UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരിച്ചു വരുന്ന ചുവര്‍ ചിത്രങ്ങള്‍; കലയായും കച്ചവടമായും

Avatar

ജെ. ബിന്ദുരാജ്

ഇരുപത്തഞ്ച് വര്‍ഷം മുമ്പ് ചിത്രകലയില്‍ ഡിപ്ലോമയ്ക്ക് പഠിക്കുമ്പോള്‍ പഠനത്തിന്റെ ഭാഗമായി മട്ടാഞ്ചേരി പാലസിന്റെ സ്‌കെച്ച് തയാറാക്കുന്നതിനായാണ് ഇരുപത്തൊന്നുകാരനായ സാജു തുരുത്തില്‍ അവിടെയെത്തിയത്. പക്ഷേ പാലസിനുള്ളില്‍ പ്രവേശിച്ച സാജു അത്ഭുതപരതന്ത്രനായി. ചുവര്‍ ചിത്രകലയുടെ വിസ്മയിപ്പിക്കുന്ന കാഴ്ചയായിരുന്നു അതിനുള്ളില്‍. ചെറുപ്പത്തില്‍ ക്ഷേത്രങ്ങളിലൊക്കെ ചുവര്‍ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും പാലസിനുള്ളിലെ ആ ദിനമാണ് വിസ്മയിപ്പിക്കുന്ന നിറങ്ങളുടെ സൗന്ദര്യത്തിലേക്ക് അവനെ കുടഞ്ഞിട്ടത്.

ആ യാത്ര കഴിഞ്ഞ് ഏതാണ്ട് നാലു മാസം കഴിഞ്ഞപ്പോഴാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴില്‍ ചുവര്‍ ചിത്രകല പഠനത്തിനായി കേരളത്തിലെ ആദ്യത്തെ കോഴ്‌സ് ഗുരു മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായരുടെ കീഴില്‍ ആരംഭിക്കുന്നത്. അന്ന് ഈ രംഗത്ത് അറിയപ്പെടുന്ന ഏക ആചാര്യന്‍ മമ്മിയൂര്‍ മാത്രമായിരുന്നു. മമ്മിയൂരിന്റെ ഗുരുവായിരുന്നത് പുലാക്കാട്ട് അച്യുതന്‍ നായര്‍, അച്യുതന്‍ നായരുടെ ഗുരുനാഥന്‍ പുലാക്കാട്ട് രാമന്‍ നായര്‍. ഈയൊരു പരമ്പര മാത്രമായിരുന്നു ചുവര്‍ ചിത്രരംഗത്തെ പൂര്‍വകാലം പരിശോധിക്കുമ്പോള്‍ കേരളത്തിന് അന്നും ഇന്നും കണ്ടെത്താനായിട്ടുള്ളു. ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലുമൊക്കെയുള്ള മറ്റു പല കലാസൃഷ്ടികള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരന്മാരുടെ തായ്‌വേരുകള്‍ നമുക്ക് താണ്ടിയെത്താനുമായിട്ടില്ല. അത്ര ഗംഭീരമായ ശൈലിയൊന്നുമല്ലെങ്കിലും ഗുരുവായൂര്‍ ശൈലിയുടെ പ്രയോക്താക്കളായിരുന്നു മമ്മിയൂര്‍ സ്‌കൂള്‍. പക്ഷേ ഗുരുവായൂരില്‍ ആരംഭിച്ച ആ കോഴ്‌സില്‍ ഗുരുവായൂരു നിന്നുള്ള ആരും തന്നെ ഉണ്ടായിരുന്നില്ല. മികച്ച ചുവര്‍ചിത്ര ശൈലിയുള്ള പാലക്കാടു നിന്നും കോഴിക്കോടു നിന്നുമൊക്കെ വന്നവര്‍. പലയിടങ്ങളില്‍ നിന്നും ചുവര്‍ ചിത്രങ്ങളുടെ ട്രെയ്‌സ് എടുക്കുകയായിരുന്നു കോഴ്‌സിന്റെ ആദ്യപടി. എളങ്കുന്നപ്പുഴ ക്ഷേത്രത്തില്‍ നിന്നുമായിരുന്നു സാജു ട്രെയ്‌സ് എടുത്തത്. ശക്തി പഞ്ചാക്ഷരിയുടെ ചിത്രം. (ശിവന്റെ മടിയില്‍ പാര്‍വതിയിരിക്കുന്ന, മക്കള്‍ക്കൊപ്പമുള്ള ചിത്രം). പനയന്നാര്‍കാവില്‍ നിന്നും സുരേഷ് മുതുകുളമെടുത്തുകൊണ്ടുവന്നത് നരസിംഹത്തിന്റെ ചിത്രം. ഓരോ സ്ഥലത്തു നിന്നും ഇത്തരത്തിലുള്ള അപൂര്‍വങ്ങളായ ചിത്രങ്ങളെത്തി. ഗുരുനാഥനായ മമ്മിയൂരിനെ ഈ ചിത്രങ്ങളുടെ വൈപുല്യവും വൈദഗ്ധ്യവും അമ്പരപ്പിച്ചുവെന്ന് സാജു ഓര്‍ക്കുന്നു. ”തന്റെ പരിമിതികളെപ്പറ്റി ഗുരുനാഥന് തിരിച്ചറിവുണ്ടാക്കി നല്‍കിയത് ഈ ചിത്രങ്ങളായിരുന്നു. പിന്നീട് ഈ ചിത്രങ്ങളില്‍ നിന്നുള്ള മോട്ടിഫുകള്‍ പലതും മമ്മിയൂരിന്റെ ചിത്രങ്ങളിലും അദ്ദേഹം ഉപയോഗിച്ചു തുടങ്ങി. പ്രായം ചെന്ന ആളായിരുന്നുവെങ്കിലും അത്രയും നല്ലൊരു മനസ്സുണ്ടായിരുന്നു മമ്മിയൂരിന്,” സാജു തുരുത്തില്‍ പറയുന്നു.

മമ്മിയൂരിന്റെ ഈ ശിഷ്യഗണങ്ങളാണ് പിന്നീട് കേരളത്തിന്റെ കലാഭൂപടത്തിലേക്ക് ചുവര്‍ ചിത്രകലയെ തിരിച്ചെത്തിച്ചത്; അത് വലിയ ചര്‍ച്ചയാക്കി മാറ്റിയത്; കേരളത്തിലെ ആരാധനാലയങ്ങളിലെ പുരാതനമായ പല ചുവര്‍ ചിത്രങ്ങളും അതിന്റെ പഴയ പ്രൗഢിയില്‍ പുനസൃഷ്ടിക്കാനായി യത്‌നിച്ചത്. 2013-ല്‍ കേരള ലളിതകലാ അക്കാദമി പതിമൂന്നു ദിവസം കോട്ടയത്ത് നടത്തിയ അന്താരാഷ്ട്ര ചുവര്‍ചിത്ര ക്യാമ്പിനൊടുവില്‍ കോട്ടയത്തെ ഇന്ത്യയിലെ പ്രഥമ ചുവര്‍ചിത്ര നഗരിയായി പ്രഖ്യാപിച്ചതോടെ ഈ കലാരൂപത്തിന് പുതിയൊരു ഊര്‍ജം വീണുകിട്ടിയെന്നതാണ് സത്യം. അക്ഷരനഗരിയുടെ വിവിധ പ്രദേശങ്ങളില്‍ കേരളത്തില്‍ നിന്നും ഇന്ത്യയുടെ വിവിധയിടങ്ങളില്‍ നിന്നും വിദേശത്തു നിന്നുമൊക്കെയെത്തിയ പ്രശസ്ത ചുവര്‍ചിത്രകാരന്മാര്‍ ചുവര്‍ചിത്രങ്ങളുടെ രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്. ഇന്റീരിയര്‍ ഡെക്കറേഷന്‍ രംഗത്തും വാണിജ്യകലാമേലയിലും ചുവര്‍ചിത്രകല നേടിയിരിക്കുന്ന അപാരമായ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതിനും കേരളത്തെ അതിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമുള്ള വിജയകരമായ ഒരു ശ്രമമമായി വേണം സാംസ്‌കാരിക വകുപ്പിന്റെ ഈ നീക്കത്തെ കാണാന്‍. 2013-ല്‍ നടത്തിയ ഈ നീക്കം ലളിതകലാ അക്കാദമിക്ക് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാവുന്നതാണ്.

രാജസ്ഥാനിലെ ശെഖാവതിയാണ് വാസ്തവത്തില്‍ ചുവര്‍ചിത്രകലയിലെ ഇന്ത്യയിലെ അവസാന വാക്ക്. രാജസ്ഥാന്റെ വടക്കുകിഴക്കന്‍ പ്രദേശം. അവിടത്തെ ഓരോ വീടും ചുവര്‍ചിത്രകല കൊണ്ട് അലംകൃതമാണ്. പല കാലങ്ങളില്‍ പല ഘട്ടങ്ങളിലായി രൂപപ്പെട്ട അപൂര്‍മായ ഒരു കലാസംസ്‌കാരത്തിന്റെ പ്രതിഫലനം. രാജസ്ഥാന്റെ തുറന്ന ആര്‍ട്ട് ഗാലറിയെന്നാണ് ഇവിടം അറിയപ്പെടുന്നത്. ശെഖാവതിയുടെ ഈ പെരുമ വച്ചുനോക്കുമ്പോള്‍ ഇന്ത്യയിലെ ആദ്യ ചുവര്‍ചിത്രനഗരിയൊന്നുമല്ല കോട്ടയം. പക്ഷേ സര്‍ക്കാര്‍ തലത്തില്‍ ചുവര്‍ചിത്ര വികാസത്തിന് ഊന്നല്‍ നല്‍കി വിവിധ ദേശങ്ങളില്‍ നിന്നുള്ളവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് വന്‍വിജയമാക്കി തീര്‍ത്ത ഒരു കലാപദ്ധതിയെന്ന നിലയിലും വിവിധസകലാരൂപങ്ങളുടെ വൈവിധ്യം കൊണ്ടും ഈ കലാരൂപത്തെപ്പറ്റി വരുംതലമുറയെ ബോധവല്‍ക്കരിച്ചുവെന്ന നിലയിലും അതിനുള്ള പ്രാധാന്യം തെല്ലും കുറയുന്നില്ല.

റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ തിരുനക്കര മൈതാനത്തിന്റെ ഗോപുരം വരേയും വിവിധ ക്ഷേത്രങ്ങളിലും പള്ളികളിലും സാംസ്‌കാരികാലയങ്ങളുടെ ചുവരുകളിലുമൊക്കെയായി ഒന്നരക്കോടിയോളം രൂപ ചെലവിട്ടാണ് ലളിത കലാ അക്കാദമി ചുവര്‍ചിത്ര സഞ്ചയം ഒരുക്കിയതെങ്കിലും കലാമൂല്യത്തിന്റെ കാര്യത്തില്‍ അത് വിലമതിക്കാനാവാത്ത ഒന്നായി മാറുന്നത് അത് ഉല്‍പാദിപ്പിക്കുന്ന സാംസ്‌കാരിക ഊര്‍ജത്താലാണ്. പോര്‍ച്ചുഗലില്‍ നിന്നുള്ള ഗാര്‍ഫിയയും കാനഡയില്‍ നിന്നുള്ള ജെന്നിഫര്‍ മക്‌ലമും ജര്‍മ്മനിയില്‍ നിന്നുള്ള മെലേ മാര്‍ട്ടിനും ഇറ്റലിയില്‍ നിന്നുള്ള സാറാ ഗുബേര്‍ട്ടിയും ജപ്പാനില്‍ നിന്നും ഇന്‍ഡോനേഷ്യയില്‍ നിന്നും കൊറിയയില്‍ നിന്നുമൊക്കെയുള്ള കലാകാരന്മാരും ഒഡീഷയിലെ വിശ്വരഞ്ജന്‍ കൗറും ജയ്പൂരില്‍ നിന്നുള്ള പവന്‍കുമാറും നാഥുറാം വര്‍മ്മയും ഉദയ്പൂരില്‍ നിന്നുള്ള ധര്‍മ്മപാല്‍ വര്‍മ്മയും ലഡാക്കില്‍ നിന്നും ഗോവയില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും ശാന്തിനികേതനില്‍ നിന്നുമൊക്കെയുള്ള കലാകാരന്മാരും കേരളത്തിലെ പ്രമുഖ ചുവര്‍ചിത്രകാരന്മാരായ കെ കെ വാര്യര്‍ക്കും സാജു തുരുത്തിലിനും സുരേഷ് മുതുകുളത്തിനുമൊക്കെയൊപ്പം കോട്ടയത്തെ ചിത്രനഗരിയാക്കി. അക്ഷരവും ഒരു ചിത്രമാണെന്നിരിക്കേ, ഈ കലാസഞ്ചയം കോട്ടയത്തെ പുതിയ പ്രതാപത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്.

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ സുപ്രസിദ്ധമായ പ്രദോഷനൃത്തവും (ശിവതാണ്ഡവം) പുണ്ഡരീകപുരം ക്ഷേത്രത്തിലെ പോത്തിന്റെ തലയുള്ള മഹിഷാസുരനെ നിഗ്രഹിക്കാനൊരുങ്ങുന്ന ദുര്‍ഗയുടെ ചിത്രവും കോട്ടയം ചെറിയപ്പള്ളിയിലെ യേശുവിന്റെ പീഡാനുഭവയാത്രയും കുമാരനെല്ലൂര്‍ ഭഗവതിക്ഷേത്രത്തിലെ രാമായണ, മഹാഭാരതങ്ങളില്‍ നിന്നുള്ള സന്ദര്‍ഭങ്ങളുടെ അപൂര്‍വ ചിത്രങ്ങളും തിരുനക്കര ക്ഷേത്രത്തിലെ രതിചിത്രങ്ങളും വൈക്കം ക്ഷേത്രത്തിലേയും മറയത്തുരുത്ത് പാണ്ഡവര്‍ ക്ഷേത്രത്തിലേയും കുടമാളൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലേയും പാലയിലെ വലിയപള്ളിയിലേയും കോട്ടയത്തെ ചെറിയ പള്ളിയിലേയുമൊക്കെ അപൂര്‍വ ചിത്രങ്ങള്‍ വച്ചുനോക്കുമ്പോള്‍ കേരളത്തിലെ ആദ്യ ചുവര്‍ചിത്ര നഗരിയായി പ്ര്യാപിക്കപ്പെട്ട കോട്ടയത്തിന്റെ യോഗ്യത ചോദ്യം ചെയ്യപ്പെടുകയുമില്ല. എണ്ണത്തില്‍ ഏറ്റവും കൂടുതലും ഏറ്റവും നല്ല ചിത്രങ്ങളും കോട്ടയത്താണ് ഉള്ളതും. കുണ്ഡീപുരം, പാണ്ഡവം, ഏറ്റുമാനൂര്‍ തുടങ്ങി പാരമ്പര്യചുവര്‍ചിത്രകലയുടെ കേന്ദ്രമായിരുന്നു കോട്ടയം. പാരമ്പര്യകലയില്‍ നിന്നും സമകാലിക കലയ്ക്ക് എന്തെല്ലാം ഉള്‍ക്കൊള്ളാനാകുമെന്ന നിലയില്‍ ഒരു പരീക്ഷണം കൂടിയായി മാറുകയായിരുന്നു ഈ പദ്ധതി. 300 പേരോളം പങ്കെടുത്ത അന്നത്തെ ഈ ക്യാമ്പിന് മൊത്തം 76 ലക്ഷം രൂപയേ ചെലവായുള്ളുവെന്നതും മൊത്തം 13,000 ചതുരശ്ര അടിയില്‍ ലോകത്തെ വിവിധ ചുവര്‍ചിത്രശൈലികള്‍ കോട്ടയത്തേക്ക് എത്തിക്കാനായിയെന്നതും പ്രധാനമാണ്. വിദേശത്തു നിന്നുമെത്തിയവര്‍ക്ക് 50,000 രൂപയും യാത്രാചെലവും മുതിര്‍ന്ന ഇന്ത്യന്‍ കലാകാരന്മാര്‍ക്ക് 35,000 രൂപയും 12ഓളം കേരളത്തിലെ പ്രമുഖര്‍ക്ക് 25,000 രൂപ വീതവും മറ്റുള്ളവര്‍ക്ക് 20,000 രൂപ വീതവുമാണ് നല്‍കിയത്.


കോട്ടയം ഇപ്പോള്‍ ആകെ മാറിപ്പോയിരിക്കുന്നു. തിരുനക്കര മൈതാനത്തിനു ചുറ്റുമുള്ള നാല് ഗോപുരങ്ങള്‍ നിറപ്പകിട്ടാര്‍ന്ന പുതിയ ചിത്രസഞ്ചയമായെങ്കില്‍ കോട്ടയം കളക്ടറേറ്റ് സമുച്ചയം ഇന്ത്യയിലേയും വിദേശത്തേയും വിവിധ ചുവര്‍ചിത്ര ശൈലികള്‍ ഒരുമിച്ച് പ്രത്യക്ഷമാകുന്ന ഒരു ആര്‍ട്ട് ഗാലറി തന്നെയായി മാറിയിരിക്കുന്നു. റെയില്‍വേ സ്‌റ്റേഷനും പൊലീസ് സ്‌റ്റേഷനും ആരാധനാലയങ്ങളുമൊക്കെ വര്‍ണ്ണങ്ങളുടെ നിറച്ചാര്‍ത്തിലാണ്. തെള്ളകത്തെ പള്ളിയിലാകട്ടെ 300 കലാകാരന്മാര്‍ ഒരുമിച്ചിരുന്നാണ് 3000 ചതുരശ്ര അടി സ്ഥലത്ത് നോഹയുടെ പെട്ടകത്തിലെ ജീവജാലങ്ങളുടെ ചിത്രങ്ങള്‍ വിവിധ ശൈലികളില്‍ മൂന്നു മണിക്കൂര്‍ സമയം കൊണ്ട് വരച്ചുതീര്‍ത്തത്. ലോകത്ത് ഇന്ന് പ്രചാരത്തിലുള്ള ഒട്ടുമിക്ക ചുവര്‍ചിത്രരചനാശൈലികളും ഇന്ന് കോട്ടയത്ത് കാണാം. 150-ഓളം മുതിര്‍ന്ന, പ്രമുഖരായ കലാകാരന്മാരും ഇന്ത്യയില്‍ വിവിധയിടങ്ങളിലുള്ള ചിത്രകലാ സ്‌കൂളുകളില്‍ ശാന്തിനികേതന്‍, ബറോഡ, ബനാറസ്, മൈസൂര്‍, ചെന്നൈയിലെ സ്‌റ്റൈല്ലാ മേരീസ് കേരളത്തിലെ സ്‌കൂളുകള്‍ നിന്നുള്ള 150-ഓളം പേരുമാണ് ഇതിന്റെ ഭാഗമായിരുന്നത്. ”ഇന്ത്യയില്‍ തന്നെ മ്യൂറല്‍ കലയ്ക്കായി 2013-ല്‍ നടന്ന അന്താരാഷ്ട്ര ക്യാമ്പ് ഇദംപ്രദമായിരിക്കണം. തിരുനക്കര വടക്കേ നടയില്‍ മഹാഗണപതിയുടെ രൂപങ്ങളാണ് ഞാന്‍ വരച്ചത്. അധികം ചിത്രീകരിച്ചിട്ടില്ലാത്ത ഒന്നാണത്,” ക്യാമ്പില്‍ പങ്കെടുത്ത ചിത്രകാരനായ പി പി രാജേന്ദ്രന്‍ പറയുന്നു.

കേരളത്തിന്റെ ചുവര്‍ചിത്രപ്പെരുമയുടെ തായ്‌വേരുകള്‍ ഒരുപക്ഷേ ഇടുക്കിയിലെ അഞ്ജനാഥ് താഴ്‌വരയിലെ ചരിത്രാതീതകാലത്തെ ശിലാചിത്രങ്ങളിലായിരിക്കാം ആണ്ടിറങ്ങിയിരിക്കുന്നത്. ശിലായുഗകാലത്തെ പല ചിത്രങ്ങളും വയനാട്ടിലെ എടയ്ക്കല്‍ ഗുഹകളിലും തിരുവനന്തപുരത്തെ പെരുങ്കടവിളയിലും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന്റെ ചുവര്‍ചിത്ര ശൈലി ഊര്‍ജമുള്‍ക്കൊണ്ടതാകട്ടെ കളമെഴുത്തു പോലുള്ള അനുഷ്ഠാന കലകളില്‍ നിന്നുമാണെന്ന് അനുമാനിക്കാം. ഇപ്പോള്‍ കന്യാകുമാരി ജില്ലയിലുള്ള തിരുനന്തിക്കര ഗുഹാക്ഷേത്രത്തില്‍ നിന്നാണ് കേരളീയ ചുവര്‍ ചിത്രകലയുടെ പ്രാഗ്‌രൂപങ്ങള്‍ കണ്ടെത്തപ്പെട്ടിട്ടുമുണ്ട്. എ ഡി ഏഴാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലുമൊക്കെയാകാം അവ രചിക്കപ്പെട്ടിട്ടുള്ളതെന്ന് കരുതുന്നു. അജന്താശൈലിയോട് സാദൃശ്യം പുലര്‍ത്തുന്നവയാണ് ഇവിടത്തെ ചിത്രങ്ങള്‍. ഇരിക്കുന്ന സ്ത്രീ, ആന, നില്‍ക്കുന്ന പുരുഷന്‍, ശിവപാര്‍വതിമാര്‍ തുടങ്ങിയ ഈ ചിത്രങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ കേരള ചുവര്‍ചിത്രകല 16-ാം നൂറ്റാണ്ടിലേ ഉത്ഭവിച്ചിട്ടുള്ളുവെന്ന് കരുതേണ്ടി വരുമായിരുന്നു. തൃശൂരിലെ ചെറുതുരുത്തി തളി ക്ഷേത്രത്തില്‍ നിന്നുകണ്ടെടുത്ത ശിലാശിഖിതത്തില്‍ 10-ാം നൂറ്റാണ്ടില്‍ ഗോദ രവിവര്‍മ്മന്‍ ചുവര്‍ചിത്രകാരന്മാര്‍ക്ക് നല്‍കിയ കൂലിയെപ്പറ്റി പറയുന്നുണ്ട്. തിരുവനന്തപുരത്തെ കാന്തല്ലൂര്‍ ക്ഷേത്രത്തിലെ 13-ാം നൂറ്റാണ്ടിലെ ചിത്രങ്ങളും 14-ാം നൂറ്റാണ്ടിലെ കോഴിക്കോട്ടെ പിളരിക്കാവ് കളിയാമ്പള്ളി ക്ഷേത്രങ്ങളിലെ ചുവര്‍ചിത്രങ്ങളുമാണ് ചുവര്‍ചിത്രകലയിലെ പഴമയ്ക്ക് കേരളത്തിന് തണല്‍. മട്ടാഞ്ചേരി പാലസും പത്മനാഭപുരം കൊട്ടാരവുമാണ് ചുവര്‍ചിത്രകലയില്‍ കേരളത്തിന്റെ പെരുംപെരുമയുടെ അടയാളങ്ങള്‍. ലോകത്തിന്റെ കാര്യമെടുത്താല്‍ ദക്ഷിണ ഫ്രാന്‍സിലേയും ഉത്തര സ്‌പെയിനിലേയും ബി സി 30,000 ബി സി 10,000-ത്തിനും മധ്യേയുള്ള ഗുഹാചിത്രങ്ങളിലാണ് ചുവര്‍ ചിത്രകലയുടെ പ്രാഗ്‌രൂപങ്ങള്‍. ഇന്ത്യയില്‍ അവശേഷിക്കുന്ന ഏറ്റവും പഴക്കമുള്ള ചുവര്‍ ചിത്രകല ഒഡീഷയിലെ രാവണച്ചയ എന്ന ശിലാസങ്കേതത്തിലാണുള്ളത്. എല്ലോറയിലെ കൈലാസനാഥക്ഷേത്രവും പല്ലവകാലത്തെ കാഞ്ചീപുരക്ഷേത്രങ്ങളിലുമൊക്കെയുണ്ട് ഇതിന്റെ ആദ്യകാലങ്ങള്‍. 


പുതിയകാലത്ത് വാണിജ്യാടിസ്ഥാനത്തില്‍ ചുവര്‍ചിത്രകല വികസിച്ചു തുടങ്ങുന്നത് കൊച്ചി ആസ്ഥാനമാക്കിയാണ്. ”കലണ്ടര്‍ ടൈപ്പ് മുതല്‍ പോസ്റ്റ് കാര്‍ഡ് വരെ ഏത് രീതിയിലും മ്യൂറലുകള്‍ ഇന്ന് കൊച്ചിയില്‍ കിട്ടും. അത്രയധികം കലാകാരന്മാരാണ് മ്യൂറല്‍ രംഗത്ത് ഇന്ന് അവിടെയുള്ളത്. ഇരുപത്തഞ്ചു വര്‍ഷം മുമ്പ് ഞാനൊക്കെ ആരംഭിക്കുമ്പോള്‍ മ്യൂറലുകളെപ്പറ്റിയും അതിന്റെ വിപണനസാധ്യതകളെപ്പറ്റിയുമൊന്നും കേരളം അറിഞ്ഞു തുടങ്ങിയിരുന്നില്ല. രാജസ്ഥാനില്‍ നിന്നുള്ള പ്രിന്റുകളായിരുന്നു അന്നവിടെ വില്‍പനയ്ക്കുണ്ടായിരുന്നത്. കേരള മ്യൂറലുകള്‍ കാണാന്‍ പോലും കിട്ടുമായിരുന്നില്ല,” സാജു തുരുത്തില്‍ പറയുന്നു.

കൊച്ചി കേന്ദ്രമാക്കിയ ആദ്യതുടക്കങ്ങളെല്ലാം തന്നെ സ്വന്തമാക്കിയതും സാജു തുരുത്തിലായിരുന്നു. കോഴിക്കോടു നിന്നുള്ള ബാബു കെ ആര്‍ ആയിരുന്നു ഉത്തരകേരളത്തില്‍ മ്യൂറലുകളുടെ വില്‍പനയ്ക്ക് ചുക്കാന്‍ പിടിച്ചത്; പക്ഷേ പാരമ്പര്യശൈലിയുള്ള ചിത്രങ്ങളായിരുന്നില്ല ബാബുവിന്റേത്. ഇരുപതു വര്‍ഷം മുമ്പ് സാരിയില്‍ മ്യൂറല്‍ ഡിസൈന്‍ ചെയ്ത് എത്തിച്ച അനുഭവമുണ്ട് സാജുവിന്. കല്യാണ്‍ സില്‍ക്‌സുമായി ചേര്‍ന്ന് പുറത്തിറക്കിയ ഛായാമുഖി സാരിക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു (മോഹന്‍ ലാല്‍ ഛായാമുഖി നാടകവുമായി വേദിയിലെത്തിയത് സാജു ഡിസൈന്‍ ചെയ്ത സാരിയുടെ ലോഞ്ചിങ്ങിനായിരുന്നു). സംവിധായകന്‍ ജയരാജാണ് മ്യൂറലുകള്‍ പൈതൃകം എന്ന ചിത്രത്തിലൂടെ സിനിമയില്‍ ആദ്യമെത്തിക്കുന്നത്. ഇന്ന് ഏതു സിനിമയിലും സീരിയലിലുമൊക്കെ അടുക്കളയിലും ബാത്ത്‌റൂമിലും വരെ മ്യൂറല്‍ പെയിന്റിങ്ങുകള്‍ ഇടം നേടിയിരിക്കുന്നു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ മ്യൂറലുകളുടെ ഘോഷയാത്ര തന്നെ വന്നിരിക്കുന്നു. ദാരിദ്ര്യത്തില്‍ നിന്നും കഷ്ടപ്പാടില്‍ നിന്നും മ്യൂറലുകളുടെ ലോകത്തേക്കിറങ്ങിയ കലാകാരന്മാര്‍ പലരും ചതുരശ്ര അടിക്ക് 5000-7500 രൂപ വരെ ഈടാക്കുന്ന കാലത്തിലേക്ക് മ്യൂറലുകളുടെ വാണിജ്യസാധ്യത വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. പുതിയ ക്ഷേത്രങ്ങളുടെ ചുവരുകളിലും ചുവര്‍ചിത്രകലാകാരന്മാര്‍ക്ക് ബിസിനസുകള്‍ ലഭിച്ചുകൊണ്ടേയിരിക്കുന്നു. സ്വകാര്യരംഗത്ത് ചുവര്‍ ചിത്രകലയ്ക്ക് ലഭിച്ചിരിക്കുന്ന പ്രാമുഖ്യത്തിന്റെ തെളിവാണ് സാജു തുരുത്തിലിന്റെ 3500 ചതുരശ്ര അടിയുള്ള കാലടിയിലെ മാണിക്യമംഗലത്തെ വീട്. കേരളത്തിലെ ആദ്യത്തെ മ്യൂറല്‍ ഗാലറിയാണത്.


ചുവര്‍ചിത്രങ്ങള്‍ പഴയപ്രൗഢിയോടെ തിരിച്ചെത്തിക്കുന്ന കലാരീതിയും പ്രചാരത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്. ക്ഷേത്രങ്ങളിലെ പഴയ ചിത്രങ്ങള്‍ മായ്ച്ച് പുതിയത് ഉണ്ടാക്കാതെ പഴയവ തന്നെ പുനസൃഷ്ടിക്കുന്നതില്‍ നാഷണല്‍ മ്യൂസിയത്തിന്റെ റസ്റ്ററേഷന്‍ പഠനം നടത്തിയവരും പങ്കാളികളായി വരികയാണ്. 300 വര്‍ഷങ്ങള്‍ക്കു മുമ്പു വരച്ച ചിത്രങ്ങളില്‍ പലതിലും വാര്‍ണീഷിങ്ങും കനത്ത കോട്ടിങ്ങ് കൊടുത്തുമൊക്കെ വികൃതമാക്കിയവ പലതും പഴയ രീതിയിലേക്ക് തിരിച്ചെത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. മ്യൂറലുകളുടെ സംരക്ഷണത്തെപ്പറ്റിയുള്ള ചര്‍ച്ചകളും വ്യാപകമായിരിക്കുന്നു. കോട്ടയത്തെ ചിത്രങ്ങള്‍ സംരക്ഷിക്കുന്നതിനായി രണ്ടു തരം മാര്‍ഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. ഈ ചിത്രങ്ങള്‍ നശിപ്പിച്ചാല്‍ പൊതുമുതല്‍ നശിപ്പിക്കുന്ന വകുപ്പ് അനുസരിച്ച് ശിക്ഷിക്കപ്പെടുമെന്ന് കളക്ടര്‍ അധ്യക്ഷനായ സംരക്ഷണ സമിതി പറയുന്നുണ്ട്. മറ്റു തരത്തില്‍ ചിത്രങ്ങള്‍ക്ക് കേടുപാടുകള്‍ വന്നാല്‍ അപ്പപ്പോള്‍ നന്നാക്കുന്നതിനായി ഗുരുവായൂര്‍ ചുവര്‍ചിത്ര പഠന കേന്ദ്രം, ആറന്മുള വാസ്തുവിദ്യാകേന്ദ്രം, കാലടി സര്‍വകലാശാലയിലെ മ്യൂറല്‍ വിഭാഗത്തിന്റേയും നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതിനു വേണ്ടി ലളിതകാലാ അക്കാദമി 10 ലക്ഷം രൂപ മാറ്റിവച്ചിട്ടുമുണ്ട്.

(ഓട്ടോമൊബൈല്‍ മാസികയായ സ്മാര്‍ട്ട് ഡ്രൈവിന്റെ എഡിറ്ററാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍