UPDATES

കോട്ടയത്തിന്റെ കോട്ട ആര് കാക്കും?

Avatar

അഖില്‍ രാമചന്ദ്രന്‍

കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ കോട്ടയത്തിന് എന്നും നിര്‍ണ്ണായ പങ്കുണ്ട്. ഇക്കാരണത്താല്‍ തന്നെ കോട്ടയത്തെ തെരഞ്ഞെടുപ്പ് ഗോദയിലും ആ ആവേശവും ചൂടും തെളിഞ്ഞ് കാണാം. ധനമന്ത്രി കെ എം മാണി അധ്യക്ഷനായ കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ സ്വാധീനം മാത്രമല്ല കോട്ടയത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ ചൂട് പിടിപ്പിക്കുന്നത്. ജാതി സംഘടനകളും കാര്‍ഷിക മേഖലയിലെ വിലയിടിവും വികസനവും തുടങ്ങി വോട്ടര്‍മാരെ സ്വധീനിക്കുന്ന ഒട്ടനവധി കാര്യങ്ങളുടെ സങ്കലനഭൂമിയാണ് കോട്ടയം. നിലവില്‍ കോണ്‍ഗ്രസിന്റെ കോട്ടയായ കോട്ടയത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രവചനാതീതമാണ്. 

മലനാടും ഇടനാടും തീരപ്രദേശവുമെല്ലാം ഉള്‍ച്ചേരുന്ന ജില്ലയാണ് കോട്ടയം. കാര്‍ഷിക മേഖലയുമായി പ്രത്യേകിച്ച് റബ്ബര്‍ മേഖലയുമായി ഇത്രയധികം ഇഴുകി ചേര്‍ന്ന് നില്‍ക്കുന്ന മറ്റൊരു ജില്ലയും കേരളത്തിലില്ല. സാക്ഷരതയുടെയും വികസനത്തിന്റെയും കാര്യത്തിലും കോട്ടയം മറ്റ് ജില്ലകളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു. ഈ സവിശേഷത തന്നെയാണ് കോട്ടയത്തെ വോട്ട് രാഷ്ട്രീയത്തെയും സ്വാധീനിക്കുക. 2001 ലെ സെന്‍സസ് പ്രകാരം 964433 പുരുഷന്‍മാരും 988468 സ്ത്രീകളുമാണ് 2203 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കോട്ടയം ജില്ലയിലുള്ളത്. മുന്‍തിരഞ്ഞെടുപ്പുകളില്‍ എല്‍ ഡി എഫും യു ഡി എഫും ആയിരുന്നു മത്സര രംഗത്ത് സജീവമായി ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ കോട്ടയത്തിന്റെ രാഷ്ട്രീയ അങ്കത്തട്ടില്‍ എസ് എന്‍ ഡി പി പ്രസ്ഥാനവുമായി സഖ്യമുണ്ടാക്കിയ ബി ജെ പിയും കേരള കോണ്‍ഗ്രസ്സില്‍ നിന്നും പുറത്ത് വന്നിട്ടില്ലായെങ്കിലും പി സി ജോര്‍ജ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ്സ് സെക്യുലറും സ്ഥാനാര്‍ത്ഥികളെ ഇറക്കി മത്സരം കൊഴുപ്പിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. 

വൈക്കം, കടുത്തുരുത്തി, ഉഴവൂര്‍, ളാലം, ഈരാറ്റുപേട്ട, പാമ്പാടി, പള്ളം, മാടപ്പള്ളി, വാഴൂര്‍, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍ തുടങ്ങി പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളാണ് കോട്ടയം ജില്ലയില്‍ ഉള്ളത്. പുതുതായി രൂപീകരിച്ച ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട തുടങ്ങിയ മുന്‍സിപ്പാലിറ്റികള്‍ അടക്കം ഏഴ് മുന്‍സിപ്പാലിറ്റികളും 73 ഗ്രാമപഞ്ചായത്തുകളും അടങ്ങുന്നതാണ് ഈ ജില്ല. പരമ്പരാഗതമായി യു ഡി എഫിന് മേല്‍ക്കൈയുള്ള ജില്ലയാണ് കോട്ടയം. 2010 ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു തരംഗംതന്നെ യു ഡി എഫ് ജില്ലയില്‍ സൃഷ്ടിച്ചു. 23 ജില്ലാപഞ്ചായത്ത് ഡിവിഷനുകളില്‍ 19 ഡിവിഷനുകളിലും യു ഡി എഫ് വിജയം കൈവരിച്ചു. എല്‍ ഡി എഫിന്റെ വിജയം നാല് ഡിവിഷനുകളില്‍ ഒതുങ്ങി. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ 10 എണ്ണവും യു ഡി എഫിനൊപ്പം നിന്നു. നാല് നഗരസഭകളില്‍ മൂന്നെണ്ണം പിടിച്ച യു ഡി  എഫ് നാലാമത്തേതില്‍ എല്‍ ഡി എഫുമായി ഒപ്പത്തിനൊപ്പമെത്തി. 73 പഞ്ചായത്തുകളില്‍ 60 ഇടത്തും യുഡി എഫ് വെന്നിക്കൊടി പാറിച്ചു. തുടര്‍ന്ന് വന്ന നിയമസഭതിരഞ്ഞെടുപ്പിലും കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭതിരഞ്ഞെടുപ്പിലും യു ഡി എഫ് വിജയം ആവര്‍ത്തിച്ചു. ഇത്തവണയും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കുമെന്നാണ് യു ഡി എഫ് വാദം. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം മുതലാക്കി കോണ്‍ഗ്രസ്സ് തട്ടകത്തില്‍ അട്ടിമറി വിജയം കൈവരിക്കാമെന്നാണ് എല്‍ ഡി എഫ് കരുതുന്നത്. ഭരണ പ്രതീക്ഷയൊന്നും വച്ച് പുലര്‍ത്തുന്നില്ലായെങ്കിലും പുതിയ രാഷ്ട്രീയ കൂട്ട് കെട്ടുകളിലൂടെയും സമവാക്യങ്ങളിലൂടെയും ചെറുതല്ലാത്ത രീതിയില്‍ വിജയം കൈവരിക്കാമെന്നാണ് ബി ജെ പിയും കണക്ക് കൂട്ടുന്നു. എന്നാല്‍ നിലവിലെ കോട്ടയത്തിന്റെ രാഷ്ട്രീയ സാഹചര്യം അത്ര എളുപ്പത്തില്‍ ഒരുമുന്നണിക്കും വിജയം സമ്മാനിക്കില്ലായെന്നാണ് ലഭിക്കുന്ന സൂചനകള്‍.

റബ്ബര്‍ വിലയിടിവ്, താളംതെറ്റിയ നെല്ല് സംഭരണം, പരമ്പരാഗത വ്യവസായ മേഖലകളുടെ തകര്‍ച്ച, വിലക്കയറ്റം എന്നിവയെല്ലാം കോട്ടയത്ത് പ്രചാരണ രംഗത്ത് സജീവ ചര്‍ച്ചവിഷയങ്ങളാണ്. ഇവ കൂടാതെ പി സി ജോര്‍ജിന്റെ ഇടതുപക്ഷ മൃദുസമീപനം, എസ് എന്‍ ഡി പി-ബിജെപി കൂട്ടുകെട്ട്, വിമതശല്യം, കോണ്‍ഗ്രസ്സ്- കേരള കോണ്‍ഗ്രസ്സ് വലിപ്പ ചെറുപ്പ തര്‍ക്കം എന്നിവയും കോട്ടയത്തെ മുന്നണികളുടെ വിജയത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവക്കെല്ലാം പുറമേ ഇടിത്തിപോലെ കോണ്‍ഗ്രസ്സിനുമേല്‍ പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ്സിനുമേല്‍ വന്ന് വീണ കോടതി വിധി ജയപരാജയങ്ങളെ ചെറിയ തോതിലെങ്കിലും ബാധിക്കും എന്നകാര്യത്തില്‍ സംശയമില്ല. കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും ചേര്‍ന്നാല്‍ മറ്റ് പാര്‍ട്ടികള്‍ക്ക് കോട്ടയം ബാലികേറാമല തന്നെയായിരുന്നു. എന്നാല്‍ ഇത്തവണ പടയൊഴിയാത്തതാണ് യു ഡി എഫിനുള്ളിലെ പ്രധാനപ്രശ്‌നം. ജില്ലയില്‍ എഴുപതിലേറെ വിമതര്‍ രംഗത്തുള്ളതില്‍ 65ഉം യു ഡി എഫിനുള്ളിലാണ് എന്നതാണ് യാഥാര്‍ത്ഥ്യം.കോണ്‍ഗ്രസ്സ് കേരള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തന്നെയാണ് വിമതരായി രംഗത്തെത്തിയിരിക്കുന്നത്.ഇതു കൂടാതെ ജില്ലാനേതാക്കളുടെ ആശീര്‍വാദത്തോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വേറെയുണ്ട്. വിമതര്‍ക്കെതിരെ നടപടിയെടുത്ത് വിമതശല്യം തടയാന്‍ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും അതെത്രത്തോളം വിജയകരമായി എന്നറിയാന്‍ തിരഞ്ഞെടുപ്പ ഫലം വരെ കാത്തിരിക്കേണ്ടി വരും.കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും ചേര്‍ന്ന് സീറ്റുകള്‍ മുഴുവന്‍ വിഭജിച്ചെടുത്തു എന്ന പരാതി മുന്നണികളില്‍ നില്‍ക്കുന്ന മുസ്ലീം ലീഗിനും ജനതാദള്‍ യുവിനും ആര്‍ എസ് പിക്കും സി എം പിക്കുമുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളൊന്നും മുന്നണിയുടെ ശക്തി കുറക്കുന്നതിനോ വിജയമില്ലാതാക്കുന്നതിനോ കാരണമാകില്ലെന്നാണ് യു ഡി എഫ് കരുതുന്നത്.

ആയിരത്തിലേറെ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുളള ബി.ജെ.പി-എസ്.എന്‍.ഡി.പി സഖ്യം ഏറെ പ്രതീക്ഷയിലാണ്.ഇടത് പക്ഷത്തിന്റെ പരമ്പരാഗത വോട്ട് ബാങ്കില്‍ വിളളല്‍ സൃഷ്ടിച്ച് നേട്ടമുണ്ടാക്കാമെന്നാണ് പുതിയ രാഷ്ട്രീയ സമവാക്യത്തിലൂടെ ബി.ജെ.പി കരുതുന്നത്. എസ്.എന്‍.ഡി.പി യോഗത്തിന് മാത്രമായി 255ഓളം സ്ഥാനാര്‍ത്ഥികള്‍ കോട്ടയം ജില്ലയിലുണ്ട്. ഇത് കൂടാതെ എന്‍.ഡി.എയുടെ ഘടകക്ഷികള്‍ക്കും ഏതാനും സീറ്റുകള്‍ ബി.ജെ.പി നല്‍കിയിട്ടുണ്ട്. എന്നാല്‍  ബി.ജെ.പി-എസ്.എന്‍.ഡി.പി ബന്ധം എത്രത്തോളം വോട്ടായി മാറുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ബീഫ് നിരോധനവുമായി ബന്ധപ്പെട്ടുയര്‍ന്ന് വന്ന പ്രശ്നങ്ങളും ദളിതര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും സംവരണ വിവാദവുമെല്ലാം  ബി.ജെ.പിയുടെ പ്രതിഛായയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. എസ്.എന്‍.ഡി.പി യോഗവുമായി സഖ്യമുണ്ടാക്കിയതിനോട്  ബി.ജെ.പി സംസ്ഥാന നേതൃത്വം വേണ്ടത്ര ക്രിയാത്മകമായി പരിഗണിക്കാത്തതും ഫലത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന് നേരെ ഉയര്‍ന്ന ആരോപണങ്ങളും സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലെന്ന പോലെ കോട്ടയത്തും  ബി.ജെ.പി-എസ്.എന്‍.ഡി.പി സഖ്യത്തെ ബാധിക്കുമെന്നാണ് ഇടത് വലത് മുന്നണികള്‍ കരുതുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് നാല്‍പ്പത്തിയെട്ട് പ്രതിനിധികളെ ജയിപ്പിക്കാന്‍ മാത്രമേ  ബി.ജെ.പിയ്ക്ക് കഴിഞ്ഞിരുന്നുളളൂ. എന്നാല്‍ ഇത്തവണ യോഗത്തിന്റെ പിന്തുണയോടെ അത് ഇരട്ടിയിലേറെ ആക്കാമെന്നാണ്  ബി.ജെ.പി പ്രതീക്ഷിക്കുന്നത്. പാര്‍ട്ടിക്കകത്ത് കാര്യമായ വിമതശല്യമില്ലാത്തതും  ബി.ജെ.പി ജില്ലാ നേതൃത്വത്തിന് ആശ്വാസം പകരുന്നു.

കാര്യമായ തര്‍ക്കങ്ങളും പരിഭവങ്ങളുമില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തീകരിക്കാനായി എന്നതാണ് ഇടത് പക്ഷത്തിന്‍റെ ആശ്വാസം. അതിലൂടെ പാര്‍ട്ടിക്ക് വിമതഭീഷണി ഒഴിവാക്കാനായി. എങ്കിലും  ബി.ജെ.പി-എസ്.എന്‍.ഡി.പി കൂട്ട്‌കെട്ട് കാലാകാലങ്ങളായി കൂടെ നിന്ന ഈഴവ വോട്ട് ബാങ്കില്‍ വിളളല്‍ സൃഷ്ടിച്ചേക്കാമെന്ന ആശങ്ക ഇടത് പക്ഷത്തുയരുന്നുണ്ട്. കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, പാലാ നഗരസഭകളിലും പുതുതായി രൂപീകരിച്ച ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍ നഗരസഭകളിലും ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച വിജയം കൈവരിക്കാമെന്നാണ് ഇടതുപക്ഷം കരുതുന്നത്. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിലായിരുന്നു കോട്ടയവും വൈക്കവും എല്‍.ഡിഎഫിനെ കൈവിട്ടത്. പാലായിലെ കോണ്‍ഗ്രസ്സ് കേരളാ കോണ്‍ഗ്രസ്സ് ചേരിതിരിവിലും ഇടത് മുന്നണി കണ്ണ്‌ വെക്കുന്നു. കേരളാ കോണ്‍ഗ്രസ്സുമായി ഇടഞ്ഞ് നില്‍ക്കുന്ന പി.സി.ജോര്‍ജിന്റെയും സെക്യുലറിന്റെയും പിന്തുണ കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കുമെന്നാണ് ഇടത് പക്ഷത്തിന്റെ വിലയിരുത്തല്‍. റബര്‍ വിലയിടിവിലും വിലകയറ്റത്തിലും  ബി.ജെ.പിയുടെ ബീഫ് രാഷ്ട്രീയത്തിലും ദളിത് പീഡനത്തിലുമൊക്കെ പ്രചാരണം തട്ടികളിച്ചിരുന്ന സമയത്താണ് നിനച്ചിരിക്കാതെ കോടതി വിധിയുെടയുടെ രൂപത്തില്‍ ബാര്‍ കോഴ കേരളരാഷ്ട്രീയത്തില്‍ വീണ്ടും സജീവ ചര്‍ച്ചയായത്. പ്രാദേശിക തെരഞ്ഞെടുപ്പായതിനാല്‍ ഇതര ജില്ലകളെ അപേക്ഷിച്ച് ബാര്‍ കോഴയിന്മേലുളള ആരോപണങ്ങള്‍ കോട്ടയം ജില്ലയില്‍ ഇടത് പക്ഷം ഊതി കത്തിക്കുകയുണ്ടായി. ആര്‍.എസ്.എസ്സും  ബി.ജെ.പിയും ഇളക്കി വിട്ട ബീഫ് രാഷ്ട്രീയത്തിലും ദളിത് ആക്രമണത്തിലുമൊക്കെ കോണ്‍ഗ്രസ്സിനേക്കാള്‍ ഉപരിയായി പ്രതിരോധം തീര്‍ക്കാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും അത് കൊണ്ട് തന്നെ കോണ്‍ഗ്രസ്സിന്റെ അടിത്തറയായ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിയടില്‍ പ്രത്യേകിച്ച് ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താനും അവ വോട്ടാക്കി മാറ്റാനും സാധിക്കുമെന്നാണ് എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍. വെളളാപ്പളളി നടേശനെതിരായ കോഴയാരോപണവും ശാശ്വതീകാനന്ദ സ്വാമികളുടെ മരണവും ഉയര്‍ത്തിക്കൊണ്ട് വന്നതിലൂടെ യോഗത്തിന്റെ നീക്കങ്ങളെയും പ്രതിരോധി്ക്കാന്‍ കഴിഞ്ഞുവെന്നും ഇടത് പക്ഷം കരുതുന്നു.

പി.സി.ജോര്‍ജിനെയും കേരളാകോണ്‍ഗ്രസ്സ് സെക്യുലറിനെയും സംബന്ധിച്ച് ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ജീവന്‍ മരണ പോരാട്ടമാണ്. എന്തെങ്കിലും കാരണവശാല്‍ കേരളാ കോണ്‍ഗ്രസ്സിനെയും യു.ഡി.എഫിനെയും വിട്ടു പോരേണ്ടി വന്നാല്‍ വിലപേശലില്ലാതെ ഇടത് മുന്നണിയില്‍ സ്ഥാനമുറപ്പിക്കാന്‍ പി.സി.ജോര്‍ജിനു  വിജയം കൂടിയെ തീരൂ. ഇടത് പക്ഷമാകട്ടെ ഇത്തവണ ജോര്‍ജിനും കൂട്ടര്‍ക്കും കരുത്ത് തെളിയിക്കാന്‍ വിലപേശലില്ലാതെ ജില്ലാപഞ്ചായത്തിലുള്‍പ്പെടെ  സീറ്റുകള്‍ വിട്ട് നല്‍കിയിട്ടുമുണ്ട്. കേരളാകോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെയാണ് ഒട്ടുമിക്കയിടങ്ങളിലും ജോര്‍ജും കൂട്ടരും നേരിടുന്നത്.  കൈമെയ് മറന്നുളള പ്രചാരണമാണ് പി.സി.ജോര്‍ജും സെക്യുലറും വാര്‍ഡുകളില്‍ നടത്തി വരുന്നത്. 

വാദങ്ങളും പ്രതിവാദങ്ങളും കൊഴുക്കിമ്പോഴും ദേശീയ സംസ്ഥാന വിഷയങ്ങള്‍ക്കതീതമായി വ്യക്തി പ്രഭാവവും പ്രാദേശിക പ്രശ്‌നങ്ങളും വികസനവുമൊക്കെയായിരിക്കും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം വോട്ടര്‍മാരെയും സ്വാധീനിക്കുക. അവശ്യവസ്തുക്കളുടെ വിലക്കയറ്റവും നെല്ല് സംഭരണത്തിലെ പിഴവുകളും റബര്‍ ഉള്‍പ്പെടെയുളള കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും ഹൈറേഞ്ചും ലോറേഞ്ചുമുള്‍പ്പെടുന്ന കോട്ടയത്തിന്റെ രാഷ്ട്രീയ ചിത്രത്തെ സ്വാധീനിക്കും. റബറിന് 150 രൂപ താങ്ങുവിലയായി പ്രഖ്യാപിച്ചിരുന്നെങ്കിലും അത് കൃത്യമായി കര്‍ഷകരിലേക്കെത്താത്തത് ആളുകളില്‍ അസംതൃപതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കര്‍ഷകറുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി രൂപംകൊണ്ട കേരളാകോണ്‍ഗ്രസ്സിന് ഈ വിഷയത്തില്‍ ക്രിയാത്മകമായി നടപടി കൈകൊളളാന്‍ സാധിക്കാത്തതില്‍ കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധത്തിന്റെ സ്വരം ഉയര്‍ന്ന് വന്നേക്കാം.കേരളാകോണ്‍ഗ്രസ്സിനെ സംബന്ധിച്ച് അവരുടെ പൈതൃക ഭൂമിയാണ് കോട്ടയം.കോട്ടയത്തെ ജയപരാജയങ്ങളെ അടിസ്ഥാനമാക്കിയാണ് കേരളാരാഷ്ട്രീയത്തില്‍ തങ്ങളുടെ സ്ഥാനം നിര്‍ണ്ണയിക്കപ്പെടുന്നതെന്ന് അവര്‍ക്ക് നന്നായി അറിയാം.അത് കൊണ്ട് തന്നെ ഇതര പാര്‍ട്ടികളെ അപേക്ഷിച്ച് കേരളാകോണ്‍ഗ്രസ്സിന് തങ്ങളുടെ ശക്തി കാണിക്കാനുള്ള തെരഞ്ഞെടുപ്പാണ്കോട്ടയത്ത് അരങ്ങേറുന്നത്.

(മഹാത്മ ഗാന്ധി സര്‍വ്വകലാശാലയില്‍ മാധ്യമ വിദ്യാര്‍ത്ഥിയാണ് അഖില്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍