന്നു. ഫലം അറിയുന്നതോടെ മാതാപിതാക്കള്‍ ഇവരെ വിളിച്ച് ശകാരിക്കുന്നു,’ ഗോഡാര ചൂണ്ടിക്കാട്ടുന്നു.

മധ്യവര്‍ഗത്തിന്റെ ഉയര്‍ന്ന പ്രതീക്ഷകള്‍, മാതാപിതാക്കളുടെ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത ആഗ്രഹങ്ങള്‍, സ്‌കൂളുകളിലെ മോശം പഠനനിലവാരം, കോളജ് പ്രവേശനത്തിനുള്ള മത്സരം എന്നിവയില്‍ ഇവിടെ ഉയര്‍ന്നുവന്ന പരിശീലനവ്യവസായം 400മില്യണ്‍ ഡോളറിന്‍റേതാണ്.

പത്തുലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന കോട്ടയില്‍ 20 വര്‍ഷം മുന്‍പുവരെ വളരെക്കുറച്ച് സയന്‍സ്, കണക്ക് അധ്യാപകരേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അനേകം സ്വകാര്യപരിശീലനകേന്ദ്രങ്ങളുടെ വരവോടെ മുന്തിയ കോളജുകളില്‍ പ്രവേശനത്തിനു ശ്രമിക്കുന്നവര്‍ക്ക് കോട്ടയിലെ പഠനം ഒഴിവാക്കാനാവില്ല എന്നായി. മൂന്നുമാസം മുതല്‍ രണ്ടുവര്‍ഷം വരെ ഇവിടെ പഠിക്കുന്നവരുണ്ട്.

പലര്‍ക്കും സ്വപ്‌നം 16 ഇന്ത്യന്‍ ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് ടെക്‌നോളജികളില്‍ ഒന്നിലേക്കുള്ള പ്രവേശനമാണ്. ആഗോളതലത്തില്‍ സ്ഥാപനങ്ങള്‍ ഐഐടി വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന വന്‍ ശമ്പളമാണ് മുഖ്യ ആകര്‍ഷണം.

ഐഐടി വിദ്യാഭ്യാസം സമൂഹത്തില്‍ മേലേക്കിടയിലെത്താനുള്ള വഴിയാണ്. ഇന്ത്യയിലോ സിലിക്കണ്‍ വാലിയിലോ മുന്തിയ ജോലി എന്ന ഉറപ്പും. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചായ് ഐഐടികളിലെ പ്രശസ്ത മുന്‍ വിദ്യാര്‍ഥികളില്‍ ഒരാളാണ്. വര്‍ഷം തോറും 15 ലക്ഷത്തോളം പേരാണ് പ്രവേശനപരീക്ഷ എഴുതുന്നത്. പ്രവേശനം ലഭിക്കുന്നവരാകട്ടെ പതിനായിരത്തില്‍ താഴെയും.

പരിശീലനകേന്ദ്രങ്ങളുടെ വരവ് ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും നിന്നുള്ളവര്‍ക്കും മുന്‍നിര കോളജുകള്‍ പ്രാപ്യമാണെന്ന പ്രതീക്ഷ വളര്‍ത്തി. നേരത്തെ ഇത് നഗരങ്ങളിലെ സമ്പന്നരുടെ കുത്തകയായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഒരു റയില്‍വേ പോര്‍ട്ടറുടെയും ട്രക്ക് ഡ്രൈവറുടെയും സൈക്കിള്‍ റിക്ഷാ ഡ്രൈവറുടെയും മക്കള്‍ കോട്ടയില്‍ പഠിച്ച് എന്‍ജിനീയറിങ്, മെഡിക്കല്‍ കോളജ് പ്രവേശനം നേടി.

‘കോട്ടയിലെങ്ങും മികവു തെളിയിക്കുക അല്ലെങ്കില്‍ ഉപേക്ഷിക്കപ്പെടുക എന്ന സന്ദേശം വ്യക്തമാണെ’ന്ന്  ടൈംസ് ഓഫ് ഇന്ത്യ പത്രം എഴുതിയത് ഈ മാസമാണ്.

കോട്ടയിലെ പരസ്യബോര്‍ഡുകളില്‍ ബോളിവുഡ് താരങ്ങളോ സൂപ്പര്‍മോഡലുകളോ അല്ല പ്രവേശനപരീക്ഷകളില്‍ തിളങ്ങിയ വിദ്യാര്‍ത്ഥികളാണ് നിരക്കുന്നത്. മികച്ച അദ്ധ്യാപകര്‍ ഇവിടെ പ്രശസ്തരാണ്. ഡോര്‍മിറ്ററി മുറികളില്‍ ജീവിതലക്ഷ്യങ്ങള്‍ കുറിച്ച വ്യക്തിഗത ‘വിഷന്‍ ബോര്‍ഡുകള്‍’. ടെലിവിഷനില്ല, ഇന്റര്‍നെറ്റില്ല, ഫേസ്ബുക്കില്ല. പട്ടണത്തിലെ പ്രമുഖ ഹിന്ദുക്ഷേത്രത്തിന്റെ ചുവരുകള്‍ നിറയെ കോളജ് പ്രവേശനത്തിനായുള്ള വിദ്യാര്‍ത്ഥികളുടെ അപേക്ഷകളാണ്.

‘കോട്ടയിലേക്കു വരികയാണെങ്കില്‍ നിങ്ങള്‍ സമ്മര്‍ദം താങ്ങാന്‍ തയാറായിരിക്കണം. ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത് എളുപ്പമല്ലെന്നു മനസിലാക്കണം,’ പൊട്ടന്‍ഷ്യല്‍ ടു കൈനറ്റിക് എന്ന പഠനകേന്ദ്രം നടത്തുന്ന റിതേഷ് ദഹിയ പറയുന്നു. ക്ലാസില്‍ നന്നായി ശ്രദ്ധിക്കാനും അറിവ് നിലനിര്‍ത്താനും സമയക്ലിപ്തത പാലിക്കാനുമാണ് ഇവിടെ പഠിപ്പിക്കുന്നത്.’ ഞാന്‍ അവരെ സമ്മര്‍ദത്തെ അതിജീവിക്കാന്‍ പഠിപ്പിക്കുന്നു. കാരണം ഇവിടെ സമ്മര്‍ദത്തെ ഒഴിവാക്കാനാവില്ല’.

കോട്ടയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഈ മാസം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു തുറന്ന കത്തെഴുതി. ജീവിതം സുന്ദരമാണെന്നു പറഞ്ഞ അദ്ദേഹം നദികള്‍ ഒഴുകുന്നതും അണ്ണാന്‍മാരെയും കാണാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. ‘എന്തെന്നാല്‍ ഒന്നോ രണ്ടോ പരീക്ഷ ജയിക്കുന്നതല്ല ജീവിതം’.

‘ഡിസംബറില്‍ ഒരു ‘സര്‍പ്രൈസ് ഫണ്‍ ഡേ’ നടത്താന്‍ പ്രാദേശിക ഭരണകൂടം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പാടി, നൃത്തം ചെയ്തു, ശ്വസന വ്യായാമങ്ങളും ചെയ്തു, ചിരി തെറാപ്പിയും,’ അലന്‍ കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ എക്‌സിക്യുട്ടിവ് നിതീഷ് ശര്‍മ പറഞ്ഞു.

എന്നാല്‍ എല്ലാ വിദ്യാര്‍ത്ഥികളും ഇതില്‍ പങ്കെടുത്തില്ല.

‘അവയൊക്കെ സമയം പാഴാക്കലാണ്. എന്റെ ഏറ്റവും വലിയ സ്വത്ത് എന്റെ വാച്ചാണ്. കാരണം നഷ്ടപ്പെട്ട സമയം തിരികെ വരില്ലെന്ന് അത് എന്നെ ഓര്‍മിപ്പിക്കുന്നു,’ ഐഐടിയില്‍ സ്‌പേസ് എന്‍ജിനീയറിങ് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഓജസ് ഠാക്കുര്‍ പറയുന്നു. ‘മാളുകളിലും സിനിമയ്ക്കും  പോകുകയോ വാട്‌സ്ആപ് ഉപയോഗിക്കുകയോ ചെയ്യുന്ന സുഹൃത്തുക്കളെ ഞാന്‍ ഒഴിവാക്കുന്നു.’

ഓജസിന്റെ റൂംമേറ്റ് ഭിത്തിയില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു ‘കോഡ് തുറക്കാനുള്ള ഫോര്‍മുല’. തൊട്ടടുത്ത് ഇങ്ങനെയും: ‘ വെള്ളം കുടിക്കാന്‍ മറക്കരുത്’. ഓജസിന്റെ ദൈനംദിന പരിപാടികള്‍ അവസാനിക്കുന്നത് ഇങ്ങനെ: ‘ഉറക്കം വരുന്നെങ്കില്‍ ഗുഡ്‌നൈറ്റ്. ഇല്ലെങ്കില്‍ പഠിക്കുക.’

ഏറ്റവുമധികം സമ്മര്‍ദം കൂട്ടുന്ന പരിപാടി പരിശീലനകേന്ദ്രങ്ങളിലെ ബാച്ച് മാറ്റമാണ്. ഇടയ്ക്കിടെയുള്ള പരീക്ഷകളില്‍ മാര്‍ക്ക് കുറഞ്ഞാല്‍ പിന്നെ മാര്‍ക്ക് കുറഞ്ഞവര്‍ക്കൊപ്പമായിരിക്കും അവരുടെ പഠനം. അങ്ങനെയുള്ളവര്‍ക്കു ലഭിക്കുന്ന അദ്ധ്യാപകരും കഴിവുകുറഞ്ഞവരാകും. മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അദ്ധ്യാപകരെ ലഭിക്കും.

രണ്ടുവര്‍ഷം മുന്‍പ് ലക്‌നൗവില്‍നിന്നാണ് അശുതോഷ് കുമാര്‍ കോട്ടയിലെത്തുന്നത്. ‘ജയിക്കാനുള്ള ചാട്ടമായിരുന്നു അത്. പക്ഷേ പെട്ടെന്നുതന്നെ എനിക്ക് ആത്മവിശ്വാസം നഷ്ടമായി. ക്ലാസില്‍ എല്ലാവരും അതിമിടുക്കരും മത്സരബുദ്ധിയുള്ളവരുമായിരുന്നു. ഒരു തരംതാണ ബാച്ചിലേക്ക് എന്നെ മാറ്റി.’

ഇപ്പോള്‍ ക്ലാസിലിരിക്കാന്‍ തന്നെ അശുതോഷിനു താല്‍പര്യമില്ല. വന്നാല്‍ത്തന്നെ അദ്ധ്യാപകരുടെ ശ്രദ്ധ കിട്ടാത്ത പിന്‍ബഞ്ചിലാകും ഇരിപ്പ്. വിഷാദരോഗത്തിനുള്ള മരുന്നുകള്‍ കഴിക്കുന്ന അശുതോഷിന് താന്‍ കുരുക്കില്‍പ്പെട്ടെന്ന തോന്നലാണ്. വീട്ടിലേക്കു തിരിച്ചുപോകുക എന്നത് അശുതോഷിന് ആലോചിക്കാനേ വയ്യ.

‘എനിക്കിതു ചെയ്യാനാകില്ലെന്ന് എങ്ങനെ ഞാന്‍ മാതാപിതാക്കളോടു പറയും?’

മകനെ നഷ്ടപ്പെട്ട് രണ്ടാഴ്ച പിന്നിടുമ്പോഴും ശിവ്ദത്ത് സിങ്ങിന്റെ അച്ഛന് ആരെ കുറ്റപ്പെടുത്തണമെന്നറിയില്ല.

‘മികച്ച ലക്ഷ്യങ്ങളുണ്ടാകുന്നത് കുറ്റമാണോ? ഡോക്ടറാകുക വഴി ഗ്രാമത്തിന് അഭിമാനമേകണമെന്നായിരുന്നു എന്റെ മകന്റെ ആഗ്രഹം. മക്കള്‍ വലിയവരാകണമെന്ന് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നു.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍