UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊട്ടിയൂര്‍ പീഡനം: ഫാ. റോബിന്റെ സഹായി തങ്കമ്മ കീഴടങ്ങി

വയനാട് ശിശുക്ഷേമ സമിതി മുന്‍ അംഗം ഫാ. തോമസ് തേരകം, സമിതി അംഗമായിരുന്ന ഡോ. സി. ബെറ്റി ജോസ്, അനാഥാലയത്തിന്റെ മേധാവി സി. ഒഫീലിയ എന്നിവരും ഇന്നലെ കീഴടങ്ങിയിരുന്നു.

കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിന്‍ വടക്കുംചേരിയുടെ പ്രധാന സഹായിയും കേസിലെ രണ്ടാം പ്രതിയുമായ തങ്കമ്മ പോലീസില്‍ കീഴടങ്ങി. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ അഞ്ചു ദിവസത്തിനുള്ളില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു രാവിലെ ആറരയോടെ തങ്കമ്മ പേരാവൂര്‍ സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. കീഴടങ്ങൂമ്പോള്‍ തന്നെ ജാമ്യവും നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

ഫാ. റോബിന്‍ വടക്കുംചേരി പീഡിപ്പിച്ച പെണ്‍കുട്ടി പ്രസവിച്ചതിനെ തുടര്‍ന്ന് ഈ കുഞ്ഞിനെ സ്ഥലത്തു നിന്നു മാറ്റുന്നതിനുള്‍പ്പെടെ സഹായം ചെയ്തത് തങ്കമ്മയാണെന്നാണ് ആരോപണം. കൊട്ടിയൂര്‍ സ്വദേശിയായ തങ്കമ്മ ഫാ. റോബിന്റെ പ്രധാന സഹായിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഗൂഡലോചന അടക്കമുള്ള കുറ്റങ്ങള്‍ തങ്കമ്മയുടെ പേരില്‍ ചുമത്തിയിട്ടുണ്ട്. തങ്കമ്മയുടെ മകള്‍ സി. ലിസ് മരിയ, സി. അനീറ്റ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

വയനാട് ശിശുക്ഷേമ സമിതി മുന്‍ അംഗം ഫാ. തോമസ് തേരകം, സമിതി അംഗമായിരുന്ന ഡോ. സി. ബെറ്റി ജോസ്, അനാഥാലയത്തിന്റെ മേധാവി സി. ഒഫീലിയ എന്നിവരും ഇന്നലെ കീഴടങ്ങിയിരുന്നു. പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചതറിഞ്ഞിട്ടും ഇതന്വേഷിക്കുകയോ നടപടി എടുക്കുകയോ ചെയ്യാതെ പ്രതിയെ സംരക്ഷിക്കുന്ന നിലപാട് എടുത്തതിനാണ് ഇവരെ പ്രതികളാക്കിയത്. വയനാട് ശിശുക്ഷേമ സമിതീ ഭരണസമിതി പിരിച്ചുവിട്ട് സര്‍ക്കാര്‍ മറ്റൊരു സമിതിയെ ഇതിനിടെ നിയോഗിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍