UPDATES

യാത്ര

ആണ് പെണ്ണാവുന്ന ആ ദിവസം

Avatar

കണ്ണിനു മിഴിവേകുന്ന വര്‍ണ്ണങ്ങളും അലങ്കാരങ്ങളും ചാര്‍ത്തി അവരൊരുങ്ങി വരുമ്പോള്‍  സ്ത്രീകള്‍ പോലും അസൂയകൊണ്ട് കണ്ണു തള്ളും. എവിടെ തിരിഞ്ഞാലും എങ്ങോട്ട് നോക്കിയാലും സുന്ദരിമാര്‍. ഇത് കൊറ്റന്‍കുളങ്ങര ചമയവിളക്ക്. ആണ് പെണ്ണാവുന്ന ഉത്സവം. കൊല്ലത്തിനും കരുനാഗപ്പള്ളിക്കും ഇടയില്‍ ചവറയില്‍  എന്‍ എച് 47ന് സമീപത്തുള്ള കൊറ്റന്‍കുളങ്ങര ക്ഷേത്രത്തില്‍ മീനം 11നും 12നും നടക്കുന്ന അപൂര്‍വ്വമായ ചമയ വിളക്ക് ഉത്സവത്തിന് പിന്നിലെ ഐതിഹ്യങ്ങളും കാഴ്ചകളും.

എഴുത്ത്, ചിത്രങ്ങള്‍:  ഉണ്ണികൃഷ്ണന്‍ വി

അഭീഷ്ടകാര്യ സിദ്ധിക്കായി പുരുഷന്മാര്‍ വ്രതം നോറ്റ് പെണ്‍ വേഷം കെട്ടി വിളക്കെടുക്കുന്ന അപൂര്‍വ്വ ഉത്സവങ്ങളില്‍ ഒന്നാണ് കൊറ്റന്‍കുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്ക് . ക്ഷേത്രപരിസരം മുഴുവന്‍  വിളക്കേന്തിയ പുരുഷാംഗനമാരെക്കൊണ്ട്‌ അന്ന്‍ നിറയും. പലതരത്തില്‍, പല വേഷത്തില്‍ കുഞ്ഞുകുട്ടികള്‍ മുതല്‍ വൃദ്ധന്‍മാര്‍ വരെ വിളക്കെടുക്കാനെത്തും. മൂന്നാം ലിംഗക്കാരും ഇവിടെ ചമയവിളക്ക് എടുക്കാനെത്താറുണ്ട്. കേരളത്തിന് പുറത്ത് യുപിക്കാര്‍ക്കും തമിഴര്‍ക്കും ആന്ധ്രാക്കാര്‍ക്കും എല്ലാം കൊറ്റന്‍കുളങ്ങര അറിയാം. ആഗ്രഹപൂര്‍ത്തീകരണത്തിനായി ഓരോ വര്‍ഷവും ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുമായി എത്തുന്നത് ആയിരക്കണക്കിനാളുകളാണ്. ചമഞ്ഞു വിളക്കെടുത്താല്‍ മനസിലുള്ള ആഗ്രഹങ്ങള്‍ സാധിക്കുമെന്നാണ് ഇവിടത്തെ വിശ്വാസം.

2000 വര്‍ഷത്തിലധികം പഴക്കമുള്ള കൊറ്റന്‍കുളങ്ങര ദേവീ ക്ഷേത്രത്തിലെ ഈ വ്യത്യസ്ഥമായ ആചാരം ഇവിടത്തെ ഐതിഹ്യവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ്. വര്‍ഷങ്ങള്‍ക്ക് ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലം കാട് പിടിച്ചു കിടന്നതായിരുന്നത്രേ. ഭൂതക്കുളം എന്നറിയപ്പെട്ടിരുന്ന ചിറയ്ക്ക് സമീപം പുല്ലും വെള്ളവും സുലഭമായി ലഭിച്ചിരുന്നു .ഈ സ്ഥലത്ത് കാലി മേയ്ക്കാന്‍ എത്തിയ കുട്ടികള്‍ ചിറയുടെ തെക്ക്കിഴക്ക് ഭാഗത്ത്‌ ഉയര്‍ന്നു നിന്നിരുന്ന കല്ലില്‍ തേങ്ങ ഇടിച്ചു പൊട്ടിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് കല്ലില്‍ നിന്നും ചോരയൊഴുകുകയും കുട്ടികള്‍ ഭയന്ന് മുതിര്‍ന്നവരെ അറിയിക്കുകയും ചെയ്തു. ആ ശിലയില്‍ സാത്വികഭാവത്തിലുള്ള വനദുര്‍ഗ്ഗ കുടികൊള്ളുന്നുണ്ടായിരുന്നു. നാടിന്റെ ഐശ്വര്യത്തിനായി ക്ഷേത്രം നിര്‍മിച്ചു പൂജാദികര്‍മ്മങ്ങള്‍ നടത്തണമെന്നായിരുന്നു പുരോഹിത വിധി. അന്നു തൊട്ട് നാളികേരം ഇടിച്ചു പിഴിഞ്ഞെടുത്ത ‘കൊറ്റന്‍’ ദേവിയ്ക്ക് നിവേദ്യമായി നല്‍കാന്‍ തുടങ്ങി. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ വേഷമണിഞ്ഞ് ദേവിക്ക് മുന്നില്‍ വിളക്കെടുക്കുകയും ദേവീസാന്നിധ്യം കണ്ട ശിലയ്ക്ക് ചുറ്റും കുരുത്തോലപന്തല്‍ കെട്ടി വിളക്ക് വയ്ക്കുകയും ചെയ്യുന്നു. അതോടെയാണ് ക്ഷേത്രത്തിന്റെ നാമം കൊറ്റന്‍ കുളങ്ങര എന്നറിയപ്പെട്ടു തുടങ്ങിയത്.

ആണില്‍ നിന്നും പെണ്ണിലേക്കുള്ള പരകായ പ്രവേശമാണ് കൊറ്റന്‍ കുളങ്ങര നടക്കുന്നത്. വീട്ടില്‍ നിന്ന് ഒരുങ്ങി വരുന്നവരും ഒരുങ്ങാന്‍ മേക്കപ്പ്മാന്‍മാരെ ആശ്രയിക്കുന്നവരും ഉണ്ട്. ഒരുങ്ങാനുള്ള വസ്ത്രങ്ങളും ആഭരണങ്ങളും കൊണ്ടുവന്നാല്‍ മതി. പിന്നെ മേക്കപ്പ് റൂമില്‍ നിന്നും പുറത്തിറങ്ങുമ്പോ ആളിനെ കൂടെ വന്നവര്‍പോലും തിരിച്ചറിയില്ല. പട്ടുസാരിയും സെറ്റും മുണ്ടും ചുരിദാറും പിന്നെ വേഷത്തിനിനങ്ങുന്ന കമ്മല്‍, വള, മാല… പോരാത്തതിന് ശൃംഗാര ഭാവത്തോടെയുള്ള ചിരിയും. വിളക്ക് വാടകയ്ക്കു കൊടുക്കുന്നവര്‍, ആഭരണ കച്ചവടക്കാര്‍ കൂടാതെ അവിടവിടെയായി ചമയവിളക്കെടുക്കുന്നവരുടെ ഫോട്ടോ എടുക്കാനായി സ്റ്റുഡിയോക്കാരുടെ ചെറിയ ചെറിയ കൂടാരങ്ങള്‍… അങ്ങനെ ഈ ദിവസങ്ങളില്‍ കൊറ്റന്‍കുളങ്ങര വേറൊരു ലോകമാവും. 

ചമയവിളക്കെടുക്കാന്‍ വരുന്ന പുരുഷന്മാര്‍ക്കെന്തായാലും ഒരു കാര്യം മനസിലാവും,ഒരു സ്ത്രീയുടെ ജീവിതം അത്ര എളുപ്പമല്ല എന്ന്. കാരണം അന്നത്തെ ദിവസം അവരെ കാണാനെത്തുന്ന ചെറുപ്പക്കാര്‍ എങ്ങനെയൊക്കെ കമന്റടിക്കാo എന്ന് ഗവേഷണം നടത്തിയിട്ട് വരുന്നവരായിരിക്കും.പിന്നെ തൊട്ടു തലോടലും.പോരേ പൂരം!

വേറൊരു വശം കൂടി ചമയവിളക്കിനുണ്ട്,വളരെ കുറച്ചു പേര്‍ മാത്രം മനസിലാക്കുന്ന അല്ലെങ്കില്‍ കൂടുതല്‍ ആള്‍ക്കാര്‍ മനസിലാക്കാന്‍ ആഗ്രഹിക്കാത്ത ഒരു വശം. പല തരത്തിലുള്ള വ്യക്തികള്‍ അവിടെ ചമയവിളക്കെടുക്കാനായി എത്താറുണ്ട്. ഉള്ളില്‍ സ്ത്രീത്വം ഒളിപ്പിച്ചവര്‍, ശരീരo കൊണ്ട് പുരുഷനും മനസ് കൊണ്ട് സ്ത്രീത്വത്തെ പ്രണയിക്കുന്നവരും അങ്ങനെ പല തരത്തില്‍ ഉള്ളവര്‍. ഇവര്‍ക്കെല്ലാം അന്നത്തെ ദിവസം അവരെ എല്ലാവരും അംഗീകരിക്കുന്ന ദിവസമാണ് ,നാട്ടിലും വീട്ടിലും അംഗീകാരം ലഭിക്കാത്ത അവരെ അന്നത്തെ ദിവസം എല്ലാവരും സ്ത്രീയായി അംഗീകരിക്കും.

രവി (യഥാര്‍ത്ഥ പേരല്ല) അങ്ങനെയൊരു വ്യക്തിയാണ്.ആണായി ജനിച്ച തന്റെ ഉള്ളില്‍ ഒരു പെണ്ണ്‍ ഉണ്ടെന്നു മനസിലാക്കിയ അയാള്‍ ഇന്നും സമൂഹത്തിന്റെ മുന്‍പില്‍ ആണായും തന്നെ മനസിലാക്കിയ വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും  മുന്നില്‍ പെണ്ണായും ജീവിക്കുന്നു. രവിയെപ്പോലെ പലരും അവിടെ ചമയ വിളക്കെടുക്കാറുണ്ട്. ചമയവിളക്ക് അവര്‍ക്ക് വെറും ആചാരം മാത്രമല്ല, തന്റെ ഉള്ളിലെ സ്ത്രീത്വത്തെ സമൂഹം ഒരു ദിവസത്തേക്കാണെങ്കിലും അംഗീകരിക്കുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ ഒരു ദിവസം കൂടിയാണ്. 

ക്ഷേത്രാചാരങ്ങളില്‍ പറഞ്ഞിട്ടില്ലാത്ത മറ്റൊരാചാരം ഇവിടെ അരങ്ങേറാറുണ്ട്. സെല്‍ഫി എടുപ്പ്. അതിനു മാത്രമായി അവിടെ എത്തുന്ന ചെറുപ്പക്കാരുണ്ട്. സുന്ദരിമാരായ സുന്ദരന്മാരുടെ കൂടെ നിന്നുള്ള സെല്‍ഫി എടുക്കാനായി തിരക്കോട് തിരക്കാണ്. ആലിoഗനങ്ങള്‍, ചുംബനങ്ങള്‍…. അവസാനം പോലീസോ ക്ഷേത്ര ഭാരവാഹികളോ വന്നു ഓടിച്ചു വിട്ടാലാണ് ബഹളം അവസാനിക്കുക. 

(അഴിമുഖം പ്രതിനിധിയാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍