UPDATES

വൈദികന്റെ അഭിമാനം സംരക്ഷിക്കാന്‍ മകളെ പീഡിപ്പിച്ച കുറ്റമേറ്റെടുത്തു; പെണ്‍കുട്ടിയുടെ പിതാവ്

ചെയ്ത പാപത്തിനു എന്തു പ്രായശ്ചിത്തവും ചെയ്യാമെന്നു പറഞ്ഞ ഫാദര്‍ റോബിന്‍ ഞങ്ങളെ വഞ്ചിക്കുകയായിരുന്നു

വൈദികന്‍ റോബിന്‍ വടക്കുഞ്ചേരിയില്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി കൊട്ടിയൂര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. സഭയേയും വൈദികനെയും മാനക്കേടില്‍ നിന്നും രക്ഷിക്കാനായിരുന്നു തന്റെ മകളുടെ കുഞ്ഞിന്റെ പിതൃത്വം ആദ്യം താന്‍ ഏറ്റെടുത്തതെന്നും എന്നാല്‍ വൈദികന്‍ തങ്ങളെ വഞ്ചിച്ച് ഇന്ത്യയില്‍ നിന്നും കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തോടു വെളിപ്പെടുത്തി.

ഫാദര്‍ റോബിന്‍ ഞങ്ങളുടെ കുടുംബത്തെയും പള്ളിയോട് ഞങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസത്തെയും വഞ്ചിക്കുകയായിരുന്നു. എന്റെ മകള്‍ ഒരു കുഞ്ഞിനു ജന്മം നല്‍കിയതിനു പിന്നാലെ റോബിന്‍, ഈ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ആരെയാണ് ഇത്തരമൊരു കാര്യം ഏറ്റെടുക്കാന്‍ കിട്ടുക? അവസാനം ഞാന്‍ തന്നെ അതിനു തയ്യാറാവുകയായിരുന്നു. അങ്ങനെയാണ് എന്റെ കുട്ടിയുടെ കുഞ്ഞിന്റെ പിതാവും ഞാന്‍ തന്നെയാണെന്നു പറയുന്നത്. ഒരു വിശ്വാസി എന്ന നിലയില്‍ വൈദികനും പള്ളിയും അപമാനിക്കപ്പെടുന്നത് തടയുക എന്നതായിരുന്നു എന്റെ മനസില്‍– കര്‍ഷകനായ ആ പിതാവ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തോട് പറഞ്ഞു.

എന്നാല്‍ പൊലീസ് എന്നെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഞാന്‍ ഏറ്റെടുത്ത കുറ്റത്തിന്റെ ഗൗരവം മനസിലായത്. സ്വന്തം മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കുറ്റവാളിയാണു ഞാനെന്നും അനേകം വര്‍ഷങ്ങള്‍ ജയിലില്‍ കഴിയേണ്ടി വരുമെന്നും പൊലീസ് പറഞ്ഞു. ഇതോടെയാണു യഥാര്‍ത്ഥ കുറ്റവാളി ഫാദര്‍ റോബിന്‍ ആണെന്നു ഞാന്‍ തുറന്നു പറഞ്ഞത്; പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.

പ്രസവസമയത്തെ ആശുപത്രി ബില്‍ 30,000 രൂപ അടച്ചത് റോബിന്‍ ആയിരുന്നു. ചെയ്ത തെറ്റിന് എന്തു പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാന്‍ തയ്യാറാണെന്നും റോബിന്‍ ഞങ്ങളോടു പറഞ്ഞു. പക്ഷേ അയാള്‍ ഞങ്ങളെ വഞ്ചിക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്നും കടക്കാനുള്ള വഴി അയാള്‍ നോക്കി; പിതാവ് പറയുന്നു.

വൈദികനില്‍ നിന്നും പണം വാങ്ങി പീഡനക്കേസ് ഒതുക്കാന്‍ ശ്രമിച്ചെന്ന ആരോപണവും കുടുംബം നിഷേധിക്കുന്നുണ്ട്.

തങ്ങള്‍ക്ക് ഒരിക്കലും ഫാദര്‍ റോബിന്റെ പെരുമാറ്റത്തില്‍ ഒരു സംശയവും തോന്നിയിരുന്നില്ല. ചില വിശേഷ അവസരങ്ങളില്‍ ഒരു പെണ്‍കുട്ടി പള്ളി മേടയില്‍ വരാറുണ്ടായിരുന്നുവെന്നും ആ സ്ത്രിയെ റോബിന്‍ വിദേശത്ത് അയച്ചു പഠിപ്പിക്കാന്‍ അയച്ചിരുന്നതാണെന്നും അവര്‍ റോബിനെ പപ്പാ എന്നായിരുന്നു വിളിച്ചതെന്നും കൊട്ടിയൂരിലെ പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. പക്ഷേ അതൊന്നും റോബിനെതിേേരയുള്ള മുന്‍കരുതലായി ഞങ്ങള്‍ക്കു തോന്നിയില്ല. ഒടുവില്‍ എന്റെ മകള്‍ തന്നെ അതിന് ഇരയായി; അമ്മ പറയുന്നു.

കഴിഞ്ഞ മേയില്‍ വേനല്‍ അവധിക്കാലത്താണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്നാണു പൊലീസ് പറയുന്നതെന്നും ദി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ട്. പള്ളിയില്‍ മറ്റു ചില പെണ്‍കുട്ടികള്‍ക്കൊപ്പം ഡേറ്റ എന്‍ട്രി ജോലികള്‍ക്ക് മകളും പോകുമായിരുന്നു. മറ്റുള്ളവര്‍ ആരും ഇല്ലാതിരുന്ന ഒരു ദിവസമാണ് റോബിന്‍ കുട്ടിയെ പീഡിപ്പിക്കുന്നത്. വീട്ടിലോ സ്‌കൂളിലോ ചെന്നു പറയരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു; പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.

തങ്ങളോ സ്‌കൂളിലെ അധ്യാപകരോ ആരും പെണ്‍കുട്ടിയിലെ മാറ്റങ്ങള്‍ ശ്രദ്ധിച്ചില്ലെന്നു കുട്ടിയുടെ മാതാവ് സമ്മതിക്കുന്നു. പ്രസവത്തിന്റെ തലേന്നും കുട്ടി സ്‌കൂളില്‍ പോയിരുന്നതായും മാതാവ് പത്രത്തിനോടു പറയുന്നു. കുട്ടിയുടെ ആര്‍ത്തവം കൃത്യമായിട്ടല്ലായിരുന്നു, പക്ഷേ കുട്ടി ഗര്‍ഭിണിയാണെന്ന സംശയം ഞങ്ങള്‍ക്ക് ഉണ്ടായില്ല; അമ്മ പറയുന്നു.

ഇങ്ങനെയൊരു ദുരിതം സംഭവിച്ചെങ്കിലും പള്ളിയിലും മതത്തിലുമുള്ള വിശ്വാസം തങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടില്ലെന്നും മാതാപിതാക്കള്‍ പറയുന്നു. തികഞ്ഞ മതവിശ്വാസികളാണു തങ്ങളെന്നും ഇവര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം തങ്ങള്‍ക്ക് അഞ്ചാമത്തെ കുഞ്ഞ് ജനിച്ചപ്പോള്‍ രൂപതയുടെ കീഴിലുള്ള പ്രോ-ലൈഫ് മൂവ്‌മെന്റ് ഞങ്ങളെ ആദരിച്ചിരുന്നു. വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അത്– പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.

അതേസമയം തങ്ങളുടെ മകള്‍ വളരെ വേഗം തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നും പതിനൊന്നാം ക്ലാസ് പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ പോയി തുടങ്ങിയെന്നും പിതാവ് പറയുന്നു. അവള്‍ ഇപ്പോള്‍ പഠനത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും കുട്ടിയുടെ പിതാവ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തോട് വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍