UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോഴിക്കോട് പിടിക്കാന്‍ കോണ്‍ഗ്രസിനെ കെ സി അബു സമ്മതിക്കുമോ?

Avatar

കെ എ ആന്റണി

ചോര കിനിയുന്ന കണ്ണൂരില്‍ നിന്നും പുതുച്ചേരിയുടെ ഭാഗമായ മയ്യഴി കടന്ന് കോഴിക്കോട് ജില്ലയിലേക്ക് കടക്കുമ്പോള്‍ പഴയ കടത്തനാടിന്റെ ഭാഗമായിരുന്ന വടകരയ്ക്കും നാദാപുരത്തിനും ചോരയുടെ ഗന്ധം തന്നെ. തച്ചോളി ഒതേനന്റേയും കളരിയങ്കങ്ങളുടേയും നാട് മാത്രമല്ലിത്. കുഞ്ഞാലി മരയ്ക്കാരുടെ നാടുകൂടിയാണ് പുതുപ്പണം ഉള്‍പ്പെടുന്ന വടകര. നേര്‍പ്പോര് പോലെ തന്നെ ചതിക്കും പ്രസിദ്ധമായ കടത്തനാട്ടില്‍ തന്നെയാണ് ടിപി ചന്ദ്രശേഖരന്‍ 51 വെട്ടേറ്റ് മരണം വരിച്ചത്. അദ്ദേഹം തന്നെ രൂപീകരിച്ച റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ (ആര്‍എംപി) പ്രഥമ രക്തസാക്ഷിയും ചന്ദ്രശേഖരന്‍ തന്നെ. നാദാപുരത്താകട്ടെ ഏറെക്കാലമായി പണ്ടെന്ന പോലെ തന്നെ ഇപ്പോഴും വര്‍ഗീയ നിറം കൂടിയുണ്ട്.

വടകരയില്‍ നിലവില്‍ ജനപ്രതിനിധി ജനതാദള്‍ സെക്യുലറിലെ സി കെ നാണുവാണ്. ചന്ദ്രശേഖരന്റെ കൊലപാതകം തുടക്കത്തില്‍ തിരിച്ചടിയായെങ്കിലും കടത്തനാടന്‍ മണ്ണില്‍ പഴയ കാല ആധിപത്യം ഉറപ്പിക്കാന്‍ ഒരുമ്പെടുന്ന സിപിഐഎം ഇക്കുറി സീറ്റ് തിരിച്ചു ചോദിച്ചു കൂടായ്കയില്ല. എങ്കിലും അതിനുള്ള സാധ്യതകള്‍ നന്നേ കുറവാണെന്ന് തദ്ദേശീയരായ ചില സിപിഐഎമ്മുകാര്‍ തന്നെ പറയുന്നു.

സോഷ്യലിസ്റ്റുകള്‍ക്ക് ഒട്ടൊക്കെ സ്വാധീനമുള്ള മണ്ഡലം എന്ന നിലയില്‍ പണ്ടും സിപിഐഎം വിട്ടു വീഴ്ചകള്‍ക്ക് തയ്യാറായ കോഴിക്കോട് ജില്ലയിലെ ഏക അസംബ്ലി മണ്ഡലമാണ് വടകര. അതുകൊണ്ട് തന്നെ സീറ്റ് വിഭജന ഘട്ടത്തില്‍ വടകര ജെഡിഎസിന് തന്നെ നല്‍കാനാണ് കൂടുതല്‍ സാധ്യത.

സത്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒരു ബാലികേറാമല തന്നെയാണ് വടകര. ജനതാദള്‍ പിളര്‍ന്നപ്പോള്‍ ആ സീറ്റ് ജെഡിയുവിന് ലഭിച്ചുവെന്ന് മാത്രം. കോണ്‍ഗ്രസ് മുമ്പും ഇവിടെ പല സ്ഥാനാര്‍ത്ഥികളേയും പരീക്ഷിച്ചു പരാജയപ്പെട്ടതാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഏറെ ബദ്ധപ്പെട്ടാണ് വടകര പാര്‍ലമെന്റ് സീറ്റ് മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ നേടിയതും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിലനിര്‍ത്തിയതും.

കോണ്‍ഗ്രസിന്റെ പ്രതീക്ഷയത്രയും ടിപി ചന്ദ്രശേഖരന്റെ വിധവ കെ കെ രമയിലും അവര്‍ നേതൃത്വം നല്‍കുന്ന ആര്‍എംപിയിലുമാണ്. കോണ്‍ഗ്രസിന് വോട്ടു വില്‍ക്കുന്നവര്‍ എന്ന സിപിഐഎം പ്രചാരണം രമയ്ക്കും ആര്‍എംപിക്കും എതിരെ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാകണം കോണ്‍ഗ്രസുമായി യാതൊരു ബാന്ധവവും ഇല്ലെന്നും ആര്‍എംപി സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും രമ പ്രഖ്യാപിച്ചത്. രമ നേരിട്ട് മത്സരിക്കുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് വടകര പിടിച്ചെടുക്കാനുള്ള ഒരു ശ്രമം കോണ്‍ഗ്രസ് പാളയത്തില്‍ നടക്കുന്നുണ്ട്. നിലനില്‍പ്പിന്റെ രാഷ്ട്രീയത്തില്‍ ആദര്‍ശങ്ങള്‍ക്ക് പ്രസക്തിയില്ലാത്തതിനാല്‍ അങ്ങനേയും സംഭവിച്ചു കൂടായ്കയില്ല.

നാദാപുരം നിലവില്‍ സിപിഐയുടെ സീറ്റാണ്. മുന്‍പും സിപിഐക്കാര്‍ തന്നെയാണ് ഇവിടെ നിന്ന് മത്സരിച്ച് വിജയിച്ചത്. ഈ സീറ്റില്‍ സിപിഐഎം അവകാശ വാദമുന്നയിക്കാനുള്ള സാധ്യത നന്നേ കുറവാണ്. സിറ്റിങ് എംഎല്‍എ ഇകെ വിജയനെ തന്നെ സിപിഐ പരീക്ഷിക്കുമോ അതല്ല മുമ്പ് ഇവിടെ നിന്ന് വിജയിച്ച ബിനോയ് വിശ്വം, സത്യന്‍ മൊകേരി എന്നിവരില്‍ ആരെയെങ്കിലും രംഗത്ത് ഇറക്കുമോയെന്ന് കാത്തിരുന്ന് കാണാം.

തൊട്ടടുത്ത മണ്ഡലമായ കുറ്റ്യാടിയില്‍ കെ കെ ലതികയെ മാറ്റണമെന്ന ആവശ്യം ഘടകകക്ഷികളില്‍ നിന്നും ഉയരുന്നുണ്ടെങ്കിലും അന്തിമ തീരുമാനം സിപിഐഎമ്മിന്റേതാണ്. കൊയിലാണ്ടിയില്‍ സിറ്റിങ് എംഎല്‍എ കെ ദാസന്‍ തന്നെയാകും ഇത്തവണയും സിപിഐഎം സ്ഥാനാര്‍ത്ഥി. എംടി പത്മയെ പോലും വിജയിപ്പിച്ചിട്ടുള്ള കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ് ഇപ്പോഴും നല്ലൊരു സ്ഥാനാര്‍ത്ഥിയെ തിരഞ്ഞു കൊണ്ടിരിക്കുന്നു.

പേരാമ്പ്രയിലും എലത്തൂരും ഒന്നും എല്‍ഡിഎഫിന്റെ ഭാഗത്തു നിന്ന് എന്തൊക്കെയാണ് പുതിയ മാറ്റങ്ങള്‍ എന്നറിയില്ല. നിലവില്‍ രണ്ടു മണ്ഡലവും സിപിഐഎമ്മിന്റെ കൈയില്‍ തന്നെയാണ്. സംവരണ മണ്ഡലമായ ബാലുശേരിയില്‍ പുരുഷന്‍ കടലുണ്ടി അല്ലെങ്കില്‍ ആരെന്ന ചിന്ത സിപിഐഎമ്മില്‍ ഇനിയും സജീവമായിട്ടില്ല.

കോരപ്പുഴ വിട്ടാല്‍ നാടുവിട്ടു എന്നതായിരുന്നു സാമൂതിരി കാലഘട്ടത്തിലെ ചൊല്ല്. എന്നാല്‍ ഇപ്പോള്‍ കോരപ്പുഴ കടന്ന് സാമൂതിരിയുടെ തട്ടകമായ കോഴിക്കോട്ടേക്ക് എത്തുമ്പോള്‍ പൊതുവേ എല്‍ഡിഎഫ് അനുകൂലമായ ജില്ലയില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും തലവേദന സൃഷ്ടിക്കുന്നത് കെ സി അബു എന്ന ഡിസിസി പ്രസിഡന്റാണ്. മുന്നണിക്കുള്ളില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ അബു വെടിപൊട്ടിച്ചിരുന്നു. മുസ്ലിം ലീഗിലെ സൂപ്പി നരിക്കാട്ടേരി കഴിഞ്ഞ തവണ കെ കെ ലതികയോട് തോറ്റ കുറ്റ്യാടി, കേരള കോണ്‍ഗ്രസ് സ്ഥിരം നിന്ന് തോല്‍ക്കുന്ന പേരാമ്പ്ര എന്നീ മണ്ഡലങ്ങള്‍ക്കൊപ്പം മുസ്ലിം ലീഗ് കഴിഞ്ഞ തവണ തോറ്റ കുന്ദമംഗലവും കോണ്‍ഗ്രസിന്റെ പഴയ മണ്ഡലമായ തിരുവമ്പാടിയും വിട്ടു കിട്ടണമെന്നതായിരുന്നു അബുവിന്റെ ആവശ്യം. സുധീരന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അബു തല്‍ക്കാലം പത്തി മടക്കിയിട്ടുണ്ട്. എങ്കിലും കുന്ദമംഗലത്തോ തിരുവമ്പാടിയിലോ മത്സരിക്കാന്‍ അബുവിന് ഏറെ താല്‍പര്യം ഉണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

കോഴിക്കോട് നഗരത്തിലെ തന്നെ കോഴിക്കോട് സൗത്തില്‍ നിന്നും തന്നെ മാറ്റിത്തരണമേയെന്നാണ് മന്ത്രി എംകെ മുനീറിന്റെ പ്രാര്‍ത്ഥന. കഴിഞ്ഞ തവണ കഷ്ടിച്ചാണ് മുനീര്‍ കടന്നു കൂടിയത്. മണ്ഡലം സുരക്ഷിതം അല്ലെന്ന മുനീറിന്റെ രോദനം ലീഗ് നേതൃത്വം എത്ര കണ്ട് പരിഗണിക്കും എന്നറിയില്ല. അല്ലെങ്കില്‍ തന്നെ ലീഗില്‍ പുതിയ അധികാര കേന്ദ്രങ്ങള്‍ രൂപപ്പെട്ടു കൊണ്ടിരിക്കുന്ന കാലമാണ്. മുമ്പും സിഎച്ച് മുഹമ്മദ് കോയയുടെ മകനായ മുനീറിനെ തഴയുന്നുവെന്ന പ്രശ്‌നം വന്നപ്പോള്‍ ആദ്യം കോഴിക്കോട് സൗത്തില്‍ തന്നെയാണ് അദ്ദേഹത്തെ പരീക്ഷിച്ചത്. ആ തെരഞ്ഞെടുപ്പില്‍ വിജയിച്ച മുനീറിനെ അടുത്ത തവണ മലപ്പുറത്തെ മങ്കടയിലേക്ക് മാറ്റി വന്‍ഭൂരിപക്ഷത്തിന് വിജയിപ്പിച്ചു.

തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ അന്ന് എല്‍ഡിഎഫ് സ്വതന്ത്രനായിരുന്ന മഞ്ഞളാംകുഴി അലിയോട് തോല്‍ക്കാനായിരുന്നു മുനീറിന് വിധി. മുനീറിന് എതിരെ മുസ്ലിം ലീഗില്‍ തന്നെ നടക്കുന്ന നിഴല്‍ യുദ്ധത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിന് നല്‍കപ്പെടുന്ന സീറ്റുകളേയും തുടര്‍ന്നുള്ള പ്രചാരണ പരിപാടികളേയും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ രണ്ടു മണ്ഡലങ്ങളും നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ ആ വിജയം നിലനിര്‍ത്താന്‍ കഴിയുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. 

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍