UPDATES

പാറ ഖനനാനുമതി നല്‍കേണ്ടത് ഗൂഗിള്‍ മാപ്പ് നോക്കിയല്ല

കോട്ടമല, കുറിഞ്ഞി, കൂമ്പൻ പ്രദേശങ്ങളിലെ ഖനനം; സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ സമിതി നൽകിയ അനുമതിക്കെതിരെ നിയമസഭാ പരിസ്ഥിതി സമിതി റിപ്പോർട്ട്

‘ക്വാറികൾ പ്രത്യക്ഷമായും പരോക്ഷമായും ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും സമൂഹത്തിന് വൻ വെല്ലുവിളിയായി തീർന്നിരിക്കുകയാണ്. പല സ്ഥലങ്ങളിലും ക്വാറികളുടെ പ്രവർത്തനം മൂലം ജല സ്രോതസുകളിലെ വെള്ളത്തിൻെറ അളവ് കുറയുകയും ജലം കിട്ടാതെ വരുകയും ചെയ്യുന്നു.  ഗർത്തങ്ങള്‍ ജീവന് നിരന്തര ഭീഷണിയായിരിക്കുന്നു. ക്രഷർ യൂനിറ്റുകളിൽ നിന്നുള്ള പൊടിപടലങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്നു. പാറപ്പൊടി ഒഴുകി കൃഷിയിടങ്ങളും മറ്റും നശിപ്പിക്കുന്നു. റോഡുകൾ താറുമാറാകുന്നു. സ്ഫോടനം ശബ്ദ മലിനീകരണമുണ്ടാക്കുന്നു’. – കോട്ടയം ജില്ലയിലെ കോട്ടമല, കുറിഞ്ഞി, കൂമ്പൻ പ്രദേശങ്ങളിലെ ഖനനത്തെക്കുറിച്ച് നിയമസഭാ പരിസ്​ഥിതി  സംബന്ധിച്ച സമിതി തയാറാക്കിയ റിപ്പോർട്ടിൻെറ ആമുഖമാണിത്.

സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ സമിതി നൽകിയ ഖനാനുമതിക്കെതിരെയാണ് നിയമസഭാ പരിസ്ഥിതി സമിതി റിപ്പോർട്ട് നൽകിയത്. കോട്ടയം ജില്ലയിലെ കോട്ടമലയിൽ പാറ ഖനനത്തിന് അനുമതി നൽകിയതിനെതിരെയാണ് മുല്ലക്കര രത്നാകരൻ അധ്യക്ഷനായ സമതിയുടെ ശുപാർശ.

ഇടുക്കി ജില്ലയിലെ പുറപ്പുഴ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന കോട്ടയം ജില്ലയിലെ കോട്ടമല, കുറിഞ്ഞി, കൂമ്പൻ പ്രദേശങ്ങൾ 60 ഡിഗ്രിയില്‍ അധികം ചരിവുള്ള പാറമലകളാണ്. സാധാരണഗതിയിൽ 45 ഡിഗ്രിയിലധികം ചരിവുള്ള പ്രദേശത്തെ ഖനന പ്രവർത്തനങ്ങൾക്ക് അനുമതി നൽകുകയാണെങ്കിൽ നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതാണ്. അതേസമയം 20 ഡിഗ്രിയിൽ കുടുതൽ ചരിവുള്ള മലയാണെന്ന കാരണത്താൽ ഇതേ പരിസ്ഥിതി ആഘാത നിർണയ സമിതി കോഴിക്കോടുള്ള പൊടിയൂർ വില്ലേജിൽ ഖനനാനുമതി നിഷേധിച്ചിരുന്നു. സ്ഥലം സന്ദർശിക്കാതെ ഗൂഗിള്‍ മാപ്പ് നോക്കി പാറഖനനത്തിന് അനുമതി നൽകുന്നത് തെറ്റായ നടപടിയാണ്. അതിനാൽ ഇവിടെ  ഖനനാനുമതി നൽകിയത് പുനഃപരിശോധക്കണമെന്നാണ് സമിതിയുടെ ശുപാർശ.

ഇത് പരിസ്ഥിതി ആഘാത സമിതിക്കേറ്റ കനത്ത തരിച്ചടിയാണ്. ഈ റിപ്പോർട്ട് അനുസരിച്ച് ആഘാത സമിതി സംസ്ഥാനത്ത് പലയിടത്തും ഖനനത്തിന് അനുമതി നൽകിയത് പുനഃപരിശോധിക്കേണ്ടിവരും.

റവന്യു ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിച്ച് ഹരിത കേരളം പദ്ധതിയിലുൾപ്പെടുത്തി പ്രദേശത്തെ സംരക്ഷിക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ നിർദേശ പ്രകാരം കുറുഞ്ഞി, കൂമ്പൻ, കോട്ടമല പ്രദേശത്തിനായി ദുരന്തവനിവാരണ പദ്ധതി തദ്ദേശ സ്ഥാപനം തയാറാക്കണം. പ്രദേശത്ത് പുതിയ വീടുകളുടെ കാര്യത്തിൽ പ്രദേശത്തിൻെറ പാരിസ്ഥിതിക സവിശേഷത, ദുരന്ത സാധ്യത കണക്കിലെടുത്ത് പഞ്ചായത്ത് പരിശോധന നടത്തണം. പരിസ്ഥിതി ആഘാതത്തിന് കാരണമാവുന്ന എല്ലാ പ്രവർത്തവും ഇവിടെ നിരോധിക്കണം. ഇവിടെ പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും സമിതി ശുപാർശ ചെയ്തു.

കോട്ടമല ഏറ്റവും കൂടുതൽ ഇടി മിന്നലുണ്ടാകാൻ സാധ്യതയുള്ള പ്രദേശമായി ദുരന്ത നിവാരണ മാനേജ്മെൻറിൻെറ നിർദേശത്തിൽ പറയുന്നുണ്ട്. ഈ പ്രദേശത്തെ ഖനനം മൂലം ഇടിമിന്നലിൻെറ ആഘാതം കൂടുമെന്നതിനാൽ ജനങ്ങൾക്കും  കൃഷിക്കും വൻതോതിൽ നാശനഷ്ടം സംഭവിക്കാൻ സാധ്യതയുണ്ടെന്നും സമിതി വിലയിരുത്തുന്നു.

കോട്ടമലയിൽനിന്ന് ഉത്ഭവിക്കുന്ന കരിയിലത്തോട് കടന്നുപോകുന്ന  കടനാട് പഞ്ചായത്തിലെ ഏഴു വാർഡുകളിലായി ഒമ്പത് തടയണകൾ നിർമ്മിച്ച് പരിപാലിച്ചു വരുന്ന നീരൊഴുക്കിന് തടസം  സംഭവിച്ചാൽ കടനാട് പഞ്ചായത്തിലെ ജല സമൃദ്ധമായ പ്രദേശങ്ങൾ വറ്റിവരളുകയും ആ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമവും  ജലസേചന ക്ഷാമവും ഉണ്ടാകുകയും ചെയ്യുമെന്നും സമിതി വിലയിരുത്തി. കോട്ടമലയിൽ ചെറുതും വലുതുമായി പല ആഘാതങ്ങൾ ഉണ്ടായപ്പോൾ റവന്യു വകുപ്പ് അത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ട്. അപകട ഭീഷണിയുള്ള പാറകൾ പൊട്ടിച്ചു തീർക്കുന്നതിന് അടങ്കൽ തുക തയാറാക്കി സർക്കാരിലേക്ക് നിർദേശം സമർപ്പിച്ചുവെങ്കിലും അതിന് അനുമതി ലഭിച്ചില്ല. പാറഖനനത്തിന് അനുമതി നൽകിയത് ഇടുക്കി ജില്ലയിലാണ്. ക്വാറി കോട്ടയം ജില്ലയിലും എക്സ് പ്ലോസീവ് മാഗസിൻ സ്ഥാപിച്ചിരിക്കുന്നത് ഇടുക്കി ജില്ലയിലുമാണെന്നും സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. ഇതെല്ലാം പരിസ്ഥിതി ആഘാത നിർണയ സമിതി പക്ഷപാതപരമായി അനുമതി നൽകിയതിന് തെളിവാണ്.

സമിതി തദ്ദേശ സ്വയംഭരണം, പരിസ്ഥിതി, ജലവിഭവം, ആരോഗ്യ കുടുംബക്ഷേമം, റവന്യു, കൃഷി, ആഭ്യന്ത്രം എന്നീ വകുപ്പ് ഉദ്യോഗസ്ഥരിൽനിന്ന തെളിവെടുക്കുകയും പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിശോധിക്കുകയും ചെയ്തു.

ദുരന്ത നിവാരണ അതോറിറ്റിയുടെ പഠന പ്രകാരം പ്രദേശം ഭ്രംശമേഖലയിൽ ഉൾപ്പെടുന്നു. ഭൂകമ്പത്തിനും ഉരുൾ പൊട്ടലിനും സാധ്യതയുള്ള സ്ഥലമാണെന്ന് ഇന്ത്യൻ മിറ്റീരിയോളജിക്കൽ വകുപ്പിൻെറ കറൻറ് സയൻസിൽ വിശദീകരിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ പുറപ്പുഴ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന പ്രദേശമായ കോട്ടമല ഏറ്റവും കൂടുതൽ ഇടിമിന്നലുണ്ടാക്കാൻ സാധ്യതയുള്ള പ്രദേശമായി ദുരന്ത നിവാരണ മാനേജ്മെൻറിൻെറ റിപ്പോര്‍ട്ടില്‍ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഖനനം മൂലം ഇടിമിന്നലിൻെറ ആഘാതം കൂടുതലായി വരുമെന്നതിനാൽ ജനങ്ങൾക്കും കൃഷിക്കും വൻതോതിൽ നാശനഷ്ടം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് സമിതി വിലയിരുത്തി. കോട്ടമലയിൽ പാറഖനനം ആരംഭിക്കുന്നതിനെ രൂപീകരിച്ച സമര സമിതി അംഗങ്ങളെ റവന്യു വകുപ്പ് അധികാരികളും പൊലീസും ഭീകരരോടെന്നപോലെ പെരുമാറുകയും കേസ് രജിസ്റ്റർ ചെയ്യുകയും ഉണ്ടായി.

കോട്ടമല സമരം: ഫാ: തോമസ് ആയിലിക്കുന്നേൽ പോലീസ് വാഹനത്തിൽ

2015ൽ പാറപൊട്ടിക്കുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും നാശമുണ്ടായതിൻെറ അടിസ്ഥാനത്തിൽ കലക്ടറുടെ നേതൃത്വത്തിൽ ജിയോളജി, പൊലീസ് വകുപ്പുകൾ ചേർന്ന് കോട്ടമലയിൽ സന്ദർശനം നടത്തുകയും അവിടെ പാറഖനനം ഉണ്ടായാൽ ജനങ്ങളുടെ ജീവന് അപായമുണ്ടാവുമെന്ന രീതിയിൽ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു.  എന്നാൽ പാറ ഖനനാനുമതി തേടി ക്വാറി ഉടമകൾ കോടതിയെ സമീപിച്ചു. പാരിസ്ഥിതിക അനുമതിയുടെ കാര്യം പഞ്ചായത്തിന് പരിശോധിക്കാമെന്നും അത് ലഭിക്കുന്ന മുറക്ക് അനുമതി നൽകാമെന്നും സുപ്രീംകോടതി വിധിയിൽ പറഞ്ഞുവെന്നുമാണ് തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നിലപാട്. അതോടെ പഞ്ചായത്ത് പാറപൊട്ടിക്കുന്നതിനുള്ള അനുമതി നൽകി. പ്രദേശവാസികൾ സമരത്തിനുമിറങ്ങി.

സമിതി കോട്ടമല സന്ദർശിച്ചപ്പോൾ മലയുടെ മുകൾ ഭാഗം നെറ്റ് കെട്ടി പലഭാഗങ്ങളായി തിരിച്ചിരുന്നുവെന്നും മറുഭാഗത്ത് മരങ്ങളൊന്നുമില്ലാതെ തരിശായി കിടക്കുന്നതായും വേറൊരു ഭാഗത്ത് പൈനാപ്പിൾ കൃഷി നടത്തുന്നതായും കണ്ടെത്തി. വലിയ ഉരുളൻ പാറക്കല്ലുകൾ മലയുടെ ചരിവുകളിൽ മരങ്ങളുടെ വേരുകളിൽ തട്ടി നിൽക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു. താഴെയെത്തിയപ്പോൾ നേരത്തെ പൊട്ടിച്ച പാറകൾ കാണുകയും ചെയ്തു. ഗാഡ്ഗിൽ റിപ്പോർട്ടിലെ സോൺ രണ്ടിൽ പെട്ടതാണ് ഈ പ്രദേശം. കരിയിലത്തോട് വാട്ടർഷെഡ് പദ്ധതിക്കായി സർക്കാർ ഏഴുകോടി അനുവദിച്ചിട്ടുമുണ്ട്. ഇവിടെ കോട്ടയം ഇടുക്കി ജില്ലകളെ തമ്മിൽ വേർതിരിക്കുന്ന കരിങ്കൽ നിർമ്മിതമായ മതിലുണ്ട്. അതിൽ ഇടുക്കി ജില്ലയിൽ പെട്ട സ്ഥലത്താണ് എക്സ്’പ്ലോസീവ് മാഗസിൻ എന്നെഴുതി ബോർഡ് വെച്ചിട്ടുള്ളത് എന്നും സമിതി റിപ്പോർട്ടു ചെയ്തു.

റിപ്പോർട്ടിൽ ഏറെ ആഹ്ളാദിക്കുന്നത് ഈ പ്രദേശത്തെ ജനങ്ങളാണ്. അവർക്ക് ഖനന മാഫിയക്കെതിരെ നടത്തിയ സമരത്തെക്കുറിച്ച് അനവധി കഥകൾ പറയാനുണ്ട്. ഖനനം അനുവദിക്കുന്നത് സംബന്ധിച്ച് പാറമട ലോബിയും പഞ്ചായത്തും തമ്മിൽ വർഷങ്ങളായി കോടതിയിൽ കേസ്​ നടക്കുകയാണ്. ഭരണസമിതി അറിയാതെയാണ് സെക്രട്ടറി ലൈസൻസ്​ നൽകിയതെന്ന ആരോപണമുണ്ടായി. പാറമട ലോബി ഇവിടെ സ്​ഥലത്ത് നിർമാണ പ്രവർത്തങ്ങൾ നടത്തുന്നതിനിടയിൽ വൻകല്ല് താഴേയ്ക്ക് പതിച്ചിരുന്നു. ഭയചകിതരായ നാട്ടുകാർ പ്രക്ഷോഭങ്ങൾ ശക്തമാക്കുകയും പാലാ ആർഡിഒയെ തടഞ്ഞു വെയ്ക്കുകയും ചെയ്തിരുന്നു.

കോട്ടമലയിൽ പാറഖനനത്തിന് പാറമട ലോബിക്ക് അനുകൂലമായി നടപടികൾ സ്വീകരിച്ചുവെന്നാരോപിച്ച് റവന്യൂ, പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോർഡ്, പരിസ്​ഥിതി വകുപ്പ് ഉദ്യോഗസ്​ഥൻമാർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ വിജിലൻസിൽ പരാതിയും നൽകിയിരുന്നു. കോട്ടമലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്ന മുൻ കലക്ടറുടെ റിപ്പോർട്ട് പരിഗണിക്കാതെയാണ് നേരത്തെ റോഡു നിർമ്മാണം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്തിയത്.

കളക്ടർ നിയോഗിച്ച പരിസ്​ഥിതി സമിതിയുടെ റിപ്പോർട്ടനുസരിച്ച് റവന്യൂ ഉദ്യോഗസ്​ഥർ തുടർ നടപടികൾ സ്വീകരിച്ചില്ല. ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിൽ കരുതൽ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം റവന്യൂ ഉദ്യോഗസ്​ഥർ നിരാകരിക്കുകയായിരുന്നു. പാറമടയിലേക്ക് റോഡ് നിലവിലുണ്ടെന്ന റവന്യൂ ഉദ്യോഗസ്​ഥരുടെ റിപ്പോർട്ടും പ്ലാനും തെറ്റായിരുന്നു. നിർമ്മാണ സ്​ഥലത്തേക്ക് റോഡ് നിർമ്മാണം ലൈസൻസ്​ നൽകുമ്പോൾ നടത്തിയിരുന്നില്ല. ലൈസൻസ്​ ലഭിച്ച് കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞാണ് റോഡ് നിർമ്മാണം പാറമട ലോബി നടത്തുവാൻ ശ്രമിച്ചത്. അതും ഹൈക്കോടതി നിർദേശ പ്രകാരം പോലീസ്​ സംരക്ഷണയിലാണ്. നേരത്തെ ലൈസൻസ്​ റദാക്കിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടും സംഭവത്തിലിടപെടുവാൻ റവന്യൂ അധികൃതർ തയ്യാറായില്ല. സംഭവത്തിലെ അഴിമതി വെളിച്ചത്തു കൊണ്ടുവരുവാൻ നിയമ നടപടി സ്വീകരിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.

ഏറ്റവും ഒടുവിലാണ് കോട്ടമലയിൽ സന്ദർശനം നടത്തണമെന്നും അനധികൃതമായി പാറമട ലോബി കൈക്കലാക്കിയ ലൈസൻസുകൾ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നിയമസഭ പരിസ്ഥിതി കമ്മിറ്റിയുടെ ചെയർമാനായ മുല്ലക്കര രത്നാകരനും സ്​പീക്കർക്കും സമരസമിതി പ്രത്യേകം നിവേദനങ്ങൾ സമർപ്പിച്ചത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍